1961-ല്‍ മഞ്ചേരി-തൃക്കലങ്ങോട് സയ്യിദ് കുഞ്ഞിക്കോയ തങ്ങളുടെ (മുസ്‌ലിം ലീഗ് നേതാവും പ്രമുഖ എഴുത്തുകാരനുമായ എം.ഐ. തങ്ങളുടെ പിതാവ്) ദര്‍സില്‍നിന്നാണ് ഞാന്‍ അരീക്കോട്- താഴത്തങ്ങാടിയിലെ കാളമ്പാടി ഉസ്‌താദിന്റെ ദര്‍സില്‍ എത്തിയത്. ബാഖിയാത്തില്‍നിന്ന് രണ്ടാം റാങ്കിന്റെ തിളക്കവുമായി കേരളത്തിലെത്തിയ ഉസ്‌താദ് ആദ്യമായി ദര്‍സ് തുടങ്ങിയ കാലമാണത്. എന്റെ സഹോദരീ ഭര്‍ത്താവാണ് ഉസ്‌താദിന്റെ ദര്‍സില്‍ എന്നെ ചേര്‍ത്തത്. ഖത്‌റുന്നദയിലെ `ബാബുല്‍ മുബ്‌തദഇ വല്‍ഖബരി' എന്ന അധ്യായം മുതല്‍ അവിടെനിന്നും പഠനം ആരംഭിച്ചു. നഹ്‌വ്, സ്വര്‍ഫ്, മന്‍ത്വിഖ്, മആനി, ഫിഖ്‌ഹ്, ഹദീസ്, തഫ്‌സീര്‍ തുടങ്ങിയ ഇസ്‌ലാമിക വിജ്ഞാന ശാഖകളുടെ ആദ്യപാഠങ്ങള്‍ അഭ്യസിച്ചത് ഉസ്‌താദില്‍നിന്നാണ്.
അധ്യാപന രീതിയിലും ദര്‍സിന്റെ ശൈലിയിലും ആകര്‍ഷണീയവും വൈവിധ്യവുമായ ഒരു വഴി ഉസ്‌താദിനുണ്ടായിരുന്നു. ഓരോ ദിവസവും പഠിപ്പിക്കാന്‍ പോകുന്ന പാഠങ്ങള്‍ വള്ളിയും പുള്ളിയും പിഴക്കാതെ പഠിതാക്കള്‍ വായിച്ചു കേള്‍പിക്കണം. നിസാരമായി തോന്നാവുന്ന തെറ്റുകള്‍പോലും വായനയില്‍ അനുവദിക്കപ്പെട്ടില്ല. വായനയില്‍ വല്ല അബദ്ധവും പിണഞ്ഞാല്‍ പിന്നെ അന്ന് ക്ലാസ് നടക്കില്ല. തിരിച്ചയച്ച് വായന ശരിപ്പെടുത്തിവരാന്‍ കര്‍ശനമായി ഉപദേശിക്കും. അതുകൊണ്ട് തന്നെ വായനയില്‍ പിന്നില്‍ നില്‍ക്കുന്നവരെ എല്ലാവരും കൂടി വായന പഠിപ്പിച്ചേ ക്ലാസില്‍ പോകൂ. ആരുടെ മുമ്പിലും മതഗ്രന്ഥങ്ങള്‍ നഹ്‌വും, സ്വര്‍ഫും പിഴക്കാതെ വായിക്കാനുള്ള നൈസര്‍ഗിക സിദ്ധിയും ധൈര്യവും കിട്ടിയത് ഉസ്‌താദിന്റെ വിട്ടുവീഴ്‌ചയില്ലാത്ത അധ്യാപന രീതിയുടെ ഫലമാണ്.
സരസവും സരളവുമായ അവതരണം, ഏറനാടന്‍ മാപ്പിളയുടെ ഭാഷാപ്രയോഗങ്ങള്‍, നാടന്‍ ഉപമകള്‍, നര്‍മങ്ങള്‍ കലര്‍ന്ന സംസാരം, പൊതുവേ മിതഭാഷിയായിരുന്നെങ്കിലും ക്ലാസില്‍ വാചാലമായ വിശകലനം, ഉസ്‌താദിന്റെ ക്ലാസുകളെ പഠിതാക്കള്‍ക്ക് സുഗ്രാഹ്യമാക്കിയ ഘടകങ്ങളില്‍ ചിലതാണിത്. സ്വദസിദ്ധമായ ഉസ്‌താദിന്റെ നര്‍മങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ പലപ്പോഴും ചിരി പടര്‍ത്തും. ചിന്തിക്കാന്‍ ഏറെയുണ്ടാവും ആ തമാശകളില്‍.
അധ്യാപനവും അപഗ്രഥനവും മാത്രമല്ല ആത്മപ്രചോദിതവുമായിരുന്നു ആ തദ്‌രീബ്. ഊണും ഉറക്കവുമില്ലാതെ ദീനീ ഉലൂമില്‍ വ്യാപൃതമാവാനും ദര്‍സീ രംഗത്ത് സേവനനിരതമാവാനും കഴിഞ്ഞത് ആ ദര്‍സിന്റെ വലിയ നന്മയാണ്. ഉസ്‌താദില്‍നിന്ന് സ്വീകരിച്ച തദ്‌രീബിന്റെ രൂപവും ഭാവവുമൊക്കെ പില്‍കാലത്ത് പൂര്‍ണാര്‍ത്ഥത്തില്‍ വിജയകരമായിരുന്നുവെന്ന് ചാരിതാര്‍ത്ഥ്യത്തോടെ ഇപ്പോള്‍ അനുസ്‌മരിക്കാനാകും.
ഓരോ ദിവസവും ക്ലാസെടുക്കാനുള്ളത് മുത്വലഅ ചെയ്‌തേ ഉസ്‌താദ് ക്ലാസിനിരിക്കൂ. വല്ല കാരണത്താലും അതിന് മുടക്കം വന്നാല്‍ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കും. അല്‍പം കഴിഞ്ഞ് വരാന്‍ പറയും. പുതിയ പാഠം ഒരാവര്‍ത്തി വായിക്കുകയെങ്കിലും ചെയ്യും. ഉസ്‌താദിന്റെ ക്ലാസുകളെ ഹൃദയഹാരിയും ഉള്‍ക്കാഴ്‌ചയുള്ളതുമാക്കിയത് അധ്യാപനത്തിനുമുമ്പുള്ള മുത്വാലഅയായിരുന്നു. തദ്‌രീസിനിരിക്കും മുമ്പ് ഉസ്‌താദുമാര്‍ മുത്വാലഅ നിര്‍ബന്ധമാക്കണമെന്ന് അവര്‍ എപ്പോഴും ഓര്‍മ്മപ്പെടുത്തും. ജീവിതാന്ത്യംവരെ ഉസ്‌താദ് ആ ഉപദേശത്തില്‍ ഭംഗം വരുത്തിയില്ല. ഇല്‍മിലും തദ്‌രീസിലും ബര്‍ക്കത്തുണ്ടാവാന്‍ മുത്വാലഅ നിമിത്തമാകും.
സമയം അമൂല്യമാണ്. ഒരു നിമിഷംപോലും അനാവശ്യമായി പാഴാക്കരുത്. ഉസ്‌താദ് ജീവിതംകൊണ്ട് ഞങ്ങളെ പഠിപ്പിച്ചതാണിത്. അനാവശ്യമായ സംസാരങ്ങള്‍ക്കോ പാഴ്‌വേലകള്‍ക്കോ അല്‍പം സമയംപോലും അദ്ദേഹം ചെലവഴിച്ചില്ല. വായന, അധ്യാപനം ഇതായിരുന്നു ഉസ്‌താദിന്റെ ഹോബി. പ്രാഥമിക ആവശ്യങ്ങളുടെയും നിസ്‌കാരം, ഭക്ഷണാധികാര്യങ്ങളുടെയും സമയം കഴിച്ചാല്‍ പിന്നെ മഗ്‌രിബ് വരെ ഗ്രന്ഥവായന തന്നെയാണ്. സംശയം ചോദിച്ചും അപഗ്രഥനം ആവശ്യപ്പെട്ടും രാത്രി എത്ര സമയവും ആ തിരുസന്നിധിയിലിരിക്കാം. എത്ര വൈകിയാലും ഒരസ്വസ്ഥതയും നീരസവും പ്രകടിപ്പിക്കില്ല. ആഴ്‌ചയില്‍ ഒരു തവണ വീട്ടില്‍ പോവും. പോക്കും വരവുമൊക്കെ കൃത്യസമയത്തായിരിക്കും. പലപ്പോഴും ആ യാത്രകളില്‍ അനുഗമിക്കാനും ഉസ്‌താദിന്റെ വീടിനടുത്തുളള നിസ്‌കാരപള്ളിയില്‍ അന്തിയുറങ്ങാനും എനിക്ക് അവസരമുണ്ടായിട്ടുണ്ട്.
കൃത്യനിഷ്‌ഠയോടെ കാര്യങ്ങള്‍ ചെയ്‌തുതീര്‍ക്കണമെന്നത് ഉസ്‌താദിന്റെ നിര്‍ബന്ധമാണ്. ഒന്നും പിന്നേക്ക് വെക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നില്ല. അലസതയും അലംഭാവവും ആ ജീവിതത്തില്‍ കണ്ടതേയില്ല. വിദ്യാര്‍ത്ഥികളെയും ആ രീതിയിലാണ് അദ്ദേഹം തര്‍ബിയത്ത് ചെയ്‌തത്. ഭക്ഷണത്തിലോ മറ്റു ജീവിത സൗകര്യങ്ങളിലോ ഒരു നിര്‍ബന്ധവും അവര്‍ക്കന്നേ ഇല്ലായിരുന്നു. കിട്ടിയത് കഴിക്കൂ, ഉള്ളത് ധരിക്കുക അതായിരുന്നു ഉസ്‌താദിന്റെ നയം. അരി കിട്ടാതെ ക്ഷാമം പിടിച്ച ഒരു കാലമുണ്ടായിരുന്നു അരീക്കോടിന്. പൂളയും മറ്റും കഴിച്ചാണ് അക്കാലത്ത് ഉസ്‌താദും ഞങ്ങളും പട്ടിണിയകറ്റിയത്. അതിനെ സംബന്ധിച്ച് ആരോടും പരാതിപ്പെട്ടില്ല. ഒട്ടും പരിഭവിച്ചതുമില്ല. ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ആരുടെയെങ്കിലും പങ്കുപറ്റുന്നതിനോട് അദ്ദേഹത്തിന് അന്നേ വിസമ്മതമായിരുന്നു. ജീവിതാന്ത്യംവരെ ഈ നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. അതുകൊണ്ട് തന്നെ മുഖം നോക്കാതെ കാര്യങ്ങള്‍ പറയാന്‍ ആരുടെയും വിധേയത്വം അവര്‍ക്ക് തടസ്സമായില്ല.
പറയുന്നത് പ്രവര്‍ത്തിക്കുക, പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നത് മാത്രം പറയുക എന്നത് അത്ര എളുപ്പമല്ല. മഹത്വം കല്‍പിക്കപ്പെടുന്ന പലര്‍ക്കുമില്ലാത്തതാണിത്. വാക്കുകളും പ്രവര്‍ത്തികളും പലപ്പോഴും വഴിപിരിയുന്നതായി അവരുടെ ജീവിതത്തില്‍ നമുക്ക് കാണാനാവും. ഉസ്‌താദ് ഞങ്ങളെ പഠിപ്പിച്ച ഏറ്റവും വലിയ പാഠവും ഒരുപക്ഷേ ഇതായിരിക്കും. ജീവിത വിശുദ്ധിയിലും പരിത്യാഗ മനോഭാവത്തിലും ചക്രവാളങ്ങള്‍ കീഴടക്കിയ ആത്മീയ ഗുരുക്കളുടെയൊക്കെ ജീവിതത്തില്‍ ഇതിന്റെ പുലര്‍ച്ച ദൃശ്യമാണ്. കള്ള ത്വരീഖത്തുകളോടും അതിന്റെ പേരില്‍ നടക്കുന്ന കപട നാടകങ്ങളോടും എന്നും അദ്ദേഹത്തിന് വൈമുഖ്യമായിരുന്നു. ഈ വിമുഖത പല വിമര്‍ശകരും ഏറ്റുപിടിച്ച് അദ്ദേഹത്തെ ത്വരീഖത്ത് വിരോധിയായി ചിത്രീകരിച്ചു. ത്വരീഖത്തും തസ്വവ്വുമൊന്നും പ്രാസ്ഥാനികവല്‍കരിക്കേണ്ടതല്ല. അതിലെ സാങ്കേതിക സംജ്ഞകളില്‍ ഉടക്കിനിന്ന് സമയം പാഴാക്കുകയുമരുത്. വിശ്വാസത്തിലും കര്‍മ്മത്തിലുമൊക്കെ തസ്വവ്വുഫിനെ കലര്‍ത്തുകയാണ് വേണ്ടത് എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. അതുതന്നെയാണ് ശരി. തസ്വവ്വുഫ് ജീവിത വിശുദ്ധിയാണ്. ആത്മാര്‍ത്ഥതയാണ് സൂക്ഷ്‌മതയും ജീവിത നിഷ്‌ഠയുമാണ്.
അവിടത്തെ സൂക്ഷ്‌മ ജീവിതത്തിന്റെ ഒരു നേരനുഭവം ഇവിടെ കുറിച്ചിടുന്നത് സംഗതമായിരിക്കും. ഞാന്‍ ഉസ്‌താദിന്റെ ദര്‍സില്‍ പഠിക്കുന്ന കാലം. കെ.കെ. സ്വദഖത്തുല്ല മുസ്‌ലിയാര്‍ എഴുതിയ `ചൊട്ടിനൊരു തട്ട്' എന്ന കണ്‌ഠനപുസ്‌തകം എന്റെ വശമുണ്ടായിരുന്നു. വായിക്കനായി ഉസ്‌താദ് അതെന്നില്‍നിന്നും വാങ്ങി. മൂന്ന് വര്‍ഷമേ ഞാന്‍ ഉസ്‌താദിന്റെ ദര്‍സില്‍ പഠിച്ചുള്ളൂ. ശേഷം ഞാന്‍ അഗ്രഗണ്യനായ ഉസ്‌താദ് കുഞ്ഞാണി മുസ്‌ലിയാരുടെ ദര്‍സിലും പിന്നീട് ദയൂബന്ത് ദാറുല്‍ ഉലൂമിലുമാണ് പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ദര്‍സീ രംഗത്തെത്തി. പിന്നെയും പതിറ്റാണ്ടുകള്‍ പലതും കഴിഞ്ഞു. ഈയടുത്ത് ഞാനൊരിക്കല്‍ ഉസ്‌താദിനെ കാണാന്‍ കോളജിലെത്തിയപ്പോള്‍ ആ പുസ്‌തകത്തിന്റെ കാര്യം പറഞ്ഞു. ആ പുസ്‌തകം എന്റെ കൈവശമുള്ളതുതന്നെ അപ്പോഴാണ് ഞാന്‍ ഓര്‍ക്കുന്നത്. അതെടുത്ത് എന്നെ ഏല്‍പ്പിച്ചു.
താന്‍ വിശ്വസിച്ച വിശ്വാസസരണി മാത്രമാണ് ശരി എന്ന പക്ഷക്കാരനായിരുന്നു ഉസ്‌താദ്. അതില്‍ ഒരു വിട്ടുവീഴ്‌ചയും അദ്ദേഹം വരുത്തിയില്ല. വിശ്വാസത്തില്‍ എതിര്‍ ചേരിയില്‍ നില്‍ക്കുന്നവരോട് ഒരു നീക്കുപോക്കിനും അദ്ദേഹം ഒരുക്കമായിരുന്നില്ല. മുജാഹിദ് പ്രസ്ഥാനത്തിലെ പ്രമുഖ പണ്ഡിതനായ അരീക്കോട് അബ്ദുസ്സലാം മൗലവി ഒരിക്കല്‍ ഉസ്‌താദിനോട് സലാം പറഞ്ഞു. ഉസ്‌താദ് സലാം മടക്കിയില്ല. നാട്ടില്‍ വലിയ കോളിളക്കം സൃഷ്‌ടിച്ചു. സുന്നിപക്ഷത്തുള്ളവര്‍ തന്നെ അതിനെ ചോദ്യം ചെയ്‌തു. ഉസ്‌താദ് തന്റെ നിലപാടില്‍ ഉറച്ച് നിന്നു. കമ്മിറ്റി ഭാരവാഹികളോട് `അവനെ എന്റെ മുമ്പില്‍ കൊണ്ടുവരൂ' എന്ന് ഉസ്‌താദ് ആവശ്യപ്പെട്ടു. അവര്‍ അദ്ദേഹത്തെ പള്ളിയില്‍ കൊണ്ടുവന്നു.
ഉസ്‌താദ്; ഇരിക്കുകയും കിടക്കുകയും ദര്‍സ് നടത്തുകയും മുത്വാലഅ ചെയ്യുകയുമൊക്കെ ചെയ്‌തിരുന്ന പള്ളിച്ചെരുവിലെ കോസടിയില്‍ ഇരിക്കുന്നു. അബ്ദുസ്സലാം മൗലവി ഉസ്‌താദിന് അഭിമുഖമായും ഇരുന്നു. ചുറ്റും കമ്മിറ്റി അംഗങ്ങളും. കിതാബിന്റെ ഇബാറത്തുകള്‍ വായിച്ച് തന്റെ സ്വദസിദ്ധമായ ശൈലിയില്‍ വിശദീകരിച്ച് മുജാഹിദ് പ്രസ്ഥാനം ബിദ്‌അത്തിന്റെ കക്ഷിയാണെന്ന് സമര്‍ത്ഥിച്ചു. ബിദ്‌അത്തുകാരോട് സലാം പറയലോ അവരുടെ സലാം മടക്കലോ ശറഅ് പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് അസന്നിഗ്‌ധമായി പ്രഖ്യാപിച്ചു. പണ്ഡിതനായ അബ്ദുസ്സലാം മൗലവി എല്ലാം കേട്ടുനിന്നതല്ലാതെ വേണ്ടതുപോലെ പ്രതികരിക്കാന്‍ അദ്ദേഹത്തിനായില്ല. അത്ര മൂര്‍ച്ചയേറിയതായിരുന്നു ഉസ്‌താദിന്റെ വാക്‌ശരങ്ങള്‍. കൂടിനിന്നവര്‍ക്ക് നിലപാടിന്റെ ശക്തിയും മൗലികതയും ബോധ്യമായി. അതോടെ മലപോലെ വന്ന പ്രശ്‌നം മഞ്ഞുപോലെ ഉരുകി.
അരീക്കോട് പ്രദേശത്ത് മുജാഹിദ് പ്രസ്ഥാനത്തിന്റെ അതിശീഘ്രമായ വളര്‍ച്ചയെ പ്രതിരോധിച്ചതും ക്ഷയിപ്പിച്ചതും ഉസ്‌താദിന്റെ സാന്നിധ്യമാണ്. അവരുടെ പ്രചരണങ്ങളെ അതേ നാണയത്തില്‍ അദ്ദേഹം തിരിച്ചടിച്ചു. വേദികള്‍ക്ക് വേദികെട്ടി മറുപടി പറഞ്ഞു. ആരെയും കാത്തുനിന്നില്ല. പ്രഭാഷകരെ തേടി അലഞ്ഞതുമില്ല. ആശങ്കപ്പെട്ടതുമില്ല. ചിലപ്പോഴൊക്കെ അന്ന് കൊണ്ടോട്ടിയില്‍ ദര്‍സ് നടത്തിയിരുന്ന തന്റെ ആത്മമിത്രം എം.എം. ബശീര്‍ മുസ്‌ലിയാരെ മറുപടി പറയാന്‍ ക്ഷണിക്കും. ഇബാറത്തുകളിലെ അതിസൂക്ഷ്‌മ വ്യാകരണപ്പിഴവുകള്‍ പലപ്പോഴും മുജാഹിദ് പ്രസ്ഥാനത്തെ ഉസ്‌താദിന്റെ മുമ്പില്‍ നമ്രശിരസ്‌കരാക്കി. അവരുടെ ചെറിയ പിഴവുകളില്‍ പിടിച്ചുകേറി അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസധാരയെ അദ്ദേഹം മുന്നിലെത്തിച്ചു.
ഞങ്ങള്‍ വിദ്യാര്‍ത്ഥികളുടെ തലപ്പാവിനെയും വാലിനേയും വേഷത്തെയുമൊക്കെ മുജാഹിദുള്‍ പരിഹസിച്ചു. സുന്നി സദസ്സുകള്‍ അലംകോലപ്പെടുത്തി. അതേ നാണയത്തില്‍ ഞങ്ങളും പ്രതികരിച്ചു. ഉസ്‌താദ് വിലക്കിയില്ല. അതൊക്കെ അറിഞ്ഞിട്ടും അദ്ദേഹത്തിന്റെ മൗനം സമ്മതമായി ഞങ്ങള്‍ നിനച്ചു. ആദര്‍ശ വിശദീകരണ വേദികളിലെ പ്രോജ്ജ്വലിക്കുന്ന താരകങ്ങളായ വാണിയമ്പലം അബ്ദുര്‍റഹ്‌മാന്‍ മുസ്‌ലിയാര്‍, എം.എം. ബശീര്‍ മുസ്‌ലിയാര്‍, സി.എച്ച്. ഹൈദ്രോസ് മുസ്‌ലിയാര്‍, കെ.ടി. മാനു മുസ്‌ലിയാര്‍ തുടങ്ങിയവരൊക്കെ അദ്ദേഹത്തിന്റെ ആത്മസുഹൃത്തുക്കളും സന്ദര്‍ശകരുമായിരുന്നു.
വഫാത്തിന്റെ ദിവസങ്ങള്‍ക്കുമുമ്പ് ഉസ്‌താദിനെ സന്ദര്‍ശിച്ചപ്പോള്‍ തന്റെ രോഗവിവരങ്ങളോ ആരോഗ്യപ്രശ്‌നങ്ങളോ അല്ല ഉസ്‌താദിനെ ആശങ്കപ്പെടുത്തിയത്. ദര്‍സിന്റെ അപചയത്തെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും അവര്‍ പരിഭവപ്പെട്ടു. ഇനി ആരുണ്ട് നമ്മുടെ മഹിതമായ പൈതൃകത്തിന്റെ തിരുശേഷിപ്പിനെക്കുറിച്ച് ആശങ്കപ്പെടാന്‍.
ഇ.കെ. കുഞ്ഞമ്മദ് മുസ്‌ലിയാര്‍ കാട്ടുമുണ്ട
(ഉസ്‌താദിന്റെ ആദ്യകാല ശിഷ്യനാണ് ലേഖകന്‍)
0 comments:
Post a Comment