Thursday, June 27, 2013

തനിമ ചോരാത്ത ജ്ഞാന തിളക്കം

 മലപ്പുറം നഗരത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു ഗ്രാമപ്രദേശമാണ് കാളമ്പാടി. ‘സമസ്ത’ എന്ന കേരള മുസ്‌ലിം രാജവീഥിയുടെ സ്ഥാപകനേതാക്കളില്‍ പ്രമുഖനും ശംസുല്‍ ഉലമയും കൂറ്റനാട് കെ.വി.ഉസ്താദുമടക്കമുള്ള നിരവധി പണ്ഡിതപ്രതിഭകളുടെ ഉസ്താദുമായിരുന്ന ശൈഖുനാ കോമു മുസ്‌ലിയാരും നൂറുകണക്കിന് പണ്ഡിതന്മാര്‍ക്ക് ഗുരുത്വം പകര്‍ന്ന് കൊടുത്ത പണ്ഡിത കുലപതി ശൈഖുനാ കോട്ടുമല അബൂബക്ര്‍ മുസ്‌ലിയാരും വളര്‍ന്നതും ജീവിച്ചതും ഈ പ്രദേശത്താണ്. ധന്യമായ ഈ ജീവിതങ്ങള്‍ കൊണ്ട് ഇവിടം അനുഗ്രഹിക്കപ്പെട്ടുവെങ്കിലും മാലോകര്‍ അറിഞ്ഞ ഈ വലിയ വ്യക്തിത്വങ്ങള്‍ക്കൊപ്പം പക്ഷേ, ഈ നാട് പറഞ്ഞു കേട്ടിരുന്നില്ല.

കോട്ടുമല ഉസ്താദ് ഏറെക്കാലം ദര്‍സ് നടത്തിയ വേങ്ങരക്കടുത്ത കോട്ടുമല എന്ന ദേശമാണ് ആ മഹാന്റെ പേരിനൊപ്പം അടയാളപ്പെട്ടു കിടക്കുന്നത്. അദ്ദേഹത്തിന്റെ ഏകമകനും സമസ്തകേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയുമായ ഉസ്താദ് കോട്ടുമല ബാപ്പു മുസ്‌ലിയാരും താമസിക്കുന്നത് കാളമ്പാടിയിലാണെങ്കിലും പിതാവിനെ പോലെ തന്നെ കോട്ടുമല എന്ന പ്രദേശം ചേര്‍ന്നാണ് അറിയപ്പെടുന്നത്. കോട്ടുമല ഉസ്താദിന്റെ നിത്യസ്മരണ നില നിര്‍ത്താന്‍ ശിഷ്യന്മാരും കുടുംബവും പാടുപെട്ടു പണിതുയര്‍ത്തിയ പ്രമുഖ ഇസ്‌ലാമിക കലാലയമായ കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സും നിലകൊള്ളുന്നത് കാളമ്പാടിയിലാണ്.

ഇസ്‌ലാമിക അറിവുകളുടെയും ജീവിതങ്ങളുടെയും മഹിതമായ സാന്നിധ്യംകൊണ്ട് ശ്രേഷ്ഠമായ ഈ പ്രദേശം. കേരള മുസ്‌ലിംകളുടെ മതപരമായ തീരുമാനങ്ങളുടെ അവസാന വാക്ക് ‘സമസ്ത’ എന്ന പണ്ഡിത പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷ പദവി വഹിക്കുന്ന പണ്ഡിത വര്യര്‍ ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ എന്ന നാമത്തിലൂടെ മുസ്‌ലിം സമാജത്തിന് ഇന്ന് ഏറെ സുപരിചിതമായി തീര്‍ന്നിരിക്കുന്നു.

‘സമസ്ത’യുടെ അമരസ്ഥാനം ആറുവര്‍ഷക്കാലമായി അനുഗൃഹീതമായി നിര്‍വ്വഹിക്കുന്ന കാളമ്പാടി ഉസ്താദിന്റെ വീട്, കാളമ്പാടി റോഡില്‍നിന്നു നടപ്പാതയിലൂടെ അല്‍പം പോയാല്‍ കാണുന്ന ഒരു കവുങ്ങിന്‍ തോട്ടത്തിലാണ്. സിമന്റിടാത്ത മേല്‍ക്കൂരയുടെ ചുമര് കവുങ്ങുകള്‍ക്കിടയിലൂടെ തെളിഞ്ഞുകാണാം. കോലായില്‍ ഒരു ചാരു കസേരയുണ്ട്. പഴമയുടെ അര്‍ത്ഥങ്ങളൊന്നും ചോര്‍ന്നിട്ടില്ല ആ വീട്ടിലും പരിസരത്തും. അതിനേക്കാള്‍ പഴമയും പാരമ്പര്യവും എന്നു മാത്രമല്ല ലാളിത്യവും എളിമയും സൂക്ഷ്മതയും എല്ലാം ചേര്‍ന്നതാണ് ആ പണ്ഡിത ശ്രേഷ്ഠര്‍.
എത്ര വലിയ പദവികള്‍ക്കിടയിലും കൂടുതല്‍ കുനിഞ്ഞിരുന്നേ ആ പണ്ഡിതനെ ആര്‍ക്കും കാണാനാകൂ. വിനയവും ലാളിത്യവുമുള്ള ആത്മജ്ഞാനികളുടെ തെളിഞ്ഞ അടയാളം. ചോദിക്കുന്നതിന് വേഗം മറുപടി കിട്ടിക്കൊള്ളണമെന്നില്ല. ചോദ്യത്തിന്റെ അരികുകളെല്ലാം ഉറപ്പു വരുത്തിയതിനു ശേഷം മറുപടി, കുറഞ്ഞ വാക്കുകളോടെ നാട്ടു ഭാഷയില്‍. മത വൈജ്ഞാനിക പ്രചരണ രംഗത്തും ‘സമസ്ത’യുടെ പ്രവര്‍ത്തന വഴികളിലും ഏറെക്കാലത്തെ അനുഭവങ്ങളുടെയും ഓര്‍മകളുടെയും നിറവുള്ള മഹാനാണ് കാളമ്പാടി ഉസ്താദ്.

‘സമസ്ത’ യുടെ ജീവിച്ചിരിക്കുന്ന മുശാവറ അംഗങ്ങളില്‍ ഏറ്റവും പഴക്കമുള്ളത് ഉസ്താദിനാണ്. ഉസ്താദിനും മുമ്പേ മുശാവറയില്‍ ഉണ്ടായിരുന്നവരില്‍ ഒടുവിലത്തെ സാന്നിധ്യം ഉസ്താദ് കെ.ടി.മാനു മുസ്‌ലിയാരുടേതായിരുന്നു. 1970-ല്‍ മാനു മുസ്‌ലിയാര്‍ മുശാവറയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1971-ല്‍ മെയ് രണ്ടിന് പട്ടിക്കാട് ജാമിഅയില്‍ ചേര്‍ന്ന മുശാവറ യോഗത്തില്‍ വെച്ചാണ് കാളമ്പാടി ഉസ്താദിനെ മുശാവറ അംഗമായി തെരഞ്ഞെടുക്കുന്നത്. എന്‍.കെ.മുഹമ്മദ് മുസ്‌ലിയാര്‍, ഉണ്ണിമോയിന്‍ ഹാജി തുടങ്ങിയവരെയും ഇതേ മുശാവറയില്‍ അംഗങ്ങളായി തെരഞ്ഞെടുത്തും റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരായിരുന്നു ‘സമസ്ത’ യുടെ അക്കാലത്തെ പ്രസിഡന്റ്.

സമസ്തയുടെ മഹിതമായ സന്ദേശം നാടുകളില്‍ എത്തിക്കാനും മദ്‌റസകള്‍ സ്ഥാപിക്കാനും ഏറെ സഞ്ചരിക്കുകയും ത്യാഗം സഹിക്കുകയും ചെയ്ത കാളമ്പാടി ഉസ്താദ് ഒരു കാലത്തും പദവികളോ അലങ്കാരങ്ങളോ ആഗ്രഹിച്ചില്ല. സ്വന്തം പ്രവര്‍ത്തനങ്ങളെയും സേവനങ്ങളേയും കുറിച്ചു പറയാനും തയ്യാറല്ല. മൈത്ര, അരീക്കോട് എന്നിവിടങ്ങളില്‍ മുദരിസായിരുന്ന കാലത്ത് അരീക്കോടിന്റെ ഉള്‍നാടുകളില്‍ മദ്‌റസകള്‍ സ്ഥാപിക്കാന്‍ ഉസ്താദ് നടത്തിയ ത്യാഗ വഴികളെ കുറിച്ച് മര്‍ഹൂം ആനക്കര സി. കുഞ്ഞഹ്മദ് മുസ്‌ലിയാര്‍ പറയാറുള്ളതായി ‘സമസ്ത’ യുടെ ചരിത്രകാരനും മുശാവറ അംഗവുമായ പി.പി.മുഹമ്മദ് ഫൈസി പറയുന്നു.
അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന്റെ ആശയം ജീവിതത്തിന്റെ വിജയ വഴിയാണെന്ന് ജനതയെ ഓര്‍മിപിക്കാനും പഠിപ്പിക്കാനും ഒരു കാലത്ത് ഉസ്താദ് നടത്തിയ നിസ്വാര്‍ത്ഥമായ ശ്രമങ്ങള്‍ ഈ പ്രസ്ഥാനത്തിന്റെ ചരിത്ര സാന്നിധ്യമാണ്. അല്ലാഹുവിന്റെ തൃപ്തിയില്‍ മാത്രം പ്രതീക്ഷയും ആഗ്രഹവും സമര്‍പ്പിച്ചുള്ള നേരങ്ങള്‍.

ഒരു പ്രത്യേക വിളിയാളമായാണ് ഉസ്താദ് കേരള മുസ്‌ലിംകളുടെ ആത്മീയ അമരത്തേക്ക് വരുന്നത്. അഭിവന്ദ്യരായ അസ്ഹരിതങ്ങളുടെ ഒഴിവിലേക്ക് ആരെ നിശ്ചയിക്കുമെന്നതിന് ഉമറലി തങ്ങളടക്കമുള്ള സാദാത്തുക്കള്‍ക്കും പണ്ഡിതന്മാര്‍ക്കും നിര്‍ദ്ദേശിക്കാനുണ്ടായിരുന്നത് ഈ ശ്രേഷ്ഠ വ്യക്തിത്വത്തെയായിരുന്നു. സര്‍വ്വരാലും അംഗീകരിക്കപ്പെട്ടു. സമുദായത്തിന്റെ പഴയകാല ആലിമീങ്ങളുടെ എല്ലാ വിശേഷണങ്ങളും ചേര്‍ന്നതാണിതെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടായില്ല. ഭൗതിക ഭ്രമത്തിന്റെ കൈയേറ്റങ്ങളിലും പക്വതയും ആര്‍ജവവും നഷ്ടപ്പെടാത്ത കാളമ്പാടി ഉസ്താദ് വര്‍ത്തമാന സമുദായത്തിന്റെ അനുഗ്രഹമാണ്.
പ്രായവും ക്ഷീണവും ശരീരത്തില്‍ തെളിയുന്നുണ്ടെങ്കിലും അനിവാര്യമായ പരിപാടികള്‍ക്കൊക്കെ ഉസ്താദ് പോകും. നിരന്തരമായി എല്ലായിടത്തും പോകാറില്ല. എളിമയാര്‍ന്ന ഈ പണ്ഡിത സാന്നിധ്യം ഈ ലോകത്ത് ഇനിയും ഏറെയുണ്ടാകണേ എന്നത് ഓരോരുത്തരുടെയും പ്രാര്‍ത്ഥനയാണ്.

പഠനം, സേവനം, കുടുംബം
1934-ല്‍ അരിക്കത്ത് അബ്ദുര്‍റഹ്മാന്‍ ഹാജിയുടെയും ആഇശയുടെയും മൂത്തമകനായി ജനിച്ച കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ ജ്ഞാനത്തിന്റെ ആദ്യനാളങ്ങള്‍ സ്വീകരിക്കുന്നത് പിതാവില്‍ നിന്നുതന്നെയാണ്.
പിന്നീട്, മലപ്പുറത്തെ എയിഡഡ് മാപ്പിളസ്‌കൂളില്‍പോയി രാവിലെ പത്ത്മണിവരെ അവിടെനിന്ന് ദീനിയ്യാത്തും അമലിയ്യാത്തുമൊക്കെ പഠിച്ചു. പുലാമന്തോള്‍ മമ്മൂട്ടിമൊല്ലാക്കയായിരുന്നു ഉസ്താദ്. പത്തുമണി കഴിഞ്ഞാല്‍ സ്‌കൂള്‍ പഠനമാണ് അവിടെ നടന്നിരുന്നത്. അഞ്ചാംക്ലാസ് വരെ അവിടെ തന്നെപോയി. മലപ്പുറം കുന്നുമ്മല്‍ പള്ളിയില്‍ രമാപുരത്തുകാരന്‍ സൈതാലിക്കുട്ടി മുസ്‌ലിയാര്‍ ദര്‍സ് നടത്തിയിരുന്നു. അവിടെനിന്നു മുതഫര്‍രിദ് പഠിച്ചു. അറിവിന്റെ ഉത്തുംഗമായ ലോകത്തേക്ക് അങ്ങനെ ഔപചാരികമായി പ്രവേശിച്ചു.

ഒരു കൊല്ലത്തിനു ശേഷം കൂട്ടിലങ്ങാടി പള്ളിയിലെ കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. നഹ്‌വിന്റെ ബാലപാഠങ്ങള്‍ രണ്ടുവര്‍ഷത്തോളം നീണ്ടുനിന്ന ഇവിടെത്തെ പഠനകാലത്താണ് തൊട്ടറിയുന്നത്. പിന്നീട് വടക്കാങ്ങര അഹ്മദ് കുട്ടി മുസ്‌ലിയാരുടെ പഴമള്ളൂര്‍ ദര്‍സില്‍ മൂന്നു വര്‍ഷം പഠിച്ചു. ഫത്ഹുല്‍ മുഈന്‍, അല്‍ഫിയ്യ, ജലാലൈനി മുതലായവ ഇവിടെ നിന്നാണ് ഓതുന്നത്. ശേഷം പെരിമ്പലം ബാപ്പുട്ടിമുസ്‌ലിയാരുടെ വറ്റലൂര്‍ ദര്‍സില്‍. ആറുമാസം നീണ്ടുനിന്ന ഈ കാലയളവില്‍ മുഖ്തസ്വര്‍, നഫാഇസ്, ശര്‍ഹുത്തഹ്ദീബ് തുടങ്ങിയവ പഠിച്ചു. പിന്നീട് എടരിക്കോട് പാലച്ചിറമാട്ടില്‍ ചെറുശോല കുഞ്ഞഹ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ രണ്ടുവര്‍ഷം. മുഖ്തസ്വറിന്റെ ബാക്കി ഭാഗങ്ങള്‍, ഖുത്വുബി, മുസ്‌ലിം മുതലായവ ഇവിടെനിന്നു പഠിച്ചു.
ശേഷം പരപ്പനങ്ങാടി പനയത്തില്‍ പള്ളിയിലെ കോട്ടുമല ഉസ്താദിന്റെ പ്രശസ്തമായ ദാര്‍സില്‍ ചേര്‍ന്നു. സമസ്തയുടെ ചരിത്രത്തില്‍ ചിന്തകൊണ്ടും കര്‍മംകൊണ്ടും പാണ്ഡിത്യം കൊണ്ടുമെല്ലാം ഇതിഹാസത്തിന്റെ ലോകം സൃഷ്ടിച്ച പല മഹാ പ്രതിഭകളെയും സംഭാവന ചെയ്യാന്‍ കോട്ടുമല ഉസ്താദിന്റെ ഈ ദര്‍സിനും കോട്ടുമലയിലെ ദര്‍സിനും സാധിച്ചിട്ടുണ്ട്.
ഇ.കെ.ഹസന്‍ മുസ്‌ലിയാരും എം.എം.ബശീര്‍ മുസ്‌ലിയാരുമൊക്കെ കോട്ടുമല ഉസ്താദ് ഈ ദര്‍സുകളിലൂടെ സമുദായത്തിനു നല്‍കിയ അനുഗ്രഹങ്ങളായിരുന്നു. പ്രമുഖ പണ്ഡിതനും മുശാവറ അംഗവുമായ ഒ.കെ.അര്‍മിയാഅ് മുസ്‌ലിയാര്‍ പനയത്തില്‍ ദര്‍സില്‍ കാളമ്പാടി ഉസ്താദിന്റെ സഹപാഠിയാണ്.

ശര്‍ഹുല്‍ അഖാഇദ്, ബൈളാവി, ബുഖാരി, ജംഅ്, മഹല്ലി തുടങ്ങിയ കിതാബുകള്‍ കോട്ടുമല ഉസ്താദില്‍ നിന്നാണ് ഓതുന്നത്. ഇവിടത്തെ രണ്ടു വര്‍ഷ പഠനത്തിനു ശേഷം 1959-ല്‍ വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തിലേക്ക് ഉപരി പഠനത്തിനു പുറപ്പെട്ടു. ശൈഖ് ആദം ഹസ്രത്ത്, അബൂബക്ര്‍ ഹസ്രത്ത്, ശൈഖ് ഹസന്‍ ഹസ്‌റത്ത് തുടങ്ങിയവരായിരുന്നു. വെല്ലൂരിലെ അക്കാലത്തെ പ്രഗത്ഭ ഉസ്താദുമാര്‍. 1961-ല്‍ ബാഖവി ബിരുദമെടുത്തു.
അരീക്കോട് ജുമാമസ്ജിദില്‍ മുദര്‍രിസായി ചേര്‍ന്നാണ് ഉസ്താദ് സേവനത്തിനു ആരംഭം കുറിച്ചത്. ഖുത്വുബയും ഖാളിസ്ഥാനവുമൊന്നും ഉണ്ടായിരുന്നില്ല. ദര്‍സ് മാത്രം. ഇവിടത്തെ 12 വര്‍ഷസേവനത്തിനു ശേഷം മൈത്രയിലേക്ക് സേവനം മാറ്റി. ഖാളിസ്ഥാനവും കൂടിയുണ്ടായിരുന്നു. രണ്ടു വര്‍ഷം ഇവിടെ തുടര്‍ന്നു.പിന്നീട് മുണ്ടക്കുളം ഒരു വര്‍ഷം, കാച്ചിനിക്കാട് ഒരു വര്‍ഷം, മുണ്ടുപറമ്പ് ഒരു വര്‍ഷം, നെല്ലിക്കുത്ത് പത്ത് വര്‍ഷം, കിടങ്ങയം അഞ്ച് വര്‍ഷം. 1993-മുതല്‍ പട്ടിക്കാട് ജാമിഅനൂരിയയിലാണ്. രണ്ടു തവണ ഉസ്താദ് ഹജ്ജ്കര്‍മം നിര്‍വ്വഹിച്ചു. ഒന്ന് ഗവണ്‍മെന്റ് കോട്ടയിലും മറ്റൊന്ന് എസ്.വൈ.എസ് ഹജ്ജ് ഗ്രൂപ്പിലും.

1959-ല്‍ ശൈഖുനാ കോമു മുസ്‌ലിയാരുടെ സഹോദരനായ മുണ്ടേല്‍ അഹ്മദ് ഹാജിയുടെ മകള്‍ ഫാത്വിമയെ വിവാഹം ചെയ്തു. മക്കള്‍: അഡ്വ.അയ്യൂബ് (മലപ്പുറം മുന്‍സിപ്പല്‍ കൗണ്‍സിലര്‍), അബ്ബാസ് ഫൈസി, ഉമര്‍, അബ്ദുല്‍ അസീസ്, അബ്ദുസ്വമദ് ഫൈസി, അബ്ദുറഹ്മാന്‍, സ്വഫിയ റുഖയ്യ, ജമീല. ജാമാതാക്കള്‍: മായിന്‍കുട്ടി ഫൈസി കിഴിശ്ശേരി, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഇരുമ്പുഴി, മുഹമ്മദ് ഫൈസി വള്ളുവങ്ങാട്, ആഇശ സുല്‍ഫത്ത്, ഹഫ്‌സത്ത്, വാഹിദ, സാബിറ, മുഹ്‌സിന.

Oct. 02

0 comments:

Post a Comment