സമസ്‌തയുടെ പ്രസിഡന്റല്ലേ, ഇനി പഴയതു പോലെ പറ്റില്ല. കാളമ്പാടി ഉസ്‌താദിനു യാത്രകളൊരുപാടുണ്ടാകും. തിരക്കു വര്‍ധിക്കും. പല സദസ്സിലും ഒഴികഴിവില്ലാതെ എത്തേണ്ടിവരും. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ പോംവഴി നിര്‍ദേശിച്ചു. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റിനു സഞ്ചരിക്കാന്‍ ഒരു കാര്‍ വാങ്ങുക. യോഗം പിരിഞ്ഞ ശേഷം ഉമറലി ശിഹാബ് തങ്ങളുടെ തിരക്കൊഴിയാന്‍ കാത്തുനിന്നു കാളമ്പാടി ഉസ്‌താദ്. അതീവ വിനയത്തില്‍ തങ്ങളോടു പറഞ്ഞു: കാറൊക്കെ കൊണ്ടുനടക്കല്‍ വലിയ ഭാരമല്ലേ. തങ്ങള്‍ ഒന്നും വിചാരിക്കരുത്. നമ്മക്കത് വേണ്ടാന്നു വെച്ചാലോ? ആ അഭ്യര്‍ത്ഥനയുടെ ആത്മാര്‍ത്ഥയില്‍ കാര്‍ പദ്ധതി റദ്ദാക്കപ്പെട്ടു. കാളമ്പാടി മുഹമ്മദ് മുസ്‌ല്യാര്‍ എന്ന വയോധികനായ പണ്ഡിതന്‍ മലപ്പുറം കാവുങ്ങല്‍ ജങ്‌ഷനില്‍ ബസ് കാത്തുനില്‍ക്കുന്ന പതിവു തുടര്‍ന്നു. പില്‍ക്കാലത്ത് ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതല്‍ അലട്ടി തുടങ്ങിയപ്പോള്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഒന്നു കൂടി ശ്രമിച്ചുനോക്കി. ‘അതൊന്നും ശരിയാവൂല’ എന്ന വിനയം പുരണ്ട മറുപടി തന്നെയായിരുന്നു ഇവിടെയും. കേരളത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സാരഥി. പതിനായിരത്തോളം മദ്രസകള്‍, അറബിക് കോളജും അനാഥശാലകളും എഞ്ചിനീയറിങ്, ആര്‍ട്‌സ് കോളജുകളുമുള്‍പ്പെടെ ഇരുന്നൂറില്‍പരം സ്ഥാപനങ്ങള്‍. ഇവയിലെല്ലാമായി പത്തു ലക്ഷത്തോളം വിദ്യാര്‍ത്ഥികളും എണ്‍പതിനായിരത്തോളം അധ്യാപകരുമുള്ള വിദ്യാഭ്യാസ സാമ്രാജ്യത്തിന്റെ അധിപന്‍. ഖാസി, ഖത്തീബ്, മുദരിസുമാരും ദര്‍സ് വിദ്യാര്‍ത്ഥികളും മഹല്ല് നേതൃത്വവും ഉലമാ ഉമറാ കൂട്ടായ്‌മകളും സംഘടനാ പ്രവര്‍ത്തകരുമടങ്ങുന്ന ജനലക്ഷങ്ങളുടെ നായകന്‍. ഇതെല്ലാമായിരിക്കുമ്പോഴും കാളമ്പാടി മുഹമ്മദ് മുസ്‌ല്യാര്‍ കാറില്‍ വന്നിറങ്ങുന്നത് സങ്കല്‍പിക്കാനാവുന്നില്ല അടുത്തറിയുന്നവര്‍ക്കാര്‍ക്കും. കാലില്‍ നീരു വന്ന് കയറ്റിറക്കങ്ങള്‍ക്ക് പ്രയാസം നേരിട്ടു തുടങ്ങിയപ്പോള്‍ മാത്രം തന്റെ യാത്രാവാഹനത്തില്‍ ഒരു മാറ്റം വരുത്തി അദ്ദേഹം. മലപ്പുറത്തെ വീട്ടില്‍ നിന്നു ഇരുപത്തഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള ജാമിഅ: നൂരിയ്യ അറബിക് കോളജിലേക്ക് അധ്യാപനത്തിനു പോവാന്‍ കാളമ്പാടി ഉസ്‌താദ് ഒരു ഓട്ടോറിക്ഷക്കാരനെ ഏര്‍പ്പാടു ചെയ്‌തു. കാറില്‍ കയറില്ല എന്ന വാശിയല്ല. അതൊന്നും താന്‍ പഠിച്ചു പിന്തുടരുന്ന മൂല്യങ്ങളുമായി ഒത്തുപോവില്ല എന്ന തോന്നല്‍. ഒരു ഉഖ്‌റവി പണ്ഡിതന്റെ ഖൗഫ്. കുഞ്ഞുന്നാള്‍ തൊട്ടേ പാരത്രിക ചിന്തയാല്‍ ജീവിതം ചിട്ടപ്പെടുത്തിയ ജ്ഞാനിയുടെ ഉള്‍ഭയം. ഈയൊരു ചെറുസൗകര്യത്താല്‍ നഷ്‌ടപ്പെട്ടു പോകുമോ പരലോകത്തിന്റെ വാഗ്‌ദാനങ്ങളെല്ലാം എന്ന സൂക്ഷ്‌മത. അല്ലാഹുവുമായി അടുത്തുനില്‍ക്കാന്‍ കൊതിക്കുന്ന അടിമയുടെ വേവലാതി. സമുദായത്തിന്റെ ഇരിപ്പുവശപ്രകാരം സമസ്‌തയുടെ പ്രസിഡന്റ് കരുതിയാല്‍ സമ്മാനപ്പൊതികള്‍ക്കു പഞ്ഞമുണ്ടാവില്ല. അംബര ചുംബികള്‍ പണിത് സകുടുംബം വസിക്കാം. സുരക്ഷാഭടന്‍മാരുമായി ചലിക്കുന്ന കൊട്ടാരങ്ങളില്‍ സഞ്ചരിക്കാം. സര്‍വോപരി തങ്കത്തിളക്കമുള്ള വേഷഭൂഷാദികളില്‍ ജീവിതം ആര്‍ഭാടമാക്കാം. ഏതു വിഷയത്തിലും കയറികൊത്താം. ചെല്ലുന്നേടത്തെല്ലാം വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തി പ്രശസ്‌തിയുടെ പരകോടിയില്‍ നിറഞ്ഞാടാം. ശേഷം പദവിയുടെ മഹത്വം വെച്ച് ഒരു പ്രാര്‍ത്ഥന. ആജന്മം പരിശുദ്ധാത്മാവായി വാഴാന്‍ അതുമതി. പക്ഷേ വീണുപോയില്ല കാളമ്പാടി ഉസ്‌താദ് ഭൂമിയിലെ ആ കണ്ണഞ്ചിപ്പിക്കുന്ന സ്വര്‍ഗത്തില്‍. നീലം മുക്കി മുക്കി നിറം മങ്ങിയ വെള്ള വസ്‌ത്രവും തോളില്‍ മടക്കിയിട്ട പച്ചഷാളും കയ്യില്‍ വളയന്‍ കാലുള്ള ശീലക്കുടയുമായി ദേശീയപാതയുടെ ഓരം പറ്റി നടന്നുനീങ്ങുന്ന കാളമ്പാടി ഉസ്‌താദ്. ജാമിഅ:യില്‍ നിന്നു വരുമ്പോള്‍ കൂട്ടിലങ്ങാടിയില്‍ ബസ്സിറങ്ങി സാധനങ്ങള്‍ വാങ്ങി തൂക്കിപ്പിടിച്ച് വെയിലത്ത് വിയര്‍ത്തു നടന്നുപോകുന്നു ദിക്കെങ്ങും കീര്‍ത്തിയുള്ള മഹാപണ്ഡിതന്‍. വീട്ടിലേക്കെത്താന്‍ പിന്നെയും വേണം ഒന്നര കിലോമീറ്ററെങ്കിലും. അത്യാവശ്യമില്ലെങ്കില്‍ ഓട്ടോവിളിക്കുന്നതു പോലും ദുര്‍വ്യയത്തിന്റെ പട്ടികയിലാണ് അദ്ദേഹമെഴുതുക. പ്രസിദ്ധമായ അരിക്കത്ത് കുടുംബത്തില്‍ അബ്‌ദുറഹിമാന്‍ ഹാജിയുടെ പുത്രനായി 1934ല്‍ മലപ്പുറത്തെ കാളമ്പാടിയില്‍ പിറന്ന മുഹമ്മദ് മുസ്‌ല്യാര്‍ ബാപ്പ വരച്ചുകൊടുത്ത വഴി മാറി ഒരിക്കലും യാത്ര ചെയ്‌തില്ല. കുടുംബം പോറ്റാന്‍ ബാപ്പാക്കൊരു പിന്‍ബലമായി നാടന്‍ പണിക്കു കൂട്ടു പോയി. മഗ്‌രിബായാല്‍ ചൂട്ടും മിന്നിച്ച് ദര്‍സിലേക്കും. പാഠ്യപദ്ധതിയും പരിഷ്‌കാരങ്ങളുമില്ലാത്ത കാലത്തെ ഓത്തുപള്ളിയില്‍ തുടങ്ങിയ വിദ്യാഭ്യാസം. അറബി മഷിയാല്‍ മരപ്പലകയിലെഴുതി, ചേടി മണ്ണുകൊണ്ടു മായ്‌ച്ചെഴുതി ഉരുവിട്ടുരുവിട്ട് അഭ്യസിച്ച അറിവുകള്‍. മലപ്പുറം കുന്നുമ്മല്‍ എ.എം.എല്‍.പി സ്‌കൂളില്‍ അഞ്ചാം തരം വരെ പഠനം. ഖുര്‍ആനും ദീനിയ്യാത്തും അമലിയാത്തും മാലയും മൗലീദുമായി ഓത്തുപള്ളിയിലെ ബാല്യം. വെള്ളിയാഴ്‌ച രാവുകളിലെ കൈമടക്കും പ്രധാന സൂറത്തുകളിലേക്കു കടക്കുമ്പോഴുള്ള ചീര്‌ണിയും മാത്രം പ്രതിഫലമായി നിത്യവൃത്തിക്കു കഷ്‌ടപ്പെട്ടിരുന്ന മൊല്ലമാരുടെ നനവൂറുന്ന ചിത്രങ്ങള്‍. ആ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്കു നടുവില്‍ നിന്നാണ് അരിക്കത്ത് മുഹമ്മദ് എന്ന ബാലന്‍ മതപഠനത്തിന്റെ ഭാവിയിലേക്കു ചുവടുവെച്ചത്. ഇഹലോകത്തിന്റെ ആമോദം നിറഞ്ഞ നാളെയിലേക്കല്ല , കനല്‍ക്കാടു താണ്ടിക്കടന്ന് ജീവിതം വിട്ടുപോകുമ്പോള്‍ കാത്തിരിക്കുന്ന സ്വര്‍ഗപ്പൂമരങ്ങളുടെ തണലിലേക്ക്. ആഗ്രഹിച്ചതെന്തും പ്രപഞ്ചനാഥന്‍ കൈവെള്ളയില്‍ വെച്ചുതരുന്ന അവസാനിക്കാത്ത കാലത്തിലേക്ക് ഒരു ഇറങ്ങിനടത്തം. കാളമ്പാടിയിലെ ഇടുങ്ങിയ ഊടുവഴി അവസാനിക്കുന്നിടത്തെ ഓടിട്ട ചെറിയ വീടിന്റെ പ്രശാന്തതയില്‍ ചാരുകസേരയില്‍ കിടന്ന് മനോരാജ്യത്തിലാഴുന്ന മുസ്‌ല്യാരെ കാണാം. ഒരു പ്രസ്ഥാനനായകന് എത്ര ലളിതമാകാമെന്ന് ആ ദൃശ്യം ഓര്‍മിപ്പിക്കും. ഒരു ഗ്രാമീണന്റെ സര്‍വപരിമിതികളും ബോധ്യപ്പെടുത്തുന്നുണ്ട് ആ വീട്. അതിനപ്പുറം ഒരു പ്രതാപം മുഹമ്മദ് മുസ്‌ല്യാരുടെ സ്വപ്‌നലോകത്തു പോലുമില്ല. പണ്ഡിതന്‍മാര്‍ പ്രവാചകരുടെ അനന്തരാവകാശികളാണ്. ആ തുടര്‍ച്ചയിലൂടെ കാളമ്പാടി മുഹമ്മദ് മുസ്‌ല്യാരെ നോക്കിയിരിക്കുമ്പോള്‍ ഓര്‍മയിലേക്കു കയറിവരും കേശാദിപാദം മഞ്ഞുതുള്ളിപോലെ നിര്‍മലമായിരുന്ന കണ്ണിയത്ത് ഉസ്‌താദ്. അറിവിന്റെ അപരിമേയമായ ആകാശങ്ങളിലലഞ്ഞ് ഭൗതികജീവിതത്തെ മറന്നുവെച്ച ആ അവധൂതനെ. വേദികളില്‍ ഇരിപ്പിടം തേടാതെ, മുന്‍നിരയില്‍ തിക്കിത്തിരക്കാതെ ഒതുങ്ങിയൊഴിഞ്ഞു നിന്ന ആ ശീലത്തിലുണ്ട് പാണ്ഡിത്യത്തിന്റെ ശോഭ. സുജൂദിന്റെ സ്ഥാനത്തേക്കു നോക്കി തലതാഴ്‌ത്തിപ്പിടിച്ചു നടന്ന ആ വിനയത്തിലുണ്ട് അറിവിന്റെ ഭാരമാത്രയും. ഏറനാടന്‍ ഭാഷയുടെ ഗ്രാമ്യവിശുദ്ധിയുമായി കാളമ്പാടി ഉസ്‌താദ് പ്രസംഗിക്കുമ്പോള്‍ ഒരു വാക്കും അധികമാവില്ല. ആര്‍ക്കും സ്‌തുതിപാടുകയുമില്ല. മുഖസ്‌തുതി പറയുന്നവന്റെ കണ്ണില്‍ പൂഴി വാരിയിടണമെന്നു പഠിപ്പിക്കുന്ന പണ്ഡിതന്‍, പ്രശംസിച്ചു നേടുന്ന പദവികള്‍ക്കായി വിയര്‍ത്തില്ല. മഹല്ലുകളിലെ തര്‍ക്കപരിഹാരത്തിനും കര്‍മശാസ്‌ത്ര സംബന്ധിയായ തീര്‍പ്പുകള്‍ക്കും കേരളത്തിന്റെ ജനകീയ കോടതിയായ പാണക്കാട് നിന്ന് കത്തുകള്‍ പോകുമായിരുന്നു കാളമ്പാടി മുഹമ്മദ് മുസ്‌ല്യാര്‍ക്ക്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സഹോദരന്‍മാരും അടിയന്തര ഘട്ടങ്ങളില്‍ മുസ്‌ല്യാരെ ആളയച്ചുവരുത്തും. മാസപ്പിറവിയുടെ വിചാരണകളില്‍ സാക്ഷിയുടെ കണ്ണില്‍ നോക്കിയുള്ള കാളമ്പാടിയുടെ ക്രോസ് വിസ്‌താരം പ്രസിദ്ധമായിരുന്നു. നിഷ്‌പക്ഷവും നീതി പൂര്‍വവും വിശ്വാസപ്രമാണങ്ങള്‍ക്കു സമ്പൂര്‍ണ്ണ വിധേയയവുമായി അദ്ദേഹം നല്‍കുന്ന വിധിക്കുള്ളിലെ ഉത്തരവാദിത്തബോധവും ശ്രദ്ധേയമായിരുന്നു. ഈ സൂക്ഷ്‌മത തന്നെയാണു ജാമിഅ: നൂരിയ്യയിലെ തന്റെ ശിഷ്യരോട് ക്ലാസ് മുറികളില്‍ ഉണര്‍ത്തിയിരുന്നതും. ”യാത്രക്കിടയിലോ മറ്റോ കണ്ടുമുട്ടുന്നവര്‍ നിങ്ങളോട് മതവിധി ചോദിച്ചേക്കാം. ഉടന്‍ തന്നെ പാണ്ഡിത്യം തെളിയിക്കാന്‍ വിവരം വിളമ്പരുത്. അവരോട് പറയണം. നിങ്ങളുടെ മഹല്ലില്‍ ശമ്പളം കൊടുത്ത് നിര്‍ത്തിയ ഒരു ഖാസിയില്ലേ. അദ്ദേഹത്തെ കാണുക എന്ന്. ഒരു പക്ഷേ സംശയം ചോദിക്കുന്ന ആള്‍ മഹല്ല് ഖാസിയുമായി ഉടക്കിലായിരിക്കും. ദുര്‍ബലമായ വല്ല വിധിയും തനിക്കനുകൂലമാക്കാമോ എന്നാകും ചിന്ത. ധാരണപ്പിശകു കൊണ്ട് നിങ്ങള്‍ തെറ്റിപ്പറഞ്ഞാലും അയാളതു സ്വീകരിക്കും. അത് പാടില്ല. ഒരു മഹല്ലിന്റെ അധികാരത്തില്‍ ഇടപെടുന്നതും സൂക്ഷിക്കണം”. മഹല്ലിന്റെ ഉത്തരവാദിത്തമുള്ളവരെ കൂട്ടാതെ ഫത്‌വക്കു വരുന്നവരെ കാളമ്പാടി ഉസ്‌താദ് പരിഗണിച്ചില്ല. കിതാബുകളേക്കാള്‍ ഭദ്രമായിരുന്നു ഉസ്‌താദുമാരുടെ ഓര്‍മ്മകളെന്ന പഴയകാലത്തിന്റെ സാക്ഷ്യമാണ് കാളമ്പാടി മുഹമ്മദ് മുസ്‌ല്യാര്‍. മലപ്പുറം ജില്ലയിലെ ഒരു ത്വലാഖ് ഫത്‌വ വിവാദമായ ഘട്ടം. സംഘടനകള്‍ തമ്മില്‍ വേദി കെട്ടിയ തര്‍ക്കത്തിലേക്കു വിഷയമെത്തി. മറുപടി പ്രസ്‌താവനയിറക്കാന്‍ കാളമ്പാടി ഉസ്‌താദിനെയും കൂട്ടി പ്രഫ. ആലിക്കുട്ടി മുസ്‌ല്യാരും നാട്ടിക വി. മൂസ മൗലവിയും ചന്ദ്രികയുടെ മലപ്പുറം ജില്ലാ ബ്യൂറോയിലെത്തി. വാര്‍ത്തകളയക്കുന്ന സമയം ‘മരണവര’യില്‍ നില്‍ക്കുന്നു. കിതാബുമായി വന്ന് വിധി കണ്ടുപിടിച്ച് പ്രസ്‌താവന തയ്യാറാക്കി കൊടുക്കാനൊക്കെ ഇനിയെവിടെ നേരം എന്നു ശങ്ക. അതിനിടെ, കസേരയിലിരുന്നതും കാളമ്പാടി ഉസ്‌താദ് നാട്ടികയുടെ കയ്യിലുള്ള കിതാബിലെ പേജ് നമ്പര്‍ പറഞ്ഞ് മറിക്കാനാവശ്യപ്പെട്ടു. എന്നിട്ട് കണ്ണിറുകെ ചിമ്മി ഒറ്റശ്വാസത്തില്‍ ദീര്‍ഘമായ ഖണ്ഡികകള്‍ മന:പാഠമുരുവിട്ട ശേഷം പറഞ്ഞു: “ഈ ചൊല്ലിയതല്ലേ അതെന്ന് നോക്കീ”. കൃത്യം അതു തന്നെയായിരുന്നു. പരിഭാഷപ്പെടുത്തിയെഴുതി പ്രസ്‌താവനയായി പത്രങ്ങള്‍ക്കെത്തിച്ചു. വിവാദത്തിന്റെ തിരിയിളകിപ്പോയതു മാത്രമല്ല അത്ഭുതം. മഹാസമുദ്രം പോലെ കിടക്കുന്ന കിതാബുകളുടെ ആഴങ്ങളില്‍ നിന്ന് അനിവാര്യമായത് ഒരു നിമിഷത്തില്‍ മുങ്ങിത്തപ്പിയെടുത്ത് കൊടുക്കാനാവുന്ന ആ ഓര്‍മശക്തിക്കു മുന്നില്‍ അമ്പരപ്പോടെ നിന്നുപോയി നാട്ടിക. ചിരിപ്പിച്ചും ഗൗരവപ്പെട്ടും ഏതുതലമുറയെയും ആദരിച്ചും ആര്‍ക്കുംഅലോസരമാകാതെയും ചിന്തയുടെ കനവുമായി ജീവിച്ചു കാളമ്പാടി. അന്ത്യം വരെയും ദര്‍സ് നടത്തണമെന്ന, ദീന്‍ പഠിപ്പിക്കുന്ന ഇബാദത്തില്‍ മുഴുകി വിട ചൊല്ലണമെന്ന ആശയേ ഉണ്ടായിരുന്നുള്ളൂ. അരനൂറ്റാണ്ടിലേറെ നീണ്ട മതാധ്യാപനത്തിന്റെ പൂമുഖപ്പടിയിലാണ് അദ്ദേഹം കണ്ണടച്ചതും. അതിനിടെ തനിക്കായി മാത്രം ഒന്നും ആഗ്രഹിച്ചില്ല. ആവശ്യപ്പെട്ടതുമില്ല. ഇക്കഴിഞ്ഞ റമസാനില്‍ ചന്ദ്രിക ഒരുക്കിയ ‘റമസാന്‍ കാഴ്‌ച’ എന്ന പംക്തിയില്‍ ഒന്നാമത്തെ അതിഥി അദ്ദേഹമായിരുന്നു. പഴങ്കഥകളില്‍ മുങ്ങി പുതുകാലത്തിന് ഊര്‍ജം പകര്‍ന്ന അഭിമുഖം. മുസ്‌ലിംലീഗിനെയും `ചന്ദ്രിക’യെയും അളവറ്റു സ്‌നേഹിച്ചു ഈ പണ്ഡിതന്‍. മുസ്‌ലിംലീഗ് നേതാക്കളെ മനസ്സില്‍കൊണ്ടു നടന്നു. ഏതു പ്രതിസന്ധിയിലും പാര്‍ട്ടിക്ക് കരുത്തും പ്രചോദനവും മാര്‍ഗനിര്‍ദേശവും നല്‍കി. പ്രതിസന്ധികളില്‍ പതറാത്ത പണ്ഡിതന്റെ മനക്കരുത്ത് കണ്‍മുന്നില്‍ കണ്ട ആ നിമിഷം ഓര്‍മയില്‍ വരുന്നു. 1998. മലപ്പുറം കാട്ടുങ്ങലില്‍ ഒരു വാഹനാപകടം. കല്യാണ പാര്‍ട്ടി സഞ്ചരിച്ച ജീപ്പ്. 18 പേര്‍ മരിച്ചു. തല്‍ക്ഷണം 16 പേര്‍. അതില്‍ കാളമ്പാടി ഉസ്‌താദിന്റെ രണ്ടു പെണ്‍മക്കള്‍. സൗദയും സൈനബയും. പ്രീഡിഗ്രിക്കും ഏഴാം ക്ലാസിലും പഠിക്കുന്നവര്‍. രാവിലെ മക്കളെ കല്യാണത്തിനയച്ച് ഉസ്‌താദ് ജാമിഅ:യിലേക്ക് പോയതാണ്. കാളമ്പാടി ഗ്രാമത്തിലെ ബന്ധുക്കളും അയല്‍വീട്ടുകാരുമാണ് മരണപ്പെട്ടത്. ഓരോ വീടുകളിലും കയറിവന്ന മരണത്തിന്റെ മഞ്ചല്‍. പുലരുവോളം ഖബറടക്ക ചടങ്ങുകള്‍. ഒരു മയ്യിത്ത് നമസ്‌കാരം നടക്കുമ്പോള്‍ ദൂരെ നിന്ന് കേള്‍ക്കാം മറ്റൊന്ന് ദിക്‌ര്‍ ചൊല്ലി പള്ളിയിലേക്ക് കൊണ്ടുവരുന്നത്. പേടിക്കാഴ്‌ചകള്‍ നിരന്നുനില്‍ക്കുന്ന ആ രാത്രിക്കു ധൈര്യം പകര്‍ന്ന് സങ്കടപ്പെടുന്നവരെ നെഞ്ചില്‍ ചേര്‍ത്ത് പിടിച്ച് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഓരോ വീട്ടിലും ചെന്നു. കാളമ്പാടി ഉസ്‌താദിന്റെ വീട്ടിലെത്തുമ്പോള്‍ ഒരു കുട്ടിയുടെ മയ്യിത്ത് വന്നിട്ടേയുള്ളൂ. മറ്റൊന്ന് പോസ്റ്റുമോര്‍ട്ടം നടക്കുകയാണ്. തങ്ങളെ കണ്ടപാടെ ഉസ്‌താദ് ആലിംഗനം ചെയ്‌തുകൊണ്ട് പറഞ്ഞു: ‘തങ്ങള്‍ ഇരിക്കി, ഒരാളെ വന്നിട്ടുള്ളൂ. മറ്റവളും കൂടി ഇപ്പോ വരും. എന്നിട്ട് രണ്ടാളെയും ഒപ്പമങ്ങോട്ട് കൊണ്ടുപോവാം. ഏതായാലും വീട്ടില്‍ നിന്നിറങ്ങുകയല്ലേ. ഒറ്റക്കൊറ്റക്ക് പറഞ്ഞയക്കണ്ടല്ലോ.’ കേട്ടു നിന്നവര്‍ കണ്ണുതുടച്ചു. തങ്ങളും വല്ലാതായി. പക്ഷേ ഉസ്‌താദ് മാത്രം പതറിയില്ല. കണ്ണുനിറഞ്ഞപ്പോഴും ഉള്ളുലയാതെ പിടിച്ചുനിന്നു. എല്ലാം അല്ലാഹുവിലര്‍പ്പിച്ച പണ്ഡിതന്റെ ആത്മബലം. Oct. 04 സി.പി. സൈതലവി Chandrika
0 comments:
Post a Comment