Monday, December 2, 2013

അതിശയിപ്പിച്ച ധന്യജീവിതം

ഹസനുല്‍ ബസരിയുടെ ജ്ഞാനസദസ്സ്‌. പതിനായിരം ദിര്‍ഹമും വിലപിടിപ്പുള്ള വസ്‌ത്രങ്ങളുമായി ഒരു ശിഷ്യന്‍ ഗുരുവിന്റെ മുമ്പിലെത്തി. ഗുരുവര്യന്‌ വിലപിടിപ്പുള്ള ഉപഹാരങ്ങള്‍ നല്‍കി അനുഗ്രഹം വാങ്ങാനെത്തിയതാണ്‌ ശിഷ്യന്‍. ഹസന്‍ ബസരി (റ) അത്‌ തിരസ്‌കരിച്ചുകൊണ്ട്‌ പറഞ്ഞത്‌, ഇത്‌ നിനക്ക്‌ കൊണ്ട്‌ പോവാം. ഇത്തരം ജ്ഞാന സദസ്സുകളിരിക്കുന്നവര്‍ക്ക്‌ ഈ അമൂല്യ ഉപഹാരങ്ങള്‍ സ്വീകരിച്ചാല്‍ നാളെ അല്ലാഹുവിന്റെ മുമ്പില്‍ ഒന്നും ലഭ്യമാവാതെപോവുമെന്ന്‌ ഞാന്‍ ഭയപ്പെടുന്നു എന്നായിരുന്നു. സമസ്‌തയുടെ അഭിവന്ദ്യ അദ്ധ്യക്ഷനും പതിനായിരക്കണക്കിന്‌ പണ്ഡിതരുടെ ഗുരുവര്യനുമായിരുന്ന കാളമ്പാടി ഉസ്‌താദിന്റെ ജീവിതം ഓര്‍ക്കുമ്പോള്‍ ഹസനുല്‍ബസരിയുടെ(റ) ഈ ജ്ഞാനസദസ്സിന്റെ മുമ്പില്‍ നടന്ന സംഭവം, പട്ടിക്കാട്‌ ജാമിഅ നൂരിയ്യയുടെ കാളമ്പാടി ഉസ്‌താദിന്റെ റൂമില്‍ പലപ്പോഴും നടന്നതാണ്‌. ഭൗതിക പ്രമത്തത തെല്ലുമില്ലാതെ, തനിക്ക്‌ സമര്‍പ്പിതമായ ഉപഹാരങ്ങള്‍ മുഴുവന്‍ തട്ടിമാറ്റി നടന്ന സമീപകാല ജീവിതത്തിലെ ഉദാഹരണമാണ്‌ മഹാനവര്‍കള്‍. തനിക്ക്‌ ചെയ്യാനാവുന്ന കാര്യങ്ങളില്‍, സഹായത്തിനായി വരുന്ന വിദ്യാര്‍ത്ഥികളോടുപോലും ഉസ്‌താദിന്റെ സമീപനം ഇങ്ങനെയായിരുന്നു. ഉസ്‌താദിന്‌ ഖിദ്‌മത്ത്‌ ചെയ്യാന്‍ ആഗ്രഹിച്ചു ചെല്ലുന്ന വിദ്യാര്‍ത്ഥികളോട്‌ സ്‌നേഹപൂര്‍വ്വം അത്‌ നിരസിക്കുന്നത്‌ ഉസ്‌താദിന്റെ പതിവായിരുന്നു.

വ്യത്യസ്‌തമായ ഈ ജീവിതശീലം കാളമ്പാടി ഉസ്‌താദിന്റെ സവിശേഷതയായിരുന്നു. സമസ്‌തയെന്ന ഏറ്റവും വലിയ പണ്ഡിത സഭയുടെ അധ്യക്ഷനായിരിക്കുമ്പോഴും പദവിയുടെ വലിപ്പം തെല്ലുമേശാതെ മഹാനവര്‍കള്‍ നമുക്ക്‌ മുന്നിലൂടെ ഒരു ഏകാന്തപഥികനായി ജീവിച്ചു. കാറ്‌ വാങ്ങാനുള്ള തീരുമാനം മാറ്റിപ്പണിയാന്‍ സയ്യിദ്‌ ഉമറലിശിഹാബ്‌ തങ്ങളുടെ മുമ്പിലെത്തി. തങ്ങളേ... കാറ്‌ വാങ്ങിയാല്‍ എന്റെ വീട്ടില്‍ ഇടാന്‍ സൗകര്യമില്ല. അത്‌കൊണ്ട്‌ ആ തീരുമാനം മാറ്റണം എന്നാവശ്യപ്പെട്ട ഉസ്‌താദിന്റെ വ്യക്തിത്വം ഒരു കാറിനുള്ളില്‍ ഒതുങ്ങാത്ത ആശയപ്രപഞ്ചമാണ്‌. ചിലയാളുകള്‍ ഉസ്‌താദുമാരുടെ വലിപ്പം കാറിന്റെ വലിപ്പത്തിന്‌ സമാനമായി ചേര്‍ത്ത്‌ പറയാറുണ്ട്‌. എന്നാല്‍ രോഗാതുരകാലത്ത്‌ സഞ്ചാര സുഖത്തിന്‌ വേണ്ടി ഒരു കാറ്‌ ആയാലെന്താണെന്ന്‌ ശിഷ്യരുടെ അഭ്യര്‍ത്ഥനയും തിരസ്‌കരിച്ചു ഒരു അല്‍ഭുതമായി ജീവിച്ചയാളാണ്‌ കാളമ്പാടി ഉസ്‌താദ്‌.

ജാബിര്‍(റ)വിനെ തൊട്ട്‌ ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം; അഞ്ച്‌ കാര്യങ്ങളില്‍ നിന്ന്‌ അഞ്ച്‌കാര്യങ്ങളിലേക്ക്‌ ക്ഷണിക്കാന്‍ യോഗ്യരായ പണ്ഡിതന്മാരുടെ മുമ്പിലല്ലാതെ മറ്റൊരു പണ്ഡിതരുടെ മുമ്പിലും നിങ്ങളിരിക്കരുത്‌. സംശയത്തില്‍ നിന്ന്‌ ആത്മജ്ഞാനത്തിന്റെ ഉറപ്പിലേക്കും ലോകമാന്യത്തില്‍ നിന്ന്‌ ആത്മാര്‍ത്ഥതയിലേക്കും പ്രപഞ്ച പ്രമത്തതയില്‍ നിന്ന്‌ ഭൗതിക വിരക്തിയിലേക്കും അഹന്തയില്‍നിന്ന്‌ വിനയത്തിലേക്കും ശത്രുതയില്‍ നിന്ന്‌ അഭ്യൂദയകാംക്ഷിത്വത്തിലേക്കും നയിക്കുന്ന പണ്ഡിതരാണവര്‍. ഈ തിരുവചനം പഠിക്കുന്ന വിശിഷ്‌ട ഗുണങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ സമ്മേളിച്ച ഒരു വ്യക്തിത്വമാണ്‌ കാളമ്പാടി ഉസ്‌താദിന്റെ വിരഹം മുഖേന നമുക്ക്‌ നഷ്‌ടമാവുന്നത്‌. മൗനവും മനനവും തീര്‍ത്തവല്‍മീകത്തിനുള്ളിലിരുന്ന്‌ മുഴുവന്‍ ജീവിത സൗന്ദര്യങ്ങളെയും തട്ടിമാറ്റി, ഒരു ജനതയുടെ ആത്മീയ ഗുരുനാഥന്‍, അതിശയിപ്പിക്കുന്ന ആത്മദാര്‍ഢ്യത്തോടെ നടന്ന്‌ പോവുന്നത്‌ നാം കണ്ടു.

നേതാവും പണ്ഡിതനും, പാവപ്പെട്ടവനും, പണക്കാരനും എല്ലാം ആ മനുഷ്യന്റെ മുമ്പില്‍ അത്യാദരപൂര്‍വ്വം നില്‍ക്കുമ്പോഴും സര്‍വ്വരോടും സമഭാവനയോടെ പെരുമാറുകയായിരുന്നു ഉസ്‌താദ്‌. ജാഢകള്‍കൊണ്ട്‌ മാത്രം വലിപ്പം തീര്‍ക്കുന്നവരുടെ ലോകത്ത്‌ വേഷങ്ങളില്‍ പോലും ഭംഗിവരുത്താതെ ഒരു അവധൂതനായി മഹാനവര്‍കള്‍ ജീവിച്ചു. തുണിക്കടയില്‍ നിന്നും കിട്ടുന്ന ഒരുവല്ലിയും നീണ്ട ഒരു ജപച്ചരടും കയ്യിലേന്തി ആത്മീയതയെ കച്ചവടത്തിന്‌ വെച്ചലോകത്ത്‌, തനിക്ക്‌ അര്‍ഹമായ വലിപ്പം മാത്രംകാണിച്ചു, ഉള്ളു മുഴുവനും ഇലാഹീ ചിന്തയായി ജീവിക്കുകയായിരുന്നു അദ്ദേഹം.

തുഹ്‌ഫ വായിച്ചുകൊടുത്തുകൊണ്ടിരിക്കെ, ഉസ്‌താദിന്റെ വിസ്‌തരിച്ച വിശദീകരണത്തില്‍ അതിശയിച്ച്‌ മഹാനവര്‍കളുടെ മുഖത്ത്‌ നോക്കിയിരുന്ന ഒരു സന്ദര്‍ഭം ഞാനോര്‍ക്കുന്നു. അല്‌പനേരം അങ്ങനെയിരുന്നുപോയി. ആ ജ്ഞാനസാഗരത്തിന്‌ മുമ്പില്‍ അതിശയത്തോടെ നോക്കിയിരിക്കുമ്പോഴാണ്‌ ഉസ്‌താദിന്റെ വിളി. മുസ്‌ല്യാരെ, എന്റെ മോത്ത്‌ നോക്കിയിരിക്കാനെങ്കില്‍ അസ്‌ര്‍ നിസ്‌കാരം കഴിഞ്ഞു എന്റെ റൂമില്‍ വന്നാല്‍ മതി, ഇവിടെ ഒരു സെക്കന്റ്‌ നഷ്‌ടപ്പെട്ടാല്‍ 140 കുട്ടികളുടെ ഓരോ സെക്കന്റ്‌ നഷ്‌ടപ്പെടും. വായിച്ചോളീ മുസ്‌ല്യാരെ..., ഓര്‍മകളില്‍ നിന്ന്‌ ഞാന്‍ പിടഞ്ഞെണീറ്റ്‌ വായന തുടങ്ങി. എത്ര കൃത്യമായ സമയബോധമാണ്‌ അവിടെയൊക്കെ മഹാനവര്‍കള്‍ പ്രകടിപ്പിച്ചത്‌. ക്ലാസുകളിലെ ഓരോ വിശദീകരണവും അല്‍ഭുതകരമായി തോന്നിയിട്ടുണ്ട്‌. ഒരിക്കല്‍ തറാവീഹ്‌ നിസ്‌ക്കാരത്തെക്കുറിച്ച്‌ വിശദീകരിച്ചപ്പോഴാണ്‌ സംസ്‌കാരങ്ങളുടെ പ്രാഥമികാവസ്ഥകളില്‍ മുന്‍ഗണനാ ക്രമങ്ങള്‍ നിശ്ചയിക്കപ്പെടുമെന്ന്‌ ഉസ്‌താദ്‌ സമര്‍ത്ഥിച്ചത്‌. തറാവീഹും അത്‌ ജമാഅത്തായി നിര്‍വഹിക്കലുമൊക്കെ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ സൗകുമാര്യതയും സൗന്ദര്യവുമാണ്‌. അത്‌ നടപ്പിലാക്കാന്‍ സമയം പാകപ്പെടുന്നത്‌ ഉമര്‍(റ)വിന്റെ കാലത്താണ്‌. അഭ്യന്തര പ്രശ്‌നങ്ങളാല്‍ കലുഷിതമായിരുന്ന അബൂബക്കര്‍(റ)വിന്റെ കാലത്തും അത്തരം കാര്യങ്ങള്‍ ചിന്തിക്കാന്‍ സാധ്യമായിരുന്നില്ല. സംസ്‌കാരങ്ങളുടെ പ്രാഥമികാവസ്ഥയില്‍ മുന്‍ഗണനാ ക്രമങ്ങള്‍ നിശ്ചയിക്കപ്പെടുന്നതിന്‌ ഒരു ഏറനാടന്‍ ശൈലിയില്‍ ഉസ്‌താദ്‌ വിശദീകരിച്ചപ്പോള്‍, ഇസ്‌ലാം രാജമാര്‍ഗം എന്ന വ്യഖ്യാത ഗ്രന്ഥത്തില്‍ ഇസ്സത്ത്‌ ബെഗോവിച്ച്‌ പറഞ്ഞകാര്യങ്ങള്‍ ഞാന്‍ ഓര്‍ത്തെടുക്കുകയായിരുന്നു. സംസ്‌കാരങ്ങളും വികാസവും നാഗരികമായ വളര്‍ച്ചയും ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലായിരിക്കുമെന്ന്‌ ബെഗോവിച്ച്‌ ദാര്‍ശനിക ഗരിമയോടെ വിശദീകരിക്കുമ്പോള്‍ തതുല്യമായ ആശയങ്ങളുടെ ഒരു മഹാപ്രപഞ്ചം തന്റെ സ്വതസിദ്ധശൈലിയില്‍ തീര്‍ത്തെടുക്കുകയാണ്‌ കാളമ്പാടി ഉസ്‌താദ്‌.

ദര്‍സ്‌ ഒരു സമര്‍പ്പിത ജീവിതമാക്കിയ പണ്ഡിതവര്യനായ മഹാനവര്‍കള്‍, തന്റെ ജീവിതയാത്രയുടെ അവസാനംവരെ ജ്ഞാനവഴിയില്‍ തന്നെ ജീവിച്ചു. രോഗാതുരശരീരം അവശതകള്‍ പ്രകടിപ്പിച്ചപ്പോഴും ക്ലാസ്സുകള്‍ മുടങ്ങാതിരിക്കാന്‍ അങ്ങേയറ്റം ശ്രദ്ധിക്കുകയായിരുന്നു ഉസ്‌താദ്‌. തന്റെ രണ്ട്‌ പെണ്‍മക്കള്‍ അപകടത്തില്‍ മരിച്ചതറിഞ്ഞ്‌ ഓടിയെത്തിയവര്‍ക്ക്‌ എല്ലാം അല്ലാഹുവിലര്‍പ്പിച്ച അചഞ്ചലമാനസനായി ഇരിക്കുന്ന ഉസ്‌താദിനെയാണ്‌ കാണാനായത്‌.

എസ്‌ കെ എസ്‌ എസ്‌ എഫ്‌ ഭാരവാഹിയെന്ന നിലയില്‍ പലപ്പോഴും ഉസ്‌താദിനെ കാണുമ്പോള്‍, ഉത്തരവാദിതത്തെക്കുറിച്ച്‌ ശക്തമായ മുന്നറിയിപ്പും ഉപദേശവും പതിവായിരുന്നു. സമസ്‌തയുടെ വലിപ്പവും മുന്‍ഗാമികളുടെ ജീവിതവും ഓര്‍മപ്പെടുത്താതെ, ഒരിക്കലും ആ കൂടിക്കാഴ്‌ചകള്‍ അവസാനിക്കാറില്ല. കണിശമായ തീരുമാനങ്ങള്‍ പറഞ്ഞുതരുന്ന മുഖത്ത്‌ നസ്വീഹത്തിന്റെ നിഷ്‌കളങ്കത എപ്പോഴും കാണാനാവും. കൂട്ടുത്തരവാദിത്വത്തിന്റെ അനിവാര്യതയും അബദ്ധങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലും എപ്പോഴുമുണ്ടാവണമെന്ന്‌ ഉസ്‌താദ്‌ ഉപദേശിക്കാറുണ്ടായിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ വളരെ കണിശമായിത്തന്നെ അത്തരംകാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയത്‌ ഞാനോര്‍ക്കുന്നു.

ആള്‍കൂട്ടങ്ങള്‍ ആരവങ്ങള്‍ തീര്‍ത്തപ്പോഴും ഇലാഹീചിന്തയില്‍ മുഖരിതനായി ഒരു ഏകാന്ത പഥികനായി, ജീവിതസൗകര്യങ്ങള്‍ വേണ്ടുവോളം ആസ്വദിക്കാന്‍ കഴിയുന്ന വിധം, മുസ്‌ലിംകൈരളിയുടെ നായകനായിയിരിക്കുമ്പോഴും പരിപ്രാജകനായി നമുക്ക്‌ മുന്നിലൂടെ ഒരു അത്ഭുതം പോലെ കാളമ്പാടി ഉസ്‌താദ്‌ നടന്ന്‌ പോവുന്നു. തണല്‍ മരങ്ങള്‍ നഷ്‌ടപ്പെടുമ്പോള്‍ ഊഷരമായ ഈ മരുക്കാടില്‍ തണല്‍ വിരിക്കാന്‍ അല്ലാഹു പകരം നായകന്മാരെ നല്‍കട്ടെയെന്ന്‌ നമുക്ക്‌ പ്രാര്‍ത്ഥിക്കാം.

ഓണംപിള്ളി മുഹമ്മദ്‌ ഫൈസി
(എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്‌ ലേഖകന്‍)

അരീക്കോട്ടെ ആദ്യപാഠങ്ങള്‍

1961-ല്‍ മഞ്ചേരി-തൃക്കലങ്ങോട്‌ സയ്യിദ്‌ കുഞ്ഞിക്കോയ തങ്ങളുടെ (മുസ്‌ലിം ലീഗ്‌ നേതാവും പ്രമുഖ എഴുത്തുകാരനുമായ എം.ഐ. തങ്ങളുടെ പിതാവ്‌) ദര്‍സില്‍നിന്നാണ്‌ ഞാന്‍ അരീക്കോട്‌- താഴത്തങ്ങാടിയിലെ കാളമ്പാടി ഉസ്‌താദിന്റെ ദര്‍സില്‍ എത്തിയത്‌. ബാഖിയാത്തില്‍നിന്ന്‌ രണ്ടാം റാങ്കിന്റെ തിളക്കവുമായി കേരളത്തിലെത്തിയ ഉസ്‌താദ്‌ ആദ്യമായി ദര്‍സ്‌ തുടങ്ങിയ കാലമാണത്‌. എന്റെ സഹോദരീ ഭര്‍ത്താവാണ്‌ ഉസ്‌താദിന്റെ ദര്‍സില്‍ എന്നെ ചേര്‍ത്തത്‌. ഖത്‌റുന്നദയിലെ `ബാബുല്‍ മുബ്‌തദഇ വല്‍ഖബരി' എന്ന അധ്യായം മുതല്‍ അവിടെനിന്നും പഠനം ആരംഭിച്ചു. നഹ്‌വ്‌, സ്വര്‍ഫ്‌, മന്‍ത്വിഖ്‌, മആനി, ഫിഖ്‌ഹ്‌, ഹദീസ്‌, തഫ്‌സീര്‍ തുടങ്ങിയ ഇസ്‌ലാമിക വിജ്ഞാന ശാഖകളുടെ ആദ്യപാഠങ്ങള്‍ അഭ്യസിച്ചത്‌ ഉസ്‌താദില്‍നിന്നാണ്‌.

അധ്യാപന രീതിയിലും ദര്‍സിന്റെ ശൈലിയിലും ആകര്‍ഷണീയവും വൈവിധ്യവുമായ ഒരു വഴി ഉസ്‌താദിനുണ്ടായിരുന്നു. ഓരോ ദിവസവും പഠിപ്പിക്കാന്‍ പോകുന്ന പാഠങ്ങള്‍ വള്ളിയും പുള്ളിയും പിഴക്കാതെ പഠിതാക്കള്‍ വായിച്ചു കേള്‍പിക്കണം. നിസാരമായി തോന്നാവുന്ന തെറ്റുകള്‍പോലും വായനയില്‍ അനുവദിക്കപ്പെട്ടില്ല. വായനയില്‍ വല്ല അബദ്ധവും പിണഞ്ഞാല്‍ പിന്നെ അന്ന്‌ ക്ലാസ്‌ നടക്കില്ല. തിരിച്ചയച്ച്‌ വായന ശരിപ്പെടുത്തിവരാന്‍ കര്‍ശനമായി ഉപദേശിക്കും. അതുകൊണ്ട്‌ തന്നെ വായനയില്‍ പിന്നില്‍ നില്‍ക്കുന്നവരെ എല്ലാവരും കൂടി വായന പഠിപ്പിച്ചേ ക്ലാസില്‍ പോകൂ. ആരുടെ മുമ്പിലും മതഗ്രന്ഥങ്ങള്‍ നഹ്‌വും, സ്വര്‍ഫും പിഴക്കാതെ വായിക്കാനുള്ള നൈസര്‍ഗിക സിദ്ധിയും ധൈര്യവും കിട്ടിയത്‌ ഉസ്‌താദിന്റെ വിട്ടുവീഴ്‌ചയില്ലാത്ത അധ്യാപന രീതിയുടെ ഫലമാണ്‌.

സരസവും സരളവുമായ അവതരണം, ഏറനാടന്‍ മാപ്പിളയുടെ ഭാഷാപ്രയോഗങ്ങള്‍, നാടന്‍ ഉപമകള്‍, നര്‍മങ്ങള്‍ കലര്‍ന്ന സംസാരം, പൊതുവേ മിതഭാഷിയായിരുന്നെങ്കിലും ക്ലാസില്‍ വാചാലമായ വിശകലനം, ഉസ്‌താദിന്റെ ക്ലാസുകളെ പഠിതാക്കള്‍ക്ക്‌ സുഗ്രാഹ്യമാക്കിയ ഘടകങ്ങളില്‍ ചിലതാണിത്‌. സ്വദസിദ്ധമായ ഉസ്‌താദിന്റെ നര്‍മങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ പലപ്പോഴും ചിരി പടര്‍ത്തും. ചിന്തിക്കാന്‍ ഏറെയുണ്ടാവും ആ തമാശകളില്‍.

അധ്യാപനവും അപഗ്രഥനവും മാത്രമല്ല ആത്മപ്രചോദിതവുമായിരുന്നു ആ തദ്‌രീബ്‌. ഊണും ഉറക്കവുമില്ലാതെ ദീനീ ഉലൂമില്‍ വ്യാപൃതമാവാനും ദര്‍സീ രംഗത്ത്‌ സേവനനിരതമാവാനും കഴിഞ്ഞത്‌ ആ ദര്‍സിന്റെ വലിയ നന്മയാണ്‌. ഉസ്‌താദില്‍നിന്ന്‌ സ്വീകരിച്ച തദ്‌രീബിന്റെ രൂപവും ഭാവവുമൊക്കെ പില്‍കാലത്ത്‌ പൂര്‍ണാര്‍ത്ഥത്തില്‍ വിജയകരമായിരുന്നുവെന്ന്‌ ചാരിതാര്‍ത്ഥ്യത്തോടെ ഇപ്പോള്‍ അനുസ്‌മരിക്കാനാകും.

ഓരോ ദിവസവും ക്ലാസെടുക്കാനുള്ളത്‌ മുത്വലഅ ചെയ്‌തേ ഉസ്‌താദ്‌ ക്ലാസിനിരിക്കൂ. വല്ല കാരണത്താലും അതിന്‌ മുടക്കം വന്നാല്‍ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കും. അല്‍പം കഴിഞ്ഞ്‌ വരാന്‍ പറയും. പുതിയ പാഠം ഒരാവര്‍ത്തി വായിക്കുകയെങ്കിലും ചെയ്യും. ഉസ്‌താദിന്റെ ക്ലാസുകളെ ഹൃദയഹാരിയും ഉള്‍ക്കാഴ്‌ചയുള്ളതുമാക്കിയത്‌ അധ്യാപനത്തിനുമുമ്പുള്ള മുത്വാലഅയായിരുന്നു. തദ്‌രീസിനിരിക്കും മുമ്പ്‌ ഉസ്‌താദുമാര്‍ മുത്വാലഅ നിര്‍ബന്ധമാക്കണമെന്ന്‌ അവര്‍ എപ്പോഴും ഓര്‍മ്മപ്പെടുത്തും. ജീവിതാന്ത്യംവരെ ഉസ്‌താദ്‌ ആ ഉപദേശത്തില്‍ ഭംഗം വരുത്തിയില്ല. ഇല്‍മിലും തദ്‌രീസിലും ബര്‍ക്കത്തുണ്ടാവാന്‍ മുത്വാലഅ നിമിത്തമാകും.

സമയം അമൂല്യമാണ്‌. ഒരു നിമിഷംപോലും അനാവശ്യമായി പാഴാക്കരുത്‌. ഉസ്‌താദ്‌ ജീവിതംകൊണ്ട്‌ ഞങ്ങളെ പഠിപ്പിച്ചതാണിത്‌. അനാവശ്യമായ സംസാരങ്ങള്‍ക്കോ പാഴ്‌വേലകള്‍ക്കോ അല്‍പം സമയംപോലും അദ്ദേഹം ചെലവഴിച്ചില്ല. വായന, അധ്യാപനം ഇതായിരുന്നു ഉസ്‌താദിന്റെ ഹോബി. പ്രാഥമിക ആവശ്യങ്ങളുടെയും നിസ്‌കാരം, ഭക്ഷണാധികാര്യങ്ങളുടെയും സമയം കഴിച്ചാല്‍ പിന്നെ മഗ്‌രിബ്‌ വരെ ഗ്രന്ഥവായന തന്നെയാണ്‌. സംശയം ചോദിച്ചും അപഗ്രഥനം ആവശ്യപ്പെട്ടും രാത്രി എത്ര സമയവും ആ തിരുസന്നിധിയിലിരിക്കാം. എത്ര വൈകിയാലും ഒരസ്വസ്ഥതയും നീരസവും പ്രകടിപ്പിക്കില്ല. ആഴ്‌ചയില്‍ ഒരു തവണ വീട്ടില്‍ പോവും. പോക്കും വരവുമൊക്കെ കൃത്യസമയത്തായിരിക്കും. പലപ്പോഴും ആ യാത്രകളില്‍ അനുഗമിക്കാനും ഉസ്‌താദിന്റെ വീടിനടുത്തുളള നിസ്‌കാരപള്ളിയില്‍ അന്തിയുറങ്ങാനും എനിക്ക്‌ അവസരമുണ്ടായിട്ടുണ്ട്‌.

കൃത്യനിഷ്‌ഠയോടെ കാര്യങ്ങള്‍ ചെയ്‌തുതീര്‍ക്കണമെന്നത്‌ ഉസ്‌താദിന്റെ നിര്‍ബന്ധമാണ്‌. ഒന്നും പിന്നേക്ക്‌ വെക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നില്ല. അലസതയും അലംഭാവവും ആ ജീവിതത്തില്‍ കണ്ടതേയില്ല. വിദ്യാര്‍ത്ഥികളെയും ആ രീതിയിലാണ്‌ അദ്ദേഹം തര്‍ബിയത്ത്‌ ചെയ്‌തത്‌. ഭക്ഷണത്തിലോ മറ്റു ജീവിത സൗകര്യങ്ങളിലോ ഒരു നിര്‍ബന്ധവും അവര്‍ക്കന്നേ ഇല്ലായിരുന്നു. കിട്ടിയത്‌ കഴിക്കൂ, ഉള്ളത്‌ ധരിക്കുക അതായിരുന്നു ഉസ്‌താദിന്റെ നയം. അരി കിട്ടാതെ ക്ഷാമം പിടിച്ച ഒരു കാലമുണ്ടായിരുന്നു അരീക്കോടിന്‌. പൂളയും മറ്റും കഴിച്ചാണ്‌ അക്കാലത്ത്‌ ഉസ്‌താദും ഞങ്ങളും പട്ടിണിയകറ്റിയത്‌. അതിനെ സംബന്ധിച്ച്‌ ആരോടും പരാതിപ്പെട്ടില്ല. ഒട്ടും പരിഭവിച്ചതുമില്ല. ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ആരുടെയെങ്കിലും പങ്കുപറ്റുന്നതിനോട്‌ അദ്ദേഹത്തിന്‌ അന്നേ വിസമ്മതമായിരുന്നു. ജീവിതാന്ത്യംവരെ ഈ നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. അതുകൊണ്ട്‌ തന്നെ മുഖം നോക്കാതെ കാര്യങ്ങള്‍ പറയാന്‍ ആരുടെയും വിധേയത്വം അവര്‍ക്ക്‌ തടസ്സമായില്ല.

പറയുന്നത്‌ പ്രവര്‍ത്തിക്കുക, പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നത്‌ മാത്രം പറയുക എന്നത്‌ അത്ര എളുപ്പമല്ല. മഹത്വം കല്‍പിക്കപ്പെടുന്ന പലര്‍ക്കുമില്ലാത്തതാണിത്‌. വാക്കുകളും പ്രവര്‍ത്തികളും പലപ്പോഴും വഴിപിരിയുന്നതായി അവരുടെ ജീവിതത്തില്‍ നമുക്ക്‌ കാണാനാവും. ഉസ്‌താദ്‌ ഞങ്ങളെ പഠിപ്പിച്ച ഏറ്റവും വലിയ പാഠവും ഒരുപക്ഷേ ഇതായിരിക്കും. ജീവിത വിശുദ്ധിയിലും പരിത്യാഗ മനോഭാവത്തിലും ചക്രവാളങ്ങള്‍ കീഴടക്കിയ ആത്മീയ ഗുരുക്കളുടെയൊക്കെ ജീവിതത്തില്‍ ഇതിന്റെ പുലര്‍ച്ച ദൃശ്യമാണ്‌. കള്ള ത്വരീഖത്തുകളോടും അതിന്റെ പേരില്‍ നടക്കുന്ന കപട നാടകങ്ങളോടും എന്നും അദ്ദേഹത്തിന്‌ വൈമുഖ്യമായിരുന്നു. ഈ വിമുഖത പല വിമര്‍ശകരും ഏറ്റുപിടിച്ച്‌ അദ്ദേഹത്തെ ത്വരീഖത്ത്‌ വിരോധിയായി ചിത്രീകരിച്ചു. ത്വരീഖത്തും തസ്വവ്വുമൊന്നും പ്രാസ്ഥാനികവല്‍കരിക്കേണ്ടതല്ല. അതിലെ സാങ്കേതിക സംജ്ഞകളില്‍ ഉടക്കിനിന്ന്‌ സമയം പാഴാക്കുകയുമരുത്‌. വിശ്വാസത്തിലും കര്‍മ്മത്തിലുമൊക്കെ തസ്വവ്വുഫിനെ കലര്‍ത്തുകയാണ്‌ വേണ്ടത്‌ എന്നതാണ്‌ അദ്ദേഹത്തിന്റെ നിലപാട്‌. അതുതന്നെയാണ്‌ ശരി. തസ്വവ്വുഫ്‌ ജീവിത വിശുദ്ധിയാണ്‌. ആത്മാര്‍ത്ഥതയാണ്‌ സൂക്ഷ്‌മതയും ജീവിത നിഷ്‌ഠയുമാണ്‌.

അവിടത്തെ സൂക്ഷ്‌മ ജീവിതത്തിന്റെ ഒരു നേരനുഭവം ഇവിടെ കുറിച്ചിടുന്നത്‌ സംഗതമായിരിക്കും. ഞാന്‍ ഉസ്‌താദിന്റെ ദര്‍സില്‍ പഠിക്കുന്ന കാലം. കെ.കെ. സ്വദഖത്തുല്ല മുസ്‌ലിയാര്‍ എഴുതിയ `ചൊട്ടിനൊരു തട്ട്‌' എന്ന കണ്‌ഠനപുസ്‌തകം എന്റെ വശമുണ്ടായിരുന്നു. വായിക്കനായി ഉസ്‌താദ്‌ അതെന്നില്‍നിന്നും വാങ്ങി. മൂന്ന്‌ വര്‍ഷമേ ഞാന്‍ ഉസ്‌താദിന്റെ ദര്‍സില്‍ പഠിച്ചുള്ളൂ. ശേഷം ഞാന്‍ അഗ്രഗണ്യനായ ഉസ്‌താദ്‌ കുഞ്ഞാണി മുസ്‌ലിയാരുടെ ദര്‍സിലും പിന്നീട്‌ ദയൂബന്ത്‌ ദാറുല്‍ ഉലൂമിലുമാണ്‌ പഠനം പൂര്‍ത്തിയാക്കിയത്‌. തുടര്‍ന്ന്‌ ദര്‍സീ രംഗത്തെത്തി. പിന്നെയും പതിറ്റാണ്ടുകള്‍ പലതും കഴിഞ്ഞു. ഈയടുത്ത്‌ ഞാനൊരിക്കല്‍ ഉസ്‌താദിനെ കാണാന്‍ കോളജിലെത്തിയപ്പോള്‍ ആ പുസ്‌തകത്തിന്റെ കാര്യം പറഞ്ഞു. ആ പുസ്‌തകം എന്റെ കൈവശമുള്ളതുതന്നെ അപ്പോഴാണ്‌ ഞാന്‍ ഓര്‍ക്കുന്നത്‌. അതെടുത്ത്‌ എന്നെ ഏല്‍പ്പിച്ചു.

താന്‍ വിശ്വസിച്ച വിശ്വാസസരണി മാത്രമാണ്‌ ശരി എന്ന പക്ഷക്കാരനായിരുന്നു ഉസ്‌താദ്‌. അതില്‍ ഒരു വിട്ടുവീഴ്‌ചയും അദ്ദേഹം വരുത്തിയില്ല. വിശ്വാസത്തില്‍ എതിര്‍ ചേരിയില്‍ നില്‍ക്കുന്നവരോട്‌ ഒരു നീക്കുപോക്കിനും അദ്ദേഹം ഒരുക്കമായിരുന്നില്ല. മുജാഹിദ്‌ പ്രസ്ഥാനത്തിലെ പ്രമുഖ പണ്ഡിതനായ അരീക്കോട്‌ അബ്ദുസ്സലാം മൗലവി ഒരിക്കല്‍ ഉസ്‌താദിനോട്‌ സലാം പറഞ്ഞു. ഉസ്‌താദ്‌ സലാം മടക്കിയില്ല. നാട്ടില്‍ വലിയ കോളിളക്കം സൃഷ്‌ടിച്ചു. സുന്നിപക്ഷത്തുള്ളവര്‍ തന്നെ അതിനെ ചോദ്യം ചെയ്‌തു. ഉസ്‌താദ്‌ തന്റെ നിലപാടില്‍ ഉറച്ച്‌ നിന്നു. കമ്മിറ്റി ഭാരവാഹികളോട്‌ `അവനെ എന്റെ മുമ്പില്‍ കൊണ്ടുവരൂ' എന്ന്‌ ഉസ്‌താദ്‌ ആവശ്യപ്പെട്ടു. അവര്‍ അദ്ദേഹത്തെ പള്ളിയില്‍ കൊണ്ടുവന്നു.

ഉസ്‌താദ്‌; ഇരിക്കുകയും കിടക്കുകയും ദര്‍സ്‌ നടത്തുകയും മുത്വാലഅ ചെയ്യുകയുമൊക്കെ ചെയ്‌തിരുന്ന പള്ളിച്ചെരുവിലെ കോസടിയില്‍ ഇരിക്കുന്നു. അബ്ദുസ്സലാം മൗലവി ഉസ്‌താദിന്‌ അഭിമുഖമായും ഇരുന്നു. ചുറ്റും കമ്മിറ്റി അംഗങ്ങളും. കിതാബിന്റെ ഇബാറത്തുകള്‍ വായിച്ച്‌ തന്റെ സ്വദസിദ്ധമായ ശൈലിയില്‍ വിശദീകരിച്ച്‌ മുജാഹിദ്‌ പ്രസ്ഥാനം ബിദ്‌അത്തിന്റെ കക്ഷിയാണെന്ന്‌ സമര്‍ത്ഥിച്ചു. ബിദ്‌അത്തുകാരോട്‌ സലാം പറയലോ അവരുടെ സലാം മടക്കലോ ശറഅ്‌ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന്‌ അസന്നിഗ്‌ധമായി പ്രഖ്യാപിച്ചു. പണ്ഡിതനായ അബ്ദുസ്സലാം മൗലവി എല്ലാം കേട്ടുനിന്നതല്ലാതെ വേണ്ടതുപോലെ പ്രതികരിക്കാന്‍ അദ്ദേഹത്തിനായില്ല. അത്ര മൂര്‍ച്ചയേറിയതായിരുന്നു ഉസ്‌താദിന്റെ വാക്‌ശരങ്ങള്‍. കൂടിനിന്നവര്‍ക്ക്‌ നിലപാടിന്റെ ശക്തിയും മൗലികതയും ബോധ്യമായി. അതോടെ മലപോലെ വന്ന പ്രശ്‌നം മഞ്ഞുപോലെ ഉരുകി.

അരീക്കോട്‌ പ്രദേശത്ത്‌ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ അതിശീഘ്രമായ വളര്‍ച്ചയെ പ്രതിരോധിച്ചതും ക്ഷയിപ്പിച്ചതും ഉസ്‌താദിന്റെ സാന്നിധ്യമാണ്‌. അവരുടെ പ്രചരണങ്ങളെ അതേ നാണയത്തില്‍ അദ്ദേഹം തിരിച്ചടിച്ചു. വേദികള്‍ക്ക്‌ വേദികെട്ടി മറുപടി പറഞ്ഞു. ആരെയും കാത്തുനിന്നില്ല. പ്രഭാഷകരെ തേടി അലഞ്ഞതുമില്ല. ആശങ്കപ്പെട്ടതുമില്ല. ചിലപ്പോഴൊക്കെ അന്ന്‌ കൊണ്ടോട്ടിയില്‍ ദര്‍സ്‌ നടത്തിയിരുന്ന തന്റെ ആത്മമിത്രം എം.എം. ബശീര്‍ മുസ്‌ലിയാരെ മറുപടി പറയാന്‍ ക്ഷണിക്കും. ഇബാറത്തുകളിലെ അതിസൂക്ഷ്‌മ വ്യാകരണപ്പിഴവുകള്‍ പലപ്പോഴും മുജാഹിദ്‌ പ്രസ്ഥാനത്തെ ഉസ്‌താദിന്റെ മുമ്പില്‍ നമ്രശിരസ്‌കരാക്കി. അവരുടെ ചെറിയ പിഴവുകളില്‍ പിടിച്ചുകേറി അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസധാരയെ അദ്ദേഹം മുന്നിലെത്തിച്ചു.

ഞങ്ങള്‍ വിദ്യാര്‍ത്ഥികളുടെ തലപ്പാവിനെയും വാലിനേയും വേഷത്തെയുമൊക്കെ മുജാഹിദുള്‍ പരിഹസിച്ചു. സുന്നി സദസ്സുകള്‍ അലംകോലപ്പെടുത്തി. അതേ നാണയത്തില്‍ ഞങ്ങളും പ്രതികരിച്ചു. ഉസ്‌താദ്‌ വിലക്കിയില്ല. അതൊക്കെ അറിഞ്ഞിട്ടും അദ്ദേഹത്തിന്റെ മൗനം സമ്മതമായി ഞങ്ങള്‍ നിനച്ചു. ആദര്‍ശ വിശദീകരണ വേദികളിലെ പ്രോജ്ജ്വലിക്കുന്ന താരകങ്ങളായ വാണിയമ്പലം അബ്ദുര്‍റഹ്‌മാന്‍ മുസ്‌ലിയാര്‍, എം.എം. ബശീര്‍ മുസ്‌ലിയാര്‍, സി.എച്ച്‌. ഹൈദ്രോസ്‌ മുസ്‌ലിയാര്‍, കെ.ടി. മാനു മുസ്‌ലിയാര്‍ തുടങ്ങിയവരൊക്കെ അദ്ദേഹത്തിന്റെ ആത്മസുഹൃത്തുക്കളും സന്ദര്‍ശകരുമായിരുന്നു.

വഫാത്തിന്റെ ദിവസങ്ങള്‍ക്കുമുമ്പ്‌ ഉസ്‌താദിനെ സന്ദര്‍ശിച്ചപ്പോള്‍ തന്റെ രോഗവിവരങ്ങളോ ആരോഗ്യപ്രശ്‌നങ്ങളോ അല്ല ഉസ്‌താദിനെ ആശങ്കപ്പെടുത്തിയത്‌. ദര്‍സിന്റെ അപചയത്തെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും അവര്‍ പരിഭവപ്പെട്ടു. ഇനി ആരുണ്ട്‌ നമ്മുടെ മഹിതമായ പൈതൃകത്തിന്റെ തിരുശേഷിപ്പിനെക്കുറിച്ച്‌ ആശങ്കപ്പെടാന്‍.

ഇ.കെ. കുഞ്ഞമ്മദ്‌ മുസ്‌ലിയാര്‍ കാട്ടുമുണ്ട
(ഉസ്‌താദിന്റെ ആദ്യകാല ശിഷ്യനാണ്‌ ലേഖകന്‍)

നിസ്വാര്‍ത്ഥന്‍

ജീവിതത്തിലെന്നും ഒരുപദേഷ്‌ടാവായിരുന്നു എനിക്ക്‌ കാളമ്പാടി ഉസ്‌താദ്‌. വ്യക്തി ജീവിതത്തിനും പൊതു ജീവിതത്തിനും എന്നും ഉസ്‌താദിന്റെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ഞാന്‍ സ്വീകരിച്ചിട്ടുണ്ട്‌. അത്‌കൊണ്ട്‌ തന്നെ ഉസ്‌താദുമായി വളരെ അടുത്ത വ്യക്തി ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞത്‌ വലിയ സൗഭാഗ്യമായി ഞാന്‍ കാണുന്നു. പൊതുജീവിതത്തിന്റെ തുടക്ക കാലംതൊട്ട്‌ തന്നെ ഞാന്‍ ഉസ്‌താദുമായി ബന്ധപ്പെട്ടിട്ടുണ്ട്‌. മലപ്പുറം നഗര സഭാ ചെയര്‍മാനായി ഞാന്‍ തെരഞ്ഞെടുക്കപ്പെട്ട ആ സമയത്താണ്‌ കൂടുതല്‍ അടുത്തത്‌. അതിന്‌ കാരണം ഉസ്‌താദിന്റെ ദേശം മലപ്പുറത്തിന്റെ സമീപമായ കാളമ്പാടിയിലായിരുന്നു എന്നത്‌ തന്നെ. ഞാന്‍ എം.എല്‍.എ ആയപ്പോഴും പിന്നീടും ആ ബന്ധം സുദൃഢമായി തന്നെ തുടര്‍ന്നു. ഞാന്‍ പല ആവശ്യങ്ങള്‍ക്കായി ഉസ്‌താദിന്റെ വീട്ടില്‍ പോയിട്ടുണ്ട്‌. ഉസ്‌താദിന്റെ നിര്‍ദ്ദേശങ്ങള്‍ എന്നും ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിച്ചയാളാണ്‌ ഞാന്‍. പൊതുപ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദ്ദേശമായിരുന്നു അധികവും. ജനസേവനം വിശ്വാസത്തിന്റെ ഭാഗമാണെന്ന്‌ ഉസ്‌താദ്‌ പറയുമായിരുന്നു. അതിന്‌ വലിയ പുണ്യമാണെന്ന്‌ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതില്‍ പിഴവ്‌ പറ്റരുതെന്ന്‌ ഉസ്‌താദ്‌ പറയാറുണ്ടായിരുന്നു. എന്നും ഐക്യത്തിന്റെ വക്താവായിരുന്നു കാളമ്പാടി ഉസ്‌താദ്‌. എന്നാല്‍ വ്യാജന്‍മാര്‍ക്കെതിരെ ധീരവും സത്യസന്ധവുമായി അദ്ദേഹം ഉറച്ച്‌ നിന്നു. അഗാധ പാണ്ഡിത്യത്തിന്റെ ഉടമയായ ഉസ്‌താദിന്റെ ധീരമായ ഇടപെടലുകള്‍ എനിക്ക്‌ വലിയ ഓര്‍മ്മകളാണ്‌. പാണ്ഡിത്യം തെളിയിക്കുന്ന ധീരതക്കൊപ്പം തന്നെ എളിമ എന്നും അവിടുത്തെ മുഖമുദ്രയായിരുന്നു. ഉസ്‌താദിന്റെ സംസാരങ്ങളിലെ ഏറനാടന്‍ ശൈലി എടുത്ത്‌ പറയേണ്ടത്‌ തന്നെ. ഗൗരവകരമായ ഏത്‌ പ്രതിസന്ധികളെയും തന്റേതായ ഗ്രാമ്യ ഭാഷയില്‍ ഉസ്‌താദ്‌ അവതരിപ്പിച്ചാല്‍ എല്ലാം വളരെ ലളിതമായി എനിക്കനുഭവപ്പെട്ടിട്ടുണ്ട്‌. ഉസ്‌താദിന്റെ സംസാരം കേട്ടാല്‍ തന്നെ ആ വലിയ മനുഷ്യന്റെ ആത്മാര്‍ത്ഥത എത്രയെന്ന്‌ നമുക്ക്‌ മനസ്സിലാക്കാം. ഒരിക്കലും വ്യക്തിമോഹം ഉസ്‌തിദിനില്ലായിരുന്നു. വീട്ടിലേക്ക്‌ ഒരു നല്ല വഴി വെട്ടാന്‍ പലപ്പോഴും സമ്മര്‍ദ്ദം ചെലുത്തിയപ്പോഴും ഉസ്‌താദ്‌ അതിനെ നിരുല്‍സാഹപ്പെടുത്തുകയായിരുന്നു. ഇപ്പോഴുള്ള വഴി നാട്ടുകാര്‍ അവരുടെ താല്‍പര്യമെടുത്ത്‌ ഉണ്ടാക്കിയതാണെന്നറിയുമ്പോഴാണ്‌ ഉസ്‌താദിന്റെ വലിയ പാണ്ഡിത്യത്തിലെ എളിമ മനസ്സിലാവുക. വ്യക്തിപരമായി എനിക്കൊരു മാര്‍ഗ്ഗദര്‍ശി കൂടി നഷ്‌ടപ്പെട്ടിരിക്കുന്നു. വിടവുകളെന്നും വിടവുകളായി അവശേഷിക്കുമ്പോഴും, അവര്‍ കാണിച്ച വഴിയില്‍ സഞ്ചരിക്കാന്‍ പരമാവധി ശ്രമിക്കുക എന്നത്‌ തന്നെയാണ്‌ അവിടുത്തെ ജീവിത ദര്‍ശനം. പി.കെ. കുഞ്ഞാലിക്കുട്ടി (സംസ്ഥാന ഐ.ടി. വ്യവാസായ വകുപ്പുമന്ത്രിയാണ്‌ ലേഖകന്‍)

Sunday, December 1, 2013

കാളമ്പാടി ഉസ്താദ് : ജാമിഅയുടെ ജീവനാഡി

ഒരു ഉന്നത മതപാഠശാല എന്ന കേരളീയ മുസ്‌ലിംകളുടെ അഭിലാഷം ജാമിഅഃ നൂരിയ്യ അറബിക്‌ കോളജിന്റെ പിറവിയിലൂടെ സാക്ഷാത്‌കൃതമായി. ആരംഭഘട്ടത്തില്‍ തന്നെ ജാമിഅയില്‍ ചേര്‍ന്നവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. ജാമിഅ പഠന കാലത്താണ്‌ ഞാന്‍ കാളമ്പാടി ഉസ്‌താദിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ജീവിതത്തിലും പെരുമാറ്റത്തിലും ചില പ്രത്യേകതകള്‍ അന്നുതന്നെ അദ്ദേഹത്തില്‍ ദൃശ്യമായിരുന്നു. മിതഭാഷിയും വിനയാന്വിതനുമായിട്ടാണ്‌ പരിചയിച്ച കാലം മുതല്‍ അന്ത്യംവരെ അദ്ദേഹത്തെ കാണപ്പെട്ടിരുന്നത്‌. ഒരു പ്രത്യേകതരം പോക്കറ്റ്‌ വാച്ചുമായിട്ടാണ്‌ അന്നദ്ദേഹം നടന്നിരുന്നത്‌. ആദ്യകാലത്തുതന്നെ ഇടക്കിടെ അദ്ദേഹം കോളജ്‌ സന്ദര്‍ശിക്കും. കോളജിന്റെ ഉയര്‍ച്ചയിലും വളര്‍ച്ചിയലും അതിയായി സന്തോഷിക്കുകയും ചെയ്‌തു. കോളജിന്റെ പ്രവര്‍ത്തകനും പ്രചാരകനുമായിരുന്നു അന്നദ്ദേഹം. പില്‍ക്കാലത്ത്‌ ഞാന്‍ കോളജില്‍ മുദര്‍രിസായി നിയമിതനായപ്പോള്‍ അദ്ദേഹം പരീക്ഷാബോര്‍ഡ്‌ അംഗമായിരുന്നു. പരീക്ഷാസമയങ്ങളിലും മറ്റുമുള്ള സന്ദര്‍ശനം ഞങ്ങളുടെ ബന്ധത്തെയും പരിചയത്തെയും കൂടുതല്‍ ശക്തമാക്കി. ഇടക്കാലത്ത്‌ ഞാന്‍ കോളജില്‍ നിന്ന്‌ പിരിഞ്ഞു. പല സ്ഥലങ്ങളിലും ദര്‍സ്‌ നടത്തി. പിന്നെ കോളജില്‍ തന്നെ മുദരിസായി തിരിച്ചെത്തി. അതോടെ പരിചയക്കാരന്‍ എന്നതില്‍ നിന്ന്‌ അദ്ദേഹം എന്റെ സഹാധ്യാപകനും ആത്മസുഹൃത്തുമായി. വീക്ഷണങ്ങളിലും നിലപാടുകളിലും ഞങ്ങള്‍ ഒരേ സ്വരക്കാരായിരുന്നു. പഠന കാര്യങ്ങളിലും അച്ചടക്കത്തിന്റെ കാര്യത്തിലും അദ്ദേഹം ഒരുവിട്ടുവീഴ്‌ചക്കും തയ്യാറായില്ല. അത്തരം കാര്യങ്ങളില്‍ പല ആശങ്കകളും അദ്ദേഹത്തെ അലട്ടിയിരുന്നു. തന്റെ വ്യാകുലതകള്‍ സ്വകാര്യ സംഭാഷണങ്ങളില്‍ അദ്ദേഹം പങ്കുവെക്കുമായിരുന്നു. കണ്ണും കാതുമില്ലാതെ മതപഠന രംഗത്ത്‌ ചേക്കേറിയ പരിഷ്‌കരണ ഭ്രമത്തോട്‌ അദ്ദേഹത്തിന്‌ നീരസമായിരുന്നു. തന്റെ വൈമുഖ്യം അദ്ദേഹം പലപ്പോഴും പ്രകടിപ്പിക്കുകയും ചെയ്‌തു. നാടോടുമ്പോള്‍ നടുവേ എന്ന നയം അദ്ദേഹത്തിനില്ലായിരുന്നു. ജീവിതവും അധ്യാപന ശൈലിയുമൊക്കെ കോട്ടുമല ഉസ്‌താദിനെ അനുസ്‌മരിപ്പിക്കുന്നതായിരുന്നു. ത്യാഗസുരഭിലവും മാതൃകായോഗ്യവുമായ ആ മഹത്‌ ജീവിതത്തോട്‌ സമീകരിക്കാന്‍ ഏറെയുണ്ടായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തില്‍. രോഗങ്ങളം വേദനകളും ശരീരത്തെ തളര്‍ത്തിയപ്പോഴും ക്ലാസുകള്‍ മുടങ്ങാതിരിക്കാന്‍ അദ്ദേഹം ജാഗ്രത പുലര്‍ത്തി. മനസ്സെത്തുന്നേടത്ത്‌ ശരീരത്തെ എത്തിക്കാന്‍ അവസാന കാലങ്ങളില്‍ അദ്ദേഹം ഏറെ ക്ലേശിച്ചിരുന്നു. അധ്യാപനത്തിലും കൃത്യനിഷ്‌ഠയിലും തന്നെപ്പോലെയായിരിക്കണം മറ്റുള്ളവരും എന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. അധ്യാപകരില്ലാതെ ക്ലാസുകള്‍ മുടങ്ങുന്നത്‌ അദ്ദേഹം ഇഷ്‌ടപ്പെട്ടില്ല. വിവിധ പ്രശ്‌നങ്ങളുടെ മതവിധിതേടി മഹല്ല്‌ ഭാരവാഹികളും വ്യക്തികളും പണ്ഡിതന്മാരുമൊക്കെ അദ്ദേഹത്തെ സമീപിക്കുക പതിവാണ്‌. ആ അവസരങ്ങളിലൊക്കെ എന്നെ അദ്ദേഹം വിളിപ്പിക്കും. പ്രശ്‌നത്തെക്കുറിച്ച്‌ ഞങ്ങള്‍ ചര്‍ച്ച നടത്തും. അതി സങ്കീര്‍ണമായ മസ്‌അലകളാണെങ്കില്‍ പോലും പ്രാമാണിക ഗ്രന്ഥങ്ങളില്‍ അതുണ്ടാവാന്‍ സാധ്യതയുള്ള ഭാഗങ്ങള്‍ അദ്ദേഹത്തിന്‌ അറിയുമായിരിക്കും. പലപ്പോഴും ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്‌ ആ ഓര്‍മശക്തിക്കുമുമ്പില്‍. പരന്ന മുത്വാലഅയുടെ ഫലമാണ്‌ ആ ഓര്‍ത്തെടുക്കലുകള്‍. ഞങ്ങള്‍ക്ക്‌ തീരുമാനിക്കാന്‍ കഴിയുന്ന വിഷയങ്ങളൊക്കെ അവിടെ വെച്ച്‌ തന്നെ തീര്‍പ്പാക്കും. കുഴഞ്ഞ്‌ മറിഞ്ഞ പ്രശ്‌നങ്ങളാണെങ്കില്‍ ഫത്‌വ കമ്മിറ്റിയിലേക്ക്‌ നീക്കിവെക്കും. കര്‍മശാസ്‌ത്ര ഗ്രന്ഥങ്ങള്‍ അവലംബിച്ചു കൊണ്ട്‌ ഞങ്ങള്‍ നടത്തുന്ന ചര്‍ച്ചയുടെ ഫലം ആഗതരുടെ മുമ്പില്‍ അദ്ദേഹം അവതരിപ്പിക്കും. എഴുതിക്കൊടുക്കേണ്ടതാണെങ്കില്‍ അങ്ങനെ ചെയ്യും. എഴുതിക്കൊടുത്തതിനു കീഴേ അദ്ദേഹം ഒപ്പ്‌ വെക്കും. എന്നെ നിര്‍ബന്ധിച്ച്‌ ഒപ്പു വെപ്പിക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ മനസ്സില്‍ എന്നെക്കുറിച്ചുണ്ടായിരുന്ന മതിപ്പും സ്‌നേഹവും വളരെ വലുതായിരുന്നുവെന്ന്‌ ഞാനിപ്പോള്‍ തിരിച്ചറിയുന്നു. മരിക്കുന്നതിന്റെ തൊട്ടടുത്ത ബുധനാഴ്‌ച ഞാന്‍ ക്ലാസ്‌ കഴിഞ്ഞ്‌ വരും മുമ്പ്‌ അദ്ദേഹം വീട്ടില്‍പോയി. ഞായറാഴ്‌ച കോളജില്‍ വന്നപ്പോള്‍ ഞാന്‍ ചോദിച്ചു: എന്താണ്‌ നേരത്തെ പോയത്‌? `അസാധ്യക്ഷീണമുണ്ട്‌. ഇവിടുത്തെ ഭക്ഷണം പിടിക്കുന്നില്ല. രണ്ട്‌ ദിവസം വീട്ടിലിരുന്നപ്പോള്‍ വലിയ പ്രശ്‌നമില്ലായിരുന്നു. പക്ഷെ, ആരോഗ്യത്തെ സംരക്ഷിച്ച്‌ അദ്ദേഹത്തിന്‌ വീട്ടിലിരിക്കാനാകുമായിരുന്നില്ല. സ്വന്തത്തേക്കാള്‍ വലുതായിരുന്നു അദ്ദേഹത്തിന്‌ ജാമിഅ നൂരിയ്യ. എ.പി. മുഹമ്മദ്‌ മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ (സമസ്‌തയുടെ കേന്ദ്ര മുശാവവറ അംഗവും ജാമിഅ അധ്യാപകനുമാണ്‌ ലേഖകന്‍

കിതാബുകളില്‍ ജീവിച്ച മഹാന്‍

വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തിന്റെ തിരുമുറ്റത്ത്‌ വെച്ചാണ്‌ കൂട്ടിലങ്ങാടിക്കാരനായ ഞാനും കാളമ്പാടിയിലെ മുഹമ്മദ്‌ മുസ്‌ലിയാരും തമ്മിലെ ബന്ധം സുദൃഢമാകുന്നത്‌. രണ്ടാളുടെയും ജീവിതത്തിന്റെ വഴികളില്‍ പലപ്പോഴും ഒരുഏകാത്മകത പ്രകടമാകുന്നുണ്ട്‌. സമസ്‌തകേരള ജംഇയ്യത്തുല്‍ ഉലമയുടെ അദ്ധ്യക്ഷ പദവിയിലെ വിനയ സാന്നിധ്യമായിരുന്നെങ്കില്‍ ഈ എളിയവന്‍ കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമയുടെ സ്റ്റേറ്റ്‌ പ്രസിഡണ്ടാണ്‌ ഇന്ന്‌. എനിക്ക്‌ കാളമ്പാടിയെക്കാള്‍ രണ്ട്‌ വയസ്സ്‌ കൂടുതലുണ്ടെങ്കിലും പ്രായം തളര്‍ത്താത്ത യുവത്വത്തിന്റെ പ്രസരിപ്പോടെ ഓര്‍മ്മവെച്ച നാള്‍ മുതല്‍ കണ്ട്‌ പരിചയമുള്ള ഇളം പ്രായത്തില്‍ തന്നെ ഉഖ്‌റവീ ചിന്തയോടെ ജീവിതം നയിച്ച കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരെ ഓര്‍ത്തെടുക്കുകയാണ്‌ ഞാനിപ്പോള്‍. ദര്‍സ്സ്‌ ജീവിതകാലത്ത്‌ ഞങ്ങള്‍ രണ്ടാളും വ്യത്യസ്‌ത ദിശകളിലായിരുന്നു. അടുത്ത നാട്ടുകാരായ രണ്ട്‌ മുതഅല്ലിമുകള്‍ എന്ന രീതിയിലുള്ള പരിചയം മാത്രമായിരുന്നു ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നത്‌.പലപ്പോഴും കാണും എന്തെങ്കിലുമൊക്കെ പറയും അത്രമാത്രം. പിന്നീട്‌ ഉപരിപഠനാര്‍ത്ഥം ഞങ്ങള്‍ വ്യത്യസ്‌ത ഉസ്‌താദുമാര്‍ക്ക്‌ കീഴില്‍ നിന്നാണ്‌ വെല്ലൂരിലെത്തുന്നത്‌. ഞാന്‍ വണ്ടൂരില്‍ നിന്ന്‌ സദഖത്തുല്ല ഉസ്‌താദിന്റെ അടുക്കല്‍ നിന്നും കാളമ്പാടി ഉസ്‌താദ്‌ ശൈഖുനാ കോട്ടുമലയുടെ അടുക്കല്‍ നിന്നും. കിടങ്ങഴി യു അബ്‌ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഇണ്ണി മുഹമ്മദ്‌ മുസ്‌ലിയാര്‍, ഒ കെ അര്‍മിയാഅ്‌ മുസ്‌ലിയാര്‍, ആദൃശ്ശേരി മുഹമ്മദ്‌ മുസ്‌ലിയാര്‍ തുടങ്ങിയവരുമുണ്ടായിരുന്നു അന്ന്‌ കേരളത്തില്‍ നിന്നും വെല്ലുരിലെത്തിയവരില്‍.1958 ലാണത്‌.ഒരേ വര്‍ഷമാണ്‌ ഞങ്ങളവിടെ എത്തിയതെങ്കിലും ഞാനും കാളമ്പാടിയും ആദ്യ വര്‍ഷം പരസ്‌പരം ക്ലാസ്സുകളില്‍ സംഗമിച്ചിരുന്നില്ല.കാരണം ഞാന്‍ മുതവ്വലിലേക്കും അദ്ദേഹം മുഖ്‌തസറിലേക്കുമാണ്‌ അഡ്‌മിഷന്‍ നേടിയിരുന്നത്‌. വ്യത്യസ്‌ത റൂമും വ്യത്യസ്‌ത ക്ലാസ്സുമായത്‌ കൊണ്ട്‌ എപ്പോഴെങ്കിലുമൊക്കെ കാണും, സംസാരിക്കും അത്രമാത്രം. എന്നാല്‍ രണ്ടാം വര്‍ഷം അദ്ദേഹം മുത്വവ്വലിലെത്തിയതോടെ ഞങ്ങള്‍ തമ്മിലെ ബന്ധം ശക്തമായി മാറി. ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദമായിരുന്നു നിലനിന്നിരുന്നത്‌.പക്ഷെ അദ്ദേഹത്തിന്റെ സൗഹൃദചിന്തകള്‍ ഒച്ചപ്പാടുകള്‍ നിറഞ്ഞതായിരുന്നില്ല. സൗമ്യമായ പെരുമാറ്റം, ആത്മാര്‍ത്ഥവും നിഷ്‌കളങ്കവുമായ ഇടപെടല്‍, സ്‌നേഹം മുറ്റിനില്‍ക്കുന്ന ആത്മബന്ധത്തിന്റെ ശേഷിപ്പായി ഞങ്ങള്‍ക്കിടയിലെ ജീവിതം വെല്ലൂരില്‍ സുന്ദരമായി പരന്നൊഴുകി. കാളമ്പാടി ഉസ്‌താദ്‌ ഞഞങ്ങള്‍ക്കിടയിലെ വ്യത്യസ്‌തനായിരുന്നു.അധികം സംസാരിക്കാനൊന്നും അദ്ദേഹത്തെ ആര്‍ക്കും കിട്ടുമായിരുന്നില്ല. ആവശ്യത്തിന്‌ അത്യാവശ്യങ്ങള്‍ മാത്രം പറയുന്ന സ്വഭാവശൈലിയായിരുന്നു അദ്ദേഹത്തിന്റെത്‌. അല്ലെങ്കില്‍ അധികസംസാരം അദ്ദേഹം ഒരുകാലത്തും ഇഷ്‌ടപ്പെട്ടിരുന്നില്ലെന്ന്‌ പറയുന്നതാവും ശരി. ഏത്‌ സമയത്തും കിതാബിന്റെ ഇബാറത്തുകളിലൂടെയുള്ള സഞ്ചാരം എന്ന്‌ വേണമെങ്കില്‍ കാളമ്പാടിയുടെ ഞാനനുഭവിച്ച വെല്ലുരിലെ ജീവിതത്തെ വേണമെങ്കില്‍ ചുരുക്കി വിളിക്കാം. മുതഅല്ലിമിന്റെ മുതാലഅ ഏത്‌ രീതിയിലാവണമെന്നതിന്‌ ഉദാഹരണമായി അക്കാലത്തെ അദ്ദേഹത്തിന്റെ ജീവിതത്തെ എടുത്തുപറയാം. ഞങ്ങള്‍ സുഹൃത്തുക്കള്‍ തമ്മില്‍ തമാശ പറയുകയാണെങ്കില്‍ അദ്ദേഹം അവിടെയിരിക്കാറില്ല.ആ സദസ്സില്‍ നിന്നും എഴുന്നേറ്റ്‌ പോവുമായിരുന്നു. ചില ദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ വെറുതെ നടക്കാനിറങ്ങും. എന്നാല്‍ അതിനൊന്നും കാളമ്പാടിയെ കിട്ടാറുണ്ടായിരുന്നില്ല. ആ സമയങ്ങളിലും അദ്ദേഹം ഏതെങ്കിലും കിതാബുകള്‍ തുറന്ന്‌ വെച്ചിരുന്ന്‌ ഓതുകയായിരിക്കും.കിതാബിയ്യായ ജീവിതത്തിനപ്പുറത്തേക്കുള്ള ഒന്നിനെയും അദ്ദേഹം വലിയ കാര്യമായെടുത്തിരുന്നില്ല. അതിന്റെ ഫലവും ആ ജീവിതത്തില്‍ എന്നും കാണാറുണ്ടായിരുന്നു. കിതാബ്‌ മുതാലഅ ചെയ്യുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹമായിരുന്നു അധിക സമയത്തും വായിച്ചോത്തിന്‌ നേതൃത്വം നല്‍കിയിരുന്നത്‌. പരീക്ഷക്കാലം വന്നാല്‍ പൊതുവെ കിതാബില്‍ തന്നെ മുഴുകി സമയങ്ങള്‍ തള്ളിനീക്കിയിരുന്ന അദ്ദേഹത്തിന്‌ പ്രത്യേക ആവേശമായിരുന്നു.രാത്രിയുടെ യാമങ്ങളിലും പലരുമുറങ്ങുമ്പോഴും കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ എന്ന വിദ്യാര്‍ത്ഥി കിതാബിന്റെ വരികളിലൂടെയുള്ള സഞ്ചാരത്തിലായിരിക്കും.എല്ലാ സന്തോഷങ്ങളും ആനന്ദങ്ങളും അതിലൂടെയായിരുന്നു അദ്ദേഹം കണ്ടെത്തിയത്‌. മറ്റെന്തെങ്കിലും കാര്യങ്ങളില്‍ മുഴുകി സമയം പാഴാക്കുന്ന സ്വഭാവം അദ്ദേഹത്തിന്റെ ഡിക്ഷണറിയിലുണ്ടായിരുന്നില്ല. ഒരു വര്‍ഷത്തില്‍ റബീഉല്‍ അവ്വലിലും പിന്നെ റമളാനിലുമായിരുന്നു അന്ന്‌ കോളേജിന്‌ അവധിയുണ്ടായിരുന്നത്‌.ഒപ്പം തന്നെയായിരുന്നു ഞങ്ങളൊക്കെ നാട്ടില്‍ വന്നിരുന്നതും മടങ്ങിപ്പോയിരുന്നതും. ശൈഖ്‌ ഹസ്സന്‍ ഹസ്രത്ത്‌, അബൂബക്കര്‍ ഹസ്രത്ത്‌, ആദം ഹസ്രത്ത്‌ എന്നിവരുമായും നല്ല ബന്ധമായിരുന്നു കാത്തുസൂക്ഷിച്ചിരുന്നത്‌. 1960-ലാണ്‌ ഞാന്‍ വെല്ലൂരില്‍ നിന്നും ബിരുദമെടുത്ത്‌ പോന്നത്‌. കാളമ്പാടി ഉസ്‌താദ്‌ 1961 ലും.അവിടെന്ന്‌ വിട്ടശേഷം ചപ്പാരപ്പടവിലാണ്‌ ഞാന്‍ ആദ്യമായി ജോലിയേറ്റെടുക്കുന്നത്‌.അന്ന്‌ തന്നെ സുന്നി രംഗത്ത്‌ സജീവമായി ഉണ്ടായിരുന്നു ഞാന്‍. ചപ്പാരപ്പടവില്‍ സേവനം ചെയ്യുന്ന കാലത്താണ്‌ ഞാന്‍ സമസ്‌തയുടെ മുശാവറയിലെത്തുന്നത്‌. 1971 ലാണല്ലോ കാളമ്പാടി ഉസ്‌താദ്‌ മുശാവറയിലെത്തുന്നത്‌.അന്ന്‌ കാളമ്പാടിയെ മുശാവറയിലെടുക്കാനുള്ള ചര്‍ച്ചക്ക്‌ തുടക്കമിട്ടത്‌ ഞാനായിരുന്നു. ആരെങ്കിലുമൊക്കെ മരണപ്പെട്ട ഒഴിവിലേക്കായിരിക്കും പുതിയ ആളുകളെ തെരെഞ്ഞെടുക്കാറുണ്ടായിരുന്നത്‌. അന്ന്‌ പുതിയ ആളുകളെ തെരെഞ്ഞെടുക്കാനുള്ള ചര്‍ച്ച തുടങ്ങിയപ്പോള്‍ ഞാന്‍ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരോട്‌ പറഞ്ഞു; നമുക്ക്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരെ സമസ്‌ത മുശാവറയിലെടുത്ത്‌ കൂടേ... അദ്ദേഹം അതിന്‌ ഏററവും അര്‍ഹനാണു താനും. ഇത്‌ കേട്ടപ്പോള്‍ കോട്ടുമല ഉസ്‌താദ്‌ പറഞ്ഞു; എങ്കില്‍ ഈ വിവരം നീ ശംസുല്‍ ഉലമയോട്‌ പറഞ്ഞോളൂ... അങ്ങനെ ഞാന്‍ കോട്ടുമല ഉസ്‌താദിന്റെ നിര്‍ദ്ദേശപ്രകാരം ഇ കെ ഉസ്‌താദിനോട്‌ കാളമ്പാടിയെപ്പറ്റി ധരിപ്പിച്ചു. കൂടുതല്‍ അറിയണമെന്നുണ്ടെങ്കില്‍ കോട്ടുമല ഉസ്‌താദിന്റെ ശിഷ്യനായത്‌ കൊണ്ട്‌ അദ്ദേഹത്തോട്‌ അന്വേഷിച്ചാല്‍ മതിയെന്നും പറഞ്ഞു. അങ്ങനെ ശൈഖുനാ ശംസുല്‍ ഉലമ അദ്ദേഹത്തോട്‌ കാളമ്പാടിയെപ്പറ്റിയുള്ള വിവരം ആരായുകയും തികഞ്ഞ ആളാണെന്ന്‌ ബോധ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തെ മുശാവറയിലെടുക്കാന്‍ തീരുമാനിക്കുകയും ചെയ്‌തു. ഞാനും കാളമ്പാടി ഉസ്‌താദുമൊക്കെ അന്ന്‌ മുശാവറയില്‍ പിറക്‌ വശത്താണ്‌ ഇരിക്കാറുണ്ടായിരുന്നത്‌. ബാക്കിയുള്ള വലിയ വലിയ ഉസ്‌താദുമാര്‍ പറയുന്നത്‌ കേട്ടിരിക്കും. വെല്ലുരില്‍ നിന്നും വിട്ടശേഷം വ്യത്യസ്‌ത സ്ഥലങ്ങളിലായിരുന്നു ജോലിചെയ്‌തിരുന്നത്‌ എന്നത്‌ കൊണ്ട്‌ പിന്നീട്‌ അടുത്ത്‌ ബന്ധപ്പെടാന്‍ അവസരങ്ങള്‍ കുറവായിരുന്നു. മുശാവറ നടക്കുന്ന സമയത്ത്‌ കണ്ട്‌ മുട്ടും.പിന്നെ ഏതെങ്കിലുമൊക്കെ യാത്രക്കിടയില്‍ മലപ്പുറത്ത്‌ വെച്ചോ മറ്റോ വല്ലപ്പോഴുമൊക്കെ കാണാറുണ്ടായിരുന്നു. കണ്ടുമുട്ടുമ്പോഴൊക്കെ വല്ലതും പറയും പങ്ക്‌ വെക്കും അത്രതന്നെ. മുശാവറയിലെത്തിയ ശേഷം കാളമ്പാടി ഉസ്‌താദ്‌ സജീവമായി സമസ്‌തയുടെയും സുന്നത്ത്‌ ജമാഅത്തിന്റെയും വേദിയില്‍ രംഗത്തുവന്ന്‌ തുടങ്ങി. 1975 ന്‌ ശേഷം ഞാന്‍ സമസ്‌തയുടെ പ്രവര്‍ത്തന രംഗത്തു നിന്നും ചില കാരണങ്ങളാല്‍ മാറി നിന്നതോടെ ഞാനും അദ്ദേഹവും തമ്മില്‍ കാണാനുള്ള സാഹചര്യം കുറഞ്ഞുവന്നു.എങ്കിലും കാണുന്ന സന്ദര്‍ഭങ്ങളിലൊക്കെ നല്ലരീതിയിലുളള വ്യകതി ബന്ധമുണ്ടായിരുന്നു. കുറച്ചുമുമ്പ്‌ കോഴിക്കോട്ട്‌ ഒരു ഹിഫ്‌ള്‌ കോളെജുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കിടെ കാണുകയും സംസാരിക്കുകയും ചെയ്‌തിരുന്നു.അന്ന്‌ ആരോഗ്യവിവരങ്ങളൊക്കെ പരസ്‌പരം പങ്ക്‌ വെക്കുകയുണ്ടായി. ഏതായാലും കാളമ്പാടി ഉസ്‌താദ്‌ യാത്രയായി. ചെറുപ്പകാലത്ത്‌ തന്നെ നല്ല തഹ്‌ഖീഖൂള്ള ആലിമായിരുന്നുയെന്നതിന്‌ പുറമെ നല്ല തഫ്‌ഹീമിനുള്ള ശേഷിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഉഖ്‌റവ്വിയ്യായ ബോധമുളള അല്ലാഹുവിന്റെ ഒരുനല്ല അടിമയായിരുന്നു മഹാനവര്‍കള്‍. ചുരുക്കത്തില്‍ കാളമ്പാടി ഉസ്‌താദ്‌ ജീവിതത്തില്‍ ലാളിത്യവും താഴ്‌മയും വിനയവും പ്രകടിപ്പിച്ച നല്ല കഴിവുറ്റൊരു വ്യക്തിത്വമായിരുന്നു. ഓര്‍മ്മവെച്ച നാള്‍മുതല്‍ കണ്ട്‌ പരിചയമുള്ള ആ മുഖം ഇനി ഇവിടെവെച്ച്‌ കാണില്ല.അല്ലാഹു മഗ്‌ഫിറത്ത്‌ നല്‍കട്ടെ... സ്വര്‍ഗ്ഗലോകത്ത്‌ വെച്ച്‌ കണ്ടുമുട്ടാനുള്ള ഭാഗ്യം അല്ലാഹു നമുക്ക്‌ നല്‍കട്ടെ. കുട്ടിക്കാലത്തുതന്നെ കണ്ട്‌ പരിചയപ്പെടുകയും വെല്ലുരില്‍ വെച്ച്‌ ശക്തിപ്പെടുകയും പിന്നീട്‌ വഴിമാറിയൊഴുകിയിട്ടും പരസ്‌പരം മായാതെയും മറയാതെയും ജീവിച്ചിരുന്നു ഈ വിനീതനും കാളമ്പാടി ഉസ്‌താദും. അവസാനം വഫാത്തായെന്ന്‌ കേട്ടപ്പോള്‍ ആരോഗ്യം വകവെക്കാതെ പഴയകൂട്ടുകാരനെയൊന്ന്‌ അവസാന നോക്കുകാണാന്‍, ഒന്ന്‌ ദുആ ചെയ്യാന്‍, മയ്യിത്ത്‌ നിസ്‌കാരത്തിന്‌ നേതൃത്വം നല്‍കാന്‍ ഞാനും എത്തിയിരുന്നു. ഒരു ഉദാത്തമായ സൗഹൃദത്തിന്റെ തീര്‍ത്താല്‍ തീരാത്ത കടപ്പാട്‌ പൂര്‍ത്തിയാക്കാനെന്നോണം..! എന്‍ കെ മുഹമ്മദ്‌ മുസ്‌ലിയാര്‍ (പരപ്പനങ്ങാടി പഴയജുമുഅത്ത്‌ പള്ളി മുദര്‍രിസാണ്‌ ലേഖകന്‍)

തികഞ്ഞ ആത്മജ്ഞാനി

ഞാനും കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരും തമ്മില്‍ ദീര്‍ഘകാലത്തെ ബന്ധമാണുള്ളത്‌. മറ്റു ബന്ധങ്ങള്‍ക്കൊക്കെയപ്പുറം ഞങ്ങള്‍ക്കിടയില്‍ ഒരാത്മീയ ബന്ധം തന്നെയുണ്ടായിരുന്നു. സംഘടനാരംഗത്ത്‌ അദ്ദേഹം അത്ര സജീവമായിട്ടില്ലാത്ത കാലത്ത്‌ തന്നെ സമസ്‌തയുടെ മുശാവറയിലൊക്കെ അദ്ദേഹം അംഗമായിരുന്നല്ലോ? വലിയ പണ്ഡിതനായിരുന്നു അദ്ദേഹം. എന്നാല്‍ പാണ്ഡിത്യം അദ്ദേഹത്തിന്‌ ഭൗതിക ജീവിതത്തിനുള്ള വഴിയായിരുന്നില്ല. സമസ്‌തയുടെ പ്രസിഡണ്ടൊക്കെ ആവുന്നതിന്‌ മുമ്പും ശേഷവും ഇവിടെ വന്നിട്ടുണ്ട്‌. എന്നോട്‌ ദുആ ചെയ്യിപ്പിക്കാറുണ്ട്‌. അസുഖ സമയത്ത്‌ സന്ദര്‍ശിക്കാന്‍ വന്നിരുന്നു. മക്കളുടെയൊക്കെ കാര്യം പറഞ്ഞ്‌ ദുആ ഇരപ്പിക്കുമായിരുന്നു.

ഞാനും മുഹമ്മദ്‌ മുസ്‌ലിയാരും പട്ടിക്കാട്ടൊക്കെ ഒപ്പം ഉണ്ടായിരുന്നു. എനിക്ക്‌ അന്നൊക്കെ അദ്ദേഹത്തെ നല്ല മതിപ്പായിരുന്നു. മുഹമ്മദ്‌ മുസ്‌ലിയാര്‍ക്ക്‌ എന്നെ വലിയ ബഹുമാനമായിരുന്നു. അദ്ദേഹത്തിന്റെ മരണം വലിയ നഷ്‌ടം തന്നെയാണ്‌. നല്ല നല്ല മനുഷ്യര്‍ അങ്ങനെ മരിച്ചുപോവുകയാണ്‌.

കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ ആത്മീയമായി ഏറെ വലിയ ആളായിരുന്നുവെന്ന്‌ ഞാന്‍ പറഞ്ഞല്ലോ? ഒരിക്കല്‍ ഹജ്ജിനോ ഉംറക്കോ? ഏതിനാണെന്ന്‌ ശരിക്കും ഓര്‍മ്മ വരുന്നില്ല. എന്തായിരുന്നാലും ഞങ്ങള്‍ ഒരുമിച്ചാണ്‌ സിയാറത്തിന്‌ പോയത്‌. അദ്ദേഹത്തിന്റെ ആത്മീയമായ സ്ഥാനം അന്ന്‌ തന്നെ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്‌. കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ വെറുമൊരു പണ്ഡിതനായിരുന്നില്ല. അദ്ദേഹത്തിന്റെ മരണസമയത്ത്‌ ഞാന്‍ മമ്പറത്തായിരുന്നു. അറിഞ്ഞയുടന്‍ പട്ടിക്കാട്ടെത്തി. ശേഷം മലപ്പുറത്തും ഞാന്‍ വന്നിരുന്നു. കുറേ കഴിഞ്ഞിട്ടാണ്‌ ഞാന്‍ പോന്നത്‌. നല്ല ജനം കൂടിയിരുന്നല്ലേ?

കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരെപ്പോലോത്തെ പണ്ഡിതരെയാണ്‌ നമുക്ക്‌ വേണ്ടത്‌. ഏത്‌ വിഷയത്തിലും തികഞ്ഞ പണ്ഡിതനല്ലേ അദ്ദേഹം. അല്ലാഹുമഗ്‌ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. കൂടെ നമുക്കും അല്ലാഹു സ്വര്‍ഗ്ഗം പ്രധാനം ചെയ്യട്ടെ. ആമീന്‍.

സയ്യിദ്‌ അബ്‌ദുറഹ്‌മാന്‍ ഇമ്പിച്ചികോയതങ്ങള്‍ അല്‍അസ്‌ഹരി
(സമസ്‌തയുടെ മുന്‍ പ്രസിഡണ്ടാണ്‌ ലേഖകന്‍)