Thursday, May 16, 2013

ആശുപത്രിയിലെ അന്ത്യനിമിഷങ്ങള്‍

     2012 ഒക്‌ടോബര്‍ 2 ന്‌ സുബ്‌ഹി നിസ്‌കാരം കഴിഞ്ഞ്‌ വിശ്രമിക്കുമ്പോഴാണ്‌ മൊബൈല്‍ ശബ്‌ദിക്കുന്നത്‌; കാളമ്പാടി ഉസ്‌താദ്‌ അത്യാസന്ന നിലയില്‍ ആശുപത്രിയിലാണ്‌.... ഉടനെ ജാമിഅയിലേക്ക്‌ ബന്ധപ്പെട്ടു. അര്‍ദ്ധരാത്രിയില്‍ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ അതിവേഗം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഓടിക്കിതച്ച്‌ ആശുപത്രിയില്‍ എത്തിയപ്പോഴാണ്‌ ഐ.സി.യു.വില്‍ വെന്റിലേറ്ററിലാണെന്ന്‌ അറിയുന്നത്‌. അകത്തു പോയി കാണാന്‍ അധികൃതര്‍ അനുവാദം തന്നു. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ അനിഷേധ്യനായ അമരക്കാരന്‍ ശാന്തമായി ഉറങ്ങുന്നതുപോലെ. ഈ അവസ്ഥയില്‍ റൂമിലേക്ക്‌ വിട്ടുതന്നുകൂടെ എന്ന്‌ ഞാനും അസീസ്‌ ഫൈസിയും കൂടി ഡോക്‌ടറോട്‌ കെഞ്ചിനോക്കി. രണ്ട്‌ റിസല്‍ട്ടുകൂടി കിട്ടാനുണ്ടെന്നും നേരിയ പ്രതീക്ഷക്ക്‌ വകയുണ്ടെന്നുമാണ്‌ ഡോക്‌ടര്‍ പറഞ്ഞത്‌. പിന്നെയും അര മണിക്കൂറോളം ഇഴഞ്ഞുനീങ്ങി. പുറത്തേക്ക്‌ വന്ന ഡോക്‌ടറുടെ മുഖത്ത്‌ നിരാശ പ്രകടമാകുന്നത്‌ അറിഞ്ഞു. ഐ.സി.യുവില്‍ ചെന്ന്‌ ചൊല്ലാനുള്ളത്‌ ചൊല്ലികൊടുക്കുവാന്‍ അദ്ദേഹം അനുമതി നല്‍കി. ഉസ്‌താദിന്റെ രണ്ട്‌ മക്കളുടെ കൂടെ ഞാനും സയ്യിദ്‌ സാബിഖലി ശിഹാബ്‌ തങ്ങളും പുളിയക്കുത്ത്‌ ഹനീഫയും അകത്തേക്ക്‌ ചെന്നു. സമസ്‌ത വിദ്യാഭ്യാസ ബോര്‍ഡ്‌ മാനേജര്‍ പിണങ്ങോട്‌ അബൂബക്കര്‍ സാഹിബും അപ്പോള്‍ അവിടെയെത്തി. വാപ്പുട്ടി ഫൈസി വേങ്ങൂര്‍, അബ്‌ദുല്‍ അസീസ്‌ ഫൈസി തുടങ്ങി ഏതാനും ചിലരും എത്തിച്ചേര്‍ന്നിരുന്നു. മറ്റ്‌ രോഗികള്‍ക്ക്‌ പ്രയാസമാകും എന്നു പറഞ്ഞു അധികം പേരോടും പുറത്തു പോവാന്‍ ഡോക്‌ടര്‍ ആവശ്യപ്പെട്ടു. ഈയുള്ളവനും ഹനീഫയും യാസീന്‍ ഓതാന്‍ തുടങ്ങി. മകന്‍ അബ്‌ദുസ്വമദ്‌ ഫൈസി ചുണ്ടില്‍ വെള്ളം ഉറ്റിച്ച്‌ കൊടുക്കുകയും ചെവിയില്‍ ഉച്ചത്തില്‍ തഹ്‌ലീല്‍ ചൊല്ലികൊടുക്കുകയും ചെയ്‌തുകൊണ്ടിരുന്നു. ഞാന്‍ യാസീന്‍ ഓതി പൂര്‍ത്തിയാക്കി ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞു. സൂക്ഷ്‌മതയോടെ നിരീക്ഷിച്ചിരുന്ന ഡോക്‌ടര്‍ പതിയെ പറഞ്ഞു. എല്ലാം കഴിഞ്ഞിരിക്കുന്നു. നിമിഷനേരത്തേക്ക്‌ അമ്പരപ്പ്‌! അതെ സ്‌നേഹനിധിയായ ഗുരുവര്യര്‍ ശൈഖുനാ കാളമ്പാടി ഉസ്‌താദ്‌ ഈ ലോകത്തോട്‌ വിട പറഞ്ഞിരിക്കുന്നു. സുന്നി പ്രസ്ഥാനത്തിന്റെ അനിഷേധ്യനായ അമരക്കാരന്‍ രക്ഷിതാവിങ്കലേക്ക്‌ യാത്രയായിരിക്കുന്നു. അമ്പരപ്പില്‍ നിന്നുണര്‍ന്ന്‌ നേതാക്കളെ ഓരോരുത്തരെയായി വിളിച്ച്‌ വിവരം അറിയിച്ചുകൊണ്ടിരുന്നു. നിമിഷനേരം കൊണ്ട്‌ ആശുപത്രി പരിസരം നിറഞ്ഞു കവിഞ്ഞു. ഒടുവില്‍ ഉസ്‌താദ്‌ ഏറ്റവും അധികം സ്‌നേഹിക്കുകയും ലാളിക്കുകയും ചെയ്‌ത ജാമിഅ കാമ്പസിലേക്ക്‌ ജനാസ കൊണ്ടുപോയി. ക്ഷണനേരം കൊണ്ട്‌ പതിനായിരങ്ങള്‍ ജാമിഅയുടെ മുറ്റം നിറഞ്ഞുകവിഞ്ഞു. തങ്ങളുടെ എല്ലാമെല്ലാമായ ഗുരുനാഥനെ കാണാന്‍ അണികളുടെ ഒഴുക്കായിരുന്നു. ജാമിഅയില്‍ വെച്ച്‌ കുളിപ്പിച്ച്‌, ജാമിഅയുടെ ഇമാം മുത്തുതങ്ങളുടെ നേതൃത്വത്തില്‍ പ്രഥമ ജനാസ നമസ്‌കാരം. ശൈഖുനാ ആലിക്കുട്ടി ഉസ്‌താദിന്റെ ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥന. എല്ലാം കഴിഞ്ഞ്‌ ഏറെ പ്രയാസപ്പെട്ട്‌ ജനാസ വീട്ടിലേക്ക്‌ യാത്രയാക്കി.

ഉസ്‌താദ്‌ താമസിച്ചിരുന്ന റൂമിന്റെ നേര മുകളിലുള്ള പത്താം റൂമിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്‌. രണ്ട്‌ വര്‍ഷത്തെ ജാമിഅ പഠനത്തിനിടക്ക്‌ ഒരിക്കല്‍ മാത്രം സുബ്‌ഹിക്ക്‌ എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. അന്ന്‌ ഉസ്‌താദ്‌ നേരിട്ടു വന്ന്‌ പിടികൂടുകയുണ്ടായി. ഏറെ ഉപദേശിച്ചാണ്‌ അന്ന്‌ ഞങ്ങള്‍ റൂമിലുണ്ടായിരുന്ന നാലുപേരെയും ഉസ്‌താദ്‌ വെറുതെ വിട്ടത്‌.

അത്ഭുതകരമായി അനുഭവപ്പെട്ട സംഭവം തൊട്ടടുത്ത ആഴ്‌ചയിലായിരുന്നു.വെളളിയാഴ്‌ച ജാമിഅയില്‍ ക്ലാസ്‌ ഇല്ലാത്ത ദിവസം. കോഴിക്കോട്‌ നടന്ന സഖാഫി സമ്മേളനത്തില്‍ പങ്കെടുത്ത്‌ നൂറുല്‍ ഉലമയിലേക്ക്‌ ആവശ്യമായ കുറച്ച്‌ ലൈബ്രറി പുസ്‌തകങ്ങളും വാങ്ങി ജാമിഅയിലേക്ക്‌ തന്നെ മടങ്ങി. രാത്രി രണ്ട്‌ മണിക്ക്‌ ശേഷമാണ്‌ കോളേജില്‍ എത്തിയത്‌. അവധി ദിവസമായതിനാല്‍ റൂമിലും പരിസര റൂമുകളിലൊന്നും ആരുമില്ല. പതിയെ അഗാധ മയക്കത്തിലേക്ക്‌ വീണു.

പെട്ടെന്നാണ്‌ കഴിഞ്ഞ ആഴ്‌ചയിലേതുപോലെ ശൈഖുനാ കാളമ്പാടി ഉസ്‌താദ്‌ ഉറക്കത്തില്‍ നിന്ന്‌ വിളിച്ചുണര്‍ത്തുന്നു. ഞെട്ടിയെഴുന്നേറ്റ്‌ ആകെ പരവശനായി നില്‍ക്കുമ്പോള്‍ ഉസ്‌താദിനെ കാണുന്നില്ല. ശൈഖുനാ വീട്ടിലാണെന്ന്‌ അപ്പോഴാണ്‌ ഓര്‍ത്തത്‌. ഏതാനും നിമിഷം കഴിഞ്ഞപ്പോഴേക്കും പള്ളിയില്‍ നിന്ന്‌ ബാങ്കൊലി മുഴങ്ങുന്നു. വൈകി ഉറങ്ങിയതിനാല്‍ ഉണരാന്‍ കഴിയില്ലെന്നു കരുതി ഉസ്‌താദ്‌ വിളിച്ചുണര്‍ത്തിയതുപോലെ-

ജാമിഅയില്‍ ഫൈനല്‍ പരീക്ഷ തുടങ്ങിയ അന്നേ ദിവസം തന്നെ മേഖലാ സര്‍ഗലയം നടക്കുന്നു. കമ്മറ്റിയുടെ കാര്യദര്‍ശി എന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്വം. ഒപ്പം ഫൈനല്‍ പരീക്ഷയുടെ ബേജാറും. അസറിനുശേഷം കിട്ടിയ ചെറിയൊരു ഇടവേളയില്‍ ജാമിഅയിലെ വാര്‍ഡനുമായി ധാരണയിലായി സര്‍ഗലയത്തിലേക്ക്‌ പോയി. മടങ്ങി എത്തിയത്‌ മഗ്‌രിബിന്‌ ശേഷമായിരുന്നു. എരമംഗലം ഉസ്‌താദിന്റെ മുന്നിലാണ്‌ വന്നുപെട്ടത്‌.

കയ്യോടെ പിടികൂടി കാളമ്പാടി ഉസ്‌താദിന്റെ മുമ്പിലെത്തിച്ചു. പരീക്ഷയുടെ ഗൗരവം മറന്ന്‌ സംഘടനാ പ്രവര്‍ത്തനത്തിന്‌ പോയ ഞങ്ങളെ ഉസ്‌താദ്‌ വിചാരണ ചെയ്യാനാവശ്യപ്പെട്ടു. കുട്ടികളേ... ഇങ്ങളോട്‌ ഞാന്‍ പെട്ടീം കിതാബും എടുത്ത്‌ പോകാന്‍ പറയാണ്‌ - കൂടെയുള്ളവര്‍ വിറക്കുന്നു. ഞാന്‍ അതിലേറെ പാരവശ്യത്തില്‍. വിറയാര്‍ന്ന ശബ്‌ദത്തോടെ പതിയെ മൊഴിഞ്ഞു - ഉസ്‌താദേ, എസ്‌.കെ.എസ്‌.എസ്‌.എഫിന്റെ മേഖലാ സെക്രട്ടറിയാണ്‌. കൂടെയുള്ള ഒരാള്‍ ശമീര്‍ പുത്തനങ്ങാടി അങ്ങാടിപ്പുറം പഞ്ചായത്ത്‌ കമ്മിറ്റി സെക്രട്ടറിയും. മേഖലയുടെ പരിപാടി നടക്കുമ്പോള്‍ പരീക്ഷയായതിനാല്‍ ഞങ്ങള്‍ക്ക്‌ സഹകരിക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ഒന്നുപോയി വരികെയങ്കിലും വേണ്ടേ, സഹപ്രവര്‍ത്തകര്‍ കൂടുതലും നാടന്മാരാണ്‌. അവര്‍ക്കൊരു ആശ്വാസമാകട്ടെ എന്ന്‌ കരുതി പോയതാണ്‌. ഉസ്‌താദ്‌ മാപ്പാക്കണം. ശൈഖുനായുടെ മനസ്സിന്റെ കൃപ അന്ന്‌ ഞങ്ങളെ തുണച്ചു. ഉം... ഒക്കെ വേണ്ടതല്ലെ. ഇങ്ങള്‍ പോയി നാളത്തെ പരീക്ഷക്ക്‌ ഒരുങ്ങിക്കോളീ... ജീവന്‍ തിരിച്ചുകിട്ടിയതുപോലെ വേഗത്തില്‍ റൂമിലേക്ക്‌ മടങ്ങി.

ശൈഖുനായ വീട്ടില്‍ പോയി കാണുന്നത്‌ ആനന്ദദായകമാണ്‌. വളരെ ലളിതമായി ധാരാളം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഒരിക്കല്‍ ചില മഖാമുകളെ കുറിച്ച്‌ സംശയം പ്രകടിപ്പിച്ചപ്പോള്‍ ഉസ്‌താദ്‌ പറഞ്ഞു - നാം ഒരു മഖാം സിയാറത്ത്‌ ചെയ്യുന്നത്‌ അവിടെ കിടക്കുന്നത്‌ ഒരു മഹാനാണെന്ന നിയ്യത്തോടെയാണ്‌. അത്‌ വളരെ പുണ്യമുള്ളതാണല്ലോ. വിവരമില്ലാതെ അതുമിതും പറയലിനെ നാം ഒഴിവാക്കിയാല്‍ മതി. ഉസ്‌താദിനെ ഒരു പരിപാടിക്ക്‌ ക്ഷണിക്കുന്നത്‌ മൂലം ഒരു പ്രയാസവും ഉണ്ടാകാറില്ല. എന്തെങ്കിലും കാരണങ്ങളാല്‍ അല്‍പം വൈകുകയോ മറ്റോ ചെയ്‌താലും ഉസ്‌താദ്‌ ഒരു മുഷിപ്പും പ്രകടിപ്പിക്കാറില്ല. നിശ്ചയിച്ച സ്ഥലത്തിരുന്ന്‌ തലയും താഴ്‌ത്ത ഔറാദുകളില്‍ മുഴുകുന്നത്‌ കാണാം. നാലുദിവസം മുമ്പ്‌ ജാമിഅയില്‍ പോയപ്പോള്‍ ശൈഖുനായുടെ റൂമില്‍ കയറി. സബ്‌ഖ്‌ കഴിഞ്ഞ്‌ വിശ്രമിക്കുകയാണ്‌. കൈപിടിച്ച്‌ മുത്തി ദുആ ചെയ്യാന്‍ പറഞ്ഞ്‌ സലാം പറഞ്ഞിറങ്ങുമ്പോള്‍ ഓര്‍ത്തിരുന്നില്ല - ഇത്‌ അവസാനത്തെ കൂടിക്കാഴ്‌ചയായിരിക്കുമെന്ന്‌. നാഥന്‍ ഉസ്‌താദിന്റെ ദറജയെ ഉയര്‍ത്തുമാറാകട്ടെ (ആമീന്‍)

ശമീര്‍ ഫൈസി ഒടമല
(എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മലപ്പുറം ജില്ല വര്‍ക്കിംഗ്‌ സെക്രട്ടറിയാണ്‌ ലേഖകന്‍)


0 comments:

Post a Comment