Thursday, June 27, 2013

ലളിത ജീവിതം; എളിമയുടെ പര്യായം


      ജീവിത ലാളിത്യമാണ് ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍. വരക്കല്‍ മുല്ലക്കോയ തങ്ങളും പാങ്ങില്‍ അഹമ്മദ്കുട്ടി മുസ്‌ല്യാരും വാളക്കുളം അബ്ദുല്‍ബാരി മുസ്‌ലിയാരും ശൈഖുനാ കണ്ണിയത്ത് ഉസ്താദുമൊക്കെ ഊര്‍ജം പകര്‍ന്ന അതേ പീഠത്തിലിരുന്ന് സമുദായത്തെ നയിക്കാന്‍ എന്തുകൊണ്ടും അര്‍ഹനായ പിന്‍ഗാമി. കേരളീയ മതവൈജ്ഞാനിക രംഗത്ത് ജീവിച്ചിരിക്കുന്ന കര്‍മ്മശാസ്ത്ര പണ്ഡിതരില്‍ ഏറ്റവും ശ്രദ്ധേയന്‍.ദര്‍സി അധ്യാപന രംഗത്ത് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുകയും സമസ്ത മുശാവറയില്‍ 42 വര്‍ഷം പിന്നിടുകയും ചെയ്ത ശൈഖുനായുടെ തഴക്കവും പഴക്കവും പരിചയ സമ്പത്തും നേതൃരംഗത്ത് പ്രസ്ഥാനത്തിന്റെ വലിയ മുതല്‍കൂട്ടായിരുന്നു. സമസ്തയില്‍ ഏറ്റവും പഴക്കമുള്ള മുശാവറ മെമ്പറും ശൈഖുനയായിരുന്നു.

പ്രശ്‌നങ്ങള്‍ തീര്‍ക്കാനും മസ്അലകള്‍ ചോദിക്കാനും പലരും അവസാനമായി എത്തുക പട്ടിക്കാട് ജാമിഅയുടെ പഴയ ബ്ലോക്ക് ശൈഖുനാ ശംസുല്‍ ഉലമ കഴിഞ്ഞിരുന്ന ഒന്നാം നമ്പര്‍ മുറിയിലാണ്. അതാണ് കാളമ്പാടി ഉസ്താദിന്റെ ദീനീസേവനത്തിന്റെ കേന്ദ്രം. അല്ലെങ്കില്‍ മലപ്പുറം കാവുങ്ങല്‍ നിന്ന് കാളമ്പാടിയിലിറങ്ങി നടന്നു മാത്രം പോകാന്‍ പറ്റുന്ന ഇടുങ്ങിയ വഴി അവസാനിക്കുന്ന പുഴയോരത്തെ കവുങ്ങിന്‍തോട്ടത്തിലുള്ള ഓടിട്ട കൊച്ചു പുരയിടം. ശൈഖുനാ കണ്ണിയത്തുസ്താദിന്റെ വീട്ടിലേക്ക് റോഡുണ്ടായിരുന്നില്ല എന്ന ഓര്‍മ്മകളില്‍ കാളമ്പാടി ഉസ്താദിന്റെ വീട്ടിലേക്കും സമുദായം നടക്കുന്നു. സംഘടനാരീതികള്‍ക്കപ്പുറം സമസ്തയുടെ മുശാവറ മെമ്പര്‍ സ്ഥാനത്തു നിന്ന് പ്രസിഡണ്ട് പദത്തിലേക്ക് ശൈഖുന കണ്ണിയത്ത് ഉസ്താദ് തെരഞ്ഞെടുക്കപ്പെട്ടത് പോലെതന്നെയാണ് 2004 സപ്തംബര്‍ 8ന് മെമ്പര്‍ സ്ഥാനത്ത് നിന്ന് കാളമ്പാടി ഉസ്താദും പ്രസിഡണ്ട് പദവിയിലെത്തുന്നത്.

എന്തു പ്രശ്‌നവുമായി സമീപിച്ചാലും കക്ഷികള്‍ പരിപൂര്‍ണ തൃപ്തരായിട്ടേ പോകൂ എന്നത് ഉസ്താദിന്റെ ആഴമേറിയ കര്‍മ്മശാസ്ത്ര പാണ്ഡിത്യത്തിന്റെ തെളിവാണ്. കേസുമായി വരുന്നവരെ വേണ്ടതുപോലെ വിചാരണ ചെയ്ത് അന്തിമമായി വിധി പറഞ്ഞാല്‍ മറ്റൊരു വിധിക്ക് തീര്‍പ്പാക്കാനോ വിവാദങ്ങള്‍ക്കോ സ്ഥാനമില്ലെന്നാണ് ശൈഖുനായുടെ ചരിത്രം.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉമയുടെ ചരിത്രത്തിലെ പല നിര്‍ണായകഘട്ടങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും സാക്ഷിയാവുകയും നേതൃത്വം നല്‍കുകയും ചെയ്ത കാളമ്പാടി ഉസ്താദിന്റെ ഓര്‍മ്മകളും അനുഭവങ്ങളും പുതിയ തലമുറയിലെ പ്രബോധകര്‍ക്ക് നിരവധി പാഠങ്ങള്‍ നല്‍കുന്നവയാണ്.

വിവിധ പേരിലറിയപ്പെട്ട ത്വരീഖത്ത് വിവാദങ്ങള്‍, അഖില, സംസ്ഥാന തുടങ്ങിയ സംഘടനകള്‍, ത്വലാഖ് സംവാദം ഉള്‍പ്പെടെയുള്ള സംവാദങ്ങള്‍, എന്തെങ്കിലും പ്രതിസന്ധിയോ വെല്ലുവിളികളോ സമസ്തക്ക് ഉണ്ടാക്കിയോ എന്ന് ചോദിച്ചപ്പോള്‍ സമസ്തക്ക് ഒരു പ്രശ്‌നവും പ്രതിസന്ധിയും ഒരു ഘട്ടത്തിലും ഉണ്ടാക്കിയിട്ടില്ല, സമസ്ത മഹാന്മാരായ ആലിമീങ്ങള്‍ ഇഖ്‌ലാസോടെ ഉണ്ടാക്കിയതാണ്. അതിനൊരു പോറലും ഒരാള്‍ക്കുമുണ്ടാക്കാന്‍ കഴിയില്ല എന്നായിരുന്നു മറുപടി. പിതാമഹന്‍ കുഞ്ഞിമൊയ്തീന്‍ മുസ്‌ലിയാര്‍ പ്രദേശത്തെ ഖാസിയായിരുന്നു. അരീക്കത്ത് ഹാജി അബ്ദുറഹിമാന്‍ മൊല്ലയാണ് പിതാവ്. തറയില്‍ ആഇശ ഹജ്ജുമ്മ മാതാവും. പന്ത്രണ്ട് മക്കളില്‍ മൂത്തയാളായിരുന്നു കാളമ്പാടി.

കുന്നുമ്മല്‍ എയ്ഡഡ് മാപ്പിള സ്‌കൂളില്‍ നിന്നായിരുന്നു പ്രാഥമികപഠനം. അഞ്ചാംക്ലാസ് വരെ പഠനം തുടര്‍ന്നു. മമ്മുക്കുട്ടി മൊല്ലയുടെ കീഴില്‍ സ്‌കൂളില്‍ വെച്ച് തന്നെ ഓത്തും പഠിച്ചിരുന്നു. ഇക്കാലയളവില്‍ കുന്നുമ്മലെ ദര്‍സില്‍ തന്നെ മതപഠനത്തിനും പോയി. സൈതാലിക്കുട്ടി മൗലവിയായിരുന്നു ദര്‍സിലെ ഉസ്താദ്.കൂട്ടിലങ്ങാടി പള്ളിയില്‍ കുഞ്ഞബ്ദുല്ല മുസ്‌ല്യാരുടെ ദര്‍സില്‍ നിന്നാണ് സ്വന്തമായി ദര്‍സ് പഠനം തുടങ്ങുന്നത്. പിന്നീട് പഴമള്ളൂരില്‍ അഹമ്മദ്കുട്ടി മുസ്‌ല്യാരുടെ ദര്‍സിലും ശേഷം മക്കരപ്പറമ്പ് വറ്റലൂരില്‍ പെരുമ്പലം ബാപ്പുട്ടി മുസ്‌ല്യാരുടെ ദര്‍സിലും അതിനുശേഷം എടരിക്കോട് പാലച്ചിറമാട് ദര്‍സില്‍ ചെറുശ്ശോല കുഞ്ഞിമുഹമ്മദ് മുസ്‌ല്യാരുടെ കീഴിലും പഠിച്ചു പിന്നീടാണ് കോട്ടുമല ഉസ്താദിന്റെ ദര്‍സില്‍ ചേര്‍ന്നത്.അവിടുന്ന് വെല്ലൂര്‍ ബാഖിയാത്തിലേക്ക് ഉപരിപഠനത്തിനുപോയി. രണ്ടാം റാങ്കോടെ 1961-ല്‍ ബാഖവി ബിരുദം നേടി.

1961 മുതല്‍ വിവിധ സ്ഥലങ്ങളില്‍ ദര്‍സ് നടത്തി. 1993 മുതല്‍ ജാമിഅയില്‍ അധ്യാപനം തുടരുന്നു. ശൈഖുനാ 1969-ല്‍ തന്റെ 35-ാം വയസ്സില്‍ അരീക്കോട് വലിയ ജുമാമസ്ജിദില്‍ ദര്‍സ് നടത്തുന്ന കാലത്താണ് സമസ്ത മുശാവറയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍, കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ, കോട്ടുമല ഉസ്താദ്, വാണിയമ്പലം ഉസ്താദ് തുടങ്ങിയ മുന്‍കാല നേതാക്കളുമായൊക്കെ ബന്ധമുണ്ടായിരുന്നു. ബഷീര്‍ മുസ്‌ലിയാര്‍, ഹൈദ്രോസ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ക്കൊപ്പം ധാരാളം പ്രവര്‍ത്തിച്ചു.കോട്ടുമല ഉസ്താദിന്റെ പരപ്പനങ്ങാടി പനയത്ത് പ്രശസ്തമായിരുന്ന ദര്‍സില്‍ മൂന്നര കൊല്ലം പഠിച്ചു. അവിടെ നിന്നാണ് 1958-ല്‍ വെല്ലൂര്‍ ബാഖിയാത്തിലേക്ക് ബിരുദത്തിന് പോയത്. അതുകൊണ്ട് തന്നെ ഉസ്താദുമായി വളരെ അടുത്തബന്ധമായിരുന്നു.

മഹല്ലുകളുടെ ഭദ്രതക്ക് നമ്മുടെ പാരമ്പര്യ രീതികള്‍തന്നെ തുടരണം. പണ്ഡിതന്‍മാരും ഉമറാക്കളും ഒത്തൊരുമിച്ച് നിന്നു നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തണം. ബിദ്അത്തുകാര്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുകയും സുന്നത്ത് ജമാഅത്തിന്റെ ആചാരങ്ങള്‍ നടപ്പില്‍ വരുത്തുകയും വേണം. മസ്അലകള്‍ തീര്‍പ്പാക്കുന്നതും കാര്യങ്ങള്‍ നടത്തുന്നതും അതാത് മഹല്ലിലെ ഖാളി ഖത്തീബുമാര്‍ മുഖേനയാവണം. ഓരോരുത്തരും മസ്അല പറയാനും അഭിപ്രായം പറയാനും നിന്നാല്‍ നാട്ടില്‍ അനൈക്യം ഉണ്ടാകും. ഇതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
മുദ്‌രിസുമാര്‍ അവരുടെ കാര്യമായ സമയം ദര്‍സിന് വേണ്ടി ചെലവഴിക്കണം. മറ്റു പണികള്‍ക്കിടയില്‍ ദര്‍സ് നടത്തിയാല്‍ നിലനില്‍ക്കില്ല. കിതാബുകള്‍ മുത്വാലഅ ചെയ്യാനും ഓതിക്കൊടുക്കാനും കാര്യമായി മെനക്കെടുകയും അതില്‍ ആത്മാര്‍ത്ഥത കാണിക്കുകയും വേണം. നല്ല മുദരിസുമാര്‍ക്ക് ധാരാളം കുട്ടികളെയും കിട്ടും. ജനങ്ങള്‍ സഹായിക്കുകയും ചെയ്യും. പണ്ഡിതന്മാര്‍ തന്നെയാണ് ഉല്‍സാഹിക്കേണ്ടത്.

ത്വരീഖത്ത് എന്നു പറയുന്നത് കൂടുതല്‍ ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ട മേഖലയാണ്. ശരീഅത്തിന് വിരുദ്ധമായ ത്വരീഖത്തുകളെ മാത്രമാണ് സമസ്ത എതിര്‍ത്തിട്ടുള്ളത്. ശരീഅത്തിന് വിരുദ്ധമല്ലാത്ത ത്വരീഖത്തുകളെയോ അത്തരം ത്വരീഖത്തുകളുടെ മശാഇഖന്മാരെ ബൈഅത്ത് ചെയ്യുന്നതിനെയോ മശാഇഖന്മാരില്‍ നിന്ന് ഇജാസത്ത് വാങ്ങുന്നതിനെയോ സമസ്ത എതിര്‍ത്തിട്ടില്ല. പൊതുജനങ്ങള്‍ ഇന്ന ത്വരീഖത്ത് സ്വീകരിക്കണം എന്ന് സമസ്ത നിര്‍ദ്ദേശിച്ചിട്ടില്ല. അഹ്‌ലു സുന്നത്തി വല്‍ ജമാഅത്തിന്റെ മുന്‍കാലക്കാരായ ഇമാമീങ്ങളും ആലിമീങ്ങളും ഈമാന്‍ സലാമത്താകാനുള്ള കാര്യങ്ങളും അമല്‍ ചെയ്യേണ്ട കാര്യങ്ങളുമെല്ലാം പഠിപ്പിച്ചിട്ടുണ്ട്.
സ്വഹാബത്തിന്റെ കാലത്ത് തുടങ്ങിയ നാട്ടിലെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് മഖ്ദൂമി പണ്ഡിതന്മാരാണ് നേതൃത്വം വഹിച്ചത്. അവരുടെ പരമ്പരയിലാണ് സമസ്തയുണ്ടായത്. മഹാന്മാരും കറകളഞ്ഞവരുമായ ആലിമീങ്ങളാണ് സമസ്തക്ക് അടിത്തറ പാകിയതും നേതൃത്വം നല്‍കിയതും അവരെ വിട്ട് മറ്റുള്ളവരുടെ കൂടെ പോയാല്‍ രക്ഷകിട്ടുകയില്ല. മണ്‍മറഞ്ഞ നേതാക്കള്‍ ഊണും ഉറക്കവുമൊഴിച്ച് ഓടിനടന്നാണ് ഈ പ്രസ്ഥാനം വളര്‍ത്തിയത്. അവരെ എല്ലാനിലക്കും പിന്‍പറ്റണം.ഇല്‍മിന്റെ അഹ്‌ലുകാര്‍ നിരന്തരമായി കിത്താബുകള്‍ മത്വാലഅ ചെയ്യണം. ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളായ അകീദ, ഫിഖ്ഹ്, തസ്വവ്വുഫ് തുടങ്ങിയവ വേണ്ട രീതിയില്‍ ഉറപ്പിക്കണം. പണ്ഡിതന്മാര്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റണം.

(സമസ്തയുടെ 85-ാം വാര്‍ഷിക സുവനീറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്ന്)

തനിമ ചോരാത്ത ജ്ഞാന തിളക്കം

 മലപ്പുറം നഗരത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു ഗ്രാമപ്രദേശമാണ് കാളമ്പാടി. ‘സമസ്ത’ എന്ന കേരള മുസ്‌ലിം രാജവീഥിയുടെ സ്ഥാപകനേതാക്കളില്‍ പ്രമുഖനും ശംസുല്‍ ഉലമയും കൂറ്റനാട് കെ.വി.ഉസ്താദുമടക്കമുള്ള നിരവധി പണ്ഡിതപ്രതിഭകളുടെ ഉസ്താദുമായിരുന്ന ശൈഖുനാ കോമു മുസ്‌ലിയാരും നൂറുകണക്കിന് പണ്ഡിതന്മാര്‍ക്ക് ഗുരുത്വം പകര്‍ന്ന് കൊടുത്ത പണ്ഡിത കുലപതി ശൈഖുനാ കോട്ടുമല അബൂബക്ര്‍ മുസ്‌ലിയാരും വളര്‍ന്നതും ജീവിച്ചതും ഈ പ്രദേശത്താണ്. ധന്യമായ ഈ ജീവിതങ്ങള്‍ കൊണ്ട് ഇവിടം അനുഗ്രഹിക്കപ്പെട്ടുവെങ്കിലും മാലോകര്‍ അറിഞ്ഞ ഈ വലിയ വ്യക്തിത്വങ്ങള്‍ക്കൊപ്പം പക്ഷേ, ഈ നാട് പറഞ്ഞു കേട്ടിരുന്നില്ല.

കോട്ടുമല ഉസ്താദ് ഏറെക്കാലം ദര്‍സ് നടത്തിയ വേങ്ങരക്കടുത്ത കോട്ടുമല എന്ന ദേശമാണ് ആ മഹാന്റെ പേരിനൊപ്പം അടയാളപ്പെട്ടു കിടക്കുന്നത്. അദ്ദേഹത്തിന്റെ ഏകമകനും സമസ്തകേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയുമായ ഉസ്താദ് കോട്ടുമല ബാപ്പു മുസ്‌ലിയാരും താമസിക്കുന്നത് കാളമ്പാടിയിലാണെങ്കിലും പിതാവിനെ പോലെ തന്നെ കോട്ടുമല എന്ന പ്രദേശം ചേര്‍ന്നാണ് അറിയപ്പെടുന്നത്. കോട്ടുമല ഉസ്താദിന്റെ നിത്യസ്മരണ നില നിര്‍ത്താന്‍ ശിഷ്യന്മാരും കുടുംബവും പാടുപെട്ടു പണിതുയര്‍ത്തിയ പ്രമുഖ ഇസ്‌ലാമിക കലാലയമായ കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സും നിലകൊള്ളുന്നത് കാളമ്പാടിയിലാണ്.

ഇസ്‌ലാമിക അറിവുകളുടെയും ജീവിതങ്ങളുടെയും മഹിതമായ സാന്നിധ്യംകൊണ്ട് ശ്രേഷ്ഠമായ ഈ പ്രദേശം. കേരള മുസ്‌ലിംകളുടെ മതപരമായ തീരുമാനങ്ങളുടെ അവസാന വാക്ക് ‘സമസ്ത’ എന്ന പണ്ഡിത പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷ പദവി വഹിക്കുന്ന പണ്ഡിത വര്യര്‍ ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ എന്ന നാമത്തിലൂടെ മുസ്‌ലിം സമാജത്തിന് ഇന്ന് ഏറെ സുപരിചിതമായി തീര്‍ന്നിരിക്കുന്നു.

‘സമസ്ത’യുടെ അമരസ്ഥാനം ആറുവര്‍ഷക്കാലമായി അനുഗൃഹീതമായി നിര്‍വ്വഹിക്കുന്ന കാളമ്പാടി ഉസ്താദിന്റെ വീട്, കാളമ്പാടി റോഡില്‍നിന്നു നടപ്പാതയിലൂടെ അല്‍പം പോയാല്‍ കാണുന്ന ഒരു കവുങ്ങിന്‍ തോട്ടത്തിലാണ്. സിമന്റിടാത്ത മേല്‍ക്കൂരയുടെ ചുമര് കവുങ്ങുകള്‍ക്കിടയിലൂടെ തെളിഞ്ഞുകാണാം. കോലായില്‍ ഒരു ചാരു കസേരയുണ്ട്. പഴമയുടെ അര്‍ത്ഥങ്ങളൊന്നും ചോര്‍ന്നിട്ടില്ല ആ വീട്ടിലും പരിസരത്തും. അതിനേക്കാള്‍ പഴമയും പാരമ്പര്യവും എന്നു മാത്രമല്ല ലാളിത്യവും എളിമയും സൂക്ഷ്മതയും എല്ലാം ചേര്‍ന്നതാണ് ആ പണ്ഡിത ശ്രേഷ്ഠര്‍.
എത്ര വലിയ പദവികള്‍ക്കിടയിലും കൂടുതല്‍ കുനിഞ്ഞിരുന്നേ ആ പണ്ഡിതനെ ആര്‍ക്കും കാണാനാകൂ. വിനയവും ലാളിത്യവുമുള്ള ആത്മജ്ഞാനികളുടെ തെളിഞ്ഞ അടയാളം. ചോദിക്കുന്നതിന് വേഗം മറുപടി കിട്ടിക്കൊള്ളണമെന്നില്ല. ചോദ്യത്തിന്റെ അരികുകളെല്ലാം ഉറപ്പു വരുത്തിയതിനു ശേഷം മറുപടി, കുറഞ്ഞ വാക്കുകളോടെ നാട്ടു ഭാഷയില്‍. മത വൈജ്ഞാനിക പ്രചരണ രംഗത്തും ‘സമസ്ത’യുടെ പ്രവര്‍ത്തന വഴികളിലും ഏറെക്കാലത്തെ അനുഭവങ്ങളുടെയും ഓര്‍മകളുടെയും നിറവുള്ള മഹാനാണ് കാളമ്പാടി ഉസ്താദ്.

‘സമസ്ത’ യുടെ ജീവിച്ചിരിക്കുന്ന മുശാവറ അംഗങ്ങളില്‍ ഏറ്റവും പഴക്കമുള്ളത് ഉസ്താദിനാണ്. ഉസ്താദിനും മുമ്പേ മുശാവറയില്‍ ഉണ്ടായിരുന്നവരില്‍ ഒടുവിലത്തെ സാന്നിധ്യം ഉസ്താദ് കെ.ടി.മാനു മുസ്‌ലിയാരുടേതായിരുന്നു. 1970-ല്‍ മാനു മുസ്‌ലിയാര്‍ മുശാവറയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1971-ല്‍ മെയ് രണ്ടിന് പട്ടിക്കാട് ജാമിഅയില്‍ ചേര്‍ന്ന മുശാവറ യോഗത്തില്‍ വെച്ചാണ് കാളമ്പാടി ഉസ്താദിനെ മുശാവറ അംഗമായി തെരഞ്ഞെടുക്കുന്നത്. എന്‍.കെ.മുഹമ്മദ് മുസ്‌ലിയാര്‍, ഉണ്ണിമോയിന്‍ ഹാജി തുടങ്ങിയവരെയും ഇതേ മുശാവറയില്‍ അംഗങ്ങളായി തെരഞ്ഞെടുത്തും റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരായിരുന്നു ‘സമസ്ത’ യുടെ അക്കാലത്തെ പ്രസിഡന്റ്.

സമസ്തയുടെ മഹിതമായ സന്ദേശം നാടുകളില്‍ എത്തിക്കാനും മദ്‌റസകള്‍ സ്ഥാപിക്കാനും ഏറെ സഞ്ചരിക്കുകയും ത്യാഗം സഹിക്കുകയും ചെയ്ത കാളമ്പാടി ഉസ്താദ് ഒരു കാലത്തും പദവികളോ അലങ്കാരങ്ങളോ ആഗ്രഹിച്ചില്ല. സ്വന്തം പ്രവര്‍ത്തനങ്ങളെയും സേവനങ്ങളേയും കുറിച്ചു പറയാനും തയ്യാറല്ല. മൈത്ര, അരീക്കോട് എന്നിവിടങ്ങളില്‍ മുദരിസായിരുന്ന കാലത്ത് അരീക്കോടിന്റെ ഉള്‍നാടുകളില്‍ മദ്‌റസകള്‍ സ്ഥാപിക്കാന്‍ ഉസ്താദ് നടത്തിയ ത്യാഗ വഴികളെ കുറിച്ച് മര്‍ഹൂം ആനക്കര സി. കുഞ്ഞഹ്മദ് മുസ്‌ലിയാര്‍ പറയാറുള്ളതായി ‘സമസ്ത’ യുടെ ചരിത്രകാരനും മുശാവറ അംഗവുമായ പി.പി.മുഹമ്മദ് ഫൈസി പറയുന്നു.
അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന്റെ ആശയം ജീവിതത്തിന്റെ വിജയ വഴിയാണെന്ന് ജനതയെ ഓര്‍മിപിക്കാനും പഠിപ്പിക്കാനും ഒരു കാലത്ത് ഉസ്താദ് നടത്തിയ നിസ്വാര്‍ത്ഥമായ ശ്രമങ്ങള്‍ ഈ പ്രസ്ഥാനത്തിന്റെ ചരിത്ര സാന്നിധ്യമാണ്. അല്ലാഹുവിന്റെ തൃപ്തിയില്‍ മാത്രം പ്രതീക്ഷയും ആഗ്രഹവും സമര്‍പ്പിച്ചുള്ള നേരങ്ങള്‍.

ഒരു പ്രത്യേക വിളിയാളമായാണ് ഉസ്താദ് കേരള മുസ്‌ലിംകളുടെ ആത്മീയ അമരത്തേക്ക് വരുന്നത്. അഭിവന്ദ്യരായ അസ്ഹരിതങ്ങളുടെ ഒഴിവിലേക്ക് ആരെ നിശ്ചയിക്കുമെന്നതിന് ഉമറലി തങ്ങളടക്കമുള്ള സാദാത്തുക്കള്‍ക്കും പണ്ഡിതന്മാര്‍ക്കും നിര്‍ദ്ദേശിക്കാനുണ്ടായിരുന്നത് ഈ ശ്രേഷ്ഠ വ്യക്തിത്വത്തെയായിരുന്നു. സര്‍വ്വരാലും അംഗീകരിക്കപ്പെട്ടു. സമുദായത്തിന്റെ പഴയകാല ആലിമീങ്ങളുടെ എല്ലാ വിശേഷണങ്ങളും ചേര്‍ന്നതാണിതെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടായില്ല. ഭൗതിക ഭ്രമത്തിന്റെ കൈയേറ്റങ്ങളിലും പക്വതയും ആര്‍ജവവും നഷ്ടപ്പെടാത്ത കാളമ്പാടി ഉസ്താദ് വര്‍ത്തമാന സമുദായത്തിന്റെ അനുഗ്രഹമാണ്.
പ്രായവും ക്ഷീണവും ശരീരത്തില്‍ തെളിയുന്നുണ്ടെങ്കിലും അനിവാര്യമായ പരിപാടികള്‍ക്കൊക്കെ ഉസ്താദ് പോകും. നിരന്തരമായി എല്ലായിടത്തും പോകാറില്ല. എളിമയാര്‍ന്ന ഈ പണ്ഡിത സാന്നിധ്യം ഈ ലോകത്ത് ഇനിയും ഏറെയുണ്ടാകണേ എന്നത് ഓരോരുത്തരുടെയും പ്രാര്‍ത്ഥനയാണ്.

പഠനം, സേവനം, കുടുംബം
1934-ല്‍ അരിക്കത്ത് അബ്ദുര്‍റഹ്മാന്‍ ഹാജിയുടെയും ആഇശയുടെയും മൂത്തമകനായി ജനിച്ച കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ ജ്ഞാനത്തിന്റെ ആദ്യനാളങ്ങള്‍ സ്വീകരിക്കുന്നത് പിതാവില്‍ നിന്നുതന്നെയാണ്.
പിന്നീട്, മലപ്പുറത്തെ എയിഡഡ് മാപ്പിളസ്‌കൂളില്‍പോയി രാവിലെ പത്ത്മണിവരെ അവിടെനിന്ന് ദീനിയ്യാത്തും അമലിയ്യാത്തുമൊക്കെ പഠിച്ചു. പുലാമന്തോള്‍ മമ്മൂട്ടിമൊല്ലാക്കയായിരുന്നു ഉസ്താദ്. പത്തുമണി കഴിഞ്ഞാല്‍ സ്‌കൂള്‍ പഠനമാണ് അവിടെ നടന്നിരുന്നത്. അഞ്ചാംക്ലാസ് വരെ അവിടെ തന്നെപോയി. മലപ്പുറം കുന്നുമ്മല്‍ പള്ളിയില്‍ രമാപുരത്തുകാരന്‍ സൈതാലിക്കുട്ടി മുസ്‌ലിയാര്‍ ദര്‍സ് നടത്തിയിരുന്നു. അവിടെനിന്നു മുതഫര്‍രിദ് പഠിച്ചു. അറിവിന്റെ ഉത്തുംഗമായ ലോകത്തേക്ക് അങ്ങനെ ഔപചാരികമായി പ്രവേശിച്ചു.

ഒരു കൊല്ലത്തിനു ശേഷം കൂട്ടിലങ്ങാടി പള്ളിയിലെ കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. നഹ്‌വിന്റെ ബാലപാഠങ്ങള്‍ രണ്ടുവര്‍ഷത്തോളം നീണ്ടുനിന്ന ഇവിടെത്തെ പഠനകാലത്താണ് തൊട്ടറിയുന്നത്. പിന്നീട് വടക്കാങ്ങര അഹ്മദ് കുട്ടി മുസ്‌ലിയാരുടെ പഴമള്ളൂര്‍ ദര്‍സില്‍ മൂന്നു വര്‍ഷം പഠിച്ചു. ഫത്ഹുല്‍ മുഈന്‍, അല്‍ഫിയ്യ, ജലാലൈനി മുതലായവ ഇവിടെ നിന്നാണ് ഓതുന്നത്. ശേഷം പെരിമ്പലം ബാപ്പുട്ടിമുസ്‌ലിയാരുടെ വറ്റലൂര്‍ ദര്‍സില്‍. ആറുമാസം നീണ്ടുനിന്ന ഈ കാലയളവില്‍ മുഖ്തസ്വര്‍, നഫാഇസ്, ശര്‍ഹുത്തഹ്ദീബ് തുടങ്ങിയവ പഠിച്ചു. പിന്നീട് എടരിക്കോട് പാലച്ചിറമാട്ടില്‍ ചെറുശോല കുഞ്ഞഹ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ രണ്ടുവര്‍ഷം. മുഖ്തസ്വറിന്റെ ബാക്കി ഭാഗങ്ങള്‍, ഖുത്വുബി, മുസ്‌ലിം മുതലായവ ഇവിടെനിന്നു പഠിച്ചു.
ശേഷം പരപ്പനങ്ങാടി പനയത്തില്‍ പള്ളിയിലെ കോട്ടുമല ഉസ്താദിന്റെ പ്രശസ്തമായ ദാര്‍സില്‍ ചേര്‍ന്നു. സമസ്തയുടെ ചരിത്രത്തില്‍ ചിന്തകൊണ്ടും കര്‍മംകൊണ്ടും പാണ്ഡിത്യം കൊണ്ടുമെല്ലാം ഇതിഹാസത്തിന്റെ ലോകം സൃഷ്ടിച്ച പല മഹാ പ്രതിഭകളെയും സംഭാവന ചെയ്യാന്‍ കോട്ടുമല ഉസ്താദിന്റെ ഈ ദര്‍സിനും കോട്ടുമലയിലെ ദര്‍സിനും സാധിച്ചിട്ടുണ്ട്.
ഇ.കെ.ഹസന്‍ മുസ്‌ലിയാരും എം.എം.ബശീര്‍ മുസ്‌ലിയാരുമൊക്കെ കോട്ടുമല ഉസ്താദ് ഈ ദര്‍സുകളിലൂടെ സമുദായത്തിനു നല്‍കിയ അനുഗ്രഹങ്ങളായിരുന്നു. പ്രമുഖ പണ്ഡിതനും മുശാവറ അംഗവുമായ ഒ.കെ.അര്‍മിയാഅ് മുസ്‌ലിയാര്‍ പനയത്തില്‍ ദര്‍സില്‍ കാളമ്പാടി ഉസ്താദിന്റെ സഹപാഠിയാണ്.

ശര്‍ഹുല്‍ അഖാഇദ്, ബൈളാവി, ബുഖാരി, ജംഅ്, മഹല്ലി തുടങ്ങിയ കിതാബുകള്‍ കോട്ടുമല ഉസ്താദില്‍ നിന്നാണ് ഓതുന്നത്. ഇവിടത്തെ രണ്ടു വര്‍ഷ പഠനത്തിനു ശേഷം 1959-ല്‍ വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തിലേക്ക് ഉപരി പഠനത്തിനു പുറപ്പെട്ടു. ശൈഖ് ആദം ഹസ്രത്ത്, അബൂബക്ര്‍ ഹസ്രത്ത്, ശൈഖ് ഹസന്‍ ഹസ്‌റത്ത് തുടങ്ങിയവരായിരുന്നു. വെല്ലൂരിലെ അക്കാലത്തെ പ്രഗത്ഭ ഉസ്താദുമാര്‍. 1961-ല്‍ ബാഖവി ബിരുദമെടുത്തു.
അരീക്കോട് ജുമാമസ്ജിദില്‍ മുദര്‍രിസായി ചേര്‍ന്നാണ് ഉസ്താദ് സേവനത്തിനു ആരംഭം കുറിച്ചത്. ഖുത്വുബയും ഖാളിസ്ഥാനവുമൊന്നും ഉണ്ടായിരുന്നില്ല. ദര്‍സ് മാത്രം. ഇവിടത്തെ 12 വര്‍ഷസേവനത്തിനു ശേഷം മൈത്രയിലേക്ക് സേവനം മാറ്റി. ഖാളിസ്ഥാനവും കൂടിയുണ്ടായിരുന്നു. രണ്ടു വര്‍ഷം ഇവിടെ തുടര്‍ന്നു.പിന്നീട് മുണ്ടക്കുളം ഒരു വര്‍ഷം, കാച്ചിനിക്കാട് ഒരു വര്‍ഷം, മുണ്ടുപറമ്പ് ഒരു വര്‍ഷം, നെല്ലിക്കുത്ത് പത്ത് വര്‍ഷം, കിടങ്ങയം അഞ്ച് വര്‍ഷം. 1993-മുതല്‍ പട്ടിക്കാട് ജാമിഅനൂരിയയിലാണ്. രണ്ടു തവണ ഉസ്താദ് ഹജ്ജ്കര്‍മം നിര്‍വ്വഹിച്ചു. ഒന്ന് ഗവണ്‍മെന്റ് കോട്ടയിലും മറ്റൊന്ന് എസ്.വൈ.എസ് ഹജ്ജ് ഗ്രൂപ്പിലും.

1959-ല്‍ ശൈഖുനാ കോമു മുസ്‌ലിയാരുടെ സഹോദരനായ മുണ്ടേല്‍ അഹ്മദ് ഹാജിയുടെ മകള്‍ ഫാത്വിമയെ വിവാഹം ചെയ്തു. മക്കള്‍: അഡ്വ.അയ്യൂബ് (മലപ്പുറം മുന്‍സിപ്പല്‍ കൗണ്‍സിലര്‍), അബ്ബാസ് ഫൈസി, ഉമര്‍, അബ്ദുല്‍ അസീസ്, അബ്ദുസ്വമദ് ഫൈസി, അബ്ദുറഹ്മാന്‍, സ്വഫിയ റുഖയ്യ, ജമീല. ജാമാതാക്കള്‍: മായിന്‍കുട്ടി ഫൈസി കിഴിശ്ശേരി, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഇരുമ്പുഴി, മുഹമ്മദ് ഫൈസി വള്ളുവങ്ങാട്, ആഇശ സുല്‍ഫത്ത്, ഹഫ്‌സത്ത്, വാഹിദ, സാബിറ, മുഹ്‌സിന.

Oct. 02

വിനയത്തിന്റെ മുദ്ര; തുളുമ്പാത്ത നിറകുടം


       മുസ്‌ലിം കേരളത്തിന്റെ ഉന്നതമായ പണ്ഡിതശ്രേണിയിലുള്ള ഒരാള്‍ കൂടി വിട്ടുപിരിഞ്ഞു. 43 വര്‍ഷക്കാലം സമസ്ത:യുടെ മുശാവറ അംഗവും എട്ടു വര്‍ഷത്തോളം അതിന്റെ അധ്യക്ഷനുമായിരുന്ന ഗുരുവര്യന്‍. കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ നിര്യാണത്തോടെ കേരളത്തിലെ പണ്ഡിത സമൂഹത്തിലെ മുന്‍നിരയിലാണ് വിടവുവന്നിരിക്കുന്നത്.
ഒരാള്‍ പോകുമ്പോള്‍ തുല്യപകരക്കാരില്ലാത്ത വ്യഥ, അനുഭവിച്ചുകൊണ്ടിരിക്കുകയാണ് സമുദായം. നാനാഭാഗങ്ങളില്‍ നിന്ന് അനേകതരം അധാര്‍മികതകള്‍ സമൂഹത്തെ വരിഞ്ഞുമുറുക്കുമ്പോഴാണ് പരിഹാരം കാണേണ്ടവര്‍ പിരിഞ്ഞുപോയിക്കൊണ്ടിരിക്കുന്നത്.

പാണ്ഡിത്യവും പക്വതയും ജീവിതലാളിത്യവുംകൊണ്ട് ആധുനിക പണ്ഡിത സമൂഹത്തിന് റോള്‍ മോഡലായി നില്‍ക്കാന്‍ സാധിച്ചു എന്നതാണ് കാളമ്പാടി ഉസ്താദില്‍ നിന്ന് പകര്‍ത്തിയെടുക്കാവുന്ന മാതൃക. ആധുനികതയുടെ പരിവേഷങ്ങളെ മുഴുവന്‍ പടിക്കുപുറത്തുനിര്‍ത്തുകയും ആഢംബരങ്ങളെ ഇഛാശക്തികൊണ്ട് ബഹിഷ്‌ക്കരിക്കുകയും ജീവിതസൗകര്യങ്ങളെ ബോധപൂര്‍വം ത്യജിക്കുകയും ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.തന്റെ ആദ്യഗുരു, പിതാവ് തന്നെയായിരുന്നു. പിതാവിന്റെ സാത്വികതയും സൂക്ഷ്മതയും ജീവിത ദര്‍ശനമായെടുത്തുതുകൊണ്ട് തുടര്‍ന്നുവന്ന ഗുരുനാഥന്‍മാരൊക്കെയും സ്‌നേഹത്തിനും അപ്പുറത്തുള്ള ആദരവ് തന്നെ ഈ ശിഷ്യനു നല്‍കി.
ചെറുശ്ശോല കുഞ്ഞുമുഹമ്മദു മുസ്‌ലിയാര്‍, കോട്ടുമല ഉസ്താദ് തുടങ്ങിയവര്‍ അദ്ദേഹത്തിന് നല്‍കിയ സ്ഥാനം കേവലമൊരു ശിഷ്യന്‍ എന്നതിനും അപ്പുറത്തായിരുന്നു.
ശൈഖ് ആദം ഹസ്രത്ത്, ശൈഖ് ഹസന്‍ ഹസ്രത്ത്, അബൂബക്കര്‍ ഹസ്രത്ത് തുടങ്ങിയ സൂഫിവര്യരുടെ ശിഷ്യത്വം കാളമ്പാടി ഉസ്താദിനെ ആത്മീയതയോട് കൂടുതല്‍ അടുപ്പിക്കുകയും ഇഹജീവിതത്തിന്റെ വിരക്തിയില്‍ വിലയിപ്പിക്കുകയും ചെയ്തു.

കേരളീയ പണ്ഡിതസമൂഹത്തിന്റെ നിറവിളക്കായി കത്തിനിന്ന കണ്ണിയത്ത് ഉസ്താദാണ് അദ്ദേഹത്തെ സമസ്ത:യുടെ മുശാവറ അംഗമായി നിയോഗിച്ചത്. തനിക്കു ശേഷം ആരൊക്കെയെന്ന കണ്ണിയത്തിന്റെ നിഷ്‌കളങ്കമായ ആശങ്കയുടെ ഉത്തരമായിരുന്നു കാളമ്പാടിയെന്ന് ന്യായമായും വിശ്വസിക്കാനാവും.കണ്ണിയത്ത് ഇരുന്ന സമസ്ത:യുടെ പരമാധികാര പദവിയിലാണ് വിയോഗവേളയില്‍ കാളമ്പാടി ഉസ്താദ് ഉണ്ടായിരുന്നത്. പൂര്‍വികരെപ്പോലെത്തന്നെ ആ പദവി കുറ്റമറ്റതാക്കി കൊണ്ടുനടക്കുന്നതില്‍ അതീവ സൂക്ഷ്മത അദ്ദേഹം കാണിച്ചു. അറിവിന്റെ ആഴങ്ങളില്‍ തുളുമ്പാതെയും അംഗീകാരത്തിന്റെ പുളപ്പില്‍ അഹങ്കരിക്കാതെയും അല്ലാഹു ഭരമേല്‍പിച്ചതില്‍ ഭയന്നുമാണ് സമസ്ത:യുടെ പദവി അദ്ദേഹം അലങ്കരിച്ചത്.
ഖലീഫാ ഉമര്‍ ഒരിക്കല്‍ പ്രസംഗമധ്യെ പറഞ്ഞു: ജനങ്ങളെ, നിങ്ങള്‍ പരസ്പരം വിനയമുള്ളവരാവുക. എന്തുകൊണ്ടെന്നാല്‍ പ്രവാചകന്‍ ഒരിക്കല്‍ പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്; അല്ലാഹുവിന്റെ പേരില്‍ ആരെങ്കിലും വിനയാന്വിതനായാല്‍ അല്ലാഹു അവനെ ഉന്നതനാക്കും. അപ്പോളവന്‍ സ്വന്തം ദൃഷ്ടിയില്‍ ചെറിയവനും ജന ദൃഷ്ടിയില്‍ മഹാനുമായിരിക്കും. വല്ലവനും അഹങ്കരിക്കുന്നവനായാല്‍ അല്ലാഹു അവനെ താഴ്ത്തിക്കളയും. അപ്പോളവന്‍ ജനദൃഷ്ടിയില്‍ നീചനും സ്വന്തം ദൃഷ്ടിയില്‍ മഹാനുമായിരിക്കുമെങ്കിലും മനുഷ്യര്‍ക്കിടയില്‍ നായ്ക്കളെയും പന്നികളെയും കാള്‍ നികൃഷ്ടനായിരിക്കും”.പ്രവാചകനെ ഉദ്ധരിച്ച് ഖലീഫ ഉമര്‍ നടത്തിയ ഈ പ്രഭാഷണത്തിലൂടെ സമകാലീനരായ പലരിലേക്കും നമ്മുടെ മനസ്സുകളെയൊന്ന് ഊരിവിട്ടുനോക്കാം. ലോകമാന്യതക്കും ജനങ്ങള്‍ക്കിടയിലെ സ്വീകാര്യതക്കും വേണ്ടി പലരും നടത്തുന്ന സഹിഷ്ണുതകെട്ട പ്രവര്‍ത്തനങ്ങള്‍ അപ്പോള്‍ തെളിഞ്ഞുവരും.

അത്തരം രീതികളോട് നിശ്ശബ്ദമായി വിയോജിക്കുകയും സ്വന്തം ജീവിതംകൊണ്ട് അത് തിരുത്തിക്കാണിക്കുകയും ചെയ്തിരുന്നു കാളമ്പാടി. അതുകൊണ്ടുതന്നെയാണ്, രമ്യഹര്‍മ്മങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു നാട്ടില്‍ വാഹനങ്ങള്‍ക്കുപോലും കടന്നുചെല്ലാനാവാത്ത വഴിയും വീടും കൊണ്ട് സംതൃപ്തജീവിതം നയിക്കാന്‍ ഈ സൂഫിവര്യന് കഴിഞ്ഞത്.
കാളമ്പാടി ഉസ്താദിനെപ്പോലെയുള്ള ഒരു പണ്ഡിതന്റെ വിയോഗം, എല്ലാറ്റിനുമുപരി സമസ്ത:ക്ക് ഉണ്ടാക്കിയിരിക്കുന്ന നഷ്ടം ഒട്ടും ചെറുതല്ല. സമസ്ത: പിറവിയുടെ എണ്‍പതാം വാര്‍ഷികാഘോഷങ്ങള്‍ തീര്‍ത്ത്, അനന്തര പരിപാടികളിലേക്ക് നീങ്ങുന്ന ഈ സന്ദര്‍ഭത്തില്‍ വിശേഷിച്ചും. സാത്വികനായ ഈ ഗുരുവര്യന്റെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ ശിഷ്യരുടെയും പ്രസ്ഥാന പ്രവര്‍ത്തകരുടെയും കുടുംബത്തിന്റെയും വ്യസനത്തില്‍, ‘ചന്ദ്രിക’യും പങ്കുചേരുന്നു: പ്രാര്‍ത്ഥനകളോടെ.

Chandrika
Oct. 03

ചന്തങ്ങള്‍ തിരസ്‌ക്കരിച്ച്‌ ജീവിച്ച സാത്വികന്‍

       വിശുദ്ധിയുടെ വെണ്മ നിറഞ്ഞ ഒരു ജീവിതം കൂടി കണ്‍വെട്ടത്തില്‍ നിന്ന്‌ പടിയിറങ്ങിപ്പോയി. സര്‍വ്വതിന്റെയും പ്രയോജനം ആഘോഷമാക്കുകയും ധൈഷണിക ദാരിദ്ര്യം സാമൂഹിക മുന്നേറ്റങ്ങളെ നിര്‍ജീവമാക്കുകയും ചെയ്യുന്ന കാലത്താണ്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരുടെ വിയോഗം. കേരളത്തിലെ ഏറ്റവും വലിയ മുസ്‌ലിം സംഘടനയായ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷപദത്തിലിരിക്കുകയും എളിമയുടെ പ്രകാശഗോപുരമായി ജ്വലിക്കുകയും ചെയ്‌തതായിരുന്നു ആ ജീവിതം. പ്രശസ്‌തിയുടെ പ്രലോഭനങ്ങള്‍ തേടിവന്നു വിളിച്ചപ്പോഴൊക്കെയും ആ ക്ഷണങ്ങള്‍ക്ക്‌ നേരെ നടത്തിയ സ്‌നേഹപൂര്‍ണമായ തിരസ്‌കാരങ്ങളാണ്‌ ആ ജീവിതത്തെ വേറിട്ടു നിര്‍ത്തിയത്‌. മതരംഗം പോലും അസ്വസ്ഥതയുടെ ഉച്ചഭാഷിണിയായി മാറിയ കാലത്ത്‌ അദ്ദേഹം കൂടെക്കരുതിയ മൂല്യങ്ങള്‍ക്ക്‌ പ്രസക്തിയേറെയുണ്ട്‌.
അറിവിന്റെ ആകാശം തേടിയുള്ള അന്വേഷണമായിരുന്നു കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരുടെ ജീവിതം. മലപ്പുറം എയ്‌ഡഡ്‌ മാപ്പിള സ്‌കൂള്‍ മുതല്‍ വെല്ലൂര്‍ ബാഖിയാത്ത്‌ വരെ നീണ്ടു കിടന്ന മതപഠനം ആ തൃഷ്‌ണയെ ഒരിക്കലും ശമിപ്പിച്ചില്ല. ജ്ഞാനത്തിന്റെ ഉള്‍ക്കടലില്‍ നിന്ന്‌ കിളിക്കൊക്കില്‍ കൊരുത്തതേ നമുക്ക്‌ കിട്ടിയുള്ളൂ എന്ന്‌ അദ്ദേഹം വിശ്വസിച്ചു. തലയെടുപ്പുള്ള പണ്ഡിത നിരയില്‍ ആദ്യസ്ഥാനങ്ങളിലിരിക്കുമ്പോഴും അമരസ്ഥാനത്തിരുന്നപ്പോഴൊക്കെയും തല കുനിച്ച്‌ ഇരുന്ന ആ തലപ്പാവുധാരി നമ്മെ വിനയത്തിന്റെ ആഴം ബോധ്യപ്പെടുത്തി. ആഴമേറെച്ചെന്നാല്‍ ഓളമേറെ കാണില്ലെന്ന പഴഞ്ചൊല്ലിന്റെ യഥാര്‍ത്ഥ നിദര്‍ശനമായിരുന്നു ആ മഹാന്‍.

1934 ല്‍ മലപ്പുറം കാളമ്പാടി ഗ്രാമത്തില്‍ അരിക്കത്ത്‌ അബ്ദുറഹ്‌മാന്‍ ഹാജിയുടെയും തറയില്‍ ആഇശയുടെയും മൂത്തമകനായാണ്‌ മുഹമ്മദ്‌ മുസ്‌ലിയാരുടെ ജനനം. മലപ്പുറം എയിഡഡ്‌ മാപ്പിള സ്‌കൂളില്‍ പുലാമന്തോള്‍ മമ്മൂട്ടി മുസ്‌ലിയാരുടെ കീഴിലുള്ള പ്രാഥമിക മതപഠനത്തിന്‌ ശേഷം മലപ്പുറം കുന്നുമ്മല്‍ പള്ളിയിലെ സൈതാലിക്കുട്ടി മുസ്‌ലിയാരുടെ ദര്‍സിലെത്തി.
കൂട്ടിലങ്ങാടി, പഴമള്ളൂര്‍, വറ്റല്ലൂര്‍, പാലച്ചിറമാട്‌, പരപ്പനങ്ങാടി പനയത്തുപള്ളി എന്നീ ദര്‍സുകളില്‍ വിവിധ അധ്യാപകര്‍ക്കു കീഴില്‍ മതപഠനമഭ്യസിച്ചു. പനയത്തില്‍ പള്ളിയില്‍ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ കീഴിലായിരുന്നു പഠനം. പരപ്പനങ്ങാടിയില്‍ ചെലവഴിച്ച രണ്ടുവര്‍ഷത്തിന്‌ ശേഷം ബിരുദ പഠനത്തിനായി 1959 ല്‍ വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്ത്‌ അറബിക്‌ കോളജിലെത്തി.

കേരളത്തില്‍ നിന്ന്‌ ആദ്യമായി ബാഖിയാത്തില്‍ ഉപരിപഠനത്തിനെത്തിയത്‌ കേരള മുസ്‌ലിം നവോത്ഥാനത്തില്‍ നിര്‍ണായക പങ്കുവഹിച്ച ചാലിലകത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയായിരുന്നു. ആ പാത പിന്തുടര്‍ന്നാണ്‌ മുഹമ്മദ്‌ മുസ്‌ലിയാരും വെല്ലൂരിലെത്തിയത്‌. ശൈഖ്‌ ആദം ഹസ്‌റത്ത്‌, അബൂബക്കര്‍ ഹസ്‌റത്ത്‌, ശൈഖ്‌ ഹസന്‍ ഹസ്‌റത്ത്‌ തുടങ്ങിയ പ്രഗത്ഭ പണ്ഡിതരുടെ നിര തന്നെ അന്ന്‌ ബാഖിയാത്തിലുണ്ടായിരുന്നു.
1961 ല്‍ ബാഖവി ബിരുദമെടുത്ത്‌ നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം അരീക്കോട്‌ ജുമാമസ്‌ജിദില്‍ 12 വര്‍ഷം സേവനം ചെയ്‌തു. ഇവിടെ ജോലി ചെയ്യുന്നതിനിടെ 1971 മെയ്‌ രണ്ടിനാണ്‌ സമസ്‌തയുടെ മുശാവറ (കൂടിയാലോചനാ സമിതി)യില്‍ അംഗമാകുന്നത്‌. 1993 ല്‍ പട്ടിക്കാട്‌ ജാമിഅ: നൂരിയ്യ: അറബിക്‌ കോളജ്‌ അധ്യാപകനായി സേവനമാരംഭിച്ചു.
2004 സെപ്‌തംബര്‍ എട്ടു മുതല്‍ മരണം വരെ സമസ്‌തയുടെ അധ്യക്ഷപദത്തിലിരുന്നു. സംഘടനയില്‍ ഏറ്റവും കൂടുതല്‍ അനുഭവ സമ്പത്തുള്ള നേതാവിനെയാണ്‌ മുഹമ്മദ്‌ മുസ്‌്‌ലിയാരുടെ വിയോഗത്തോടെ സമസ്‌ത:ക്ക്‌ നഷ്ടമാകുന്നത്‌.
വറുതിയെരിഞ്ഞ ഓത്തുപള്ളിക്കാലത്തു നിന്ന്‌ ചിമ്മിനിവിളക്കിന്റെ ഇത്തിരിവെട്ടത്തിലൂടെ അറിവിന്റെ അനന്തവെളിച്ചം ഉള്ളുനിറച്ച പണ്ഡിതനായിരുന്നു കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍.
അറിവിന്റെ അന്വേഷണം അവസാനിക്കാത്ത വിശപ്പും ദാഹവുമായി അവസാനം വരെ കൊണ്ടു നടന്നു ആ തേജസ്വി. ക്ലാസ്‌ ഇടവേളകള്‍ പോലും കിതാബ്‌ മുത്വാലഅ (പാരായണം)ക്കായി നീക്കിവെച്ച അദ്ദേഹം മരണത്തിന്റെ തൊട്ടു തലേന്നുവരെ ക്ലാസെടുക്കുകയും ചെയ്‌തു. അധ്യാപനം സംസ്‌കാരവുമായി എത്രമേല്‍ ഉള്‍ച്ചേര്‍ന്നു കിടക്കുന്നു എന്നതിന്റെ അടയാളം കൂടിയായിരുന്നു കാളമ്പാടി.

ആത്മജ്ഞാനികള്‍ക്കേ ജീവിതത്തിന്റെ അവസാന നിമിഷം വരെ വിജ്ഞാനവുമായി സംവദിക്കാനാവൂ എന്ന്‌ അദ്ദേഹത്തിന്റെ ജീവിതം ബോധ്യപ്പെടുത്തുന്നു. അധ്യാപനക്കാലയളവില്‍ അനേകം തലമുറകളുമായി നിരന്തരം പഠന-സംവാദത്തിലേര്‍പ്പെടാന്‍ ഭാഗ്യം സിദ്ധിച്ച അദ്ദേഹം കേരളീയ മുസ്‌ലിംകളുടെ സാമൂഹിക-മത ജീവിതത്തിന്റെ മണ്ണൊരുക്കുന്നതിലും നിസ്‌തുല പങ്കുവഹിച്ചിട്ടുണ്ട്‌. വലിയ ശിഷ്യസമ്പത്തു കൊണ്ട്‌ അനുഗ്രഹിക്കപ്പെട്ട മുഹമ്മദ്‌ മുസ്‌്‌ലിയാര്‍ അവരുടെ ഓര്‍മകളില്‍ ജ്വലിച്ചുകൊണ്ടിരിക്കുമെന്നതും തീര്‍ച്ച.
ചമച്ചുവീര്‍പ്പിച്ച ചന്തങ്ങള്‍ കൂടെക്കൊണ്ടു നടക്കാന്‍ ഒരിക്കലും ഇഷ്ടപ്പെടാത്ത അദ്ദേഹം സമസ്‌ത: പ്രസിഡണ്ടായ ശേഷം ശിഷ്യരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്‌ തോളില്‍ ഒരു പച്ചഷാളണിയാന്‍ നിന്നു കൊടുത്തത്‌.

അദ്ദേഹത്തെ തേടി വീട്ടിലെത്തുന്നതും അറിവു തേടിയുള്ള തീര്‍ത്ഥയാത്ര തന്നെ. ഇടവഴിയില്‍ നിന്നു തന്നെ കാണാം, കവുങ്ങിന്‍തോപ്പിനിടയിലെ വീടിന്റെ മേല്‍ക്കൂരയിലെ സിമന്റു തേക്കാത്ത കല്‍ച്ചുമരുകള്‍. വാഹനചക്രങ്ങളുരയാത്ത നടവഴിയിലൂടെ കാല്‍നടയായാണ്‌ കേരളത്തിലെ ഏറ്റവും വലിയ മതസംഘടനയുടെ അധ്യക്ഷന്‍ വീട്ടിലെത്തിയിരുന്നത്‌. ആ വീട്ടില്‍ തൂമ്പയെടുത്ത്‌ കൃഷി ചെയ്യുക കൂടി ചെയ്‌തിരുന്നു ആ മഹാന്‍.

ഭൗതിക ഭ്രമങ്ങള്‍ പ്രലോഭിപ്പിച്ച്‌ കീഴ്‌പ്പെടുത്തുന്ന കാലത്ത്‌, മാതൃകക്കായി നിസ്സങ്കോചം ചൂണ്ടിക്കാണിച്ചു കൊടുക്കാനുള്ള ജീവിതമാണ്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരുടേത്‌. ആ വിശുദ്ധിയില്‍ കാലുറപ്പിച്ച്‌ നിര്‍ത്തിയാണ്‌ ഇനി മുന്നോട്ടുള്ള വഴി തേടാനുള്ളത്‌. സമുദായത്തിന്റെ പടിവാതില്‍ നല്ലൊരു കാവല്‍ക്കാരന്റെ കൈയിലെത്തട്ടെ എന്ന്‌ നമുക്ക്‌ പ്രാര്‍ത്ഥിക്കാം. പരേതന്റെ കുടുംബത്തിന്റെയും പ്രാസ്ഥാനിക ബന്ധുക്കളുടെയും ദു:ഖത്തില്‍ ചന്ദ്രിക കുടുംബവും പങ്കുചേരുന്നതോടൊപ്പം നിത്യാശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.