Monday, December 2, 2013

അതിശയിപ്പിച്ച ധന്യജീവിതം

ഹസനുല്‍ ബസരിയുടെ ജ്ഞാനസദസ്സ്‌. പതിനായിരം ദിര്‍ഹമും വിലപിടിപ്പുള്ള വസ്‌ത്രങ്ങളുമായി ഒരു ശിഷ്യന്‍ ഗുരുവിന്റെ മുമ്പിലെത്തി. ഗുരുവര്യന്‌ വിലപിടിപ്പുള്ള ഉപഹാരങ്ങള്‍ നല്‍കി അനുഗ്രഹം വാങ്ങാനെത്തിയതാണ്‌ ശിഷ്യന്‍. ഹസന്‍ ബസരി (റ) അത്‌ തിരസ്‌കരിച്ചുകൊണ്ട്‌ പറഞ്ഞത്‌, ഇത്‌ നിനക്ക്‌ കൊണ്ട്‌ പോവാം. ഇത്തരം ജ്ഞാന സദസ്സുകളിരിക്കുന്നവര്‍ക്ക്‌ ഈ അമൂല്യ ഉപഹാരങ്ങള്‍ സ്വീകരിച്ചാല്‍ നാളെ അല്ലാഹുവിന്റെ മുമ്പില്‍ ഒന്നും ലഭ്യമാവാതെപോവുമെന്ന്‌ ഞാന്‍ ഭയപ്പെടുന്നു എന്നായിരുന്നു. സമസ്‌തയുടെ അഭിവന്ദ്യ അദ്ധ്യക്ഷനും പതിനായിരക്കണക്കിന്‌ പണ്ഡിതരുടെ ഗുരുവര്യനുമായിരുന്ന കാളമ്പാടി ഉസ്‌താദിന്റെ ജീവിതം ഓര്‍ക്കുമ്പോള്‍ ഹസനുല്‍ബസരിയുടെ(റ) ഈ ജ്ഞാനസദസ്സിന്റെ മുമ്പില്‍ നടന്ന സംഭവം, പട്ടിക്കാട്‌ ജാമിഅ നൂരിയ്യയുടെ കാളമ്പാടി ഉസ്‌താദിന്റെ റൂമില്‍ പലപ്പോഴും നടന്നതാണ്‌. ഭൗതിക പ്രമത്തത തെല്ലുമില്ലാതെ, തനിക്ക്‌ സമര്‍പ്പിതമായ ഉപഹാരങ്ങള്‍ മുഴുവന്‍ തട്ടിമാറ്റി നടന്ന സമീപകാല ജീവിതത്തിലെ ഉദാഹരണമാണ്‌ മഹാനവര്‍കള്‍. തനിക്ക്‌ ചെയ്യാനാവുന്ന കാര്യങ്ങളില്‍, സഹായത്തിനായി വരുന്ന വിദ്യാര്‍ത്ഥികളോടുപോലും ഉസ്‌താദിന്റെ സമീപനം ഇങ്ങനെയായിരുന്നു. ഉസ്‌താദിന്‌ ഖിദ്‌മത്ത്‌ ചെയ്യാന്‍ ആഗ്രഹിച്ചു ചെല്ലുന്ന വിദ്യാര്‍ത്ഥികളോട്‌ സ്‌നേഹപൂര്‍വ്വം അത്‌ നിരസിക്കുന്നത്‌ ഉസ്‌താദിന്റെ പതിവായിരുന്നു.

വ്യത്യസ്‌തമായ ഈ ജീവിതശീലം കാളമ്പാടി ഉസ്‌താദിന്റെ സവിശേഷതയായിരുന്നു. സമസ്‌തയെന്ന ഏറ്റവും വലിയ പണ്ഡിത സഭയുടെ അധ്യക്ഷനായിരിക്കുമ്പോഴും പദവിയുടെ വലിപ്പം തെല്ലുമേശാതെ മഹാനവര്‍കള്‍ നമുക്ക്‌ മുന്നിലൂടെ ഒരു ഏകാന്തപഥികനായി ജീവിച്ചു. കാറ്‌ വാങ്ങാനുള്ള തീരുമാനം മാറ്റിപ്പണിയാന്‍ സയ്യിദ്‌ ഉമറലിശിഹാബ്‌ തങ്ങളുടെ മുമ്പിലെത്തി. തങ്ങളേ... കാറ്‌ വാങ്ങിയാല്‍ എന്റെ വീട്ടില്‍ ഇടാന്‍ സൗകര്യമില്ല. അത്‌കൊണ്ട്‌ ആ തീരുമാനം മാറ്റണം എന്നാവശ്യപ്പെട്ട ഉസ്‌താദിന്റെ വ്യക്തിത്വം ഒരു കാറിനുള്ളില്‍ ഒതുങ്ങാത്ത ആശയപ്രപഞ്ചമാണ്‌. ചിലയാളുകള്‍ ഉസ്‌താദുമാരുടെ വലിപ്പം കാറിന്റെ വലിപ്പത്തിന്‌ സമാനമായി ചേര്‍ത്ത്‌ പറയാറുണ്ട്‌. എന്നാല്‍ രോഗാതുരകാലത്ത്‌ സഞ്ചാര സുഖത്തിന്‌ വേണ്ടി ഒരു കാറ്‌ ആയാലെന്താണെന്ന്‌ ശിഷ്യരുടെ അഭ്യര്‍ത്ഥനയും തിരസ്‌കരിച്ചു ഒരു അല്‍ഭുതമായി ജീവിച്ചയാളാണ്‌ കാളമ്പാടി ഉസ്‌താദ്‌.

ജാബിര്‍(റ)വിനെ തൊട്ട്‌ ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം; അഞ്ച്‌ കാര്യങ്ങളില്‍ നിന്ന്‌ അഞ്ച്‌കാര്യങ്ങളിലേക്ക്‌ ക്ഷണിക്കാന്‍ യോഗ്യരായ പണ്ഡിതന്മാരുടെ മുമ്പിലല്ലാതെ മറ്റൊരു പണ്ഡിതരുടെ മുമ്പിലും നിങ്ങളിരിക്കരുത്‌. സംശയത്തില്‍ നിന്ന്‌ ആത്മജ്ഞാനത്തിന്റെ ഉറപ്പിലേക്കും ലോകമാന്യത്തില്‍ നിന്ന്‌ ആത്മാര്‍ത്ഥതയിലേക്കും പ്രപഞ്ച പ്രമത്തതയില്‍ നിന്ന്‌ ഭൗതിക വിരക്തിയിലേക്കും അഹന്തയില്‍നിന്ന്‌ വിനയത്തിലേക്കും ശത്രുതയില്‍ നിന്ന്‌ അഭ്യൂദയകാംക്ഷിത്വത്തിലേക്കും നയിക്കുന്ന പണ്ഡിതരാണവര്‍. ഈ തിരുവചനം പഠിക്കുന്ന വിശിഷ്‌ട ഗുണങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ സമ്മേളിച്ച ഒരു വ്യക്തിത്വമാണ്‌ കാളമ്പാടി ഉസ്‌താദിന്റെ വിരഹം മുഖേന നമുക്ക്‌ നഷ്‌ടമാവുന്നത്‌. മൗനവും മനനവും തീര്‍ത്തവല്‍മീകത്തിനുള്ളിലിരുന്ന്‌ മുഴുവന്‍ ജീവിത സൗന്ദര്യങ്ങളെയും തട്ടിമാറ്റി, ഒരു ജനതയുടെ ആത്മീയ ഗുരുനാഥന്‍, അതിശയിപ്പിക്കുന്ന ആത്മദാര്‍ഢ്യത്തോടെ നടന്ന്‌ പോവുന്നത്‌ നാം കണ്ടു.

നേതാവും പണ്ഡിതനും, പാവപ്പെട്ടവനും, പണക്കാരനും എല്ലാം ആ മനുഷ്യന്റെ മുമ്പില്‍ അത്യാദരപൂര്‍വ്വം നില്‍ക്കുമ്പോഴും സര്‍വ്വരോടും സമഭാവനയോടെ പെരുമാറുകയായിരുന്നു ഉസ്‌താദ്‌. ജാഢകള്‍കൊണ്ട്‌ മാത്രം വലിപ്പം തീര്‍ക്കുന്നവരുടെ ലോകത്ത്‌ വേഷങ്ങളില്‍ പോലും ഭംഗിവരുത്താതെ ഒരു അവധൂതനായി മഹാനവര്‍കള്‍ ജീവിച്ചു. തുണിക്കടയില്‍ നിന്നും കിട്ടുന്ന ഒരുവല്ലിയും നീണ്ട ഒരു ജപച്ചരടും കയ്യിലേന്തി ആത്മീയതയെ കച്ചവടത്തിന്‌ വെച്ചലോകത്ത്‌, തനിക്ക്‌ അര്‍ഹമായ വലിപ്പം മാത്രംകാണിച്ചു, ഉള്ളു മുഴുവനും ഇലാഹീ ചിന്തയായി ജീവിക്കുകയായിരുന്നു അദ്ദേഹം.

തുഹ്‌ഫ വായിച്ചുകൊടുത്തുകൊണ്ടിരിക്കെ, ഉസ്‌താദിന്റെ വിസ്‌തരിച്ച വിശദീകരണത്തില്‍ അതിശയിച്ച്‌ മഹാനവര്‍കളുടെ മുഖത്ത്‌ നോക്കിയിരുന്ന ഒരു സന്ദര്‍ഭം ഞാനോര്‍ക്കുന്നു. അല്‌പനേരം അങ്ങനെയിരുന്നുപോയി. ആ ജ്ഞാനസാഗരത്തിന്‌ മുമ്പില്‍ അതിശയത്തോടെ നോക്കിയിരിക്കുമ്പോഴാണ്‌ ഉസ്‌താദിന്റെ വിളി. മുസ്‌ല്യാരെ, എന്റെ മോത്ത്‌ നോക്കിയിരിക്കാനെങ്കില്‍ അസ്‌ര്‍ നിസ്‌കാരം കഴിഞ്ഞു എന്റെ റൂമില്‍ വന്നാല്‍ മതി, ഇവിടെ ഒരു സെക്കന്റ്‌ നഷ്‌ടപ്പെട്ടാല്‍ 140 കുട്ടികളുടെ ഓരോ സെക്കന്റ്‌ നഷ്‌ടപ്പെടും. വായിച്ചോളീ മുസ്‌ല്യാരെ..., ഓര്‍മകളില്‍ നിന്ന്‌ ഞാന്‍ പിടഞ്ഞെണീറ്റ്‌ വായന തുടങ്ങി. എത്ര കൃത്യമായ സമയബോധമാണ്‌ അവിടെയൊക്കെ മഹാനവര്‍കള്‍ പ്രകടിപ്പിച്ചത്‌. ക്ലാസുകളിലെ ഓരോ വിശദീകരണവും അല്‍ഭുതകരമായി തോന്നിയിട്ടുണ്ട്‌. ഒരിക്കല്‍ തറാവീഹ്‌ നിസ്‌ക്കാരത്തെക്കുറിച്ച്‌ വിശദീകരിച്ചപ്പോഴാണ്‌ സംസ്‌കാരങ്ങളുടെ പ്രാഥമികാവസ്ഥകളില്‍ മുന്‍ഗണനാ ക്രമങ്ങള്‍ നിശ്ചയിക്കപ്പെടുമെന്ന്‌ ഉസ്‌താദ്‌ സമര്‍ത്ഥിച്ചത്‌. തറാവീഹും അത്‌ ജമാഅത്തായി നിര്‍വഹിക്കലുമൊക്കെ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ സൗകുമാര്യതയും സൗന്ദര്യവുമാണ്‌. അത്‌ നടപ്പിലാക്കാന്‍ സമയം പാകപ്പെടുന്നത്‌ ഉമര്‍(റ)വിന്റെ കാലത്താണ്‌. അഭ്യന്തര പ്രശ്‌നങ്ങളാല്‍ കലുഷിതമായിരുന്ന അബൂബക്കര്‍(റ)വിന്റെ കാലത്തും അത്തരം കാര്യങ്ങള്‍ ചിന്തിക്കാന്‍ സാധ്യമായിരുന്നില്ല. സംസ്‌കാരങ്ങളുടെ പ്രാഥമികാവസ്ഥയില്‍ മുന്‍ഗണനാ ക്രമങ്ങള്‍ നിശ്ചയിക്കപ്പെടുന്നതിന്‌ ഒരു ഏറനാടന്‍ ശൈലിയില്‍ ഉസ്‌താദ്‌ വിശദീകരിച്ചപ്പോള്‍, ഇസ്‌ലാം രാജമാര്‍ഗം എന്ന വ്യഖ്യാത ഗ്രന്ഥത്തില്‍ ഇസ്സത്ത്‌ ബെഗോവിച്ച്‌ പറഞ്ഞകാര്യങ്ങള്‍ ഞാന്‍ ഓര്‍ത്തെടുക്കുകയായിരുന്നു. സംസ്‌കാരങ്ങളും വികാസവും നാഗരികമായ വളര്‍ച്ചയും ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലായിരിക്കുമെന്ന്‌ ബെഗോവിച്ച്‌ ദാര്‍ശനിക ഗരിമയോടെ വിശദീകരിക്കുമ്പോള്‍ തതുല്യമായ ആശയങ്ങളുടെ ഒരു മഹാപ്രപഞ്ചം തന്റെ സ്വതസിദ്ധശൈലിയില്‍ തീര്‍ത്തെടുക്കുകയാണ്‌ കാളമ്പാടി ഉസ്‌താദ്‌.

ദര്‍സ്‌ ഒരു സമര്‍പ്പിത ജീവിതമാക്കിയ പണ്ഡിതവര്യനായ മഹാനവര്‍കള്‍, തന്റെ ജീവിതയാത്രയുടെ അവസാനംവരെ ജ്ഞാനവഴിയില്‍ തന്നെ ജീവിച്ചു. രോഗാതുരശരീരം അവശതകള്‍ പ്രകടിപ്പിച്ചപ്പോഴും ക്ലാസ്സുകള്‍ മുടങ്ങാതിരിക്കാന്‍ അങ്ങേയറ്റം ശ്രദ്ധിക്കുകയായിരുന്നു ഉസ്‌താദ്‌. തന്റെ രണ്ട്‌ പെണ്‍മക്കള്‍ അപകടത്തില്‍ മരിച്ചതറിഞ്ഞ്‌ ഓടിയെത്തിയവര്‍ക്ക്‌ എല്ലാം അല്ലാഹുവിലര്‍പ്പിച്ച അചഞ്ചലമാനസനായി ഇരിക്കുന്ന ഉസ്‌താദിനെയാണ്‌ കാണാനായത്‌.

എസ്‌ കെ എസ്‌ എസ്‌ എഫ്‌ ഭാരവാഹിയെന്ന നിലയില്‍ പലപ്പോഴും ഉസ്‌താദിനെ കാണുമ്പോള്‍, ഉത്തരവാദിതത്തെക്കുറിച്ച്‌ ശക്തമായ മുന്നറിയിപ്പും ഉപദേശവും പതിവായിരുന്നു. സമസ്‌തയുടെ വലിപ്പവും മുന്‍ഗാമികളുടെ ജീവിതവും ഓര്‍മപ്പെടുത്താതെ, ഒരിക്കലും ആ കൂടിക്കാഴ്‌ചകള്‍ അവസാനിക്കാറില്ല. കണിശമായ തീരുമാനങ്ങള്‍ പറഞ്ഞുതരുന്ന മുഖത്ത്‌ നസ്വീഹത്തിന്റെ നിഷ്‌കളങ്കത എപ്പോഴും കാണാനാവും. കൂട്ടുത്തരവാദിത്വത്തിന്റെ അനിവാര്യതയും അബദ്ധങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലും എപ്പോഴുമുണ്ടാവണമെന്ന്‌ ഉസ്‌താദ്‌ ഉപദേശിക്കാറുണ്ടായിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ വളരെ കണിശമായിത്തന്നെ അത്തരംകാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയത്‌ ഞാനോര്‍ക്കുന്നു.

ആള്‍കൂട്ടങ്ങള്‍ ആരവങ്ങള്‍ തീര്‍ത്തപ്പോഴും ഇലാഹീചിന്തയില്‍ മുഖരിതനായി ഒരു ഏകാന്ത പഥികനായി, ജീവിതസൗകര്യങ്ങള്‍ വേണ്ടുവോളം ആസ്വദിക്കാന്‍ കഴിയുന്ന വിധം, മുസ്‌ലിംകൈരളിയുടെ നായകനായിയിരിക്കുമ്പോഴും പരിപ്രാജകനായി നമുക്ക്‌ മുന്നിലൂടെ ഒരു അത്ഭുതം പോലെ കാളമ്പാടി ഉസ്‌താദ്‌ നടന്ന്‌ പോവുന്നു. തണല്‍ മരങ്ങള്‍ നഷ്‌ടപ്പെടുമ്പോള്‍ ഊഷരമായ ഈ മരുക്കാടില്‍ തണല്‍ വിരിക്കാന്‍ അല്ലാഹു പകരം നായകന്മാരെ നല്‍കട്ടെയെന്ന്‌ നമുക്ക്‌ പ്രാര്‍ത്ഥിക്കാം.

ഓണംപിള്ളി മുഹമ്മദ്‌ ഫൈസി
(എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്‌ ലേഖകന്‍)

അരീക്കോട്ടെ ആദ്യപാഠങ്ങള്‍

1961-ല്‍ മഞ്ചേരി-തൃക്കലങ്ങോട്‌ സയ്യിദ്‌ കുഞ്ഞിക്കോയ തങ്ങളുടെ (മുസ്‌ലിം ലീഗ്‌ നേതാവും പ്രമുഖ എഴുത്തുകാരനുമായ എം.ഐ. തങ്ങളുടെ പിതാവ്‌) ദര്‍സില്‍നിന്നാണ്‌ ഞാന്‍ അരീക്കോട്‌- താഴത്തങ്ങാടിയിലെ കാളമ്പാടി ഉസ്‌താദിന്റെ ദര്‍സില്‍ എത്തിയത്‌. ബാഖിയാത്തില്‍നിന്ന്‌ രണ്ടാം റാങ്കിന്റെ തിളക്കവുമായി കേരളത്തിലെത്തിയ ഉസ്‌താദ്‌ ആദ്യമായി ദര്‍സ്‌ തുടങ്ങിയ കാലമാണത്‌. എന്റെ സഹോദരീ ഭര്‍ത്താവാണ്‌ ഉസ്‌താദിന്റെ ദര്‍സില്‍ എന്നെ ചേര്‍ത്തത്‌. ഖത്‌റുന്നദയിലെ `ബാബുല്‍ മുബ്‌തദഇ വല്‍ഖബരി' എന്ന അധ്യായം മുതല്‍ അവിടെനിന്നും പഠനം ആരംഭിച്ചു. നഹ്‌വ്‌, സ്വര്‍ഫ്‌, മന്‍ത്വിഖ്‌, മആനി, ഫിഖ്‌ഹ്‌, ഹദീസ്‌, തഫ്‌സീര്‍ തുടങ്ങിയ ഇസ്‌ലാമിക വിജ്ഞാന ശാഖകളുടെ ആദ്യപാഠങ്ങള്‍ അഭ്യസിച്ചത്‌ ഉസ്‌താദില്‍നിന്നാണ്‌.

അധ്യാപന രീതിയിലും ദര്‍സിന്റെ ശൈലിയിലും ആകര്‍ഷണീയവും വൈവിധ്യവുമായ ഒരു വഴി ഉസ്‌താദിനുണ്ടായിരുന്നു. ഓരോ ദിവസവും പഠിപ്പിക്കാന്‍ പോകുന്ന പാഠങ്ങള്‍ വള്ളിയും പുള്ളിയും പിഴക്കാതെ പഠിതാക്കള്‍ വായിച്ചു കേള്‍പിക്കണം. നിസാരമായി തോന്നാവുന്ന തെറ്റുകള്‍പോലും വായനയില്‍ അനുവദിക്കപ്പെട്ടില്ല. വായനയില്‍ വല്ല അബദ്ധവും പിണഞ്ഞാല്‍ പിന്നെ അന്ന്‌ ക്ലാസ്‌ നടക്കില്ല. തിരിച്ചയച്ച്‌ വായന ശരിപ്പെടുത്തിവരാന്‍ കര്‍ശനമായി ഉപദേശിക്കും. അതുകൊണ്ട്‌ തന്നെ വായനയില്‍ പിന്നില്‍ നില്‍ക്കുന്നവരെ എല്ലാവരും കൂടി വായന പഠിപ്പിച്ചേ ക്ലാസില്‍ പോകൂ. ആരുടെ മുമ്പിലും മതഗ്രന്ഥങ്ങള്‍ നഹ്‌വും, സ്വര്‍ഫും പിഴക്കാതെ വായിക്കാനുള്ള നൈസര്‍ഗിക സിദ്ധിയും ധൈര്യവും കിട്ടിയത്‌ ഉസ്‌താദിന്റെ വിട്ടുവീഴ്‌ചയില്ലാത്ത അധ്യാപന രീതിയുടെ ഫലമാണ്‌.

സരസവും സരളവുമായ അവതരണം, ഏറനാടന്‍ മാപ്പിളയുടെ ഭാഷാപ്രയോഗങ്ങള്‍, നാടന്‍ ഉപമകള്‍, നര്‍മങ്ങള്‍ കലര്‍ന്ന സംസാരം, പൊതുവേ മിതഭാഷിയായിരുന്നെങ്കിലും ക്ലാസില്‍ വാചാലമായ വിശകലനം, ഉസ്‌താദിന്റെ ക്ലാസുകളെ പഠിതാക്കള്‍ക്ക്‌ സുഗ്രാഹ്യമാക്കിയ ഘടകങ്ങളില്‍ ചിലതാണിത്‌. സ്വദസിദ്ധമായ ഉസ്‌താദിന്റെ നര്‍മങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ പലപ്പോഴും ചിരി പടര്‍ത്തും. ചിന്തിക്കാന്‍ ഏറെയുണ്ടാവും ആ തമാശകളില്‍.

അധ്യാപനവും അപഗ്രഥനവും മാത്രമല്ല ആത്മപ്രചോദിതവുമായിരുന്നു ആ തദ്‌രീബ്‌. ഊണും ഉറക്കവുമില്ലാതെ ദീനീ ഉലൂമില്‍ വ്യാപൃതമാവാനും ദര്‍സീ രംഗത്ത്‌ സേവനനിരതമാവാനും കഴിഞ്ഞത്‌ ആ ദര്‍സിന്റെ വലിയ നന്മയാണ്‌. ഉസ്‌താദില്‍നിന്ന്‌ സ്വീകരിച്ച തദ്‌രീബിന്റെ രൂപവും ഭാവവുമൊക്കെ പില്‍കാലത്ത്‌ പൂര്‍ണാര്‍ത്ഥത്തില്‍ വിജയകരമായിരുന്നുവെന്ന്‌ ചാരിതാര്‍ത്ഥ്യത്തോടെ ഇപ്പോള്‍ അനുസ്‌മരിക്കാനാകും.

ഓരോ ദിവസവും ക്ലാസെടുക്കാനുള്ളത്‌ മുത്വലഅ ചെയ്‌തേ ഉസ്‌താദ്‌ ക്ലാസിനിരിക്കൂ. വല്ല കാരണത്താലും അതിന്‌ മുടക്കം വന്നാല്‍ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കും. അല്‍പം കഴിഞ്ഞ്‌ വരാന്‍ പറയും. പുതിയ പാഠം ഒരാവര്‍ത്തി വായിക്കുകയെങ്കിലും ചെയ്യും. ഉസ്‌താദിന്റെ ക്ലാസുകളെ ഹൃദയഹാരിയും ഉള്‍ക്കാഴ്‌ചയുള്ളതുമാക്കിയത്‌ അധ്യാപനത്തിനുമുമ്പുള്ള മുത്വാലഅയായിരുന്നു. തദ്‌രീസിനിരിക്കും മുമ്പ്‌ ഉസ്‌താദുമാര്‍ മുത്വാലഅ നിര്‍ബന്ധമാക്കണമെന്ന്‌ അവര്‍ എപ്പോഴും ഓര്‍മ്മപ്പെടുത്തും. ജീവിതാന്ത്യംവരെ ഉസ്‌താദ്‌ ആ ഉപദേശത്തില്‍ ഭംഗം വരുത്തിയില്ല. ഇല്‍മിലും തദ്‌രീസിലും ബര്‍ക്കത്തുണ്ടാവാന്‍ മുത്വാലഅ നിമിത്തമാകും.

സമയം അമൂല്യമാണ്‌. ഒരു നിമിഷംപോലും അനാവശ്യമായി പാഴാക്കരുത്‌. ഉസ്‌താദ്‌ ജീവിതംകൊണ്ട്‌ ഞങ്ങളെ പഠിപ്പിച്ചതാണിത്‌. അനാവശ്യമായ സംസാരങ്ങള്‍ക്കോ പാഴ്‌വേലകള്‍ക്കോ അല്‍പം സമയംപോലും അദ്ദേഹം ചെലവഴിച്ചില്ല. വായന, അധ്യാപനം ഇതായിരുന്നു ഉസ്‌താദിന്റെ ഹോബി. പ്രാഥമിക ആവശ്യങ്ങളുടെയും നിസ്‌കാരം, ഭക്ഷണാധികാര്യങ്ങളുടെയും സമയം കഴിച്ചാല്‍ പിന്നെ മഗ്‌രിബ്‌ വരെ ഗ്രന്ഥവായന തന്നെയാണ്‌. സംശയം ചോദിച്ചും അപഗ്രഥനം ആവശ്യപ്പെട്ടും രാത്രി എത്ര സമയവും ആ തിരുസന്നിധിയിലിരിക്കാം. എത്ര വൈകിയാലും ഒരസ്വസ്ഥതയും നീരസവും പ്രകടിപ്പിക്കില്ല. ആഴ്‌ചയില്‍ ഒരു തവണ വീട്ടില്‍ പോവും. പോക്കും വരവുമൊക്കെ കൃത്യസമയത്തായിരിക്കും. പലപ്പോഴും ആ യാത്രകളില്‍ അനുഗമിക്കാനും ഉസ്‌താദിന്റെ വീടിനടുത്തുളള നിസ്‌കാരപള്ളിയില്‍ അന്തിയുറങ്ങാനും എനിക്ക്‌ അവസരമുണ്ടായിട്ടുണ്ട്‌.

കൃത്യനിഷ്‌ഠയോടെ കാര്യങ്ങള്‍ ചെയ്‌തുതീര്‍ക്കണമെന്നത്‌ ഉസ്‌താദിന്റെ നിര്‍ബന്ധമാണ്‌. ഒന്നും പിന്നേക്ക്‌ വെക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നില്ല. അലസതയും അലംഭാവവും ആ ജീവിതത്തില്‍ കണ്ടതേയില്ല. വിദ്യാര്‍ത്ഥികളെയും ആ രീതിയിലാണ്‌ അദ്ദേഹം തര്‍ബിയത്ത്‌ ചെയ്‌തത്‌. ഭക്ഷണത്തിലോ മറ്റു ജീവിത സൗകര്യങ്ങളിലോ ഒരു നിര്‍ബന്ധവും അവര്‍ക്കന്നേ ഇല്ലായിരുന്നു. കിട്ടിയത്‌ കഴിക്കൂ, ഉള്ളത്‌ ധരിക്കുക അതായിരുന്നു ഉസ്‌താദിന്റെ നയം. അരി കിട്ടാതെ ക്ഷാമം പിടിച്ച ഒരു കാലമുണ്ടായിരുന്നു അരീക്കോടിന്‌. പൂളയും മറ്റും കഴിച്ചാണ്‌ അക്കാലത്ത്‌ ഉസ്‌താദും ഞങ്ങളും പട്ടിണിയകറ്റിയത്‌. അതിനെ സംബന്ധിച്ച്‌ ആരോടും പരാതിപ്പെട്ടില്ല. ഒട്ടും പരിഭവിച്ചതുമില്ല. ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ആരുടെയെങ്കിലും പങ്കുപറ്റുന്നതിനോട്‌ അദ്ദേഹത്തിന്‌ അന്നേ വിസമ്മതമായിരുന്നു. ജീവിതാന്ത്യംവരെ ഈ നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. അതുകൊണ്ട്‌ തന്നെ മുഖം നോക്കാതെ കാര്യങ്ങള്‍ പറയാന്‍ ആരുടെയും വിധേയത്വം അവര്‍ക്ക്‌ തടസ്സമായില്ല.

പറയുന്നത്‌ പ്രവര്‍ത്തിക്കുക, പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നത്‌ മാത്രം പറയുക എന്നത്‌ അത്ര എളുപ്പമല്ല. മഹത്വം കല്‍പിക്കപ്പെടുന്ന പലര്‍ക്കുമില്ലാത്തതാണിത്‌. വാക്കുകളും പ്രവര്‍ത്തികളും പലപ്പോഴും വഴിപിരിയുന്നതായി അവരുടെ ജീവിതത്തില്‍ നമുക്ക്‌ കാണാനാവും. ഉസ്‌താദ്‌ ഞങ്ങളെ പഠിപ്പിച്ച ഏറ്റവും വലിയ പാഠവും ഒരുപക്ഷേ ഇതായിരിക്കും. ജീവിത വിശുദ്ധിയിലും പരിത്യാഗ മനോഭാവത്തിലും ചക്രവാളങ്ങള്‍ കീഴടക്കിയ ആത്മീയ ഗുരുക്കളുടെയൊക്കെ ജീവിതത്തില്‍ ഇതിന്റെ പുലര്‍ച്ച ദൃശ്യമാണ്‌. കള്ള ത്വരീഖത്തുകളോടും അതിന്റെ പേരില്‍ നടക്കുന്ന കപട നാടകങ്ങളോടും എന്നും അദ്ദേഹത്തിന്‌ വൈമുഖ്യമായിരുന്നു. ഈ വിമുഖത പല വിമര്‍ശകരും ഏറ്റുപിടിച്ച്‌ അദ്ദേഹത്തെ ത്വരീഖത്ത്‌ വിരോധിയായി ചിത്രീകരിച്ചു. ത്വരീഖത്തും തസ്വവ്വുമൊന്നും പ്രാസ്ഥാനികവല്‍കരിക്കേണ്ടതല്ല. അതിലെ സാങ്കേതിക സംജ്ഞകളില്‍ ഉടക്കിനിന്ന്‌ സമയം പാഴാക്കുകയുമരുത്‌. വിശ്വാസത്തിലും കര്‍മ്മത്തിലുമൊക്കെ തസ്വവ്വുഫിനെ കലര്‍ത്തുകയാണ്‌ വേണ്ടത്‌ എന്നതാണ്‌ അദ്ദേഹത്തിന്റെ നിലപാട്‌. അതുതന്നെയാണ്‌ ശരി. തസ്വവ്വുഫ്‌ ജീവിത വിശുദ്ധിയാണ്‌. ആത്മാര്‍ത്ഥതയാണ്‌ സൂക്ഷ്‌മതയും ജീവിത നിഷ്‌ഠയുമാണ്‌.

അവിടത്തെ സൂക്ഷ്‌മ ജീവിതത്തിന്റെ ഒരു നേരനുഭവം ഇവിടെ കുറിച്ചിടുന്നത്‌ സംഗതമായിരിക്കും. ഞാന്‍ ഉസ്‌താദിന്റെ ദര്‍സില്‍ പഠിക്കുന്ന കാലം. കെ.കെ. സ്വദഖത്തുല്ല മുസ്‌ലിയാര്‍ എഴുതിയ `ചൊട്ടിനൊരു തട്ട്‌' എന്ന കണ്‌ഠനപുസ്‌തകം എന്റെ വശമുണ്ടായിരുന്നു. വായിക്കനായി ഉസ്‌താദ്‌ അതെന്നില്‍നിന്നും വാങ്ങി. മൂന്ന്‌ വര്‍ഷമേ ഞാന്‍ ഉസ്‌താദിന്റെ ദര്‍സില്‍ പഠിച്ചുള്ളൂ. ശേഷം ഞാന്‍ അഗ്രഗണ്യനായ ഉസ്‌താദ്‌ കുഞ്ഞാണി മുസ്‌ലിയാരുടെ ദര്‍സിലും പിന്നീട്‌ ദയൂബന്ത്‌ ദാറുല്‍ ഉലൂമിലുമാണ്‌ പഠനം പൂര്‍ത്തിയാക്കിയത്‌. തുടര്‍ന്ന്‌ ദര്‍സീ രംഗത്തെത്തി. പിന്നെയും പതിറ്റാണ്ടുകള്‍ പലതും കഴിഞ്ഞു. ഈയടുത്ത്‌ ഞാനൊരിക്കല്‍ ഉസ്‌താദിനെ കാണാന്‍ കോളജിലെത്തിയപ്പോള്‍ ആ പുസ്‌തകത്തിന്റെ കാര്യം പറഞ്ഞു. ആ പുസ്‌തകം എന്റെ കൈവശമുള്ളതുതന്നെ അപ്പോഴാണ്‌ ഞാന്‍ ഓര്‍ക്കുന്നത്‌. അതെടുത്ത്‌ എന്നെ ഏല്‍പ്പിച്ചു.

താന്‍ വിശ്വസിച്ച വിശ്വാസസരണി മാത്രമാണ്‌ ശരി എന്ന പക്ഷക്കാരനായിരുന്നു ഉസ്‌താദ്‌. അതില്‍ ഒരു വിട്ടുവീഴ്‌ചയും അദ്ദേഹം വരുത്തിയില്ല. വിശ്വാസത്തില്‍ എതിര്‍ ചേരിയില്‍ നില്‍ക്കുന്നവരോട്‌ ഒരു നീക്കുപോക്കിനും അദ്ദേഹം ഒരുക്കമായിരുന്നില്ല. മുജാഹിദ്‌ പ്രസ്ഥാനത്തിലെ പ്രമുഖ പണ്ഡിതനായ അരീക്കോട്‌ അബ്ദുസ്സലാം മൗലവി ഒരിക്കല്‍ ഉസ്‌താദിനോട്‌ സലാം പറഞ്ഞു. ഉസ്‌താദ്‌ സലാം മടക്കിയില്ല. നാട്ടില്‍ വലിയ കോളിളക്കം സൃഷ്‌ടിച്ചു. സുന്നിപക്ഷത്തുള്ളവര്‍ തന്നെ അതിനെ ചോദ്യം ചെയ്‌തു. ഉസ്‌താദ്‌ തന്റെ നിലപാടില്‍ ഉറച്ച്‌ നിന്നു. കമ്മിറ്റി ഭാരവാഹികളോട്‌ `അവനെ എന്റെ മുമ്പില്‍ കൊണ്ടുവരൂ' എന്ന്‌ ഉസ്‌താദ്‌ ആവശ്യപ്പെട്ടു. അവര്‍ അദ്ദേഹത്തെ പള്ളിയില്‍ കൊണ്ടുവന്നു.

ഉസ്‌താദ്‌; ഇരിക്കുകയും കിടക്കുകയും ദര്‍സ്‌ നടത്തുകയും മുത്വാലഅ ചെയ്യുകയുമൊക്കെ ചെയ്‌തിരുന്ന പള്ളിച്ചെരുവിലെ കോസടിയില്‍ ഇരിക്കുന്നു. അബ്ദുസ്സലാം മൗലവി ഉസ്‌താദിന്‌ അഭിമുഖമായും ഇരുന്നു. ചുറ്റും കമ്മിറ്റി അംഗങ്ങളും. കിതാബിന്റെ ഇബാറത്തുകള്‍ വായിച്ച്‌ തന്റെ സ്വദസിദ്ധമായ ശൈലിയില്‍ വിശദീകരിച്ച്‌ മുജാഹിദ്‌ പ്രസ്ഥാനം ബിദ്‌അത്തിന്റെ കക്ഷിയാണെന്ന്‌ സമര്‍ത്ഥിച്ചു. ബിദ്‌അത്തുകാരോട്‌ സലാം പറയലോ അവരുടെ സലാം മടക്കലോ ശറഅ്‌ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന്‌ അസന്നിഗ്‌ധമായി പ്രഖ്യാപിച്ചു. പണ്ഡിതനായ അബ്ദുസ്സലാം മൗലവി എല്ലാം കേട്ടുനിന്നതല്ലാതെ വേണ്ടതുപോലെ പ്രതികരിക്കാന്‍ അദ്ദേഹത്തിനായില്ല. അത്ര മൂര്‍ച്ചയേറിയതായിരുന്നു ഉസ്‌താദിന്റെ വാക്‌ശരങ്ങള്‍. കൂടിനിന്നവര്‍ക്ക്‌ നിലപാടിന്റെ ശക്തിയും മൗലികതയും ബോധ്യമായി. അതോടെ മലപോലെ വന്ന പ്രശ്‌നം മഞ്ഞുപോലെ ഉരുകി.

അരീക്കോട്‌ പ്രദേശത്ത്‌ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ അതിശീഘ്രമായ വളര്‍ച്ചയെ പ്രതിരോധിച്ചതും ക്ഷയിപ്പിച്ചതും ഉസ്‌താദിന്റെ സാന്നിധ്യമാണ്‌. അവരുടെ പ്രചരണങ്ങളെ അതേ നാണയത്തില്‍ അദ്ദേഹം തിരിച്ചടിച്ചു. വേദികള്‍ക്ക്‌ വേദികെട്ടി മറുപടി പറഞ്ഞു. ആരെയും കാത്തുനിന്നില്ല. പ്രഭാഷകരെ തേടി അലഞ്ഞതുമില്ല. ആശങ്കപ്പെട്ടതുമില്ല. ചിലപ്പോഴൊക്കെ അന്ന്‌ കൊണ്ടോട്ടിയില്‍ ദര്‍സ്‌ നടത്തിയിരുന്ന തന്റെ ആത്മമിത്രം എം.എം. ബശീര്‍ മുസ്‌ലിയാരെ മറുപടി പറയാന്‍ ക്ഷണിക്കും. ഇബാറത്തുകളിലെ അതിസൂക്ഷ്‌മ വ്യാകരണപ്പിഴവുകള്‍ പലപ്പോഴും മുജാഹിദ്‌ പ്രസ്ഥാനത്തെ ഉസ്‌താദിന്റെ മുമ്പില്‍ നമ്രശിരസ്‌കരാക്കി. അവരുടെ ചെറിയ പിഴവുകളില്‍ പിടിച്ചുകേറി അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസധാരയെ അദ്ദേഹം മുന്നിലെത്തിച്ചു.

ഞങ്ങള്‍ വിദ്യാര്‍ത്ഥികളുടെ തലപ്പാവിനെയും വാലിനേയും വേഷത്തെയുമൊക്കെ മുജാഹിദുള്‍ പരിഹസിച്ചു. സുന്നി സദസ്സുകള്‍ അലംകോലപ്പെടുത്തി. അതേ നാണയത്തില്‍ ഞങ്ങളും പ്രതികരിച്ചു. ഉസ്‌താദ്‌ വിലക്കിയില്ല. അതൊക്കെ അറിഞ്ഞിട്ടും അദ്ദേഹത്തിന്റെ മൗനം സമ്മതമായി ഞങ്ങള്‍ നിനച്ചു. ആദര്‍ശ വിശദീകരണ വേദികളിലെ പ്രോജ്ജ്വലിക്കുന്ന താരകങ്ങളായ വാണിയമ്പലം അബ്ദുര്‍റഹ്‌മാന്‍ മുസ്‌ലിയാര്‍, എം.എം. ബശീര്‍ മുസ്‌ലിയാര്‍, സി.എച്ച്‌. ഹൈദ്രോസ്‌ മുസ്‌ലിയാര്‍, കെ.ടി. മാനു മുസ്‌ലിയാര്‍ തുടങ്ങിയവരൊക്കെ അദ്ദേഹത്തിന്റെ ആത്മസുഹൃത്തുക്കളും സന്ദര്‍ശകരുമായിരുന്നു.

വഫാത്തിന്റെ ദിവസങ്ങള്‍ക്കുമുമ്പ്‌ ഉസ്‌താദിനെ സന്ദര്‍ശിച്ചപ്പോള്‍ തന്റെ രോഗവിവരങ്ങളോ ആരോഗ്യപ്രശ്‌നങ്ങളോ അല്ല ഉസ്‌താദിനെ ആശങ്കപ്പെടുത്തിയത്‌. ദര്‍സിന്റെ അപചയത്തെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും അവര്‍ പരിഭവപ്പെട്ടു. ഇനി ആരുണ്ട്‌ നമ്മുടെ മഹിതമായ പൈതൃകത്തിന്റെ തിരുശേഷിപ്പിനെക്കുറിച്ച്‌ ആശങ്കപ്പെടാന്‍.

ഇ.കെ. കുഞ്ഞമ്മദ്‌ മുസ്‌ലിയാര്‍ കാട്ടുമുണ്ട
(ഉസ്‌താദിന്റെ ആദ്യകാല ശിഷ്യനാണ്‌ ലേഖകന്‍)

നിസ്വാര്‍ത്ഥന്‍

ജീവിതത്തിലെന്നും ഒരുപദേഷ്‌ടാവായിരുന്നു എനിക്ക്‌ കാളമ്പാടി ഉസ്‌താദ്‌. വ്യക്തി ജീവിതത്തിനും പൊതു ജീവിതത്തിനും എന്നും ഉസ്‌താദിന്റെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ഞാന്‍ സ്വീകരിച്ചിട്ടുണ്ട്‌. അത്‌കൊണ്ട്‌ തന്നെ ഉസ്‌താദുമായി വളരെ അടുത്ത വ്യക്തി ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞത്‌ വലിയ സൗഭാഗ്യമായി ഞാന്‍ കാണുന്നു. പൊതുജീവിതത്തിന്റെ തുടക്ക കാലംതൊട്ട്‌ തന്നെ ഞാന്‍ ഉസ്‌താദുമായി ബന്ധപ്പെട്ടിട്ടുണ്ട്‌. മലപ്പുറം നഗര സഭാ ചെയര്‍മാനായി ഞാന്‍ തെരഞ്ഞെടുക്കപ്പെട്ട ആ സമയത്താണ്‌ കൂടുതല്‍ അടുത്തത്‌. അതിന്‌ കാരണം ഉസ്‌താദിന്റെ ദേശം മലപ്പുറത്തിന്റെ സമീപമായ കാളമ്പാടിയിലായിരുന്നു എന്നത്‌ തന്നെ. ഞാന്‍ എം.എല്‍.എ ആയപ്പോഴും പിന്നീടും ആ ബന്ധം സുദൃഢമായി തന്നെ തുടര്‍ന്നു. ഞാന്‍ പല ആവശ്യങ്ങള്‍ക്കായി ഉസ്‌താദിന്റെ വീട്ടില്‍ പോയിട്ടുണ്ട്‌. ഉസ്‌താദിന്റെ നിര്‍ദ്ദേശങ്ങള്‍ എന്നും ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിച്ചയാളാണ്‌ ഞാന്‍. പൊതുപ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദ്ദേശമായിരുന്നു അധികവും. ജനസേവനം വിശ്വാസത്തിന്റെ ഭാഗമാണെന്ന്‌ ഉസ്‌താദ്‌ പറയുമായിരുന്നു. അതിന്‌ വലിയ പുണ്യമാണെന്ന്‌ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതില്‍ പിഴവ്‌ പറ്റരുതെന്ന്‌ ഉസ്‌താദ്‌ പറയാറുണ്ടായിരുന്നു. എന്നും ഐക്യത്തിന്റെ വക്താവായിരുന്നു കാളമ്പാടി ഉസ്‌താദ്‌. എന്നാല്‍ വ്യാജന്‍മാര്‍ക്കെതിരെ ധീരവും സത്യസന്ധവുമായി അദ്ദേഹം ഉറച്ച്‌ നിന്നു. അഗാധ പാണ്ഡിത്യത്തിന്റെ ഉടമയായ ഉസ്‌താദിന്റെ ധീരമായ ഇടപെടലുകള്‍ എനിക്ക്‌ വലിയ ഓര്‍മ്മകളാണ്‌. പാണ്ഡിത്യം തെളിയിക്കുന്ന ധീരതക്കൊപ്പം തന്നെ എളിമ എന്നും അവിടുത്തെ മുഖമുദ്രയായിരുന്നു. ഉസ്‌താദിന്റെ സംസാരങ്ങളിലെ ഏറനാടന്‍ ശൈലി എടുത്ത്‌ പറയേണ്ടത്‌ തന്നെ. ഗൗരവകരമായ ഏത്‌ പ്രതിസന്ധികളെയും തന്റേതായ ഗ്രാമ്യ ഭാഷയില്‍ ഉസ്‌താദ്‌ അവതരിപ്പിച്ചാല്‍ എല്ലാം വളരെ ലളിതമായി എനിക്കനുഭവപ്പെട്ടിട്ടുണ്ട്‌. ഉസ്‌താദിന്റെ സംസാരം കേട്ടാല്‍ തന്നെ ആ വലിയ മനുഷ്യന്റെ ആത്മാര്‍ത്ഥത എത്രയെന്ന്‌ നമുക്ക്‌ മനസ്സിലാക്കാം. ഒരിക്കലും വ്യക്തിമോഹം ഉസ്‌തിദിനില്ലായിരുന്നു. വീട്ടിലേക്ക്‌ ഒരു നല്ല വഴി വെട്ടാന്‍ പലപ്പോഴും സമ്മര്‍ദ്ദം ചെലുത്തിയപ്പോഴും ഉസ്‌താദ്‌ അതിനെ നിരുല്‍സാഹപ്പെടുത്തുകയായിരുന്നു. ഇപ്പോഴുള്ള വഴി നാട്ടുകാര്‍ അവരുടെ താല്‍പര്യമെടുത്ത്‌ ഉണ്ടാക്കിയതാണെന്നറിയുമ്പോഴാണ്‌ ഉസ്‌താദിന്റെ വലിയ പാണ്ഡിത്യത്തിലെ എളിമ മനസ്സിലാവുക. വ്യക്തിപരമായി എനിക്കൊരു മാര്‍ഗ്ഗദര്‍ശി കൂടി നഷ്‌ടപ്പെട്ടിരിക്കുന്നു. വിടവുകളെന്നും വിടവുകളായി അവശേഷിക്കുമ്പോഴും, അവര്‍ കാണിച്ച വഴിയില്‍ സഞ്ചരിക്കാന്‍ പരമാവധി ശ്രമിക്കുക എന്നത്‌ തന്നെയാണ്‌ അവിടുത്തെ ജീവിത ദര്‍ശനം. പി.കെ. കുഞ്ഞാലിക്കുട്ടി (സംസ്ഥാന ഐ.ടി. വ്യവാസായ വകുപ്പുമന്ത്രിയാണ്‌ ലേഖകന്‍)

Sunday, December 1, 2013

കാളമ്പാടി ഉസ്താദ് : ജാമിഅയുടെ ജീവനാഡി

ഒരു ഉന്നത മതപാഠശാല എന്ന കേരളീയ മുസ്‌ലിംകളുടെ അഭിലാഷം ജാമിഅഃ നൂരിയ്യ അറബിക്‌ കോളജിന്റെ പിറവിയിലൂടെ സാക്ഷാത്‌കൃതമായി. ആരംഭഘട്ടത്തില്‍ തന്നെ ജാമിഅയില്‍ ചേര്‍ന്നവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. ജാമിഅ പഠന കാലത്താണ്‌ ഞാന്‍ കാളമ്പാടി ഉസ്‌താദിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ജീവിതത്തിലും പെരുമാറ്റത്തിലും ചില പ്രത്യേകതകള്‍ അന്നുതന്നെ അദ്ദേഹത്തില്‍ ദൃശ്യമായിരുന്നു. മിതഭാഷിയും വിനയാന്വിതനുമായിട്ടാണ്‌ പരിചയിച്ച കാലം മുതല്‍ അന്ത്യംവരെ അദ്ദേഹത്തെ കാണപ്പെട്ടിരുന്നത്‌. ഒരു പ്രത്യേകതരം പോക്കറ്റ്‌ വാച്ചുമായിട്ടാണ്‌ അന്നദ്ദേഹം നടന്നിരുന്നത്‌. ആദ്യകാലത്തുതന്നെ ഇടക്കിടെ അദ്ദേഹം കോളജ്‌ സന്ദര്‍ശിക്കും. കോളജിന്റെ ഉയര്‍ച്ചയിലും വളര്‍ച്ചിയലും അതിയായി സന്തോഷിക്കുകയും ചെയ്‌തു. കോളജിന്റെ പ്രവര്‍ത്തകനും പ്രചാരകനുമായിരുന്നു അന്നദ്ദേഹം. പില്‍ക്കാലത്ത്‌ ഞാന്‍ കോളജില്‍ മുദര്‍രിസായി നിയമിതനായപ്പോള്‍ അദ്ദേഹം പരീക്ഷാബോര്‍ഡ്‌ അംഗമായിരുന്നു. പരീക്ഷാസമയങ്ങളിലും മറ്റുമുള്ള സന്ദര്‍ശനം ഞങ്ങളുടെ ബന്ധത്തെയും പരിചയത്തെയും കൂടുതല്‍ ശക്തമാക്കി. ഇടക്കാലത്ത്‌ ഞാന്‍ കോളജില്‍ നിന്ന്‌ പിരിഞ്ഞു. പല സ്ഥലങ്ങളിലും ദര്‍സ്‌ നടത്തി. പിന്നെ കോളജില്‍ തന്നെ മുദരിസായി തിരിച്ചെത്തി. അതോടെ പരിചയക്കാരന്‍ എന്നതില്‍ നിന്ന്‌ അദ്ദേഹം എന്റെ സഹാധ്യാപകനും ആത്മസുഹൃത്തുമായി. വീക്ഷണങ്ങളിലും നിലപാടുകളിലും ഞങ്ങള്‍ ഒരേ സ്വരക്കാരായിരുന്നു. പഠന കാര്യങ്ങളിലും അച്ചടക്കത്തിന്റെ കാര്യത്തിലും അദ്ദേഹം ഒരുവിട്ടുവീഴ്‌ചക്കും തയ്യാറായില്ല. അത്തരം കാര്യങ്ങളില്‍ പല ആശങ്കകളും അദ്ദേഹത്തെ അലട്ടിയിരുന്നു. തന്റെ വ്യാകുലതകള്‍ സ്വകാര്യ സംഭാഷണങ്ങളില്‍ അദ്ദേഹം പങ്കുവെക്കുമായിരുന്നു. കണ്ണും കാതുമില്ലാതെ മതപഠന രംഗത്ത്‌ ചേക്കേറിയ പരിഷ്‌കരണ ഭ്രമത്തോട്‌ അദ്ദേഹത്തിന്‌ നീരസമായിരുന്നു. തന്റെ വൈമുഖ്യം അദ്ദേഹം പലപ്പോഴും പ്രകടിപ്പിക്കുകയും ചെയ്‌തു. നാടോടുമ്പോള്‍ നടുവേ എന്ന നയം അദ്ദേഹത്തിനില്ലായിരുന്നു. ജീവിതവും അധ്യാപന ശൈലിയുമൊക്കെ കോട്ടുമല ഉസ്‌താദിനെ അനുസ്‌മരിപ്പിക്കുന്നതായിരുന്നു. ത്യാഗസുരഭിലവും മാതൃകായോഗ്യവുമായ ആ മഹത്‌ ജീവിതത്തോട്‌ സമീകരിക്കാന്‍ ഏറെയുണ്ടായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തില്‍. രോഗങ്ങളം വേദനകളും ശരീരത്തെ തളര്‍ത്തിയപ്പോഴും ക്ലാസുകള്‍ മുടങ്ങാതിരിക്കാന്‍ അദ്ദേഹം ജാഗ്രത പുലര്‍ത്തി. മനസ്സെത്തുന്നേടത്ത്‌ ശരീരത്തെ എത്തിക്കാന്‍ അവസാന കാലങ്ങളില്‍ അദ്ദേഹം ഏറെ ക്ലേശിച്ചിരുന്നു. അധ്യാപനത്തിലും കൃത്യനിഷ്‌ഠയിലും തന്നെപ്പോലെയായിരിക്കണം മറ്റുള്ളവരും എന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. അധ്യാപകരില്ലാതെ ക്ലാസുകള്‍ മുടങ്ങുന്നത്‌ അദ്ദേഹം ഇഷ്‌ടപ്പെട്ടില്ല. വിവിധ പ്രശ്‌നങ്ങളുടെ മതവിധിതേടി മഹല്ല്‌ ഭാരവാഹികളും വ്യക്തികളും പണ്ഡിതന്മാരുമൊക്കെ അദ്ദേഹത്തെ സമീപിക്കുക പതിവാണ്‌. ആ അവസരങ്ങളിലൊക്കെ എന്നെ അദ്ദേഹം വിളിപ്പിക്കും. പ്രശ്‌നത്തെക്കുറിച്ച്‌ ഞങ്ങള്‍ ചര്‍ച്ച നടത്തും. അതി സങ്കീര്‍ണമായ മസ്‌അലകളാണെങ്കില്‍ പോലും പ്രാമാണിക ഗ്രന്ഥങ്ങളില്‍ അതുണ്ടാവാന്‍ സാധ്യതയുള്ള ഭാഗങ്ങള്‍ അദ്ദേഹത്തിന്‌ അറിയുമായിരിക്കും. പലപ്പോഴും ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്‌ ആ ഓര്‍മശക്തിക്കുമുമ്പില്‍. പരന്ന മുത്വാലഅയുടെ ഫലമാണ്‌ ആ ഓര്‍ത്തെടുക്കലുകള്‍. ഞങ്ങള്‍ക്ക്‌ തീരുമാനിക്കാന്‍ കഴിയുന്ന വിഷയങ്ങളൊക്കെ അവിടെ വെച്ച്‌ തന്നെ തീര്‍പ്പാക്കും. കുഴഞ്ഞ്‌ മറിഞ്ഞ പ്രശ്‌നങ്ങളാണെങ്കില്‍ ഫത്‌വ കമ്മിറ്റിയിലേക്ക്‌ നീക്കിവെക്കും. കര്‍മശാസ്‌ത്ര ഗ്രന്ഥങ്ങള്‍ അവലംബിച്ചു കൊണ്ട്‌ ഞങ്ങള്‍ നടത്തുന്ന ചര്‍ച്ചയുടെ ഫലം ആഗതരുടെ മുമ്പില്‍ അദ്ദേഹം അവതരിപ്പിക്കും. എഴുതിക്കൊടുക്കേണ്ടതാണെങ്കില്‍ അങ്ങനെ ചെയ്യും. എഴുതിക്കൊടുത്തതിനു കീഴേ അദ്ദേഹം ഒപ്പ്‌ വെക്കും. എന്നെ നിര്‍ബന്ധിച്ച്‌ ഒപ്പു വെപ്പിക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ മനസ്സില്‍ എന്നെക്കുറിച്ചുണ്ടായിരുന്ന മതിപ്പും സ്‌നേഹവും വളരെ വലുതായിരുന്നുവെന്ന്‌ ഞാനിപ്പോള്‍ തിരിച്ചറിയുന്നു. മരിക്കുന്നതിന്റെ തൊട്ടടുത്ത ബുധനാഴ്‌ച ഞാന്‍ ക്ലാസ്‌ കഴിഞ്ഞ്‌ വരും മുമ്പ്‌ അദ്ദേഹം വീട്ടില്‍പോയി. ഞായറാഴ്‌ച കോളജില്‍ വന്നപ്പോള്‍ ഞാന്‍ ചോദിച്ചു: എന്താണ്‌ നേരത്തെ പോയത്‌? `അസാധ്യക്ഷീണമുണ്ട്‌. ഇവിടുത്തെ ഭക്ഷണം പിടിക്കുന്നില്ല. രണ്ട്‌ ദിവസം വീട്ടിലിരുന്നപ്പോള്‍ വലിയ പ്രശ്‌നമില്ലായിരുന്നു. പക്ഷെ, ആരോഗ്യത്തെ സംരക്ഷിച്ച്‌ അദ്ദേഹത്തിന്‌ വീട്ടിലിരിക്കാനാകുമായിരുന്നില്ല. സ്വന്തത്തേക്കാള്‍ വലുതായിരുന്നു അദ്ദേഹത്തിന്‌ ജാമിഅ നൂരിയ്യ. എ.പി. മുഹമ്മദ്‌ മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ (സമസ്‌തയുടെ കേന്ദ്ര മുശാവവറ അംഗവും ജാമിഅ അധ്യാപകനുമാണ്‌ ലേഖകന്‍

കിതാബുകളില്‍ ജീവിച്ച മഹാന്‍

വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തിന്റെ തിരുമുറ്റത്ത്‌ വെച്ചാണ്‌ കൂട്ടിലങ്ങാടിക്കാരനായ ഞാനും കാളമ്പാടിയിലെ മുഹമ്മദ്‌ മുസ്‌ലിയാരും തമ്മിലെ ബന്ധം സുദൃഢമാകുന്നത്‌. രണ്ടാളുടെയും ജീവിതത്തിന്റെ വഴികളില്‍ പലപ്പോഴും ഒരുഏകാത്മകത പ്രകടമാകുന്നുണ്ട്‌. സമസ്‌തകേരള ജംഇയ്യത്തുല്‍ ഉലമയുടെ അദ്ധ്യക്ഷ പദവിയിലെ വിനയ സാന്നിധ്യമായിരുന്നെങ്കില്‍ ഈ എളിയവന്‍ കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമയുടെ സ്റ്റേറ്റ്‌ പ്രസിഡണ്ടാണ്‌ ഇന്ന്‌. എനിക്ക്‌ കാളമ്പാടിയെക്കാള്‍ രണ്ട്‌ വയസ്സ്‌ കൂടുതലുണ്ടെങ്കിലും പ്രായം തളര്‍ത്താത്ത യുവത്വത്തിന്റെ പ്രസരിപ്പോടെ ഓര്‍മ്മവെച്ച നാള്‍ മുതല്‍ കണ്ട്‌ പരിചയമുള്ള ഇളം പ്രായത്തില്‍ തന്നെ ഉഖ്‌റവീ ചിന്തയോടെ ജീവിതം നയിച്ച കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരെ ഓര്‍ത്തെടുക്കുകയാണ്‌ ഞാനിപ്പോള്‍. ദര്‍സ്സ്‌ ജീവിതകാലത്ത്‌ ഞങ്ങള്‍ രണ്ടാളും വ്യത്യസ്‌ത ദിശകളിലായിരുന്നു. അടുത്ത നാട്ടുകാരായ രണ്ട്‌ മുതഅല്ലിമുകള്‍ എന്ന രീതിയിലുള്ള പരിചയം മാത്രമായിരുന്നു ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നത്‌.പലപ്പോഴും കാണും എന്തെങ്കിലുമൊക്കെ പറയും അത്രമാത്രം. പിന്നീട്‌ ഉപരിപഠനാര്‍ത്ഥം ഞങ്ങള്‍ വ്യത്യസ്‌ത ഉസ്‌താദുമാര്‍ക്ക്‌ കീഴില്‍ നിന്നാണ്‌ വെല്ലൂരിലെത്തുന്നത്‌. ഞാന്‍ വണ്ടൂരില്‍ നിന്ന്‌ സദഖത്തുല്ല ഉസ്‌താദിന്റെ അടുക്കല്‍ നിന്നും കാളമ്പാടി ഉസ്‌താദ്‌ ശൈഖുനാ കോട്ടുമലയുടെ അടുക്കല്‍ നിന്നും. കിടങ്ങഴി യു അബ്‌ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഇണ്ണി മുഹമ്മദ്‌ മുസ്‌ലിയാര്‍, ഒ കെ അര്‍മിയാഅ്‌ മുസ്‌ലിയാര്‍, ആദൃശ്ശേരി മുഹമ്മദ്‌ മുസ്‌ലിയാര്‍ തുടങ്ങിയവരുമുണ്ടായിരുന്നു അന്ന്‌ കേരളത്തില്‍ നിന്നും വെല്ലുരിലെത്തിയവരില്‍.1958 ലാണത്‌.ഒരേ വര്‍ഷമാണ്‌ ഞങ്ങളവിടെ എത്തിയതെങ്കിലും ഞാനും കാളമ്പാടിയും ആദ്യ വര്‍ഷം പരസ്‌പരം ക്ലാസ്സുകളില്‍ സംഗമിച്ചിരുന്നില്ല.കാരണം ഞാന്‍ മുതവ്വലിലേക്കും അദ്ദേഹം മുഖ്‌തസറിലേക്കുമാണ്‌ അഡ്‌മിഷന്‍ നേടിയിരുന്നത്‌. വ്യത്യസ്‌ത റൂമും വ്യത്യസ്‌ത ക്ലാസ്സുമായത്‌ കൊണ്ട്‌ എപ്പോഴെങ്കിലുമൊക്കെ കാണും, സംസാരിക്കും അത്രമാത്രം. എന്നാല്‍ രണ്ടാം വര്‍ഷം അദ്ദേഹം മുത്വവ്വലിലെത്തിയതോടെ ഞങ്ങള്‍ തമ്മിലെ ബന്ധം ശക്തമായി മാറി. ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദമായിരുന്നു നിലനിന്നിരുന്നത്‌.പക്ഷെ അദ്ദേഹത്തിന്റെ സൗഹൃദചിന്തകള്‍ ഒച്ചപ്പാടുകള്‍ നിറഞ്ഞതായിരുന്നില്ല. സൗമ്യമായ പെരുമാറ്റം, ആത്മാര്‍ത്ഥവും നിഷ്‌കളങ്കവുമായ ഇടപെടല്‍, സ്‌നേഹം മുറ്റിനില്‍ക്കുന്ന ആത്മബന്ധത്തിന്റെ ശേഷിപ്പായി ഞങ്ങള്‍ക്കിടയിലെ ജീവിതം വെല്ലൂരില്‍ സുന്ദരമായി പരന്നൊഴുകി. കാളമ്പാടി ഉസ്‌താദ്‌ ഞഞങ്ങള്‍ക്കിടയിലെ വ്യത്യസ്‌തനായിരുന്നു.അധികം സംസാരിക്കാനൊന്നും അദ്ദേഹത്തെ ആര്‍ക്കും കിട്ടുമായിരുന്നില്ല. ആവശ്യത്തിന്‌ അത്യാവശ്യങ്ങള്‍ മാത്രം പറയുന്ന സ്വഭാവശൈലിയായിരുന്നു അദ്ദേഹത്തിന്റെത്‌. അല്ലെങ്കില്‍ അധികസംസാരം അദ്ദേഹം ഒരുകാലത്തും ഇഷ്‌ടപ്പെട്ടിരുന്നില്ലെന്ന്‌ പറയുന്നതാവും ശരി. ഏത്‌ സമയത്തും കിതാബിന്റെ ഇബാറത്തുകളിലൂടെയുള്ള സഞ്ചാരം എന്ന്‌ വേണമെങ്കില്‍ കാളമ്പാടിയുടെ ഞാനനുഭവിച്ച വെല്ലുരിലെ ജീവിതത്തെ വേണമെങ്കില്‍ ചുരുക്കി വിളിക്കാം. മുതഅല്ലിമിന്റെ മുതാലഅ ഏത്‌ രീതിയിലാവണമെന്നതിന്‌ ഉദാഹരണമായി അക്കാലത്തെ അദ്ദേഹത്തിന്റെ ജീവിതത്തെ എടുത്തുപറയാം. ഞങ്ങള്‍ സുഹൃത്തുക്കള്‍ തമ്മില്‍ തമാശ പറയുകയാണെങ്കില്‍ അദ്ദേഹം അവിടെയിരിക്കാറില്ല.ആ സദസ്സില്‍ നിന്നും എഴുന്നേറ്റ്‌ പോവുമായിരുന്നു. ചില ദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ വെറുതെ നടക്കാനിറങ്ങും. എന്നാല്‍ അതിനൊന്നും കാളമ്പാടിയെ കിട്ടാറുണ്ടായിരുന്നില്ല. ആ സമയങ്ങളിലും അദ്ദേഹം ഏതെങ്കിലും കിതാബുകള്‍ തുറന്ന്‌ വെച്ചിരുന്ന്‌ ഓതുകയായിരിക്കും.കിതാബിയ്യായ ജീവിതത്തിനപ്പുറത്തേക്കുള്ള ഒന്നിനെയും അദ്ദേഹം വലിയ കാര്യമായെടുത്തിരുന്നില്ല. അതിന്റെ ഫലവും ആ ജീവിതത്തില്‍ എന്നും കാണാറുണ്ടായിരുന്നു. കിതാബ്‌ മുതാലഅ ചെയ്യുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹമായിരുന്നു അധിക സമയത്തും വായിച്ചോത്തിന്‌ നേതൃത്വം നല്‍കിയിരുന്നത്‌. പരീക്ഷക്കാലം വന്നാല്‍ പൊതുവെ കിതാബില്‍ തന്നെ മുഴുകി സമയങ്ങള്‍ തള്ളിനീക്കിയിരുന്ന അദ്ദേഹത്തിന്‌ പ്രത്യേക ആവേശമായിരുന്നു.രാത്രിയുടെ യാമങ്ങളിലും പലരുമുറങ്ങുമ്പോഴും കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ എന്ന വിദ്യാര്‍ത്ഥി കിതാബിന്റെ വരികളിലൂടെയുള്ള സഞ്ചാരത്തിലായിരിക്കും.എല്ലാ സന്തോഷങ്ങളും ആനന്ദങ്ങളും അതിലൂടെയായിരുന്നു അദ്ദേഹം കണ്ടെത്തിയത്‌. മറ്റെന്തെങ്കിലും കാര്യങ്ങളില്‍ മുഴുകി സമയം പാഴാക്കുന്ന സ്വഭാവം അദ്ദേഹത്തിന്റെ ഡിക്ഷണറിയിലുണ്ടായിരുന്നില്ല. ഒരു വര്‍ഷത്തില്‍ റബീഉല്‍ അവ്വലിലും പിന്നെ റമളാനിലുമായിരുന്നു അന്ന്‌ കോളേജിന്‌ അവധിയുണ്ടായിരുന്നത്‌.ഒപ്പം തന്നെയായിരുന്നു ഞങ്ങളൊക്കെ നാട്ടില്‍ വന്നിരുന്നതും മടങ്ങിപ്പോയിരുന്നതും. ശൈഖ്‌ ഹസ്സന്‍ ഹസ്രത്ത്‌, അബൂബക്കര്‍ ഹസ്രത്ത്‌, ആദം ഹസ്രത്ത്‌ എന്നിവരുമായും നല്ല ബന്ധമായിരുന്നു കാത്തുസൂക്ഷിച്ചിരുന്നത്‌. 1960-ലാണ്‌ ഞാന്‍ വെല്ലൂരില്‍ നിന്നും ബിരുദമെടുത്ത്‌ പോന്നത്‌. കാളമ്പാടി ഉസ്‌താദ്‌ 1961 ലും.അവിടെന്ന്‌ വിട്ടശേഷം ചപ്പാരപ്പടവിലാണ്‌ ഞാന്‍ ആദ്യമായി ജോലിയേറ്റെടുക്കുന്നത്‌.അന്ന്‌ തന്നെ സുന്നി രംഗത്ത്‌ സജീവമായി ഉണ്ടായിരുന്നു ഞാന്‍. ചപ്പാരപ്പടവില്‍ സേവനം ചെയ്യുന്ന കാലത്താണ്‌ ഞാന്‍ സമസ്‌തയുടെ മുശാവറയിലെത്തുന്നത്‌. 1971 ലാണല്ലോ കാളമ്പാടി ഉസ്‌താദ്‌ മുശാവറയിലെത്തുന്നത്‌.അന്ന്‌ കാളമ്പാടിയെ മുശാവറയിലെടുക്കാനുള്ള ചര്‍ച്ചക്ക്‌ തുടക്കമിട്ടത്‌ ഞാനായിരുന്നു. ആരെങ്കിലുമൊക്കെ മരണപ്പെട്ട ഒഴിവിലേക്കായിരിക്കും പുതിയ ആളുകളെ തെരെഞ്ഞെടുക്കാറുണ്ടായിരുന്നത്‌. അന്ന്‌ പുതിയ ആളുകളെ തെരെഞ്ഞെടുക്കാനുള്ള ചര്‍ച്ച തുടങ്ങിയപ്പോള്‍ ഞാന്‍ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരോട്‌ പറഞ്ഞു; നമുക്ക്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരെ സമസ്‌ത മുശാവറയിലെടുത്ത്‌ കൂടേ... അദ്ദേഹം അതിന്‌ ഏററവും അര്‍ഹനാണു താനും. ഇത്‌ കേട്ടപ്പോള്‍ കോട്ടുമല ഉസ്‌താദ്‌ പറഞ്ഞു; എങ്കില്‍ ഈ വിവരം നീ ശംസുല്‍ ഉലമയോട്‌ പറഞ്ഞോളൂ... അങ്ങനെ ഞാന്‍ കോട്ടുമല ഉസ്‌താദിന്റെ നിര്‍ദ്ദേശപ്രകാരം ഇ കെ ഉസ്‌താദിനോട്‌ കാളമ്പാടിയെപ്പറ്റി ധരിപ്പിച്ചു. കൂടുതല്‍ അറിയണമെന്നുണ്ടെങ്കില്‍ കോട്ടുമല ഉസ്‌താദിന്റെ ശിഷ്യനായത്‌ കൊണ്ട്‌ അദ്ദേഹത്തോട്‌ അന്വേഷിച്ചാല്‍ മതിയെന്നും പറഞ്ഞു. അങ്ങനെ ശൈഖുനാ ശംസുല്‍ ഉലമ അദ്ദേഹത്തോട്‌ കാളമ്പാടിയെപ്പറ്റിയുള്ള വിവരം ആരായുകയും തികഞ്ഞ ആളാണെന്ന്‌ ബോധ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തെ മുശാവറയിലെടുക്കാന്‍ തീരുമാനിക്കുകയും ചെയ്‌തു. ഞാനും കാളമ്പാടി ഉസ്‌താദുമൊക്കെ അന്ന്‌ മുശാവറയില്‍ പിറക്‌ വശത്താണ്‌ ഇരിക്കാറുണ്ടായിരുന്നത്‌. ബാക്കിയുള്ള വലിയ വലിയ ഉസ്‌താദുമാര്‍ പറയുന്നത്‌ കേട്ടിരിക്കും. വെല്ലുരില്‍ നിന്നും വിട്ടശേഷം വ്യത്യസ്‌ത സ്ഥലങ്ങളിലായിരുന്നു ജോലിചെയ്‌തിരുന്നത്‌ എന്നത്‌ കൊണ്ട്‌ പിന്നീട്‌ അടുത്ത്‌ ബന്ധപ്പെടാന്‍ അവസരങ്ങള്‍ കുറവായിരുന്നു. മുശാവറ നടക്കുന്ന സമയത്ത്‌ കണ്ട്‌ മുട്ടും.പിന്നെ ഏതെങ്കിലുമൊക്കെ യാത്രക്കിടയില്‍ മലപ്പുറത്ത്‌ വെച്ചോ മറ്റോ വല്ലപ്പോഴുമൊക്കെ കാണാറുണ്ടായിരുന്നു. കണ്ടുമുട്ടുമ്പോഴൊക്കെ വല്ലതും പറയും പങ്ക്‌ വെക്കും അത്രതന്നെ. മുശാവറയിലെത്തിയ ശേഷം കാളമ്പാടി ഉസ്‌താദ്‌ സജീവമായി സമസ്‌തയുടെയും സുന്നത്ത്‌ ജമാഅത്തിന്റെയും വേദിയില്‍ രംഗത്തുവന്ന്‌ തുടങ്ങി. 1975 ന്‌ ശേഷം ഞാന്‍ സമസ്‌തയുടെ പ്രവര്‍ത്തന രംഗത്തു നിന്നും ചില കാരണങ്ങളാല്‍ മാറി നിന്നതോടെ ഞാനും അദ്ദേഹവും തമ്മില്‍ കാണാനുള്ള സാഹചര്യം കുറഞ്ഞുവന്നു.എങ്കിലും കാണുന്ന സന്ദര്‍ഭങ്ങളിലൊക്കെ നല്ലരീതിയിലുളള വ്യകതി ബന്ധമുണ്ടായിരുന്നു. കുറച്ചുമുമ്പ്‌ കോഴിക്കോട്ട്‌ ഒരു ഹിഫ്‌ള്‌ കോളെജുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കിടെ കാണുകയും സംസാരിക്കുകയും ചെയ്‌തിരുന്നു.അന്ന്‌ ആരോഗ്യവിവരങ്ങളൊക്കെ പരസ്‌പരം പങ്ക്‌ വെക്കുകയുണ്ടായി. ഏതായാലും കാളമ്പാടി ഉസ്‌താദ്‌ യാത്രയായി. ചെറുപ്പകാലത്ത്‌ തന്നെ നല്ല തഹ്‌ഖീഖൂള്ള ആലിമായിരുന്നുയെന്നതിന്‌ പുറമെ നല്ല തഫ്‌ഹീമിനുള്ള ശേഷിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഉഖ്‌റവ്വിയ്യായ ബോധമുളള അല്ലാഹുവിന്റെ ഒരുനല്ല അടിമയായിരുന്നു മഹാനവര്‍കള്‍. ചുരുക്കത്തില്‍ കാളമ്പാടി ഉസ്‌താദ്‌ ജീവിതത്തില്‍ ലാളിത്യവും താഴ്‌മയും വിനയവും പ്രകടിപ്പിച്ച നല്ല കഴിവുറ്റൊരു വ്യക്തിത്വമായിരുന്നു. ഓര്‍മ്മവെച്ച നാള്‍മുതല്‍ കണ്ട്‌ പരിചയമുള്ള ആ മുഖം ഇനി ഇവിടെവെച്ച്‌ കാണില്ല.അല്ലാഹു മഗ്‌ഫിറത്ത്‌ നല്‍കട്ടെ... സ്വര്‍ഗ്ഗലോകത്ത്‌ വെച്ച്‌ കണ്ടുമുട്ടാനുള്ള ഭാഗ്യം അല്ലാഹു നമുക്ക്‌ നല്‍കട്ടെ. കുട്ടിക്കാലത്തുതന്നെ കണ്ട്‌ പരിചയപ്പെടുകയും വെല്ലുരില്‍ വെച്ച്‌ ശക്തിപ്പെടുകയും പിന്നീട്‌ വഴിമാറിയൊഴുകിയിട്ടും പരസ്‌പരം മായാതെയും മറയാതെയും ജീവിച്ചിരുന്നു ഈ വിനീതനും കാളമ്പാടി ഉസ്‌താദും. അവസാനം വഫാത്തായെന്ന്‌ കേട്ടപ്പോള്‍ ആരോഗ്യം വകവെക്കാതെ പഴയകൂട്ടുകാരനെയൊന്ന്‌ അവസാന നോക്കുകാണാന്‍, ഒന്ന്‌ ദുആ ചെയ്യാന്‍, മയ്യിത്ത്‌ നിസ്‌കാരത്തിന്‌ നേതൃത്വം നല്‍കാന്‍ ഞാനും എത്തിയിരുന്നു. ഒരു ഉദാത്തമായ സൗഹൃദത്തിന്റെ തീര്‍ത്താല്‍ തീരാത്ത കടപ്പാട്‌ പൂര്‍ത്തിയാക്കാനെന്നോണം..! എന്‍ കെ മുഹമ്മദ്‌ മുസ്‌ലിയാര്‍ (പരപ്പനങ്ങാടി പഴയജുമുഅത്ത്‌ പള്ളി മുദര്‍രിസാണ്‌ ലേഖകന്‍)

തികഞ്ഞ ആത്മജ്ഞാനി

ഞാനും കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരും തമ്മില്‍ ദീര്‍ഘകാലത്തെ ബന്ധമാണുള്ളത്‌. മറ്റു ബന്ധങ്ങള്‍ക്കൊക്കെയപ്പുറം ഞങ്ങള്‍ക്കിടയില്‍ ഒരാത്മീയ ബന്ധം തന്നെയുണ്ടായിരുന്നു. സംഘടനാരംഗത്ത്‌ അദ്ദേഹം അത്ര സജീവമായിട്ടില്ലാത്ത കാലത്ത്‌ തന്നെ സമസ്‌തയുടെ മുശാവറയിലൊക്കെ അദ്ദേഹം അംഗമായിരുന്നല്ലോ? വലിയ പണ്ഡിതനായിരുന്നു അദ്ദേഹം. എന്നാല്‍ പാണ്ഡിത്യം അദ്ദേഹത്തിന്‌ ഭൗതിക ജീവിതത്തിനുള്ള വഴിയായിരുന്നില്ല. സമസ്‌തയുടെ പ്രസിഡണ്ടൊക്കെ ആവുന്നതിന്‌ മുമ്പും ശേഷവും ഇവിടെ വന്നിട്ടുണ്ട്‌. എന്നോട്‌ ദുആ ചെയ്യിപ്പിക്കാറുണ്ട്‌. അസുഖ സമയത്ത്‌ സന്ദര്‍ശിക്കാന്‍ വന്നിരുന്നു. മക്കളുടെയൊക്കെ കാര്യം പറഞ്ഞ്‌ ദുആ ഇരപ്പിക്കുമായിരുന്നു.

ഞാനും മുഹമ്മദ്‌ മുസ്‌ലിയാരും പട്ടിക്കാട്ടൊക്കെ ഒപ്പം ഉണ്ടായിരുന്നു. എനിക്ക്‌ അന്നൊക്കെ അദ്ദേഹത്തെ നല്ല മതിപ്പായിരുന്നു. മുഹമ്മദ്‌ മുസ്‌ലിയാര്‍ക്ക്‌ എന്നെ വലിയ ബഹുമാനമായിരുന്നു. അദ്ദേഹത്തിന്റെ മരണം വലിയ നഷ്‌ടം തന്നെയാണ്‌. നല്ല നല്ല മനുഷ്യര്‍ അങ്ങനെ മരിച്ചുപോവുകയാണ്‌.

കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ ആത്മീയമായി ഏറെ വലിയ ആളായിരുന്നുവെന്ന്‌ ഞാന്‍ പറഞ്ഞല്ലോ? ഒരിക്കല്‍ ഹജ്ജിനോ ഉംറക്കോ? ഏതിനാണെന്ന്‌ ശരിക്കും ഓര്‍മ്മ വരുന്നില്ല. എന്തായിരുന്നാലും ഞങ്ങള്‍ ഒരുമിച്ചാണ്‌ സിയാറത്തിന്‌ പോയത്‌. അദ്ദേഹത്തിന്റെ ആത്മീയമായ സ്ഥാനം അന്ന്‌ തന്നെ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്‌. കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ വെറുമൊരു പണ്ഡിതനായിരുന്നില്ല. അദ്ദേഹത്തിന്റെ മരണസമയത്ത്‌ ഞാന്‍ മമ്പറത്തായിരുന്നു. അറിഞ്ഞയുടന്‍ പട്ടിക്കാട്ടെത്തി. ശേഷം മലപ്പുറത്തും ഞാന്‍ വന്നിരുന്നു. കുറേ കഴിഞ്ഞിട്ടാണ്‌ ഞാന്‍ പോന്നത്‌. നല്ല ജനം കൂടിയിരുന്നല്ലേ?

കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരെപ്പോലോത്തെ പണ്ഡിതരെയാണ്‌ നമുക്ക്‌ വേണ്ടത്‌. ഏത്‌ വിഷയത്തിലും തികഞ്ഞ പണ്ഡിതനല്ലേ അദ്ദേഹം. അല്ലാഹുമഗ്‌ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. കൂടെ നമുക്കും അല്ലാഹു സ്വര്‍ഗ്ഗം പ്രധാനം ചെയ്യട്ടെ. ആമീന്‍.

സയ്യിദ്‌ അബ്‌ദുറഹ്‌മാന്‍ ഇമ്പിച്ചികോയതങ്ങള്‍ അല്‍അസ്‌ഹരി
(സമസ്‌തയുടെ മുന്‍ പ്രസിഡണ്ടാണ്‌ ലേഖകന്‍)

Thursday, June 27, 2013

ലളിത ജീവിതം; എളിമയുടെ പര്യായം


      ജീവിത ലാളിത്യമാണ് ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍. വരക്കല്‍ മുല്ലക്കോയ തങ്ങളും പാങ്ങില്‍ അഹമ്മദ്കുട്ടി മുസ്‌ല്യാരും വാളക്കുളം അബ്ദുല്‍ബാരി മുസ്‌ലിയാരും ശൈഖുനാ കണ്ണിയത്ത് ഉസ്താദുമൊക്കെ ഊര്‍ജം പകര്‍ന്ന അതേ പീഠത്തിലിരുന്ന് സമുദായത്തെ നയിക്കാന്‍ എന്തുകൊണ്ടും അര്‍ഹനായ പിന്‍ഗാമി. കേരളീയ മതവൈജ്ഞാനിക രംഗത്ത് ജീവിച്ചിരിക്കുന്ന കര്‍മ്മശാസ്ത്ര പണ്ഡിതരില്‍ ഏറ്റവും ശ്രദ്ധേയന്‍.ദര്‍സി അധ്യാപന രംഗത്ത് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുകയും സമസ്ത മുശാവറയില്‍ 42 വര്‍ഷം പിന്നിടുകയും ചെയ്ത ശൈഖുനായുടെ തഴക്കവും പഴക്കവും പരിചയ സമ്പത്തും നേതൃരംഗത്ത് പ്രസ്ഥാനത്തിന്റെ വലിയ മുതല്‍കൂട്ടായിരുന്നു. സമസ്തയില്‍ ഏറ്റവും പഴക്കമുള്ള മുശാവറ മെമ്പറും ശൈഖുനയായിരുന്നു.

പ്രശ്‌നങ്ങള്‍ തീര്‍ക്കാനും മസ്അലകള്‍ ചോദിക്കാനും പലരും അവസാനമായി എത്തുക പട്ടിക്കാട് ജാമിഅയുടെ പഴയ ബ്ലോക്ക് ശൈഖുനാ ശംസുല്‍ ഉലമ കഴിഞ്ഞിരുന്ന ഒന്നാം നമ്പര്‍ മുറിയിലാണ്. അതാണ് കാളമ്പാടി ഉസ്താദിന്റെ ദീനീസേവനത്തിന്റെ കേന്ദ്രം. അല്ലെങ്കില്‍ മലപ്പുറം കാവുങ്ങല്‍ നിന്ന് കാളമ്പാടിയിലിറങ്ങി നടന്നു മാത്രം പോകാന്‍ പറ്റുന്ന ഇടുങ്ങിയ വഴി അവസാനിക്കുന്ന പുഴയോരത്തെ കവുങ്ങിന്‍തോട്ടത്തിലുള്ള ഓടിട്ട കൊച്ചു പുരയിടം. ശൈഖുനാ കണ്ണിയത്തുസ്താദിന്റെ വീട്ടിലേക്ക് റോഡുണ്ടായിരുന്നില്ല എന്ന ഓര്‍മ്മകളില്‍ കാളമ്പാടി ഉസ്താദിന്റെ വീട്ടിലേക്കും സമുദായം നടക്കുന്നു. സംഘടനാരീതികള്‍ക്കപ്പുറം സമസ്തയുടെ മുശാവറ മെമ്പര്‍ സ്ഥാനത്തു നിന്ന് പ്രസിഡണ്ട് പദത്തിലേക്ക് ശൈഖുന കണ്ണിയത്ത് ഉസ്താദ് തെരഞ്ഞെടുക്കപ്പെട്ടത് പോലെതന്നെയാണ് 2004 സപ്തംബര്‍ 8ന് മെമ്പര്‍ സ്ഥാനത്ത് നിന്ന് കാളമ്പാടി ഉസ്താദും പ്രസിഡണ്ട് പദവിയിലെത്തുന്നത്.

എന്തു പ്രശ്‌നവുമായി സമീപിച്ചാലും കക്ഷികള്‍ പരിപൂര്‍ണ തൃപ്തരായിട്ടേ പോകൂ എന്നത് ഉസ്താദിന്റെ ആഴമേറിയ കര്‍മ്മശാസ്ത്ര പാണ്ഡിത്യത്തിന്റെ തെളിവാണ്. കേസുമായി വരുന്നവരെ വേണ്ടതുപോലെ വിചാരണ ചെയ്ത് അന്തിമമായി വിധി പറഞ്ഞാല്‍ മറ്റൊരു വിധിക്ക് തീര്‍പ്പാക്കാനോ വിവാദങ്ങള്‍ക്കോ സ്ഥാനമില്ലെന്നാണ് ശൈഖുനായുടെ ചരിത്രം.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉമയുടെ ചരിത്രത്തിലെ പല നിര്‍ണായകഘട്ടങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും സാക്ഷിയാവുകയും നേതൃത്വം നല്‍കുകയും ചെയ്ത കാളമ്പാടി ഉസ്താദിന്റെ ഓര്‍മ്മകളും അനുഭവങ്ങളും പുതിയ തലമുറയിലെ പ്രബോധകര്‍ക്ക് നിരവധി പാഠങ്ങള്‍ നല്‍കുന്നവയാണ്.

വിവിധ പേരിലറിയപ്പെട്ട ത്വരീഖത്ത് വിവാദങ്ങള്‍, അഖില, സംസ്ഥാന തുടങ്ങിയ സംഘടനകള്‍, ത്വലാഖ് സംവാദം ഉള്‍പ്പെടെയുള്ള സംവാദങ്ങള്‍, എന്തെങ്കിലും പ്രതിസന്ധിയോ വെല്ലുവിളികളോ സമസ്തക്ക് ഉണ്ടാക്കിയോ എന്ന് ചോദിച്ചപ്പോള്‍ സമസ്തക്ക് ഒരു പ്രശ്‌നവും പ്രതിസന്ധിയും ഒരു ഘട്ടത്തിലും ഉണ്ടാക്കിയിട്ടില്ല, സമസ്ത മഹാന്മാരായ ആലിമീങ്ങള്‍ ഇഖ്‌ലാസോടെ ഉണ്ടാക്കിയതാണ്. അതിനൊരു പോറലും ഒരാള്‍ക്കുമുണ്ടാക്കാന്‍ കഴിയില്ല എന്നായിരുന്നു മറുപടി. പിതാമഹന്‍ കുഞ്ഞിമൊയ്തീന്‍ മുസ്‌ലിയാര്‍ പ്രദേശത്തെ ഖാസിയായിരുന്നു. അരീക്കത്ത് ഹാജി അബ്ദുറഹിമാന്‍ മൊല്ലയാണ് പിതാവ്. തറയില്‍ ആഇശ ഹജ്ജുമ്മ മാതാവും. പന്ത്രണ്ട് മക്കളില്‍ മൂത്തയാളായിരുന്നു കാളമ്പാടി.

കുന്നുമ്മല്‍ എയ്ഡഡ് മാപ്പിള സ്‌കൂളില്‍ നിന്നായിരുന്നു പ്രാഥമികപഠനം. അഞ്ചാംക്ലാസ് വരെ പഠനം തുടര്‍ന്നു. മമ്മുക്കുട്ടി മൊല്ലയുടെ കീഴില്‍ സ്‌കൂളില്‍ വെച്ച് തന്നെ ഓത്തും പഠിച്ചിരുന്നു. ഇക്കാലയളവില്‍ കുന്നുമ്മലെ ദര്‍സില്‍ തന്നെ മതപഠനത്തിനും പോയി. സൈതാലിക്കുട്ടി മൗലവിയായിരുന്നു ദര്‍സിലെ ഉസ്താദ്.കൂട്ടിലങ്ങാടി പള്ളിയില്‍ കുഞ്ഞബ്ദുല്ല മുസ്‌ല്യാരുടെ ദര്‍സില്‍ നിന്നാണ് സ്വന്തമായി ദര്‍സ് പഠനം തുടങ്ങുന്നത്. പിന്നീട് പഴമള്ളൂരില്‍ അഹമ്മദ്കുട്ടി മുസ്‌ല്യാരുടെ ദര്‍സിലും ശേഷം മക്കരപ്പറമ്പ് വറ്റലൂരില്‍ പെരുമ്പലം ബാപ്പുട്ടി മുസ്‌ല്യാരുടെ ദര്‍സിലും അതിനുശേഷം എടരിക്കോട് പാലച്ചിറമാട് ദര്‍സില്‍ ചെറുശ്ശോല കുഞ്ഞിമുഹമ്മദ് മുസ്‌ല്യാരുടെ കീഴിലും പഠിച്ചു പിന്നീടാണ് കോട്ടുമല ഉസ്താദിന്റെ ദര്‍സില്‍ ചേര്‍ന്നത്.അവിടുന്ന് വെല്ലൂര്‍ ബാഖിയാത്തിലേക്ക് ഉപരിപഠനത്തിനുപോയി. രണ്ടാം റാങ്കോടെ 1961-ല്‍ ബാഖവി ബിരുദം നേടി.

1961 മുതല്‍ വിവിധ സ്ഥലങ്ങളില്‍ ദര്‍സ് നടത്തി. 1993 മുതല്‍ ജാമിഅയില്‍ അധ്യാപനം തുടരുന്നു. ശൈഖുനാ 1969-ല്‍ തന്റെ 35-ാം വയസ്സില്‍ അരീക്കോട് വലിയ ജുമാമസ്ജിദില്‍ ദര്‍സ് നടത്തുന്ന കാലത്താണ് സമസ്ത മുശാവറയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍, കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ, കോട്ടുമല ഉസ്താദ്, വാണിയമ്പലം ഉസ്താദ് തുടങ്ങിയ മുന്‍കാല നേതാക്കളുമായൊക്കെ ബന്ധമുണ്ടായിരുന്നു. ബഷീര്‍ മുസ്‌ലിയാര്‍, ഹൈദ്രോസ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ക്കൊപ്പം ധാരാളം പ്രവര്‍ത്തിച്ചു.കോട്ടുമല ഉസ്താദിന്റെ പരപ്പനങ്ങാടി പനയത്ത് പ്രശസ്തമായിരുന്ന ദര്‍സില്‍ മൂന്നര കൊല്ലം പഠിച്ചു. അവിടെ നിന്നാണ് 1958-ല്‍ വെല്ലൂര്‍ ബാഖിയാത്തിലേക്ക് ബിരുദത്തിന് പോയത്. അതുകൊണ്ട് തന്നെ ഉസ്താദുമായി വളരെ അടുത്തബന്ധമായിരുന്നു.

മഹല്ലുകളുടെ ഭദ്രതക്ക് നമ്മുടെ പാരമ്പര്യ രീതികള്‍തന്നെ തുടരണം. പണ്ഡിതന്‍മാരും ഉമറാക്കളും ഒത്തൊരുമിച്ച് നിന്നു നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തണം. ബിദ്അത്തുകാര്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുകയും സുന്നത്ത് ജമാഅത്തിന്റെ ആചാരങ്ങള്‍ നടപ്പില്‍ വരുത്തുകയും വേണം. മസ്അലകള്‍ തീര്‍പ്പാക്കുന്നതും കാര്യങ്ങള്‍ നടത്തുന്നതും അതാത് മഹല്ലിലെ ഖാളി ഖത്തീബുമാര്‍ മുഖേനയാവണം. ഓരോരുത്തരും മസ്അല പറയാനും അഭിപ്രായം പറയാനും നിന്നാല്‍ നാട്ടില്‍ അനൈക്യം ഉണ്ടാകും. ഇതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
മുദ്‌രിസുമാര്‍ അവരുടെ കാര്യമായ സമയം ദര്‍സിന് വേണ്ടി ചെലവഴിക്കണം. മറ്റു പണികള്‍ക്കിടയില്‍ ദര്‍സ് നടത്തിയാല്‍ നിലനില്‍ക്കില്ല. കിതാബുകള്‍ മുത്വാലഅ ചെയ്യാനും ഓതിക്കൊടുക്കാനും കാര്യമായി മെനക്കെടുകയും അതില്‍ ആത്മാര്‍ത്ഥത കാണിക്കുകയും വേണം. നല്ല മുദരിസുമാര്‍ക്ക് ധാരാളം കുട്ടികളെയും കിട്ടും. ജനങ്ങള്‍ സഹായിക്കുകയും ചെയ്യും. പണ്ഡിതന്മാര്‍ തന്നെയാണ് ഉല്‍സാഹിക്കേണ്ടത്.

ത്വരീഖത്ത് എന്നു പറയുന്നത് കൂടുതല്‍ ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ട മേഖലയാണ്. ശരീഅത്തിന് വിരുദ്ധമായ ത്വരീഖത്തുകളെ മാത്രമാണ് സമസ്ത എതിര്‍ത്തിട്ടുള്ളത്. ശരീഅത്തിന് വിരുദ്ധമല്ലാത്ത ത്വരീഖത്തുകളെയോ അത്തരം ത്വരീഖത്തുകളുടെ മശാഇഖന്മാരെ ബൈഅത്ത് ചെയ്യുന്നതിനെയോ മശാഇഖന്മാരില്‍ നിന്ന് ഇജാസത്ത് വാങ്ങുന്നതിനെയോ സമസ്ത എതിര്‍ത്തിട്ടില്ല. പൊതുജനങ്ങള്‍ ഇന്ന ത്വരീഖത്ത് സ്വീകരിക്കണം എന്ന് സമസ്ത നിര്‍ദ്ദേശിച്ചിട്ടില്ല. അഹ്‌ലു സുന്നത്തി വല്‍ ജമാഅത്തിന്റെ മുന്‍കാലക്കാരായ ഇമാമീങ്ങളും ആലിമീങ്ങളും ഈമാന്‍ സലാമത്താകാനുള്ള കാര്യങ്ങളും അമല്‍ ചെയ്യേണ്ട കാര്യങ്ങളുമെല്ലാം പഠിപ്പിച്ചിട്ടുണ്ട്.
സ്വഹാബത്തിന്റെ കാലത്ത് തുടങ്ങിയ നാട്ടിലെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് മഖ്ദൂമി പണ്ഡിതന്മാരാണ് നേതൃത്വം വഹിച്ചത്. അവരുടെ പരമ്പരയിലാണ് സമസ്തയുണ്ടായത്. മഹാന്മാരും കറകളഞ്ഞവരുമായ ആലിമീങ്ങളാണ് സമസ്തക്ക് അടിത്തറ പാകിയതും നേതൃത്വം നല്‍കിയതും അവരെ വിട്ട് മറ്റുള്ളവരുടെ കൂടെ പോയാല്‍ രക്ഷകിട്ടുകയില്ല. മണ്‍മറഞ്ഞ നേതാക്കള്‍ ഊണും ഉറക്കവുമൊഴിച്ച് ഓടിനടന്നാണ് ഈ പ്രസ്ഥാനം വളര്‍ത്തിയത്. അവരെ എല്ലാനിലക്കും പിന്‍പറ്റണം.ഇല്‍മിന്റെ അഹ്‌ലുകാര്‍ നിരന്തരമായി കിത്താബുകള്‍ മത്വാലഅ ചെയ്യണം. ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളായ അകീദ, ഫിഖ്ഹ്, തസ്വവ്വുഫ് തുടങ്ങിയവ വേണ്ട രീതിയില്‍ ഉറപ്പിക്കണം. പണ്ഡിതന്മാര്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റണം.

(സമസ്തയുടെ 85-ാം വാര്‍ഷിക സുവനീറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്ന്)

തനിമ ചോരാത്ത ജ്ഞാന തിളക്കം

 മലപ്പുറം നഗരത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു ഗ്രാമപ്രദേശമാണ് കാളമ്പാടി. ‘സമസ്ത’ എന്ന കേരള മുസ്‌ലിം രാജവീഥിയുടെ സ്ഥാപകനേതാക്കളില്‍ പ്രമുഖനും ശംസുല്‍ ഉലമയും കൂറ്റനാട് കെ.വി.ഉസ്താദുമടക്കമുള്ള നിരവധി പണ്ഡിതപ്രതിഭകളുടെ ഉസ്താദുമായിരുന്ന ശൈഖുനാ കോമു മുസ്‌ലിയാരും നൂറുകണക്കിന് പണ്ഡിതന്മാര്‍ക്ക് ഗുരുത്വം പകര്‍ന്ന് കൊടുത്ത പണ്ഡിത കുലപതി ശൈഖുനാ കോട്ടുമല അബൂബക്ര്‍ മുസ്‌ലിയാരും വളര്‍ന്നതും ജീവിച്ചതും ഈ പ്രദേശത്താണ്. ധന്യമായ ഈ ജീവിതങ്ങള്‍ കൊണ്ട് ഇവിടം അനുഗ്രഹിക്കപ്പെട്ടുവെങ്കിലും മാലോകര്‍ അറിഞ്ഞ ഈ വലിയ വ്യക്തിത്വങ്ങള്‍ക്കൊപ്പം പക്ഷേ, ഈ നാട് പറഞ്ഞു കേട്ടിരുന്നില്ല.

കോട്ടുമല ഉസ്താദ് ഏറെക്കാലം ദര്‍സ് നടത്തിയ വേങ്ങരക്കടുത്ത കോട്ടുമല എന്ന ദേശമാണ് ആ മഹാന്റെ പേരിനൊപ്പം അടയാളപ്പെട്ടു കിടക്കുന്നത്. അദ്ദേഹത്തിന്റെ ഏകമകനും സമസ്തകേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയുമായ ഉസ്താദ് കോട്ടുമല ബാപ്പു മുസ്‌ലിയാരും താമസിക്കുന്നത് കാളമ്പാടിയിലാണെങ്കിലും പിതാവിനെ പോലെ തന്നെ കോട്ടുമല എന്ന പ്രദേശം ചേര്‍ന്നാണ് അറിയപ്പെടുന്നത്. കോട്ടുമല ഉസ്താദിന്റെ നിത്യസ്മരണ നില നിര്‍ത്താന്‍ ശിഷ്യന്മാരും കുടുംബവും പാടുപെട്ടു പണിതുയര്‍ത്തിയ പ്രമുഖ ഇസ്‌ലാമിക കലാലയമായ കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സും നിലകൊള്ളുന്നത് കാളമ്പാടിയിലാണ്.

ഇസ്‌ലാമിക അറിവുകളുടെയും ജീവിതങ്ങളുടെയും മഹിതമായ സാന്നിധ്യംകൊണ്ട് ശ്രേഷ്ഠമായ ഈ പ്രദേശം. കേരള മുസ്‌ലിംകളുടെ മതപരമായ തീരുമാനങ്ങളുടെ അവസാന വാക്ക് ‘സമസ്ത’ എന്ന പണ്ഡിത പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷ പദവി വഹിക്കുന്ന പണ്ഡിത വര്യര്‍ ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ എന്ന നാമത്തിലൂടെ മുസ്‌ലിം സമാജത്തിന് ഇന്ന് ഏറെ സുപരിചിതമായി തീര്‍ന്നിരിക്കുന്നു.

‘സമസ്ത’യുടെ അമരസ്ഥാനം ആറുവര്‍ഷക്കാലമായി അനുഗൃഹീതമായി നിര്‍വ്വഹിക്കുന്ന കാളമ്പാടി ഉസ്താദിന്റെ വീട്, കാളമ്പാടി റോഡില്‍നിന്നു നടപ്പാതയിലൂടെ അല്‍പം പോയാല്‍ കാണുന്ന ഒരു കവുങ്ങിന്‍ തോട്ടത്തിലാണ്. സിമന്റിടാത്ത മേല്‍ക്കൂരയുടെ ചുമര് കവുങ്ങുകള്‍ക്കിടയിലൂടെ തെളിഞ്ഞുകാണാം. കോലായില്‍ ഒരു ചാരു കസേരയുണ്ട്. പഴമയുടെ അര്‍ത്ഥങ്ങളൊന്നും ചോര്‍ന്നിട്ടില്ല ആ വീട്ടിലും പരിസരത്തും. അതിനേക്കാള്‍ പഴമയും പാരമ്പര്യവും എന്നു മാത്രമല്ല ലാളിത്യവും എളിമയും സൂക്ഷ്മതയും എല്ലാം ചേര്‍ന്നതാണ് ആ പണ്ഡിത ശ്രേഷ്ഠര്‍.
എത്ര വലിയ പദവികള്‍ക്കിടയിലും കൂടുതല്‍ കുനിഞ്ഞിരുന്നേ ആ പണ്ഡിതനെ ആര്‍ക്കും കാണാനാകൂ. വിനയവും ലാളിത്യവുമുള്ള ആത്മജ്ഞാനികളുടെ തെളിഞ്ഞ അടയാളം. ചോദിക്കുന്നതിന് വേഗം മറുപടി കിട്ടിക്കൊള്ളണമെന്നില്ല. ചോദ്യത്തിന്റെ അരികുകളെല്ലാം ഉറപ്പു വരുത്തിയതിനു ശേഷം മറുപടി, കുറഞ്ഞ വാക്കുകളോടെ നാട്ടു ഭാഷയില്‍. മത വൈജ്ഞാനിക പ്രചരണ രംഗത്തും ‘സമസ്ത’യുടെ പ്രവര്‍ത്തന വഴികളിലും ഏറെക്കാലത്തെ അനുഭവങ്ങളുടെയും ഓര്‍മകളുടെയും നിറവുള്ള മഹാനാണ് കാളമ്പാടി ഉസ്താദ്.

‘സമസ്ത’ യുടെ ജീവിച്ചിരിക്കുന്ന മുശാവറ അംഗങ്ങളില്‍ ഏറ്റവും പഴക്കമുള്ളത് ഉസ്താദിനാണ്. ഉസ്താദിനും മുമ്പേ മുശാവറയില്‍ ഉണ്ടായിരുന്നവരില്‍ ഒടുവിലത്തെ സാന്നിധ്യം ഉസ്താദ് കെ.ടി.മാനു മുസ്‌ലിയാരുടേതായിരുന്നു. 1970-ല്‍ മാനു മുസ്‌ലിയാര്‍ മുശാവറയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1971-ല്‍ മെയ് രണ്ടിന് പട്ടിക്കാട് ജാമിഅയില്‍ ചേര്‍ന്ന മുശാവറ യോഗത്തില്‍ വെച്ചാണ് കാളമ്പാടി ഉസ്താദിനെ മുശാവറ അംഗമായി തെരഞ്ഞെടുക്കുന്നത്. എന്‍.കെ.മുഹമ്മദ് മുസ്‌ലിയാര്‍, ഉണ്ണിമോയിന്‍ ഹാജി തുടങ്ങിയവരെയും ഇതേ മുശാവറയില്‍ അംഗങ്ങളായി തെരഞ്ഞെടുത്തും റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരായിരുന്നു ‘സമസ്ത’ യുടെ അക്കാലത്തെ പ്രസിഡന്റ്.

സമസ്തയുടെ മഹിതമായ സന്ദേശം നാടുകളില്‍ എത്തിക്കാനും മദ്‌റസകള്‍ സ്ഥാപിക്കാനും ഏറെ സഞ്ചരിക്കുകയും ത്യാഗം സഹിക്കുകയും ചെയ്ത കാളമ്പാടി ഉസ്താദ് ഒരു കാലത്തും പദവികളോ അലങ്കാരങ്ങളോ ആഗ്രഹിച്ചില്ല. സ്വന്തം പ്രവര്‍ത്തനങ്ങളെയും സേവനങ്ങളേയും കുറിച്ചു പറയാനും തയ്യാറല്ല. മൈത്ര, അരീക്കോട് എന്നിവിടങ്ങളില്‍ മുദരിസായിരുന്ന കാലത്ത് അരീക്കോടിന്റെ ഉള്‍നാടുകളില്‍ മദ്‌റസകള്‍ സ്ഥാപിക്കാന്‍ ഉസ്താദ് നടത്തിയ ത്യാഗ വഴികളെ കുറിച്ച് മര്‍ഹൂം ആനക്കര സി. കുഞ്ഞഹ്മദ് മുസ്‌ലിയാര്‍ പറയാറുള്ളതായി ‘സമസ്ത’ യുടെ ചരിത്രകാരനും മുശാവറ അംഗവുമായ പി.പി.മുഹമ്മദ് ഫൈസി പറയുന്നു.
അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന്റെ ആശയം ജീവിതത്തിന്റെ വിജയ വഴിയാണെന്ന് ജനതയെ ഓര്‍മിപിക്കാനും പഠിപ്പിക്കാനും ഒരു കാലത്ത് ഉസ്താദ് നടത്തിയ നിസ്വാര്‍ത്ഥമായ ശ്രമങ്ങള്‍ ഈ പ്രസ്ഥാനത്തിന്റെ ചരിത്ര സാന്നിധ്യമാണ്. അല്ലാഹുവിന്റെ തൃപ്തിയില്‍ മാത്രം പ്രതീക്ഷയും ആഗ്രഹവും സമര്‍പ്പിച്ചുള്ള നേരങ്ങള്‍.

ഒരു പ്രത്യേക വിളിയാളമായാണ് ഉസ്താദ് കേരള മുസ്‌ലിംകളുടെ ആത്മീയ അമരത്തേക്ക് വരുന്നത്. അഭിവന്ദ്യരായ അസ്ഹരിതങ്ങളുടെ ഒഴിവിലേക്ക് ആരെ നിശ്ചയിക്കുമെന്നതിന് ഉമറലി തങ്ങളടക്കമുള്ള സാദാത്തുക്കള്‍ക്കും പണ്ഡിതന്മാര്‍ക്കും നിര്‍ദ്ദേശിക്കാനുണ്ടായിരുന്നത് ഈ ശ്രേഷ്ഠ വ്യക്തിത്വത്തെയായിരുന്നു. സര്‍വ്വരാലും അംഗീകരിക്കപ്പെട്ടു. സമുദായത്തിന്റെ പഴയകാല ആലിമീങ്ങളുടെ എല്ലാ വിശേഷണങ്ങളും ചേര്‍ന്നതാണിതെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടായില്ല. ഭൗതിക ഭ്രമത്തിന്റെ കൈയേറ്റങ്ങളിലും പക്വതയും ആര്‍ജവവും നഷ്ടപ്പെടാത്ത കാളമ്പാടി ഉസ്താദ് വര്‍ത്തമാന സമുദായത്തിന്റെ അനുഗ്രഹമാണ്.
പ്രായവും ക്ഷീണവും ശരീരത്തില്‍ തെളിയുന്നുണ്ടെങ്കിലും അനിവാര്യമായ പരിപാടികള്‍ക്കൊക്കെ ഉസ്താദ് പോകും. നിരന്തരമായി എല്ലായിടത്തും പോകാറില്ല. എളിമയാര്‍ന്ന ഈ പണ്ഡിത സാന്നിധ്യം ഈ ലോകത്ത് ഇനിയും ഏറെയുണ്ടാകണേ എന്നത് ഓരോരുത്തരുടെയും പ്രാര്‍ത്ഥനയാണ്.

പഠനം, സേവനം, കുടുംബം
1934-ല്‍ അരിക്കത്ത് അബ്ദുര്‍റഹ്മാന്‍ ഹാജിയുടെയും ആഇശയുടെയും മൂത്തമകനായി ജനിച്ച കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ ജ്ഞാനത്തിന്റെ ആദ്യനാളങ്ങള്‍ സ്വീകരിക്കുന്നത് പിതാവില്‍ നിന്നുതന്നെയാണ്.
പിന്നീട്, മലപ്പുറത്തെ എയിഡഡ് മാപ്പിളസ്‌കൂളില്‍പോയി രാവിലെ പത്ത്മണിവരെ അവിടെനിന്ന് ദീനിയ്യാത്തും അമലിയ്യാത്തുമൊക്കെ പഠിച്ചു. പുലാമന്തോള്‍ മമ്മൂട്ടിമൊല്ലാക്കയായിരുന്നു ഉസ്താദ്. പത്തുമണി കഴിഞ്ഞാല്‍ സ്‌കൂള്‍ പഠനമാണ് അവിടെ നടന്നിരുന്നത്. അഞ്ചാംക്ലാസ് വരെ അവിടെ തന്നെപോയി. മലപ്പുറം കുന്നുമ്മല്‍ പള്ളിയില്‍ രമാപുരത്തുകാരന്‍ സൈതാലിക്കുട്ടി മുസ്‌ലിയാര്‍ ദര്‍സ് നടത്തിയിരുന്നു. അവിടെനിന്നു മുതഫര്‍രിദ് പഠിച്ചു. അറിവിന്റെ ഉത്തുംഗമായ ലോകത്തേക്ക് അങ്ങനെ ഔപചാരികമായി പ്രവേശിച്ചു.

ഒരു കൊല്ലത്തിനു ശേഷം കൂട്ടിലങ്ങാടി പള്ളിയിലെ കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. നഹ്‌വിന്റെ ബാലപാഠങ്ങള്‍ രണ്ടുവര്‍ഷത്തോളം നീണ്ടുനിന്ന ഇവിടെത്തെ പഠനകാലത്താണ് തൊട്ടറിയുന്നത്. പിന്നീട് വടക്കാങ്ങര അഹ്മദ് കുട്ടി മുസ്‌ലിയാരുടെ പഴമള്ളൂര്‍ ദര്‍സില്‍ മൂന്നു വര്‍ഷം പഠിച്ചു. ഫത്ഹുല്‍ മുഈന്‍, അല്‍ഫിയ്യ, ജലാലൈനി മുതലായവ ഇവിടെ നിന്നാണ് ഓതുന്നത്. ശേഷം പെരിമ്പലം ബാപ്പുട്ടിമുസ്‌ലിയാരുടെ വറ്റലൂര്‍ ദര്‍സില്‍. ആറുമാസം നീണ്ടുനിന്ന ഈ കാലയളവില്‍ മുഖ്തസ്വര്‍, നഫാഇസ്, ശര്‍ഹുത്തഹ്ദീബ് തുടങ്ങിയവ പഠിച്ചു. പിന്നീട് എടരിക്കോട് പാലച്ചിറമാട്ടില്‍ ചെറുശോല കുഞ്ഞഹ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ രണ്ടുവര്‍ഷം. മുഖ്തസ്വറിന്റെ ബാക്കി ഭാഗങ്ങള്‍, ഖുത്വുബി, മുസ്‌ലിം മുതലായവ ഇവിടെനിന്നു പഠിച്ചു.
ശേഷം പരപ്പനങ്ങാടി പനയത്തില്‍ പള്ളിയിലെ കോട്ടുമല ഉസ്താദിന്റെ പ്രശസ്തമായ ദാര്‍സില്‍ ചേര്‍ന്നു. സമസ്തയുടെ ചരിത്രത്തില്‍ ചിന്തകൊണ്ടും കര്‍മംകൊണ്ടും പാണ്ഡിത്യം കൊണ്ടുമെല്ലാം ഇതിഹാസത്തിന്റെ ലോകം സൃഷ്ടിച്ച പല മഹാ പ്രതിഭകളെയും സംഭാവന ചെയ്യാന്‍ കോട്ടുമല ഉസ്താദിന്റെ ഈ ദര്‍സിനും കോട്ടുമലയിലെ ദര്‍സിനും സാധിച്ചിട്ടുണ്ട്.
ഇ.കെ.ഹസന്‍ മുസ്‌ലിയാരും എം.എം.ബശീര്‍ മുസ്‌ലിയാരുമൊക്കെ കോട്ടുമല ഉസ്താദ് ഈ ദര്‍സുകളിലൂടെ സമുദായത്തിനു നല്‍കിയ അനുഗ്രഹങ്ങളായിരുന്നു. പ്രമുഖ പണ്ഡിതനും മുശാവറ അംഗവുമായ ഒ.കെ.അര്‍മിയാഅ് മുസ്‌ലിയാര്‍ പനയത്തില്‍ ദര്‍സില്‍ കാളമ്പാടി ഉസ്താദിന്റെ സഹപാഠിയാണ്.

ശര്‍ഹുല്‍ അഖാഇദ്, ബൈളാവി, ബുഖാരി, ജംഅ്, മഹല്ലി തുടങ്ങിയ കിതാബുകള്‍ കോട്ടുമല ഉസ്താദില്‍ നിന്നാണ് ഓതുന്നത്. ഇവിടത്തെ രണ്ടു വര്‍ഷ പഠനത്തിനു ശേഷം 1959-ല്‍ വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തിലേക്ക് ഉപരി പഠനത്തിനു പുറപ്പെട്ടു. ശൈഖ് ആദം ഹസ്രത്ത്, അബൂബക്ര്‍ ഹസ്രത്ത്, ശൈഖ് ഹസന്‍ ഹസ്‌റത്ത് തുടങ്ങിയവരായിരുന്നു. വെല്ലൂരിലെ അക്കാലത്തെ പ്രഗത്ഭ ഉസ്താദുമാര്‍. 1961-ല്‍ ബാഖവി ബിരുദമെടുത്തു.
അരീക്കോട് ജുമാമസ്ജിദില്‍ മുദര്‍രിസായി ചേര്‍ന്നാണ് ഉസ്താദ് സേവനത്തിനു ആരംഭം കുറിച്ചത്. ഖുത്വുബയും ഖാളിസ്ഥാനവുമൊന്നും ഉണ്ടായിരുന്നില്ല. ദര്‍സ് മാത്രം. ഇവിടത്തെ 12 വര്‍ഷസേവനത്തിനു ശേഷം മൈത്രയിലേക്ക് സേവനം മാറ്റി. ഖാളിസ്ഥാനവും കൂടിയുണ്ടായിരുന്നു. രണ്ടു വര്‍ഷം ഇവിടെ തുടര്‍ന്നു.പിന്നീട് മുണ്ടക്കുളം ഒരു വര്‍ഷം, കാച്ചിനിക്കാട് ഒരു വര്‍ഷം, മുണ്ടുപറമ്പ് ഒരു വര്‍ഷം, നെല്ലിക്കുത്ത് പത്ത് വര്‍ഷം, കിടങ്ങയം അഞ്ച് വര്‍ഷം. 1993-മുതല്‍ പട്ടിക്കാട് ജാമിഅനൂരിയയിലാണ്. രണ്ടു തവണ ഉസ്താദ് ഹജ്ജ്കര്‍മം നിര്‍വ്വഹിച്ചു. ഒന്ന് ഗവണ്‍മെന്റ് കോട്ടയിലും മറ്റൊന്ന് എസ്.വൈ.എസ് ഹജ്ജ് ഗ്രൂപ്പിലും.

1959-ല്‍ ശൈഖുനാ കോമു മുസ്‌ലിയാരുടെ സഹോദരനായ മുണ്ടേല്‍ അഹ്മദ് ഹാജിയുടെ മകള്‍ ഫാത്വിമയെ വിവാഹം ചെയ്തു. മക്കള്‍: അഡ്വ.അയ്യൂബ് (മലപ്പുറം മുന്‍സിപ്പല്‍ കൗണ്‍സിലര്‍), അബ്ബാസ് ഫൈസി, ഉമര്‍, അബ്ദുല്‍ അസീസ്, അബ്ദുസ്വമദ് ഫൈസി, അബ്ദുറഹ്മാന്‍, സ്വഫിയ റുഖയ്യ, ജമീല. ജാമാതാക്കള്‍: മായിന്‍കുട്ടി ഫൈസി കിഴിശ്ശേരി, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഇരുമ്പുഴി, മുഹമ്മദ് ഫൈസി വള്ളുവങ്ങാട്, ആഇശ സുല്‍ഫത്ത്, ഹഫ്‌സത്ത്, വാഹിദ, സാബിറ, മുഹ്‌സിന.

Oct. 02

വിനയത്തിന്റെ മുദ്ര; തുളുമ്പാത്ത നിറകുടം


       മുസ്‌ലിം കേരളത്തിന്റെ ഉന്നതമായ പണ്ഡിതശ്രേണിയിലുള്ള ഒരാള്‍ കൂടി വിട്ടുപിരിഞ്ഞു. 43 വര്‍ഷക്കാലം സമസ്ത:യുടെ മുശാവറ അംഗവും എട്ടു വര്‍ഷത്തോളം അതിന്റെ അധ്യക്ഷനുമായിരുന്ന ഗുരുവര്യന്‍. കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ നിര്യാണത്തോടെ കേരളത്തിലെ പണ്ഡിത സമൂഹത്തിലെ മുന്‍നിരയിലാണ് വിടവുവന്നിരിക്കുന്നത്.
ഒരാള്‍ പോകുമ്പോള്‍ തുല്യപകരക്കാരില്ലാത്ത വ്യഥ, അനുഭവിച്ചുകൊണ്ടിരിക്കുകയാണ് സമുദായം. നാനാഭാഗങ്ങളില്‍ നിന്ന് അനേകതരം അധാര്‍മികതകള്‍ സമൂഹത്തെ വരിഞ്ഞുമുറുക്കുമ്പോഴാണ് പരിഹാരം കാണേണ്ടവര്‍ പിരിഞ്ഞുപോയിക്കൊണ്ടിരിക്കുന്നത്.

പാണ്ഡിത്യവും പക്വതയും ജീവിതലാളിത്യവുംകൊണ്ട് ആധുനിക പണ്ഡിത സമൂഹത്തിന് റോള്‍ മോഡലായി നില്‍ക്കാന്‍ സാധിച്ചു എന്നതാണ് കാളമ്പാടി ഉസ്താദില്‍ നിന്ന് പകര്‍ത്തിയെടുക്കാവുന്ന മാതൃക. ആധുനികതയുടെ പരിവേഷങ്ങളെ മുഴുവന്‍ പടിക്കുപുറത്തുനിര്‍ത്തുകയും ആഢംബരങ്ങളെ ഇഛാശക്തികൊണ്ട് ബഹിഷ്‌ക്കരിക്കുകയും ജീവിതസൗകര്യങ്ങളെ ബോധപൂര്‍വം ത്യജിക്കുകയും ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.തന്റെ ആദ്യഗുരു, പിതാവ് തന്നെയായിരുന്നു. പിതാവിന്റെ സാത്വികതയും സൂക്ഷ്മതയും ജീവിത ദര്‍ശനമായെടുത്തുതുകൊണ്ട് തുടര്‍ന്നുവന്ന ഗുരുനാഥന്‍മാരൊക്കെയും സ്‌നേഹത്തിനും അപ്പുറത്തുള്ള ആദരവ് തന്നെ ഈ ശിഷ്യനു നല്‍കി.
ചെറുശ്ശോല കുഞ്ഞുമുഹമ്മദു മുസ്‌ലിയാര്‍, കോട്ടുമല ഉസ്താദ് തുടങ്ങിയവര്‍ അദ്ദേഹത്തിന് നല്‍കിയ സ്ഥാനം കേവലമൊരു ശിഷ്യന്‍ എന്നതിനും അപ്പുറത്തായിരുന്നു.
ശൈഖ് ആദം ഹസ്രത്ത്, ശൈഖ് ഹസന്‍ ഹസ്രത്ത്, അബൂബക്കര്‍ ഹസ്രത്ത് തുടങ്ങിയ സൂഫിവര്യരുടെ ശിഷ്യത്വം കാളമ്പാടി ഉസ്താദിനെ ആത്മീയതയോട് കൂടുതല്‍ അടുപ്പിക്കുകയും ഇഹജീവിതത്തിന്റെ വിരക്തിയില്‍ വിലയിപ്പിക്കുകയും ചെയ്തു.

കേരളീയ പണ്ഡിതസമൂഹത്തിന്റെ നിറവിളക്കായി കത്തിനിന്ന കണ്ണിയത്ത് ഉസ്താദാണ് അദ്ദേഹത്തെ സമസ്ത:യുടെ മുശാവറ അംഗമായി നിയോഗിച്ചത്. തനിക്കു ശേഷം ആരൊക്കെയെന്ന കണ്ണിയത്തിന്റെ നിഷ്‌കളങ്കമായ ആശങ്കയുടെ ഉത്തരമായിരുന്നു കാളമ്പാടിയെന്ന് ന്യായമായും വിശ്വസിക്കാനാവും.കണ്ണിയത്ത് ഇരുന്ന സമസ്ത:യുടെ പരമാധികാര പദവിയിലാണ് വിയോഗവേളയില്‍ കാളമ്പാടി ഉസ്താദ് ഉണ്ടായിരുന്നത്. പൂര്‍വികരെപ്പോലെത്തന്നെ ആ പദവി കുറ്റമറ്റതാക്കി കൊണ്ടുനടക്കുന്നതില്‍ അതീവ സൂക്ഷ്മത അദ്ദേഹം കാണിച്ചു. അറിവിന്റെ ആഴങ്ങളില്‍ തുളുമ്പാതെയും അംഗീകാരത്തിന്റെ പുളപ്പില്‍ അഹങ്കരിക്കാതെയും അല്ലാഹു ഭരമേല്‍പിച്ചതില്‍ ഭയന്നുമാണ് സമസ്ത:യുടെ പദവി അദ്ദേഹം അലങ്കരിച്ചത്.
ഖലീഫാ ഉമര്‍ ഒരിക്കല്‍ പ്രസംഗമധ്യെ പറഞ്ഞു: ജനങ്ങളെ, നിങ്ങള്‍ പരസ്പരം വിനയമുള്ളവരാവുക. എന്തുകൊണ്ടെന്നാല്‍ പ്രവാചകന്‍ ഒരിക്കല്‍ പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്; അല്ലാഹുവിന്റെ പേരില്‍ ആരെങ്കിലും വിനയാന്വിതനായാല്‍ അല്ലാഹു അവനെ ഉന്നതനാക്കും. അപ്പോളവന്‍ സ്വന്തം ദൃഷ്ടിയില്‍ ചെറിയവനും ജന ദൃഷ്ടിയില്‍ മഹാനുമായിരിക്കും. വല്ലവനും അഹങ്കരിക്കുന്നവനായാല്‍ അല്ലാഹു അവനെ താഴ്ത്തിക്കളയും. അപ്പോളവന്‍ ജനദൃഷ്ടിയില്‍ നീചനും സ്വന്തം ദൃഷ്ടിയില്‍ മഹാനുമായിരിക്കുമെങ്കിലും മനുഷ്യര്‍ക്കിടയില്‍ നായ്ക്കളെയും പന്നികളെയും കാള്‍ നികൃഷ്ടനായിരിക്കും”.പ്രവാചകനെ ഉദ്ധരിച്ച് ഖലീഫ ഉമര്‍ നടത്തിയ ഈ പ്രഭാഷണത്തിലൂടെ സമകാലീനരായ പലരിലേക്കും നമ്മുടെ മനസ്സുകളെയൊന്ന് ഊരിവിട്ടുനോക്കാം. ലോകമാന്യതക്കും ജനങ്ങള്‍ക്കിടയിലെ സ്വീകാര്യതക്കും വേണ്ടി പലരും നടത്തുന്ന സഹിഷ്ണുതകെട്ട പ്രവര്‍ത്തനങ്ങള്‍ അപ്പോള്‍ തെളിഞ്ഞുവരും.

അത്തരം രീതികളോട് നിശ്ശബ്ദമായി വിയോജിക്കുകയും സ്വന്തം ജീവിതംകൊണ്ട് അത് തിരുത്തിക്കാണിക്കുകയും ചെയ്തിരുന്നു കാളമ്പാടി. അതുകൊണ്ടുതന്നെയാണ്, രമ്യഹര്‍മ്മങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു നാട്ടില്‍ വാഹനങ്ങള്‍ക്കുപോലും കടന്നുചെല്ലാനാവാത്ത വഴിയും വീടും കൊണ്ട് സംതൃപ്തജീവിതം നയിക്കാന്‍ ഈ സൂഫിവര്യന് കഴിഞ്ഞത്.
കാളമ്പാടി ഉസ്താദിനെപ്പോലെയുള്ള ഒരു പണ്ഡിതന്റെ വിയോഗം, എല്ലാറ്റിനുമുപരി സമസ്ത:ക്ക് ഉണ്ടാക്കിയിരിക്കുന്ന നഷ്ടം ഒട്ടും ചെറുതല്ല. സമസ്ത: പിറവിയുടെ എണ്‍പതാം വാര്‍ഷികാഘോഷങ്ങള്‍ തീര്‍ത്ത്, അനന്തര പരിപാടികളിലേക്ക് നീങ്ങുന്ന ഈ സന്ദര്‍ഭത്തില്‍ വിശേഷിച്ചും. സാത്വികനായ ഈ ഗുരുവര്യന്റെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ ശിഷ്യരുടെയും പ്രസ്ഥാന പ്രവര്‍ത്തകരുടെയും കുടുംബത്തിന്റെയും വ്യസനത്തില്‍, ‘ചന്ദ്രിക’യും പങ്കുചേരുന്നു: പ്രാര്‍ത്ഥനകളോടെ.

Chandrika
Oct. 03

ചന്തങ്ങള്‍ തിരസ്‌ക്കരിച്ച്‌ ജീവിച്ച സാത്വികന്‍

       വിശുദ്ധിയുടെ വെണ്മ നിറഞ്ഞ ഒരു ജീവിതം കൂടി കണ്‍വെട്ടത്തില്‍ നിന്ന്‌ പടിയിറങ്ങിപ്പോയി. സര്‍വ്വതിന്റെയും പ്രയോജനം ആഘോഷമാക്കുകയും ധൈഷണിക ദാരിദ്ര്യം സാമൂഹിക മുന്നേറ്റങ്ങളെ നിര്‍ജീവമാക്കുകയും ചെയ്യുന്ന കാലത്താണ്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരുടെ വിയോഗം. കേരളത്തിലെ ഏറ്റവും വലിയ മുസ്‌ലിം സംഘടനയായ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷപദത്തിലിരിക്കുകയും എളിമയുടെ പ്രകാശഗോപുരമായി ജ്വലിക്കുകയും ചെയ്‌തതായിരുന്നു ആ ജീവിതം. പ്രശസ്‌തിയുടെ പ്രലോഭനങ്ങള്‍ തേടിവന്നു വിളിച്ചപ്പോഴൊക്കെയും ആ ക്ഷണങ്ങള്‍ക്ക്‌ നേരെ നടത്തിയ സ്‌നേഹപൂര്‍ണമായ തിരസ്‌കാരങ്ങളാണ്‌ ആ ജീവിതത്തെ വേറിട്ടു നിര്‍ത്തിയത്‌. മതരംഗം പോലും അസ്വസ്ഥതയുടെ ഉച്ചഭാഷിണിയായി മാറിയ കാലത്ത്‌ അദ്ദേഹം കൂടെക്കരുതിയ മൂല്യങ്ങള്‍ക്ക്‌ പ്രസക്തിയേറെയുണ്ട്‌.
അറിവിന്റെ ആകാശം തേടിയുള്ള അന്വേഷണമായിരുന്നു കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരുടെ ജീവിതം. മലപ്പുറം എയ്‌ഡഡ്‌ മാപ്പിള സ്‌കൂള്‍ മുതല്‍ വെല്ലൂര്‍ ബാഖിയാത്ത്‌ വരെ നീണ്ടു കിടന്ന മതപഠനം ആ തൃഷ്‌ണയെ ഒരിക്കലും ശമിപ്പിച്ചില്ല. ജ്ഞാനത്തിന്റെ ഉള്‍ക്കടലില്‍ നിന്ന്‌ കിളിക്കൊക്കില്‍ കൊരുത്തതേ നമുക്ക്‌ കിട്ടിയുള്ളൂ എന്ന്‌ അദ്ദേഹം വിശ്വസിച്ചു. തലയെടുപ്പുള്ള പണ്ഡിത നിരയില്‍ ആദ്യസ്ഥാനങ്ങളിലിരിക്കുമ്പോഴും അമരസ്ഥാനത്തിരുന്നപ്പോഴൊക്കെയും തല കുനിച്ച്‌ ഇരുന്ന ആ തലപ്പാവുധാരി നമ്മെ വിനയത്തിന്റെ ആഴം ബോധ്യപ്പെടുത്തി. ആഴമേറെച്ചെന്നാല്‍ ഓളമേറെ കാണില്ലെന്ന പഴഞ്ചൊല്ലിന്റെ യഥാര്‍ത്ഥ നിദര്‍ശനമായിരുന്നു ആ മഹാന്‍.

1934 ല്‍ മലപ്പുറം കാളമ്പാടി ഗ്രാമത്തില്‍ അരിക്കത്ത്‌ അബ്ദുറഹ്‌മാന്‍ ഹാജിയുടെയും തറയില്‍ ആഇശയുടെയും മൂത്തമകനായാണ്‌ മുഹമ്മദ്‌ മുസ്‌ലിയാരുടെ ജനനം. മലപ്പുറം എയിഡഡ്‌ മാപ്പിള സ്‌കൂളില്‍ പുലാമന്തോള്‍ മമ്മൂട്ടി മുസ്‌ലിയാരുടെ കീഴിലുള്ള പ്രാഥമിക മതപഠനത്തിന്‌ ശേഷം മലപ്പുറം കുന്നുമ്മല്‍ പള്ളിയിലെ സൈതാലിക്കുട്ടി മുസ്‌ലിയാരുടെ ദര്‍സിലെത്തി.
കൂട്ടിലങ്ങാടി, പഴമള്ളൂര്‍, വറ്റല്ലൂര്‍, പാലച്ചിറമാട്‌, പരപ്പനങ്ങാടി പനയത്തുപള്ളി എന്നീ ദര്‍സുകളില്‍ വിവിധ അധ്യാപകര്‍ക്കു കീഴില്‍ മതപഠനമഭ്യസിച്ചു. പനയത്തില്‍ പള്ളിയില്‍ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ കീഴിലായിരുന്നു പഠനം. പരപ്പനങ്ങാടിയില്‍ ചെലവഴിച്ച രണ്ടുവര്‍ഷത്തിന്‌ ശേഷം ബിരുദ പഠനത്തിനായി 1959 ല്‍ വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്ത്‌ അറബിക്‌ കോളജിലെത്തി.

കേരളത്തില്‍ നിന്ന്‌ ആദ്യമായി ബാഖിയാത്തില്‍ ഉപരിപഠനത്തിനെത്തിയത്‌ കേരള മുസ്‌ലിം നവോത്ഥാനത്തില്‍ നിര്‍ണായക പങ്കുവഹിച്ച ചാലിലകത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയായിരുന്നു. ആ പാത പിന്തുടര്‍ന്നാണ്‌ മുഹമ്മദ്‌ മുസ്‌ലിയാരും വെല്ലൂരിലെത്തിയത്‌. ശൈഖ്‌ ആദം ഹസ്‌റത്ത്‌, അബൂബക്കര്‍ ഹസ്‌റത്ത്‌, ശൈഖ്‌ ഹസന്‍ ഹസ്‌റത്ത്‌ തുടങ്ങിയ പ്രഗത്ഭ പണ്ഡിതരുടെ നിര തന്നെ അന്ന്‌ ബാഖിയാത്തിലുണ്ടായിരുന്നു.
1961 ല്‍ ബാഖവി ബിരുദമെടുത്ത്‌ നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം അരീക്കോട്‌ ജുമാമസ്‌ജിദില്‍ 12 വര്‍ഷം സേവനം ചെയ്‌തു. ഇവിടെ ജോലി ചെയ്യുന്നതിനിടെ 1971 മെയ്‌ രണ്ടിനാണ്‌ സമസ്‌തയുടെ മുശാവറ (കൂടിയാലോചനാ സമിതി)യില്‍ അംഗമാകുന്നത്‌. 1993 ല്‍ പട്ടിക്കാട്‌ ജാമിഅ: നൂരിയ്യ: അറബിക്‌ കോളജ്‌ അധ്യാപകനായി സേവനമാരംഭിച്ചു.
2004 സെപ്‌തംബര്‍ എട്ടു മുതല്‍ മരണം വരെ സമസ്‌തയുടെ അധ്യക്ഷപദത്തിലിരുന്നു. സംഘടനയില്‍ ഏറ്റവും കൂടുതല്‍ അനുഭവ സമ്പത്തുള്ള നേതാവിനെയാണ്‌ മുഹമ്മദ്‌ മുസ്‌്‌ലിയാരുടെ വിയോഗത്തോടെ സമസ്‌ത:ക്ക്‌ നഷ്ടമാകുന്നത്‌.
വറുതിയെരിഞ്ഞ ഓത്തുപള്ളിക്കാലത്തു നിന്ന്‌ ചിമ്മിനിവിളക്കിന്റെ ഇത്തിരിവെട്ടത്തിലൂടെ അറിവിന്റെ അനന്തവെളിച്ചം ഉള്ളുനിറച്ച പണ്ഡിതനായിരുന്നു കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍.
അറിവിന്റെ അന്വേഷണം അവസാനിക്കാത്ത വിശപ്പും ദാഹവുമായി അവസാനം വരെ കൊണ്ടു നടന്നു ആ തേജസ്വി. ക്ലാസ്‌ ഇടവേളകള്‍ പോലും കിതാബ്‌ മുത്വാലഅ (പാരായണം)ക്കായി നീക്കിവെച്ച അദ്ദേഹം മരണത്തിന്റെ തൊട്ടു തലേന്നുവരെ ക്ലാസെടുക്കുകയും ചെയ്‌തു. അധ്യാപനം സംസ്‌കാരവുമായി എത്രമേല്‍ ഉള്‍ച്ചേര്‍ന്നു കിടക്കുന്നു എന്നതിന്റെ അടയാളം കൂടിയായിരുന്നു കാളമ്പാടി.

ആത്മജ്ഞാനികള്‍ക്കേ ജീവിതത്തിന്റെ അവസാന നിമിഷം വരെ വിജ്ഞാനവുമായി സംവദിക്കാനാവൂ എന്ന്‌ അദ്ദേഹത്തിന്റെ ജീവിതം ബോധ്യപ്പെടുത്തുന്നു. അധ്യാപനക്കാലയളവില്‍ അനേകം തലമുറകളുമായി നിരന്തരം പഠന-സംവാദത്തിലേര്‍പ്പെടാന്‍ ഭാഗ്യം സിദ്ധിച്ച അദ്ദേഹം കേരളീയ മുസ്‌ലിംകളുടെ സാമൂഹിക-മത ജീവിതത്തിന്റെ മണ്ണൊരുക്കുന്നതിലും നിസ്‌തുല പങ്കുവഹിച്ചിട്ടുണ്ട്‌. വലിയ ശിഷ്യസമ്പത്തു കൊണ്ട്‌ അനുഗ്രഹിക്കപ്പെട്ട മുഹമ്മദ്‌ മുസ്‌്‌ലിയാര്‍ അവരുടെ ഓര്‍മകളില്‍ ജ്വലിച്ചുകൊണ്ടിരിക്കുമെന്നതും തീര്‍ച്ച.
ചമച്ചുവീര്‍പ്പിച്ച ചന്തങ്ങള്‍ കൂടെക്കൊണ്ടു നടക്കാന്‍ ഒരിക്കലും ഇഷ്ടപ്പെടാത്ത അദ്ദേഹം സമസ്‌ത: പ്രസിഡണ്ടായ ശേഷം ശിഷ്യരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്‌ തോളില്‍ ഒരു പച്ചഷാളണിയാന്‍ നിന്നു കൊടുത്തത്‌.

അദ്ദേഹത്തെ തേടി വീട്ടിലെത്തുന്നതും അറിവു തേടിയുള്ള തീര്‍ത്ഥയാത്ര തന്നെ. ഇടവഴിയില്‍ നിന്നു തന്നെ കാണാം, കവുങ്ങിന്‍തോപ്പിനിടയിലെ വീടിന്റെ മേല്‍ക്കൂരയിലെ സിമന്റു തേക്കാത്ത കല്‍ച്ചുമരുകള്‍. വാഹനചക്രങ്ങളുരയാത്ത നടവഴിയിലൂടെ കാല്‍നടയായാണ്‌ കേരളത്തിലെ ഏറ്റവും വലിയ മതസംഘടനയുടെ അധ്യക്ഷന്‍ വീട്ടിലെത്തിയിരുന്നത്‌. ആ വീട്ടില്‍ തൂമ്പയെടുത്ത്‌ കൃഷി ചെയ്യുക കൂടി ചെയ്‌തിരുന്നു ആ മഹാന്‍.

ഭൗതിക ഭ്രമങ്ങള്‍ പ്രലോഭിപ്പിച്ച്‌ കീഴ്‌പ്പെടുത്തുന്ന കാലത്ത്‌, മാതൃകക്കായി നിസ്സങ്കോചം ചൂണ്ടിക്കാണിച്ചു കൊടുക്കാനുള്ള ജീവിതമാണ്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരുടേത്‌. ആ വിശുദ്ധിയില്‍ കാലുറപ്പിച്ച്‌ നിര്‍ത്തിയാണ്‌ ഇനി മുന്നോട്ടുള്ള വഴി തേടാനുള്ളത്‌. സമുദായത്തിന്റെ പടിവാതില്‍ നല്ലൊരു കാവല്‍ക്കാരന്റെ കൈയിലെത്തട്ടെ എന്ന്‌ നമുക്ക്‌ പ്രാര്‍ത്ഥിക്കാം. പരേതന്റെ കുടുംബത്തിന്റെയും പ്രാസ്ഥാനിക ബന്ധുക്കളുടെയും ദു:ഖത്തില്‍ ചന്ദ്രിക കുടുംബവും പങ്കുചേരുന്നതോടൊപ്പം നിത്യാശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

Sunday, May 19, 2013

ജ്ഞാനസപര്യയുടെ ഒരായുസ്‌


       1998-ല്‍ മലപ്പുറം കാട്ടുങ്ങലില്‍ നടന്ന ഒരു ബസപകടം കല്യാണപാര്‍ട്ടി സഞ്ചരിച്ച ജീപ്പും ബസും കൂട്ടിയിടിച്ചുണ്ടായ ഭീകര ദുരന്തത്തില്‍ നിരവധി പേര്‍ മരിച്ചു. മലപ്പുറം കാളമ്പാടിയിലെ 15 ഉം 17 ഉം പ്രായമായ രണ്ട്‌ പെണ്‍കുട്ടികള്‍ കൂടി തല്‍ക്ഷണം മരിച്ചു. രണ്ടു പേരും കാളമ്പാടിക്കാര്‍ക്ക്‌ എല്ലാമെല്ലാമായ അരീക്കത്ത്‌ മുഹമ്മദ്‌ മുസ്‌ലിയാരുടെ മക്കള്‍ കല്യാണ പ്രായത്തോടടുക്കുന്ന രണ്ട്‌ യുവമിഥുനങ്ങള്‍ കാളമ്പാടി ഗ്രാമം വാര്‍ത്ത കേട്ട്‌ അക്ഷരാര്‍ത്ഥത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു.

വിവമറിയുമ്പോള്‍ പിതാവ്‌ മുഹമ്മദ്‌ മുസ്‌ലിയാര്‍ പട്ടിക്കാട്‌ ജാമിഅ നൂരിയ്യയില്‍ ക്ലാസെടുത്തുകൊണ്ടിരിക്കുകയാണ്‌. ജാമിഅയിലെ ജീവനക്കാര്‍ വിവരം എങ്ങനെ ഉസ്‌താദിനെ അറിയിക്കുമെന്നറിയാതെ വിയര്‍ക്കുന്ന നിമിഷം ദുഃഖം കടിച്ചമര്‍ത്തി അവര്‍ ബുഖാരി ദര്‍സ്‌ നടത്തിക്കൊണ്ടിരിക്കുന്ന ഉസ്‌താദിനെ വിവരമറിയിച്ചു. ഒരു നിമിഷം, `ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജി ഊന്‍ ഉച്ചരിച്ച അദ്ദേഹം പകര്‍ച്ചയില്ലാതെ ക്ലാസ്‌ തുടര്‍ന്നു കണ്ടു നിന്നവര്‍ അമ്പരന്നു. ആ ക്ലാസ്‌ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഉറ്റവരെ കാണാന്‍ അദ്ദേഹം നാട്ടിലേക്ക്‌ യാത്രയായത്‌. രംഗം കണ്ട്‌ പകച്ചുനിന്നവരോട്‌ ഉസ്‌താദിന്റെ പ്രതികരണം ഇതായിരുന്നു. തോന്നുമ്പോള്‍ പൂട്ടാനും തോന്നുമ്പോള്‍ തുറക്കാനുമുള്ള കിതാബല്ല സഹീഹുല്‍ ബുഖാരി. അതായിരുന്നു കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍. അല്ലാഹുവിന്റെ അലംഘനീയമായ വിധിയിലുള്ള വിശ്വാസത്തിന്റെ കരളുറപ്പും പ്രവാചക വചനങ്ങളോടുമുള്ള ആദരവില്‍ വിട്ടുവീഴ്‌ചയില്ലാത്ത മാനസികാവസ്ഥയും ഒത്തുചേര്‍ന്ന സൂക്ഷ്‌മശാലി.

പട്ടിക്കാട്‌ ജാമിഅ നൂരിയ്യ അറബിക്‌ കോളേജിന്റെ മാനേജിംഗ്‌ കമ്മിറ്റി യോഗം നടക്കുന്നു. പ്രസിഡന്റായ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളാണ്‌. അധ്യക്ഷ വേദിയില്‍ കുട്ടികളുടെ അച്ചടക്കമാണ്‌ ചര്‍ച്ചാവിഷയം അടുത്തകാലത്തായി കുട്ടികള്‍ അമിതമായി ലീവെടുക്കുന്നതും ക്ലാസുകള്‍ കട്ട്‌ ചെയ്യുന്നതും കൂടിയിരിക്കുന്നു. കമ്മിറ്റി അംഗങ്ങള്‍ ആശങ്ക പങ്കു വെക്കുന്നതിനിടെ ശിഹാബ്‌ തങ്ങള്‍ തന്നെ പ്രതിവിധി നിര്‍ദ്ദേശിച്ചു. കുട്ടികളുടെ ലീവിന്റെ കാര്യം ഇനി കാളമ്പാടി ഉസ്‌താദ്‌ നോക്കട്ടെ ഉടന്‍ വന്നു ഉസ്‌താദിന്റെ പ്രതികരണം ലീവിന്റെ കാര്യം ഞാന്‍ നോക്കാം. പക്ഷേ, പിന്നെ ഇവിടെ ഇരിക്കുന്ന കമ്മിറ്റിക്കാര്‍ തന്നെ വന്ന്‌ എന്റെ മുത്താപ്പാന്റെ മോനാണ്‌ എളാപ്പാന്റെ കുട്ടിയാണ്‌ എന്നൊന്നും പറഞ്ഞാല്‍ ഞാന്‍ ആരെയും വിടൂല്ല. അതിന്‌ പരാതി ഇല്ലെങ്കില്‍ മാത്രം ഞാന്‍ നോക്കാം. ആരുടെ മുമ്പിലും പറയാനുള്ളത്‌ വെട്ടിത്തുറന്ന്‌ പറഞ്ഞിരുന്ന നിഷ്‌കളങ്കമായ മുസ്‌ലിയാരുടെ നിലപാട്‌ എല്ലാവരും ചിരി അടക്കിപ്പിടിച്ച്‌ അംഗീകരിച്ചു. ജാമിഅയില്‍ ഏറ്റവും കണിശത പുലര്‍ത്തുന്ന മുദരിസ്‌ കാളമ്പാടി ഉസ്‌താദായിരുന്നുവെന്ന്‌ ഫൈസിമാര്‍ പറയാറുണ്ട്‌.

ഒരു പുരുഷായുസ്സു മുഴുവന്‍ മതത്തിനും വിജ്ഞാനത്തിനും സമുദായത്തിനുമായി നീക്കിവെച്ച മഹാപണ്ഡിതനായിരുന്നു റഈസുല്‍ ഉലമാ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ അഞ്ചുപതിറ്റാണ്ടിലധികം മത വിജ്ഞാനത്തിനായി സമര്‍പ്പിക്കപ്പെട്ട ആ ജീവിതം വിടപറയുന്നതിന്റെ തൊട്ടു തലേ ദിവസംപോലും ജാമിഅ നൂരിയയ്യിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ദര്‍സ്‌ ചൊല്ലിക്കൊടുത്തു തെന്നിന്ത്യയിലെ ഏറ്റവും വലിയ വൈജ്ഞാനിക കലാലയമായ ജാമിഅയില്‍ നിന്നു തന്നെയാണ്‌ കഴിഞ്ഞ ദിവസം രാത്രി അദ്ദേഹത്തെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയത്‌. മരണശേഷം ഇന്നലെ അതേ കലാലയത്തിന്റെ മുറ്റത്തു നിന്ന്‌ തന്നെ ഔദ്യോഗിക വിടവാങ്ങള്‍ ഏറ്റുവാങ്ങിയ ശേഷമാണ്‌ വീട്ടിലേക്ക്‌ മയ്യിത്ത്‌ കൊണ്ടുപോയതെന്ന്‌ മതവിജ്ഞാനത്തോടുള്ള അദ്ദേഹത്തിന്റെ ആത്മ ബന്ധത്തിന്റെ തെളിവാണ്‌.

കേരളക്കരയിലെ ഏറ്റവും വലിയ ഇസ്‌ലാമിക പണ്ഡിത സഭയായ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ അധ്യക്ഷ പദവിയിലെത്തിയിട്ടും വിനയവും ലാളിത്യവും കൈവിടാത്ത പണ്ഡിത പ്രതിഭയായിരുന്നു. അദ്ദേഹം ഇക്കാലത്തും സ്വന്തമായി വാഹനമില്ലാതിരുന്ന അദ്ദേഹത്തിന്റെ ആശ്രയം ബസും ഓട്ടോ റിക്ഷയുമായിരുന്നു. പ്രായത്തിന്റെ അവശതകള്‍ അലട്ടുതുടങ്ങിയപ്പോള്‍ ഓട്ടോ റിക്ഷയിലായിരുന്നു ദിവസവും ജാമിഅയിലേക്ക്‌ പോയിരുന്നത്‌. മലപ്പുറം കാളമ്പാടിയില്‍ വണ്ടിയയിറങ്ങിയാല്‍ നടന്നുമാത്രം പോകാന്‍ പറ്റുന്ന ഇടുങ്ങിയ വഴിയവസാനിക്കുന്ന കടലുണ്ടിപ്പുഴയോരത്തെ കവുങ്ങിന്‍ തോട്ടത്തിലെ ഓടിട്ട കൊച്ചുപുരയായിരുന്നു അദ്ദേഹത്തിന്റെ സ്വകാര്യ വസതി.

മുഹമ്മദ്‌ ഉഗ്രപുരം
(മലയാളം ന്യൂസ്‌ എഡിറ്ററാണ്‌ ലേഖകന്‍)

ആത്മീയതയുടെ കാവലാള്‍


         `നിങ്ങള്‍ക്ക്‌ സ്വന്തമായി ഒരു പത്രം വേണം എടോ' - 1990ല്‍ ശംസുല്‍ ഉലമ ഇ കെ ഉസ്‌താദ്‌ ഈ വിനീതനോട്‌ സംസാരത്തിനിടയില്‍ പറഞ്ഞ ഒരു വാക്ക്‌. അക്കാലത്ത്‌ ഈ വിനീതന്‍ എസ്‌ കെ എസ്‌ എസ്‌ എഫ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്‌. രണ്ടു പതിറ്റാണ്ടുകള്‍ പിന്നിട്ടു. സുപ്രഭാതം ദിനപത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്ന്‌ വരുന്നു. ശംസുല്‍ ഉലമയുടെ ആ വാക്ക്‌ യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രാഥമിക പരിപാടികള്‍ക്ക്‌ ഔദ്യോഗികമായി തുടക്കം കുറിച്ചത്‌ ആദരണീയനായി കാളമ്പാടി ഉസ്‌താദ്‌ അവര്‍കളായിരുന്നു. സുപ്രഭാതത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കാന്‍ കോഴിക്കോട്‌ സജ്ജമാക്കിയ മീഡിയ സെന്റര്‍ സമസ്‌തകേരള ജംഇയ്യത്തുല്‍ ഉലമയുടെ അജയ്യനായ അധ്യക്ഷന്‍ ഉസ്‌താദ്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ ഔദ്യോഗികമായി ഉല്‍ഘാടനം ചെയ്‌തു. കണ്ണിയത്ത്‌ ഉസ്‌താദും ശംസുല്‍ ഉലമയും നേതൃത്വം നല്‍കിയ സമസ്‌തയുടെ അതേ രേഖയിലൂടെ കാളമ്പാടി ഉസ്‌താദും സഞ്ചരിച്ചു. മരണ വാര്‍ത്ത അറിഞ്ഞത്‌ മുതല്‍ `ജനാസ' എടുക്കുന്നത്‌ വരെ ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍ ഉസ്‌താദിന്‌ ജനഹൃദയങ്ങളിലുള്ള സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു.

കാണുന്ന ത്വരീഖത്തുകളുടെയും കേള്‍ക്കുന്ന ശൈഖന്‍മാരുടേയും പിന്നില്‍ പോയി അപകടത്തിലകപ്പെടുന്നവരെ എന്നും അദ്ദേഹം ഉല്‍ബോധിപ്പിച്ചു. `ആരാണ്‌ ഔലിയാക്കള്‍? ഭക്തിയും സൂക്ഷ്‌മതയുമുള്ള പണ്ഡിതന്‍മാരാണ്‌ ഔലിയാക്കള്‍. നിങ്ങള്‍ അറിവുള്ളവരല്ലേ? ഭക്തിയും സൂക്ഷ്‌മതയും നിങ്ങള്‍ക്ക്‌ സ്വീകരിച്ച്‌ കൂടേ? പിന്നെന്തിനാണ്‌ വേറെ ഔലിയാക്കളെ തേടി അലയുന്നത്‌? ഔലിയാക്കളോടും മശാഇഖുമാരോടും ഏറെ ആദരവ്‌ കാണിച്ചിരുന്ന ഉസ്‌താദ്‌ എന്തിനാണ്‌ ശിഷ്യന്‍മാരെ ഇപ്രകാരം ഉല്‍ബോധിപ്പിച്ചത്‌? വ്യാജ സിദ്ധന്‍മാരുടെ വലയില്‍ അകപ്പെടാതിരിക്കാന്‍ തന്നെ. ആലുവ ശൈഖിന്റെ വഴിതെറ്റിയ ത്വരീഖത്തിനെതിരെ തീരുമാനമെടുത്തത്‌ അചഞ്ചലനായ കാളമ്പാടി ഉസ്‌താദിന്റെ അധ്യക്ഷതയില്‍ 29-3-2006ന്‌ ചേര്‍ന്ന മുശാവറയായിരുന്നു. കാന്തപുരത്തിന്റെ വ്യാജമുടിക്കെതിരെ ആധികാരികമായ പ്രസ്‌താവന പുറപ്പെടുവിക്കാന്‍ ആര്‍ജ്ജവം കാണിച്ചതും ശൈഖുനാ കാളമ്പാടി ഉസ്‌താദിന്റെ നേതൃത്വത്തിലുള്ള മുശാവറയായിരുന്നു. 20-04-2011-ന്‌ ചേര്‍ന്ന മുശാവറ ഇപ്രകാരം തീരുമാനമെടുത്തു. അടിസ്ഥാനം (സനദ്‌) തെളിയിക്കപ്പെടുന്നതുവരെ വിവാദമുടിയില്‍ പൊതുജനം വഞ്ചിതരാകരുത്‌. പിന്നീട്‌ ഇതിനെതിരെ ഒരു തീരുമാനമെടുക്കാന്‍ കാന്തപുരത്തിന്റെ സമാന്തര മുശാവറയോ, സംസ്ഥാന മുശാവറയോ തയ്യാറായിട്ടില്ല. സമസ്‌ത മുശാവറയുടെ തീരുമാനത്തോട്‌ പ്രതികരിക്കാനാകാതെ പിന്നീട്‌ കാന്തപുരം വിഭാഗം മുടി ന്യായീകരിക്കുന്നതില്‍ നിന്ന്‌ പിന്‍വാങ്ങുന്നതാണ്‌ നാം കണ്ടത്‌.

അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌
(സത്യധാര ചീഫ്‌ എഡിറ്ററാണ്‌ ലേഖകന്‍)

ഹൃദയം നിറച്ച കടലുണ്ടി സന്ദര്‍ശനം


       കടലുണ്ടിയിലെ കടലോര ഗ്രാമത്തിലേക്ക്‌ എന്റെ വിവാഹ ദിവസം പച്ച ഷാളും തോളിലിട്ട്‌ നടന്നു വരുന്ന ഉസ്‌താദിന്റെ ചിത്രം ഹൃദയത്തിലെ ~ഓര്‍മ്മപുസ്‌കത്തില്‍ ഇന്നും ജീവനോടെയുണ്ട്‌. കല്ല്യാണ ക്ഷണവുമായി ഉസ്‌താദിന്റെ വീട്ടിലെത്തിയപ്പോള്‍ സൗകര്യപ്പെട്ടാല്‍ വരാമെന്നായിരുന്നു മറുപടി. പറഞ്ഞവാക്കും ചെയ്‌ത വാഗ്‌ദാനവും നിറവേറ്റുന്ന ജീവിതത്തിനാണ്‌ അര്‍ത്ഥമുളളതെന്ന തിരിച്ചറിവുളള ആ വലിയ മനുഷ്യന്‍ മലപ്പുറത്തെ കാളമ്പാടിയിലെ വീട്ടില്‍ നിന്നും വാഹനം കയറി എന്റെ ജീവിതമുഹൂര്‍ത്തത്തെ മംഗളകരമാക്കാന്‍ വന്ന നിമിഷം ഓര്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറയുന്നു. ഉസ്‌താദ്‌ എന്ന്‌ അക്ഷരാര്‍ത്ഥത്തില്‍ പറയാവുന്നതായിരുന്ന ആ ജീവിതം. ദൈവത്തോടല്ലാതെ പ്രതിബന്ധതയില്ലാത്തതിനാല്‍ മതം പറയാന്‍ ആരും അവര്‍ക്ക്‌ തടസ്സമായിരുന്നില്ല. പ്രീതിയെന്നത്‌ ദൈവികമായതിനാല്‍ ആരേയും ഭയപ്പെടേണ്ടി വന്നിട്ടുമില്ല. കിതാബും മനനവും ആരാധനയുമായി ആ ജീവിതം കഴിഞ്ഞു പോയപ്പോള്‍ ഭൗതിക മേന്മകളെ കുറിച്ച്‌ ചിന്തിക്കാന്‍ സമയം പോലും ലഭിച്ചില്ല. പണ്ഡിത സഭയുടെ ആധ്യക്ഷ്യ പദവി തേടി വന്നപ്പോള്‍ അലങ്കാരമാക്കാതെ കര്‍ത്തവ്യമാക്കി അത്‌ ഏറ്റെടുത്തു. ആഢംബരത്തിന്റെ കുഷ്യനുമുകളില്‍ ചായാതെ കാലത്തിന്റെ ചാരുകസേരകളില്‍ അമര്‍ന്നിരുന്നു കിതാബു മാത്രം നോക്കുന്നതിനിടയില്‍ രണ്ടു പെണ്‍മക്കള്‍ നഷ്‌ടപ്പെട്ടത്‌ പോലും ഒരു മനീഷിയെപ്പോലെ സഹിച്ചു. വേദനകള്‍ ഉളളിലൊതുക്കി.ജാമിഅയിലെ ഒന്നാം നമ്പര്‍ റുമില്‍ പല പ്രശ്‌നങ്ങളുമായി നിരവധി പേരെത്തിയിരുന്നു. എന്നാല്‍ എല്ലാം വിഷയങ്ങളിലും ഉസ്‌താദ്‌ കൂടിയാലോചിച്ച ശേഷം മാത്രമേ വിധി പറയാറുണ്ടായിരുന്നുളളു.

93-94 വര്‍ഷങ്ങളിലാണ്‌ ഞാന്‍ ജാമിഅയുടെ കാമ്പസിലെത്തുന്നത്‌. ഉസ്‌താദിന്റെ ക്ലാസില്‍ മുന്‍ ബെഞ്ചിലായിരുന്നു എന്റെ സീറ്റ്‌. ഉസ്‌താദിന്റെ അധ്യാപന രീതിയും ചര്‍ച്ചകളും തീര്‍ത്തും വ്യത്യസ്‌തമായിരുന്നു. സദസ്സിനൊത്ത സംസാരം. ആര്‍ക്കും തിരിയുന്ന ഉപമകള്‍, ഭാഷാ പ്രയോഗങ്ങള്‍, ഉദാഹരണങ്ങള്‍, നാടന്‍ പദങ്ങള്‍, സരളമായ വിശദീകരണങ്ങള്‍. `പൊല്ലീസ്‌' പോലുളളത്‌ ഉസ്‌താദിന്റെ പ്രത്യേക പ്രയോഗമാണ്‌. വിഷയങ്ങളെ താരതമ്യപ്പെടുത്തി പറയുന്നതില്‍ പ്രത്യേകമായ പ്രാഗത്ഭ്യം തന്നെയുണ്ടായിരുന്നു. മുസ്‌ലിം ക്ലാസെടുക്കുമ്പോള്‍ ഉസ്‌താദിന്റെ ഖണ്ഡനത്തിലുളള കഴിവ്‌ നമ്മെ ആശ്ചര്യപ്പെടുത്തും. ക്ലാസില്‍ കൃത്യ സമയത്ത്‌ തന്നെ എത്തും. പാഠ്യബന്ധിതമായ ചര്‍ച്ചകള്‍ മാത്രം. വ്യാഴാഴ്‌ച്ച നാട്ടില്‍ പോയാല്‍ വെളളിയാഴ്‌ച്ച വൈകുന്നേരം തന്നെ മടക്കം. ക്ലാസിന്റെ കാര്യത്തില്‍ വിട്ടുവീഴ്‌ചകളൊന്നുമില്ല. ദീനി കാര്യങ്ങളില്‍ അദ്ദേഹം കണിശമായ സമീപനമാണ്‌ പുലര്‍ത്തിയത്‌. ബാങ്കു കേട്ടാല്‍ നിസ്‌കാരമല്ലാതെ ഏര്‍പ്പാടുകളില്ല. മതപരമായ കാര്യങ്ങള്‍ ആര്‍ക്കു മുമ്പിലും സധൈര്യം തുറന്നു പറയും. മുഖം നോക്കാതെ വിഷയങ്ങള്‍ പറയും. അല്ലാഹുവിന്റെ പ്രീതിയല്ലാതെ ഒന്നും ആഗ്രഹിക്കാത്തതു കൊണ്ട്‌ അതിനെല്ലാം ആ പണ്ഡിതനു സാധിച്ചു.

അകന്നു നോക്കുമ്പോള്‍ ഉസ്‌താദ്‌ അല്‍പം ഗൗരവമായിരുന്നു. ചിരിച്ചും തമാശ പറഞ്ഞും ജീവിക്കാതെ കാര്യങ്ങള്‍ മാത്രം പറഞ്ഞും കുറച്ചു മാത്രം സംസാരിച്ചും ഏകാന്തനായിരുന്നു. എന്നാല്‍ ഒറ്റ നോട്ടത്തില്‍ തന്നെ ഉസ്‌താദ്‌ എല്ലാവരേയും മനസ്സിലാക്കിയിരുന്നു. ഓരോരുത്തരോടും അവരുടെ കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. എന്റെ കുടുബ കാര്യങ്ങള്‍ എല്ലാം ചോദിച്ചറിയാറുണ്ടായിരുന്നു. വലിയുപ്പയെ പറ്റി ഉസ്‌താദ്‌ പലപ്പോഴും പറയാറുണ്ടായിരുന്നു. മഹാത്മാക്കളുമായുളള ആ മഹാ മനുഷ്യന്റെ ബന്ധം ഇത്തരം സംസാരങ്ങളില്‍ നിന്നും മനസ്സിലാക്കാമായിരുന്നു.

കോഴിക്കോട്‌ ഖാളിയായി ചുമതല ഏറ്റെടുക്കുന്ന ചടങ്ങില്‍ ആദ്യാവസാനം നിറസാന്നിധ്യാമായി ഉസ്‌താദ്‌ ഉണ്ടായിരുന്നു. ഖാസിയാവണമെന്ന ചര്‍ച്ചയുണ്ടായപ്പോള്‍ തന്നെ എന്നോട്‌ ഉസ്‌താദ്‌ വിഷയങ്ങള്‍ പറഞ്ഞിരുന്നു: ``തങ്ങളേ ഖാസി ചര്‍ച്ചയൊക്കെ കേള്‍ക്കുന്നുണ്ട്‌. പാണക്കാട്ടെ മുത്തുമോന്‍ പറയുന്നത്‌ പോലെ ചെയ്‌തോ...'' ചടങ്ങില്‍ ഉസ്‌താദ്‌ അണിയിച്ച കറുത്ത കോട്ട്‌ ഇന്നും ഞാന്‍ സുക്ഷിച്ചു വെച്ചിട്ടുണ്ട്‌. ഏറ്റെടുത്ത ചുമതല സുക്ഷമതയോടെയും ഗൗരവത്തോടെയും നിര്‍വഹിക്കാന്‍ ഉപദേശിക്കുകയും ചെയ്‌തു. കോഴിക്കോട്ട്‌ സമസത മുശാവറക്ക്‌ വരുമ്പോള്‍ പോലും കുറഞ്ഞ വാക്കുകളില്‍ ഉപദേശങ്ങള്‍ നല്‍കും. ജീവിതകാലം മുഴുവന്‍ ഞാന്‍ ആ ഉപദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്‌തിരുന്നു. ജാമിഅയില്‍ പഠിക്കുമ്പോള്‍ സാധാരണ തുഹ്‌ഫയുടെ ഒന്നും രണ്ടും ഭാഗങ്ങളാണ്‌ ഓതാറുളളത്‌. എന്നാല്‍ ഞാന്‍ പഠിച്ച വര്‍ഷം ഞങ്ങള്‍ കുറച്ചു വിദ്യാര്‍ത്ഥികള്‍ക്കായ്‌ നികാഹും ത്വലാക്കും ഉള്‍കൊളളുന്ന ഭാഗങ്ങള്‍ ഓതിയിരുന്നു. ഖാസിയായി ചുമതല ഏറ്റെടുത്തപ്പോള്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആ പഠനം ഏറെ ഉപകാരമായത്‌ ജീവിതത്തിലെ ഒരു നിമിത്തമായി ഇന്നു തോന്നുന്നു.

ലാളിത്യമായിരുന്നു ആ ജീവിതത്തിന്റെ മുഖമുദ്ര. അധികാരങ്ങള്‍ ഒരിക്കല്‍ പോലും അദ്ദേഹത്തിന്‌ അലങ്കാരമായി തോന്നിയില്ല. പഠനത്തിനും ചിന്തക്കും മനനത്തിനുമിടയില്‍ അധ്യാപനത്തിനുമിടയില്‍ കുടുംബ ചിന്തപോലും വല്ലാതെയുണ്ടായിരുന്നില്ല.

സയ്യിദ്‌ മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി
(കോഴിക്കോട്‌ ഖാളിയാണ്‌ ലേഖകന്‍)

നോമ്പനുഭവം പകര്‍ത്താനെത്തിയപ്പോള്‍...


         റമസാന്‍ മാസപ്പിറവി കാണാന്‍ മണിക്കൂറുകള്‍ മാത്രം. `ചന്ദ്രിക'യില്‍ ഇത്തവണ റമസാന്‍ വിശേഷങ്ങളുടെ തുടക്കം പണ്‌ഡിതശ്രേഷ്‌ഠനായ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരില്‍നിന്നാവണം. അസോസിയേറ്റ്‌ എഡിറ്റര്‍ സി.പി. സൈതലവി കാളമ്പാടി ഉസ്‌താദിനെക്കുറിച്ച്‌ പറഞ്ഞുതന്നു. ചെന്നുകണ്ട്‌ സ്റ്റോറി തയ്യാറാക്കണം.

ഇസ്‌ലാമിക പ്രബോധന രംഗത്ത്‌ തേജസ്സോടെ നിറഞ്ഞുനില്‍ക്കുന്ന മഹാപണ്ഡിതനെ അഭിമുഖീകരിക്കാനുള്ള ശങ്ക സി.പി. മാറ്റിത്തന്നു. പിന്നെയും ഓരോരോ സംശയങ്ങള്‍. പുറപ്പെടുന്നതിന്‌ മുമ്പ്‌ ഹസ്സന്‍ സഖാഫിയെ വിളിച്ച്‌ ചോദിച്ചു. കൂടുതല്‍ അറിയുന്തോറും ചെറിയ ആധിവന്നു. കാളമ്പാടി ഉസ്‌താദിന്റെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കാനാണ്‌ നിര്‍ദേശം. ആരും കേള്‍ക്കാത്ത പഴയകാലത്തെക്കുറിച്ച്‌ വായനക്കാരോട്‌ പറയണം. അത്‌ ഉസ്‌താദില്‍നിന്ന്‌ കേള്‍ക്കണം. കൗതുകത്തോടെ അവതരിപ്പിക്കണം. ചോദ്യങ്ങള്‍ കുറിച്ചുണ്ടാക്കി. ഉപചോദ്യങ്ങളെക്കുറിച്ച്‌ കണക്കുകൂട്ടി. ആദ്യറമസാന്‍ വിശേഷം ഭംഗിയാക്കാനുള്ള വിഭവങ്ങളുണ്ടാക്കണം. വിട്ടുപോയാല്‍ പിന്നെ വിളിച്ചുചോദിക്കാന്‍ പറ്റില്ല. അങ്ങനെ പ്രയാസപ്പെടുത്തുന്നത്‌ ശരിയല്ല. കാവുങ്ങലില്‍നിന്ന്‌ ചന്ദ്രികയുടെ വാഹനം കാളമ്പാടിയിലേക്ക്‌ തിരിഞ്ഞു. മെലിഞ്ഞ റോഡില്‍നിന്ന്‌ ഇടത്തോട്ട്‌ അതിലും മെലിഞ്ഞ വഴി. കുണ്ടുംകുഴികളും നിറഞ്ഞ മണ്‍പാത. ഓട്ടോറിക്ഷക്ക്‌ കഷ്‌ടിച്ചുപോകാം. എതിരെ വണ്ടിവന്നാല്‍ രക്ഷയില്ലാത്ത ഊടുവഴി. വഴിതെറ്റിയിട്ടില്ലെന്ന്‌ വെറുതെയെങ്കിലും ഉറപ്പാക്കി. കാളമ്പാടി അംഗന്‍വാടിയുടെ മുറ്റത്ത്‌ വണ്ടിനിന്നു. പിന്നെ ആ വലിയ പണ്ഡിതന്റെ വീട്ടിലേക്ക്‌ നടന്നു. കവുങ്ങിന്‍തോട്ടത്തിലൂടെ ഒറ്റവരമ്പ്‌. നടന്നുമാത്രമേ പോകാനാവൂ. ചെന്നുകയറിയത്‌ പഴയൊരുവീട്ടിലേക്ക്‌. ഉസ്‌താദിന്റെതന്നെ വാക്കുകളില്‍ `പരിഷ്‌കാരങ്ങളില്ലാത്ത' വീട്‌.

ഉമ്മറത്ത്‌ ചാരുകസേരയില്‍ ഉസ്‌താദ്‌. പുസ്‌തകത്തിലേക്ക്‌ തലകുനിച്ച്‌. ബനിയനുമീതെ പച്ച ഒല്ലി. ചുവന്ന കാവിയിട്ട പടിയില്‍ വലിയൊരു പുസ്‌തകം-`സമസ്‌ത 85-ാം വാര്‍ഷികോപഹാരം 2012 രണ്ടാംപതിപ്പ്‌'. ചെന്നുകയറിയപ്പോള്‍ പുസ്‌തകത്തില്‍നിന്ന്‌ തലഉയര്‍ത്തിനോക്കി. കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ ഷംസീര്‍ സലാം പറഞ്ഞു. സമുദായത്തിന്റെ അമരക്കാരനുമുന്നില്‍ ഞങ്ങളിരുന്നു. പൂമുഖങ്ങളില്‍നിന്ന്‌ പാടെ മാഞ്ഞുപോയ മരബെഞ്ചില്‍. പുതിയ കാലത്തിന്റെ അടയാളങ്ങളില്ലാത്ത വീട്‌. പാണ്ഡിത്യത്തിന്റെ മഹിമയില്‍ ലോകമറിയുന്നവരുടെ അരികത്ത്‌. ചുമരില്‍ മുഹമ്മദ്‌ നബിയുടെ ചെരുപ്പുകളുടെ ചിത്രം ചില്ലിട്ടുവച്ചിരിക്കുന്നു. കാവിയിട്ട പണ്ടത്തെ നിലവും കഴുക്കോലിന്റെ ഉറപ്പുള്ള മേല്‍ക്കൂരയും. പാര്‍ക്കാന്‍ ഇതുമാത്രം മതി. ഇസ്‌ലാമിക കര്‍മ്മശാസ്‌ത്രവും ചരിത്രവും ജീവിത വിധികളും ദൈവമാര്‍ഗവും കൊണ്ട്‌ സമ്പന്നമായ മനുഷ്യന്റെ ലാളിത്യം. ജീവിതം കൊണ്ട്‌ ചരിത്രമെഴുതിയ മഹാനെ അടുത്തറിയാന്‍ ഈ വീടുമാത്രം മതി. ജീവിതത്തോട്‌ കാണിച്ച സത്യസന്ധതയുടെ നേര്‍വഴിയാണ്‌ ഈ വീട്ടിലേക്കുള്ള വഴികള്‍.

സുന്നിമഹലിലെ മുറികളില്‍ ഉസ്‌താദിനെ കണ്ടിട്ടുണ്ട്‌. പ്രസംഗവേദികളില്‍ ശ്രദ്ധിച്ചിട്ടുണ്ട്‌. മതചിന്തയെ മുറതെറ്റാതെ കൊണ്ടുനടക്കുന്ന കാരണവരുടെ വേഷങ്ങളില്‍. കുട്ടികളും പണ്ഡിതരുമെന്ന വ്യത്യാസമില്ലാതെ എല്ലാവരെയും നന്‍മ പഠിപ്പിക്കുന്ന അധ്യാപകനായി. മറുവാക്കുയര്‍ത്തുന്നവര്‍ക്ക്‌ താത്വികമായ മറുപടികള്‍ നല്‍കുന്ന വാഗ്മിയായി.

കുട്ടിക്കാലത്തെ നോമ്പുകാലത്തില്‍നിന്നാണ്‌ ചോദ്യം തുടങ്ങിയത്‌. രോഗത്തിന്റെ അസ്വസ്ഥതകളുണ്ടായിരുന്നെങ്കിലും ഓര്‍ത്തെടുത്ത്‌ പറഞ്ഞുതന്നു. നിസ്സാര കാര്യങ്ങള്‍പോലും ചികഞ്ഞെടുത്തു. മലപ്പുറത്തിന്റെ കയറ്റിറക്കങ്ങളിലൂടെ കാലം കടന്നുപോയ കഥ. സംസാരം പുതിയ കാലത്തിന്റെ നോമ്പനുഭവങ്ങളിലേക്കെത്തി. ഉടന്‍ മറുപടി വന്നു-`ഇപ്പോള്‍ പരിഷ്‌കരിച്ച ചിന്തകള്‍ കൂടി. കുട്ടികളും മുതിര്‍ന്നവരും അക്കാലത്ത്‌ കൂടുതല്‍ സമയം പള്ളികളില്‍ ചിലവഴിച്ചിരുന്നു. ഇപ്പോള്‍ ജോലിയും മറ്റ്‌ ഏര്‍പ്പാടുകളുമാണ്‌ പലര്‍ക്കും പ്രധാനം. പഠനത്തില്‍ ശ്രദ്ധ കൂടുകയും ചെയ്‌തു.' എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം റെഡിയായിരുന്നു. വിശ്വാസത്തില്‍ മാത്രമൂന്നിയ ഭാഷ. അത്യാവശ്യത്തിന്‌ മാത്രം സംസാരം. വാക്കുകള്‍ക്ക്‌ ഉദ്‌ബോധനത്തിന്റെ സ്വരം. സ്‌ഫുടം ചെയ്‌ത ഹൃദയത്തില്‍നിന്ന്‌ ആത്മീയത പരന്നൊഴുകുന്ന പോലെ. വാര്‍ത്തയില്‍ പ്രധാനം സദുദ്ദേശമാവണം. അതിനുള്ള വാക്കുകളും ഉസ്‌താദ്‌ പ്രത്യേകമായി തന്നു. നോമ്പിന്റെ പുണ്യവും പ്രാര്‍ത്ഥനയും ദാനധര്‍മ്മങ്ങളുമൊക്കെ വിഷയങ്ങളായി.

വര്‍ത്തമാനത്തിലേക്ക്‌ കടന്നപ്പോള്‍ ഗൗരവമുള്ള മുഖത്ത്‌ മയംവന്നപോലെ. അതുപിന്നെ അടുപ്പമായി. ഒരുമണിക്കൂറാവുമ്പോഴേക്കും തുടരെത്തുടരെ ചോദ്യങ്ങള്‍, ഉത്തരങ്ങള്‍. മഗ്‌രിബ്‌ ബാങ്കിന്‌ ഇനി മിനുറ്റുകള്‍ ബാക്കി. ക്യാമറയുമായി ഷംസീര്‍ എണീറ്റു. ഉസ്‌താദിന്‌ താല്‍പ്പര്യമില്ലാത്ത കാര്യങ്ങള്‍ പ്രധാനം പടമെടുപ്പാണ്‌. മുണ്ടും ബനിയനും കൈയ്യില്‍ ഖുര്‍ആനുമായി ചാരുകസേരയില്‍ ഉസ്‌താദിന്റെ പടങ്ങള്‍ മിന്നി. പതിവുപോലെ ഫോട്ടോഗ്രാഫര്‍ ചിരിക്കാന്‍ പറഞ്ഞില്ല. പകരം ഷര്‍ട്ട്‌ ധരിച്ചുള്ള പടം വേണം. അപേക്ഷ സ്വീകരിച്ചു. പുസ്‌തകങ്ങള്‍ തിങ്ങിനിറഞ്ഞ മുറിയില്‍നിന്ന്‌ ഉസ്‌താദ്‌ നീളന്‍കുപ്പായമിട്ട്‌ ഇറങ്ങിവന്നു. കൈയില്‍ സമസ്‌തയുടെ പുസ്‌തകം. ആ വരവ്‌ പുതിയ പടമായി. ആരും പകര്‍ത്തിയിട്ടില്ലാത്ത ഉസ്‌താദിന്റെ ചിത്രം. പത്രത്തില്‍ അതടിച്ചുവന്നു. വറുതിക്കാലത്തെ നോമ്പനുഭവങ്ങള്‍ വാര്‍ത്തയുമായി. സമുദായത്തിന്റെ വഴിവിളക്കായി ബഹളങ്ങളില്ലാതെ യാത്ര ചെയ്യുന്ന നേതാവിന്റെ ജീവിതവും ചുറ്റുവട്ടവും അപൂര്‍വ്വതയായി ബാക്കിനിന്നു. പടിയിറങ്ങുമ്പോള്‍ ഓര്‍ത്തില്ല, സമൂഹത്തെ നയിക്കുന്ന വലിയ പണ്‌ഡിതന്റെ അവസാന അഭിമുഖത്തിനാണ്‌ നിയോഗമുണ്ടായതെന്ന്‌. വാര്‍ത്തകള്‍ക്കപ്പുറത്തെ ലാളിത്യത്തിന്റെ കൗതുകം ഭേദങ്ങളില്ലാത്ത സൗഹൃദങ്ങളില്‍ ചര്‍ച്ചയായി. കാലന്‍കുടയും നീളന്‍കുപ്പായവും പച്ച ഒല്ലിയും തലയിലെ കെട്ടും ലാളിത്യവും സ്‌നേഹവും ആദരവും കല്‍പ്പനപ്രകാരമുള്ള ജീവിതവും പാണ്ഡിത്യത്തിലേക്ക്‌ ചേര്‍ത്തുവെച്ചാല്‍ അത്‌ കാളമ്പാടി ഉസ്‌താദായി. നികത്താനാവാത്ത മഹാനഷ്‌ടത്തിന്റെ വിങ്ങലില്‍ സമൂഹം കണ്ണുനിറക്കുമ്പോള്‍ ത്യാഗിയായ ശുദ്ധാത്മാവിന്റെ പ്രൗഢമായ ജീവിതം പകര്‍ത്തിപ്പഠിക്കേണ്ട സന്ദേശമായി പരന്നുകിടക്കുകയാണ്‌.

വി. സുരേഷ്‌ബാബു
(ചന്ദ്രിക മലപ്പുറം ബ്യൂറോ റിപ്പോര്‍ട്ടറാണ്‌ ലേഖകന്‍)

വിശ്വസിക്കാനാവില്ല...

അന്ന്‌ തിങ്കള്‍, സുബഹ്‌ ജമാഅത്തും കഴിഞ്ഞ്‌ പുതിയ ബ്ലോക്കിലെ തന്റെ റൂമിലേക്ക്‌ തിരിച്ചെത്തി പിന്നെ പതിവ്‌ വിര്‍ദുകള്‍. ശേഷം ഒഴിവ്‌ സമയം മുഴുവന്‍ കിതാബിന്റെ ഉള്ളറകളിലേക്കിറങ്ങി അതുല്യ മുത്തുകള്‍ ശേഖരിക്കുന്ന പതിവുശൈലി തുടര്‍ന്നു. സമയം 7 മണി കഴിഞ്ഞു. കിതാബ്‌ അടച്ച്‌വെച്ചു. ഇനി ക്ലാസിലേക്ക്‌ വരാനുള്ള തയ്യാറെടുപ്പുകള്‍. 10 മിനുട്ട്‌ മുമ്പ്‌ തന്നെ എല്ലാ ദിവസത്തെപ്പോലെ അന്നും ഇസ്‌താദ്‌ തന്റെ കട്ടിലില്‍ തല കുനിച്ചിരുന്നു. സമയം 7.28 ആയതെയുള്ളൂ, റൂമില്‍ നിന്നിറങ്ങി നേരേ മുത്വവ്വല്‍ സാനിയുടെ സബ്‌ഖ്‌ ഹാളിലേക്ക്‌ നടക്കാനൊരുങ്ങുമ്പോള്‍ ബെല്ല്‌ മുഴങ്ങി. മെല്ലെ ഉസ്‌താദ്‌ സബ്‌ഖ്‌ ഹാളിനടുത്തെത്തി എല്ലാവരും ആദരവോടെ എഴുന്നേറ്റ്‌ നിന്നു. പതിഞ്ഞ സ്വരത്തില്‍ വിദ്യാര്‍ഥികളോട്‌ സലാം ചൊല്ലി പീഠത്തിലേക്ക്‌ കയറി കസേരയിലിരുന്ന്‌ പതിവുപോലെ ഹാജര്‍ പട്ടികയെടുത്ത്‌ വിളി തുടങ്ങി. ഓരോ നമ്പറും സസൂക്ഷ്‌മം പറഞ്ഞ്‌ ഓരോരുത്തരുടെയും മുഖം കണ്ട്‌ ഉണ്ടെന്നുറപ്പ്‌ വരുത്തുക ഇതാണ്‌ കാളമ്പാടി ഉസ്‌താദിന്റെ ശൈലി. നൂറ്റി അഞ്ച്‌ എന്ന നമ്പര്‍ വിളിച്ചു. ഞാന്‍ എഴുനേറ്റ്‌ നിന്ന്‌ പതിഞ്ഞ സ്വരത്തില്‍ ഹാളിര്‍ എന്ന്‌ പറഞ്ഞപ്പോഴേക്കും ആ നോട്ടമെത്തി. ആരും അറിയാതെ തലകുനിച്ച്‌ പോവുന്ന നോട്ടം. വിനീതനും തലകുനിച്ചു. പക്ഷെ ഞാനൊരിക്കലും നിനച്ചില്ല ഇത്‌ അവസാനത്തെ വിളിയാണ്‌. ഇനി 105 എന്ന്‌ വിളിക്കാന്‍ എന്റെ ഉസ്‌താദ്‌ വരില്ലെന്ന്‌. അവസാന വിദ്യാര്‍ഥിയുടെ ഹാജര്‍ വിളി കഴിഞ്ഞപ്പോള്‍ പട്ടിക പൂട്ടി പേന ജുബ്ബയുടെ പോക്കറ്റിലിട്ടു. തുഹ്‌ഫതുല്‍ മുഹ്‌താജ്‌ എന്ന ശാഫിഈ മദ്‌ഹബിലെ ആധികാരിക കര്‍മ്മ ശാസ്‌ത്രഗ്രന്ഥം മുന്നിലേക്ക്‌ ചേര്‍ത്ത്‌ തുറന്ന്‌ വെച്ചു. ഓരോ ലഫ്‌ളുകളും ഒരു വിദ്യാര്‍ഥി വായിച്ച്‌ കൊടുക്കും, അതിനു ഏറനാടന്‍ ശൈലിയില്‍ ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന അര്‍ഥവും വിശദീകരണവും നല്‍കും. ഇതാണ്‌ ഉസ്‌താദിന്റെ ശൈലി. അന്നും വായിച്ച്‌ കൊടുക്കുന്ന വിദ്യാര്‍ഥി തുടങ്ങാനുള്ള അനുമതിയായ `ആ .... ങ്ങട്ട്‌' എന്ന വാക്കിനായി കാതോര്‍ത്തു. അത്യാവശ്യത്തിന്‌ മാത്രം സംസാരിക്കുന്ന ആ മഹാമനീഷയുടെ ആധരങ്ങളിലൂടെ ആ വാക്കുകള്‍ പുറത്ത്‌ വന്നു. ഉടന്‍ കുട്ടി വായിക്കാന്‍ തുടങ്ങി. അത്താസിഉ വല്‍ ആശിറു വല്‍ ഹാദി അശറ അത്തശഹുദു വഖുഊദു വസ്വലാതു അലന്നബിയ്യി(സ). അവസാനദിനം എടുത്ത്‌തുടങ്ങിയ വരികള്‍. അതെ, ഒരു സാക്ഷ്യം വഹിക്കലും അതിനുവേണ്ടി തയ്യാറാവലും കാരുണ്യ പ്രവാചകന്റെ യഥാര്‍ഥ അനന്തരാവകാശിയായി റസൂലിന്റെ സാമീപ്യം കരഗതമാക്കാനുള്ള തയ്യാറെടുപ്പ്‌ ഇതാ ഞാന്‍ നടത്തിക്കഴിഞ്ഞു എന്നുമുള്ള ഇന്നര്‍ മീനിങ്ങ്‌ അതിലൊളിഞ്ഞ്‌ കിടന്നിരുന്നോ എന്ന്‌ മനസ്സ്‌ മന്ത്രിക്കുന്നു. അന്ന്‌ പതിവിലും ആര്‍ജ്ജവത്തോടെയായിരുന്നല്ലോ ഉസ്‌താദ്‌ ക്ലാസെടുത്തത്‌. ആ ഗൗരവത്തിലെന്തെക്കെയോ സൂചനകള്‍ ഒളിഞ്ഞിരുന്നോ എന്ന്‌ ഇപ്പോള്‍ ഒരുള്‍ക്കിടിലത്തോടെ ഞങ്ങളോര്‍ക്കുന്നു. അധിക ക്ലാസുകളിലും ഇടക്കിടെ ശ്വാസത്തിന്റെ വലിവനുഭവപ്പെടാറുണ്ടെങ്കില്‍ അവസാന ക്ലാസില്‍ അത്‌ പോലും ഞങ്ങള്‍ കണ്ടില്ലല്ലോ. അധിക ക്ലാസുകളിലും സംശയങ്ങള്‍ ചോദിക്കാറുണ്ടെങ്കില്‍ എല്ലാ സംശയത്തിന്റെ വാതിലുകളും കൊട്ടിയടച്ചുള്ള വിശദീകരണമായിരുന്നില്ലേ ആ ക്ലാസില്‍ അങ്ങ്‌ നടത്തിയിരുന്നത്‌. തശഹുദില്‍ ചൂണ്ടുവിരല്‍ ഉയര്‍ത്തുന്നതിന്റെ വിവിധ ഇനങ്ങള്‍ അങ്ങ്‌ സ്വയം കാണിച്ച്‌ തന്നതിപ്പോഴും ഞങ്ങളുടെ മനസില്‍ തങ്ങി നില്‍ക്കുന്നു. ക്ഷീണമായതിനു ശേഷം ക്ലാസുകളെല്ലാം ബെല്ലടിക്കുന്നതിന്റെ പത്ത്‌ മിനുട്ട്‌ മുമ്പ്‌ നിറുത്താറായിരുന്നല്ലോ അവിടുത്തെ പതിവ്‌. അന്ന്‌ സമയം 8.20 ആയിത്തുടങ്ങി. സബ്‌ഖ്‌ നിറുത്തുന്ന സമയം. ഒരു ഫര്‍അ്‌ കാണുന്നു. അത്തരം വഖ്‌ഫുകളില്‍ നിര്‍ത്താറാണല്ലോ അങ്ങ്‌. അത്‌ മനസ്സിലാക്കി ഞങ്ങളില്‍ പലരും കിതാബ്‌ പൂട്ടിവെക്കാനൊരുങ്ങി. വായിക്കുന്ന വിദ്യാര്‍ഥി അല്‍പം സമയം നിന്നു. അപ്പോള്‍ `ഉം' എന്ന മൂളല്‍ അഥവാ തുടരാനുള്ള സൂചന വന്നു. വീണ്ടും വിദ്യാര്‍ഥി വായിച്ചു തുടങ്ങി. അന്ന്‌ അവിടുന്ന്‌ ബെല്ലടിച്ചിട്ടും ക്ലാസ്‌ നിര്‍ത്തിയില്ലല്ലോ. ഏകദേശം അഞ്ച്‌ മിനുട്ടോളം നീണ്ടുപോയി. നിസ്‌കാരം ഖളാആക്കാതെ ആരെയും ബുദ്ധിമുട്ടിക്കാതെ ഇല്‍മില്‍ വ്യാപൃതനായി മരണപ്പെടണമെന്ന ആഗ്രഹത്തിന്റെ പൂര്‍ത്തീകണമായിരുന്നല്ലോ ഞങ്ങളവിടെക്കണ്ടത്‌. ഇനിയൊരു ക്ലാസ്‌ എടുക്കാന്‍ ഞാന്‍ ഉണ്ടാവില്ല. അത്‌കൊണ്ട്‌ പരമാവധി ജ്ഞാനമുത്തുകള്‍ ഞാനന്റെ കുട്ടികള്‍ക്ക്‌ പകര്‍ന്നു നല്‍കട്ടെ, അനുവദിച്ച സമയം മുഴുവനും ഞാന്‍ ഉപയോഗപ്പെടുത്തട്ടേ എന്നുള്ള അഭിലാഷമാണതിനു പിന്നിലെന്ന്‌ ഞങ്ങളൊരിക്കലും കരുതിയില്ല. ഇല്ല, ഞങ്ങള്‍ക്കൊരിക്കലും മറക്കാനാവില്ല. അങ്ങ്‌ അവസാനം വിശദീകരിച്ച്‌ ലഫ്‌ളുകള്‍. അതെ 'അത്തഹിയ്യാതു ലില്ലാഹി സലാമുന്‍ അലൈക്ക അയ്യുഹന്നബിയ്യു റഹ്‌മതുള്ളാഹി വബറകാതുഹു സലാമുന്‍ അലൈനാ വഅലാ ഇബാദില്ലാഹി സ്വാലിഹീന്‍. അശ്‌ഹദു അന്‍ലാഇലാഹ ഇല്ലള്ളാഹു വഅശ്‌ഹദു അന്ന മുഹമ്മദ്‌ റസൂലുള്ള'. � പതിവു നിര്‍ത്താറുള്ള വഖ്‌ഫിലെത്തിയിട്ടും 'അശ്‌ഹദു അന്‍ലാഇലാഹ ഇല്ലള്ളാഹു വ അശ്‌ഹദു അന്ന മുഹമ്മദ്‌ റസൂലുള്ള' എന്ന മത്‌ന്‌ തന്നെ വിശദീകരിച്ച്‌ ക്ലാസ്‌ അവസാനിപ്പിക്കാന്‍ അങ്ങ്‌ മന:പൂര്‍വം തെരെഞ്ഞെടുക്കുകയായിരുന്നെന്ന്‌ ഞങ്ങളൊരിക്കലും കരുതിയില്ല. �ആ..... അവിടെ നില്‍ക്കട്ടെ...� എന്ന്‌ പറഞ്ഞ്‌ കിതാബ്‌ പൂട്ടിവെച്ച്‌ എഴുന്നേറ്റ്‌ കുട്ടികളെ ആകെയൊന്ന്‌ നോക്കി സലാം ചൊല്ലി ഇറങ്ങിപ്പോവുമ്പോള്‍ അങ്ങ്‌ ഒരു നിശ്ചയദാര്‍ഢ്യത്തിലാണെന്ന്‌ ഞങ്ങളൊരിക്കലും നിനച്ചിരുന്നില്ല. അത്രയൊക്കെ അങ്ങ്‌ കരുതിയുറപ്പിച്ചിരുന്നെന്ന്‌ ഇന്ന്‌ ഞങ്ങളുടെ ഖല്‍ബ്‌ മന്ത്രിക്കുന്നു. അങ്ങനെയെങ്കില്‍ ഞങ്ങള്‍ക്കൊരു സൂചന തരാമായിരുന്നില്ലേ. ഇല്ല അങ്ങത്‌ നല്‍കിയില്ലല്ലോ. കാരണം അങ്ങയുടെ ജീവിതം പ്രശസ്‌തിയോ പ്രശംസയോ കൊതിച്ചതായിരുന്നില്ല. ഒരു ഉഖ്‌റവിയായ പണ്ഡിതന്റെ ജീവിതമെങ്ങനെയായിരിക്കുമെന്ന്‌ ജീവിച്ച്‌ കാണിച്ച്‌ ലോകത്തെ പഠിപ്പിക്കുകയല്ലെ അങ്ങ്‌ ചെയ്‌തത്‌. ഫൈനല്‍ വിദ്യാര്‍ഥികളുടെ അവസാന ക്ലാസും കഴിഞ്ഞ്‌ റൂമിലേക്ക്‌. പ്രാതലിനു ശേഷം സെമി ക്ലാസിലേക്കുള്ള തയ്യാറെടുപ്പുകള്‍. ബെല്ലടിച്ചതോടെ മുതവ്വല്‍ അവ്വലിന്റെ സബ്‌ഖ്‌ ഹാളിലേക്ക്‌. പുതിയ ബ്ലോക്കിന്റെ ഒന്നാം നിലയിലുള്ള ക്ലാസിലേക്ക്‌ അങ്ങ്‌ കോണിപ്പടികള്‍ കയറുന്ന രംഗം കാണുന്ന ഏതൊരാളുടെയും മനസ്സൊന്ന്‌ പിടയും. ഇരു കൈകളും കോണിയുടെ ഭിത്തിയിലൂന്നി പ്രയാസപ്പെട്ട്‌ കയറുമ്പോള്‍ കൈത്താങ്ങിനായി വരുന്നവര്‍ക്കാര്‍ക്കും അങ്ങ്‌ അവസരം നല്‍കാറില്ലല്ലോ. സെമിയില്‍ പരിശുദ്ധ ഖുര്‍ആന്റെ ശേഷം അസ്വഹായ കിതാബെന്ന്‌ മുസ്‌ലിം ലോകം വിധിയെഴുതിയ ഇമാം ബുഖാരിയുടെ സ്വഹീഹുല്‍ ബുഖാരി ക്ലാസെടുത്തു. പ്രസ്‌തുത ക്ലാസാണ്‌ ജാമിഅയുടെ അവസാന ക്ലാസ്‌. സ്വഹീഹുല്‍ ബുഖാരിയിലെ 2631 മുതല്‍ 2645 വരെയുള്ള 14 ഹദീസുകളായിരുന്ന്‌ അത്‌. അവസാന ക്ലാസിലെ അവസാന ഹദീസാവട്ടെ ഖുതൈഫ ബിന്‍ സഈദ്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത രണ്ട്‌ ഗ്രാമീണര്‍ തമ്മിലുള്ള തര്‍ക്കം സംബന്ധിച്ച നബി(സ) നല്‍കിയ മറുപടി യായിരുന്നു. അല്ലാഹുവിന്റെ കിതാബ്‌ കൊണ്ട്‌ ഞാന്‍ വിധി പറയുമെന്നായിരുന്നു പ്രവാചകന്‍(സ) പറഞ്ഞത്‌. അതെ, അവിടുത്തെ ജീവിതം മുഴുവനും ഖുര്‍ആനും ഹദീസിമായിരുന്നല്ലോ. ആരുടേയും മിന്നത്തിന്‌ ഇടം നല്‍കാതെ അധികാരത്തിന്റെ ഔന്നിത്യത്തിലും ലാളിത്യത്തിന്റെ നിറകുടമായി വിജ്ഞാനത്തിന്റെ വടവൃക്ഷമായി അങ്ങ്‌ നിലകൊണ്ടു. അങ്ങ്‌ പ്രകാശ സര്‍വ്വകലാശാല എന്നര്‍ഥം വരുന്ന ജാമിഅ: നൂരിയയിലെ ലൈറ്റ്‌ ഹൗസായി പ്രകാശം പരത്തി, വഴികാട്ടിയായി. സഹായത്തിനായി ജാമിഅയെയും ശിഷ്യകണങ്ങളെയും അളവറ്റ്‌ സ്‌നേഹിച്ച അങ്ങ്‌ എന്നും ഞങ്ങളുടെ കൂടെയുണ്ടാവുമെന്ന സ്വകാര്യ അഹങ്കാരത്തോടെ ഞങ്ങള്‍ക്ക്‌ പറയാന്‍ തോന്നുന്നു. ഇല്ല അങ്ങ്‌ കത്തിച്ച്‌ വെച്ച പ്രകാശത്തിന്റെ ശോഭയണയില്ല. ആ ദീപശിഖയില്‍ നിന്ന്‌ ആവാഹിച്ച വെളിച്ചം കൊണ്ട്‌ ഇരുളടഞ്ഞ വീഥികളില്‍ വെളിച്ചം തീര്‍ക്കാന്‍ ഞങ്ങള്‍ക്കാഗ്രഹമുണ്ട്‌. പക്ഷെ, ഇല്ല ഞങ്ങളെക്കൊണ്ടാവില്ല. അങ്ങില്ലാത്ത ജാമിഅ:യെ കുറിച്ചോര്‍ക്കാന്‍. ഇല്ല ഒരറ്റത്ത്‌ അങ്ങില്ലാതെ മസ്‌ജിദുറഹ്‌മാന്റെ ആദ്യ സ്വഫ്‌ പൂര്‍ണമാകില്ല. റൂമില്‍ സദാ സമയവും കിതാബിലേക്ക്‌ തലതാഴ്‌ത്തിയിരിക്കുന്ന അങ്ങയെ ഇനിയൊരിക്കലുമവിടെ ദര്‍ശിക്കാനാവില്ലെന്ന്‌ ഞങ്ങളെങ്ങനെ വിശ്വസിക്കും. ഇല്ല ഞങ്ങള്‍ക്കൊരിക്കലും വിശ്വസിക്കാനാവില്ല വിജ്ഞാനത്തിന്റെ മധുപകരാന്‍ ജാമിഅയില്‍ ഇനി അങ്ങുണ്ടാവില്ലെന്ന്‌. 7.30 ന്റെ ബെല്ല്‌ മുഴങ്ങിയാല്‍ ഞങ്ങള്‍ കാതോര്‍ക്കും അങ്ങയുടെ ക്ലാസിനായി, കാരണം ഞങ്ങള്‍ക്കിപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല അങ്ങ്‌ ഞങ്ങളെ വിട്ട്‌ പിരിഞ്ഞെന്ന്‌. എം.എ ഖാദര്‍ കിഴിശ്ശേരി (അല്‍മുനീര്‍ എഡിറ്ററും ജാമിഅ വിദ്യാര്‍ത്ഥിയുമാണ്‌ ലേഖകന്‍)

അവസാന അഭിമുഖം ചന്ദ്രികക്ക്‌


     പഴയകാലത്തിന്റെ റമസാന്‍കാഴ്‌ചകള്‍ തേടിയാണ്‌ കാളമ്പാടി അരീക്കത്ത്‌ വീട്ടിലേക്ക്‌ ചെന്നത്‌. വലിയ പണ്ഡിതന്റെ ലളിതജീവിതം അടയാളപ്പെടുത്തിയ വഴികള്‍. മാറ്റമില്ലാത്ത ഉമ്മറപ്പടികള്‍. ചാരുകസേരയില്‍ `സമസ്‌ത 85-ാം വാര്‍ഷികോപഹാരം 2012 രണ്ടാംപതിപ്പ്‌’ എന്ന വലിയ പു സ്‌തകത്തിലേക്ക്‌ കണ്ണുംനട്ട്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍. തോളില്‍ പാതി തൂങ്ങി പച്ചനിറമുള്ള ഒല്ലി. തലയില്‍ ശുഭ്രവസ്‌ത്രത്തിന്റെ കെട്ട്‌. പുസ്‌തകത്തില്‍നിന്ന്‌ തല ഉയര്‍ത്തിയപ്പോള്‍ കാര്യമറിയിച്ചു. പഴയകാലത്തെ നോമ്പുവിശേഷങ്ങള്‍ വേണം.

 സമൂഹത്തിന്‌ മുന്നില്‍ തലയെടുപ്പോടെ സംസാരിക്കുന്ന പണ്ഡിതശ്രേഷ്‌ഠന്‍ ഓര്‍മ്മകളിലേക്ക്‌ തലചരിച്ചു. റമസാനിന്റെ തലേന്നാളായിരുന്നെങ്കിലും തിരക്കുകൂട്ടാതെ ഓര്‍ത്തെടുത്തു. ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടും താല്‍പര്യത്തോടെ പറഞ്ഞുതുടങ്ങി.

1930-40 കാലഘട്ടത്തിലെ മലപ്പുറത്തിലൂടെ അദ്ദേഹം സഞ്ചരിച്ചു. സ്‌കൂളുകള്‍, മദ്രസകള്‍, പാഠങ്ങള്‍, ഉസ്‌താദുമാര്‍. വിശപ്പറിഞ്ഞ കുട്ടിക്കാലം. ചുറ്റുവട്ടങ്ങളിലെല്ലാം വറുതിയുടെ തലമുറക്കാഴ്‌ചകള്‍. നോമ്പിനുപക്ഷെ കാലങ്ങളുടെ മാറ്റമില്ല. എന്നാല്‍ പ്രയോഗത്തില്‍ വരുത്തുന്നിടത്ത്‌ ചില പോരായ്‌മകളുണ്ട്‌. അക്കാലത്ത്‌ കുട്ടികളും മുതിര്‍ന്നവരും പകല്‍ സമയങ്ങളില്‍ പള്ളികളില്‍തന്നെയാണ്‌ കഴിഞ്ഞിരുന്നത്‌. പ്രാര്‍ത്ഥനയും ഖുര്‍ആന്‍ പാരായണവും പ്രധാനം. ആത്മീയമായി അല്ലാഹുവിനോട്‌ അടുക്കുന്ന കാലമാണ്‌ നോമ്പ്‌. ഇതൊരു ഇബാദത്താണ്‌.

കച്ചവടവും മറ്റ്‌ ബിസിനസ്സുകളും റമസാനില്‍ നിര്‍ത്തിവെക്കും. മക്കാനിപോലും ഉണ്ടാവില്ല. അല്ലെങ്കില്‍ പ്രാര്‍ത്ഥനക്ക്‌ സമയം കണ്ടത്തി ക്രമീകരിക്കും. പള്ളികളില്‍ പോവുന്നതായിരുന്നു പ്രധാനം. അന്ന്‌ മെച്ചപ്പെട്ട സൗകര്യങ്ങളുള്ളവര്‍ കുറവായിരുന്നു. എല്ലാവരും സാധാരണക്കാരും കൂലിപ്പണിക്കാരും. അതുകൊണ്ടുതന്നെ നോമ്പുതുറയുടെ വിഭവങ്ങള്‍ എല്ലായിടത്തും ഒരുപോലെ. ചക്കയും കപ്പയും അതുപോലെയുള്ള നാടന്‍ ഭക്ഷണവുമായിരുന്നു നോമ്പുതുറയുടെ വിഭവങ്ങള്‍.

തലമുറകളുടെ വ്യത്യാസം എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന്‌ ഇന്ന്‌ പരിഷ്‌കരിച്ച ചിന്തകള്‍ കൂടിയെന്നായിരുന്നു മറുപടി. പൊതുചിന്തയില്‍ മാറ്റമുണ്ടായി. ജോലിയെന്ന ചിന്തക്ക്‌ ഇടംവന്നു. ശ്രദ്ധ കൂടുതല്‍ ഭാവിയെക്കുറിച്ചായി. ഭാഷകള്‍ പഠിക്കാനും പ്രയോഗിക്കാനും കൂടുതല്‍ സൗകര്യങ്ങളുണ്ടായി. കാലവ്യത്യാസം പഠന രീതിയെയും മാറ്റി. സ്‌കൂളില്‍ പോകുന്നത്‌ അക്കാലങ്ങളില്‍ കമ്മിയായിരുന്നു. ഇക്കാര്യത്തില്‍ വലിയ പരിവര്‍ത്തനം വന്നു. ഇന്നിപ്പോള്‍ എല്ലാവരും സ്‌കൂളിലെത്തുന്നു. കൂടുതല്‍ സമയം മതപഠനത്തിന്‌ ലഭിച്ചിരുന്നു. പിന്നെപ്പിന്നെ ആ സമയം കുറഞ്ഞുവന്നു. അതുകൊണ്ടാണ്‌ പ്രത്യേക പാഠപുസ്‌തകങ്ങള്‍ തയ്യാറാക്കി മദ്രസകള്‍ എന്ന പേരില്‍ പഠിപ്പിക്കാന്‍ തുടങ്ങിയത്‌. പിന്നീട്‌ മദ്രസാ പ്രസ്ഥാനം സജീവമായി. ആദ്യകാലങ്ങളില്‍ മദ്രസകളുടെ എണ്ണംകുറവായിരുന്നെങ്കിലും ഇപ്പോള്‍ എല്ലായിടത്തും സജീവമായി.

മൊല്ലാക്കയായിരുന്ന അബ്‌ദുറഹിമാന്‍ ഹാജിയുടെയും ആയിഷ ഹജ്ജുമ്മയുടെയും മകനായി 1934ലാണ്‌ ഉസ്‌താദ്‌ ജനിച്ചത്‌. 11 മക്കളില്‍ മൂത്തയാള്‍. കാളമ്പാടിയിലെ വീട്ടില്‍നിന്ന്‌ കുന്നുകയറി മലപ്പുറത്ത്‌ പള്ളിപ്പറമ്പിലെ സ്‌കൂളില്‍ പ്രൈമറി പഠനം. രാവിലെ ആറുമണിയോടെ വീട്ടില്‍നിന്നിറങ്ങും. ഒമ്പതരവരെ സ്‌കൂളിലാണ്‌ മതപഠനം. പിന്നീടാണ്‌ സ്‌കൂള്‍ പഠനം. അങ്ങനെയായിരുന്നു ആ കാലം. നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല, ഓത്തുമാത്രം. അഞ്ചുവരെ അവിടെ പഠിച്ചു.

പിന്നെ പള്ളി ദര്‍സുകളില്‍. കൂട്ടിലങ്ങാടി, പഴമള്ളൂര്‍, വറ്റല്ലൂര്‍, എടരിക്കോട്‌, പരപ്പനങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലെ ദര്‍സുകളിലായിരുന്നു പഠനം. പിന്നീട്‌ മൂന്നുവര്‍ഷം വെല്ലൂര്‍ ബാഖിയ്‌ത്തുസ്വാലിഹാത്ത്‌ കോളജില്‍. കേരളം, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെയും മലേഷ്യ അടക്കമുള്ള രാജ്യങ്ങളിലെയും കുട്ടികളും അവിടെ പഠിക്കാനുണ്ടായിരുന്നു. മലപ്പുറം, കണ്ണൂര്‍, കാസര്‍ക്കോട്‌ ജില്ലകളില്‍നിന്നാണ്‌ കൂടുതല്‍ പേരുണ്ടായിരുന്നത്‌. അവിടെ പഠനം പൂര്‍ത്തിയാക്കിയശേഷം പള്ളിദര്‍സുകളില്‍ പഠിപ്പിച്ചു. അരീക്കോടുനിന്നാണ്‌ ഉസ്‌താദിന്റെ അധ്യയനം തുടങ്ങുന്നത്‌. മൈത്ര, മുണ്ടക്കുളം, കാച്ചിനക്കാട്‌, മുണ്ടംപറമ്പ്‌, നെല്ലിക്കുത്ത്‌, ആമക്കാട്‌… ഇവിടങ്ങളിലെ കുട്ടികള്‍ക്കെല്ലാം കാളമ്പാടി അറിവുപകര്‍ന്നു. 21 വര്‍ഷത്തിലധികമായി പട്ടിക്കാട്‌ ജാമിഅ: നൂരിയ്യ അറബിക്‌ കോളജില്‍ അധ്യാപകന്‍.

ദര്‍സ്‌ മുതല്‍ കോളജുവരെയായി അരനൂറ്റാണ്ടുകാലം. സമസ്‌തയുടെ തലപ്പത്തുനില്‍ക്കുമ്പോഴും ജാമിഅയില്‍ ഫൈസിമാരെ പഠിപ്പിച്ചു. അധ്യാപനമായിരുന്നു ഈ ജിവിതം. മദ്രസകളിലും കോളജിലും ക്ലാസ്‌മുറികളില്‍ കര്‍മ്മശാസ്‌ത്രങ്ങള്‍ പഠിപ്പിച്ചപ്പോള്‍ കളങ്കമില്ലാത്ത ജീവിതം കൊണ്ട്‌ സമൂഹത്തിനും വഴികാട്ടിയായി. അറിവും സത്യവും ലാളിത്യവും വായനയും ചിന്തയും നേര്‍വഴിയുമൊക്കെ അധ്യായങ്ങളായ ഒരു പുസ്‌തകം തന്നെയാണ്‌ മലപ്പുറത്തുനിന്ന്‌ ആത്മീയ ലോകത്തേക്ക്‌ സഞ്ചരിച്ച്‌ കാളമ്പാടി കുറിച്ചിട്ടത്‌.

സംസാരം നിര്‍ത്തുമ്പോള്‍ മഗ്‌രിബ്‌ ബാങ്ക്‌ ഉയര്‍ന്നു. നമസ്‌കാരത്തിന്റെ സമയം. പാണക്കാട്‌ പൂക്കോയതങ്ങള്‍ക്കും ശിഹാബ്‌ തങ്ങള്‍ക്കുമൊപ്പം നോമ്പുതുറയില്‍ പങ്കെടുത്തത്‌ നല്ല ഓര്‍മ്മയാണെന്ന്‌ പറയാന്‍ മറന്നില്ല. ചൊവ്വാഴ്‌ച പാണക്കാട്ട്‌ തിരക്കുള്ള ദിവസമാണ്‌. സമുദായത്തെ നയിച്ച മഹാപണ്ഡിതന്‍ വിടപറഞ്ഞതും ചൊവ്വാഴ്‌ചതന്നെ. സ്‌നേഹാദരങ്ങളുടെ നെറുകയില്‍നിന്ന്‌ തിരക്കുകള്‍ മാറ്റിവെച്ച്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ കാളമ്പാടിയിലെത്തിയതും ഊഷ്‌മളബന്ധത്തിന്റെ വിങ്ങല്‍കൊണ്ടുതന്നെയാണ്‌.

അനുഭവങ്ങളും കാലങ്ങളും ഈ മനസ്സില്‍ മായാതെ കിടക്കുന്നുണ്ട്‌. ഏതു ചോദ്യത്തിനും കലര്‍പ്പില്ലാത്ത മറുപടിയും. ശാന്തതയും ലാളിത്യവും മുദ്രയാക്കി സമസ്‌തക്ക്‌ ശ്രേഷ്‌ഠ മുഖം നല്‍കിയ പണ്ഡിതനോട്‌ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഓര്‍ത്തില്ല, ഈ വാക്കുകള്‍ അദ്ദേഹത്തിന്റെ അവസാനത്തെ അഭിമുഖമാവുമെന്ന്‌. ചന്ദ്രികയെ സ്‌നേഹിച്ച പണ്‌ഡിതന്റെ അവസാന അഭിമുഖത്തിലെ ചിന്തകളിലും സമൂഹ നന്‍മയും സാഹോദര്യവും നിറഞ്ഞുനിന്നു. തലമുറകളില്‍ ആത്മീയശോഭ പരത്തിയ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ ഇനി ശ്രേഷ്‌ഠമായ ഓര്‍മമാത്രം.



വി. സുരേഷ്‌ ബാബു
ചന്ദ്രിക - 2012 Oct. 04

Thursday, May 16, 2013

ആശുപത്രിയിലെ അന്ത്യനിമിഷങ്ങള്‍

     2012 ഒക്‌ടോബര്‍ 2 ന്‌ സുബ്‌ഹി നിസ്‌കാരം കഴിഞ്ഞ്‌ വിശ്രമിക്കുമ്പോഴാണ്‌ മൊബൈല്‍ ശബ്‌ദിക്കുന്നത്‌; കാളമ്പാടി ഉസ്‌താദ്‌ അത്യാസന്ന നിലയില്‍ ആശുപത്രിയിലാണ്‌.... ഉടനെ ജാമിഅയിലേക്ക്‌ ബന്ധപ്പെട്ടു. അര്‍ദ്ധരാത്രിയില്‍ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ അതിവേഗം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഓടിക്കിതച്ച്‌ ആശുപത്രിയില്‍ എത്തിയപ്പോഴാണ്‌ ഐ.സി.യു.വില്‍ വെന്റിലേറ്ററിലാണെന്ന്‌ അറിയുന്നത്‌. അകത്തു പോയി കാണാന്‍ അധികൃതര്‍ അനുവാദം തന്നു. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ അനിഷേധ്യനായ അമരക്കാരന്‍ ശാന്തമായി ഉറങ്ങുന്നതുപോലെ. ഈ അവസ്ഥയില്‍ റൂമിലേക്ക്‌ വിട്ടുതന്നുകൂടെ എന്ന്‌ ഞാനും അസീസ്‌ ഫൈസിയും കൂടി ഡോക്‌ടറോട്‌ കെഞ്ചിനോക്കി. രണ്ട്‌ റിസല്‍ട്ടുകൂടി കിട്ടാനുണ്ടെന്നും നേരിയ പ്രതീക്ഷക്ക്‌ വകയുണ്ടെന്നുമാണ്‌ ഡോക്‌ടര്‍ പറഞ്ഞത്‌. പിന്നെയും അര മണിക്കൂറോളം ഇഴഞ്ഞുനീങ്ങി. പുറത്തേക്ക്‌ വന്ന ഡോക്‌ടറുടെ മുഖത്ത്‌ നിരാശ പ്രകടമാകുന്നത്‌ അറിഞ്ഞു. ഐ.സി.യുവില്‍ ചെന്ന്‌ ചൊല്ലാനുള്ളത്‌ ചൊല്ലികൊടുക്കുവാന്‍ അദ്ദേഹം അനുമതി നല്‍കി. ഉസ്‌താദിന്റെ രണ്ട്‌ മക്കളുടെ കൂടെ ഞാനും സയ്യിദ്‌ സാബിഖലി ശിഹാബ്‌ തങ്ങളും പുളിയക്കുത്ത്‌ ഹനീഫയും അകത്തേക്ക്‌ ചെന്നു. സമസ്‌ത വിദ്യാഭ്യാസ ബോര്‍ഡ്‌ മാനേജര്‍ പിണങ്ങോട്‌ അബൂബക്കര്‍ സാഹിബും അപ്പോള്‍ അവിടെയെത്തി. വാപ്പുട്ടി ഫൈസി വേങ്ങൂര്‍, അബ്‌ദുല്‍ അസീസ്‌ ഫൈസി തുടങ്ങി ഏതാനും ചിലരും എത്തിച്ചേര്‍ന്നിരുന്നു. മറ്റ്‌ രോഗികള്‍ക്ക്‌ പ്രയാസമാകും എന്നു പറഞ്ഞു അധികം പേരോടും പുറത്തു പോവാന്‍ ഡോക്‌ടര്‍ ആവശ്യപ്പെട്ടു. ഈയുള്ളവനും ഹനീഫയും യാസീന്‍ ഓതാന്‍ തുടങ്ങി. മകന്‍ അബ്‌ദുസ്വമദ്‌ ഫൈസി ചുണ്ടില്‍ വെള്ളം ഉറ്റിച്ച്‌ കൊടുക്കുകയും ചെവിയില്‍ ഉച്ചത്തില്‍ തഹ്‌ലീല്‍ ചൊല്ലികൊടുക്കുകയും ചെയ്‌തുകൊണ്ടിരുന്നു. ഞാന്‍ യാസീന്‍ ഓതി പൂര്‍ത്തിയാക്കി ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞു. സൂക്ഷ്‌മതയോടെ നിരീക്ഷിച്ചിരുന്ന ഡോക്‌ടര്‍ പതിയെ പറഞ്ഞു. എല്ലാം കഴിഞ്ഞിരിക്കുന്നു. നിമിഷനേരത്തേക്ക്‌ അമ്പരപ്പ്‌! അതെ സ്‌നേഹനിധിയായ ഗുരുവര്യര്‍ ശൈഖുനാ കാളമ്പാടി ഉസ്‌താദ്‌ ഈ ലോകത്തോട്‌ വിട പറഞ്ഞിരിക്കുന്നു. സുന്നി പ്രസ്ഥാനത്തിന്റെ അനിഷേധ്യനായ അമരക്കാരന്‍ രക്ഷിതാവിങ്കലേക്ക്‌ യാത്രയായിരിക്കുന്നു. അമ്പരപ്പില്‍ നിന്നുണര്‍ന്ന്‌ നേതാക്കളെ ഓരോരുത്തരെയായി വിളിച്ച്‌ വിവരം അറിയിച്ചുകൊണ്ടിരുന്നു. നിമിഷനേരം കൊണ്ട്‌ ആശുപത്രി പരിസരം നിറഞ്ഞു കവിഞ്ഞു. ഒടുവില്‍ ഉസ്‌താദ്‌ ഏറ്റവും അധികം സ്‌നേഹിക്കുകയും ലാളിക്കുകയും ചെയ്‌ത ജാമിഅ കാമ്പസിലേക്ക്‌ ജനാസ കൊണ്ടുപോയി. ക്ഷണനേരം കൊണ്ട്‌ പതിനായിരങ്ങള്‍ ജാമിഅയുടെ മുറ്റം നിറഞ്ഞുകവിഞ്ഞു. തങ്ങളുടെ എല്ലാമെല്ലാമായ ഗുരുനാഥനെ കാണാന്‍ അണികളുടെ ഒഴുക്കായിരുന്നു. ജാമിഅയില്‍ വെച്ച്‌ കുളിപ്പിച്ച്‌, ജാമിഅയുടെ ഇമാം മുത്തുതങ്ങളുടെ നേതൃത്വത്തില്‍ പ്രഥമ ജനാസ നമസ്‌കാരം. ശൈഖുനാ ആലിക്കുട്ടി ഉസ്‌താദിന്റെ ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥന. എല്ലാം കഴിഞ്ഞ്‌ ഏറെ പ്രയാസപ്പെട്ട്‌ ജനാസ വീട്ടിലേക്ക്‌ യാത്രയാക്കി.

ഉസ്‌താദ്‌ താമസിച്ചിരുന്ന റൂമിന്റെ നേര മുകളിലുള്ള പത്താം റൂമിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്‌. രണ്ട്‌ വര്‍ഷത്തെ ജാമിഅ പഠനത്തിനിടക്ക്‌ ഒരിക്കല്‍ മാത്രം സുബ്‌ഹിക്ക്‌ എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. അന്ന്‌ ഉസ്‌താദ്‌ നേരിട്ടു വന്ന്‌ പിടികൂടുകയുണ്ടായി. ഏറെ ഉപദേശിച്ചാണ്‌ അന്ന്‌ ഞങ്ങള്‍ റൂമിലുണ്ടായിരുന്ന നാലുപേരെയും ഉസ്‌താദ്‌ വെറുതെ വിട്ടത്‌.

അത്ഭുതകരമായി അനുഭവപ്പെട്ട സംഭവം തൊട്ടടുത്ത ആഴ്‌ചയിലായിരുന്നു.വെളളിയാഴ്‌ച ജാമിഅയില്‍ ക്ലാസ്‌ ഇല്ലാത്ത ദിവസം. കോഴിക്കോട്‌ നടന്ന സഖാഫി സമ്മേളനത്തില്‍ പങ്കെടുത്ത്‌ നൂറുല്‍ ഉലമയിലേക്ക്‌ ആവശ്യമായ കുറച്ച്‌ ലൈബ്രറി പുസ്‌തകങ്ങളും വാങ്ങി ജാമിഅയിലേക്ക്‌ തന്നെ മടങ്ങി. രാത്രി രണ്ട്‌ മണിക്ക്‌ ശേഷമാണ്‌ കോളേജില്‍ എത്തിയത്‌. അവധി ദിവസമായതിനാല്‍ റൂമിലും പരിസര റൂമുകളിലൊന്നും ആരുമില്ല. പതിയെ അഗാധ മയക്കത്തിലേക്ക്‌ വീണു.

പെട്ടെന്നാണ്‌ കഴിഞ്ഞ ആഴ്‌ചയിലേതുപോലെ ശൈഖുനാ കാളമ്പാടി ഉസ്‌താദ്‌ ഉറക്കത്തില്‍ നിന്ന്‌ വിളിച്ചുണര്‍ത്തുന്നു. ഞെട്ടിയെഴുന്നേറ്റ്‌ ആകെ പരവശനായി നില്‍ക്കുമ്പോള്‍ ഉസ്‌താദിനെ കാണുന്നില്ല. ശൈഖുനാ വീട്ടിലാണെന്ന്‌ അപ്പോഴാണ്‌ ഓര്‍ത്തത്‌. ഏതാനും നിമിഷം കഴിഞ്ഞപ്പോഴേക്കും പള്ളിയില്‍ നിന്ന്‌ ബാങ്കൊലി മുഴങ്ങുന്നു. വൈകി ഉറങ്ങിയതിനാല്‍ ഉണരാന്‍ കഴിയില്ലെന്നു കരുതി ഉസ്‌താദ്‌ വിളിച്ചുണര്‍ത്തിയതുപോലെ-

ജാമിഅയില്‍ ഫൈനല്‍ പരീക്ഷ തുടങ്ങിയ അന്നേ ദിവസം തന്നെ മേഖലാ സര്‍ഗലയം നടക്കുന്നു. കമ്മറ്റിയുടെ കാര്യദര്‍ശി എന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്വം. ഒപ്പം ഫൈനല്‍ പരീക്ഷയുടെ ബേജാറും. അസറിനുശേഷം കിട്ടിയ ചെറിയൊരു ഇടവേളയില്‍ ജാമിഅയിലെ വാര്‍ഡനുമായി ധാരണയിലായി സര്‍ഗലയത്തിലേക്ക്‌ പോയി. മടങ്ങി എത്തിയത്‌ മഗ്‌രിബിന്‌ ശേഷമായിരുന്നു. എരമംഗലം ഉസ്‌താദിന്റെ മുന്നിലാണ്‌ വന്നുപെട്ടത്‌.

കയ്യോടെ പിടികൂടി കാളമ്പാടി ഉസ്‌താദിന്റെ മുമ്പിലെത്തിച്ചു. പരീക്ഷയുടെ ഗൗരവം മറന്ന്‌ സംഘടനാ പ്രവര്‍ത്തനത്തിന്‌ പോയ ഞങ്ങളെ ഉസ്‌താദ്‌ വിചാരണ ചെയ്യാനാവശ്യപ്പെട്ടു. കുട്ടികളേ... ഇങ്ങളോട്‌ ഞാന്‍ പെട്ടീം കിതാബും എടുത്ത്‌ പോകാന്‍ പറയാണ്‌ - കൂടെയുള്ളവര്‍ വിറക്കുന്നു. ഞാന്‍ അതിലേറെ പാരവശ്യത്തില്‍. വിറയാര്‍ന്ന ശബ്‌ദത്തോടെ പതിയെ മൊഴിഞ്ഞു - ഉസ്‌താദേ, എസ്‌.കെ.എസ്‌.എസ്‌.എഫിന്റെ മേഖലാ സെക്രട്ടറിയാണ്‌. കൂടെയുള്ള ഒരാള്‍ ശമീര്‍ പുത്തനങ്ങാടി അങ്ങാടിപ്പുറം പഞ്ചായത്ത്‌ കമ്മിറ്റി സെക്രട്ടറിയും. മേഖലയുടെ പരിപാടി നടക്കുമ്പോള്‍ പരീക്ഷയായതിനാല്‍ ഞങ്ങള്‍ക്ക്‌ സഹകരിക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ഒന്നുപോയി വരികെയങ്കിലും വേണ്ടേ, സഹപ്രവര്‍ത്തകര്‍ കൂടുതലും നാടന്മാരാണ്‌. അവര്‍ക്കൊരു ആശ്വാസമാകട്ടെ എന്ന്‌ കരുതി പോയതാണ്‌. ഉസ്‌താദ്‌ മാപ്പാക്കണം. ശൈഖുനായുടെ മനസ്സിന്റെ കൃപ അന്ന്‌ ഞങ്ങളെ തുണച്ചു. ഉം... ഒക്കെ വേണ്ടതല്ലെ. ഇങ്ങള്‍ പോയി നാളത്തെ പരീക്ഷക്ക്‌ ഒരുങ്ങിക്കോളീ... ജീവന്‍ തിരിച്ചുകിട്ടിയതുപോലെ വേഗത്തില്‍ റൂമിലേക്ക്‌ മടങ്ങി.

ശൈഖുനായ വീട്ടില്‍ പോയി കാണുന്നത്‌ ആനന്ദദായകമാണ്‌. വളരെ ലളിതമായി ധാരാളം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഒരിക്കല്‍ ചില മഖാമുകളെ കുറിച്ച്‌ സംശയം പ്രകടിപ്പിച്ചപ്പോള്‍ ഉസ്‌താദ്‌ പറഞ്ഞു - നാം ഒരു മഖാം സിയാറത്ത്‌ ചെയ്യുന്നത്‌ അവിടെ കിടക്കുന്നത്‌ ഒരു മഹാനാണെന്ന നിയ്യത്തോടെയാണ്‌. അത്‌ വളരെ പുണ്യമുള്ളതാണല്ലോ. വിവരമില്ലാതെ അതുമിതും പറയലിനെ നാം ഒഴിവാക്കിയാല്‍ മതി. ഉസ്‌താദിനെ ഒരു പരിപാടിക്ക്‌ ക്ഷണിക്കുന്നത്‌ മൂലം ഒരു പ്രയാസവും ഉണ്ടാകാറില്ല. എന്തെങ്കിലും കാരണങ്ങളാല്‍ അല്‍പം വൈകുകയോ മറ്റോ ചെയ്‌താലും ഉസ്‌താദ്‌ ഒരു മുഷിപ്പും പ്രകടിപ്പിക്കാറില്ല. നിശ്ചയിച്ച സ്ഥലത്തിരുന്ന്‌ തലയും താഴ്‌ത്ത ഔറാദുകളില്‍ മുഴുകുന്നത്‌ കാണാം. നാലുദിവസം മുമ്പ്‌ ജാമിഅയില്‍ പോയപ്പോള്‍ ശൈഖുനായുടെ റൂമില്‍ കയറി. സബ്‌ഖ്‌ കഴിഞ്ഞ്‌ വിശ്രമിക്കുകയാണ്‌. കൈപിടിച്ച്‌ മുത്തി ദുആ ചെയ്യാന്‍ പറഞ്ഞ്‌ സലാം പറഞ്ഞിറങ്ങുമ്പോള്‍ ഓര്‍ത്തിരുന്നില്ല - ഇത്‌ അവസാനത്തെ കൂടിക്കാഴ്‌ചയായിരിക്കുമെന്ന്‌. നാഥന്‍ ഉസ്‌താദിന്റെ ദറജയെ ഉയര്‍ത്തുമാറാകട്ടെ (ആമീന്‍)

ശമീര്‍ ഫൈസി ഒടമല
(എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മലപ്പുറം ജില്ല വര്‍ക്കിംഗ്‌ സെക്രട്ടറിയാണ്‌ ലേഖകന്‍)

കാളമ്പാടി മുഹമ്മദ്‌ മുസ്ല്യാര്‍: പണ്ഡിതശ്രേഷ്ഠന്‍


ചരിത്രപാരമ്പര്യം ഉറങ്ങുന്ന മലപ്പുറം നഗരത്തോടു ചേര്‍ന്നുനില്‍ക്കുന്ന നാട്ടിന്‍പ്രദേശമാണു കാളമ്പാടി. ശംസുല്‍ ഉലമയും കൂറ്റനാടും അടക്കമുള്ള പണ്ഡിതപ്രതിഭകളുടെ ഗുരുനാഥനായിരുന്ന കോമുമുസ്ല്യാരും നൂറുകണക്കിനു മഹിതപണ്ഡിതന്‍മാര്‍ക്ക്‌ ഗുരുത്വം പകര്‍ന്നുനല്‍കിയ കോട്ടുമല അബൂബക്കര്‍ മുസ്ല്യാരും വളര്‍ന്നതും ജീവിച്ചതും ഈ അനുഗൃഹീതനാട്ടിലാണ്‌. എന്നാല്‍ നാടിന്റെ പേരില്‍ ഇവരാരും അറിയപ്പെട്ടിരുന്നില്ല. കാളമ്പാടിയുടെ പേരില്‍ അറിയപ്പെട്ടത്‌ മുഹമ്മദ്‌ മുസ്ല്യാരാണ്‌.
കേരള മുസ്ലിംകളുടെ മതപരമായ തീരുമാനങ്ങളുടെ സിരാകേന്ദ്രമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷപദവിയില്‍ കഴിഞ്ഞ ആറുവര്‍ഷമായി ഈ മഹാനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാലം സമസ്തയുടെ സുവര്‍ണകാലഘട്ടമാണ്‌. പഴമ, എളിമ, വിനയം എന്നിവയെല്ലാം ഒത്തുചേര്‍ന്ന ഇസ്ലാമികമഹിതമായ സ്വഭാവഗുണങ്ങളെല്ലാം പരിലസിക്കുന്ന വലിയ മനുഷ്യനായിരുന്നു കാളമ്പാടി മുഹമ്മദ്‌ മുസ്ല്യാര്‍. എത്ര വലിയ പദവികള്‍ക്കിടയിലും കൂടുതല്‍ കുനിഞ്ഞിരിക്കുന്ന ആ പണ്ഡിതശ്രേഷ്ഠനെ മാത്രമേ എല്ലാവരും കണ്ടിട്ടുള്ളൂ. വിനയവും ലാളിത്യവുമുള്ള ആത്മജ്ഞാനികളുടെ തെളിഞ്ഞ അടയാളം എല്ലാസമയത്തും ആ മുഖത്തുണ്ടായിരുന്നു.
സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും കാളമ്പാടിയില്‍നിന്നു പൊടുന്നനെ മറുപടി കിട്ടുമായിരുന്നില്ല. സംശയത്തിന്റെ എല്ലാ വ്യാപ്തിയും ഉറപ്പുവരുത്തിയേ പ്രതികരിക്കുമായിരുന്നുള്ളൂ. കുറഞ്ഞ വാക്കുകളോടെ നാട്ടുഭാഷയിലായിരുന്നു കാളമ്പാടി സംസാരിച്ചിരുന്നതും സംശയനിവൃത്തി വരുത്തിയിരുന്നതും. മത-വൈജ്ഞാനിക പ്രചാരണരംഗത്തും സമസ്തയുടെ പ്രവര്‍ത്തനവഴികളിലും ഏറെക്കാലത്തെ അനുഭവങ്ങളുടെയും ഓര്‍മകളുടെയും നിറവുള്ള കാളമ്പാടി, സമസ്തയുടെ ജീവിച്ചിരിക്കുന്ന മുശാവറ അംഗങ്ങളില്‍ ഏറ്റവും പഴക്കവും തഴക്കവുമുള്ള വ്യക്തിത്വമായിരുന്നു.
1971 മെയ്‌ രണ്ടിന്‌ പട്ടിക്കാട്‌ ജാമിഅ നൂരിയ്യയില്‍ കെ കെ അബൂബക്കര്‍ ഹസ്‌റത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറയാണ്‌ അദ്ദേഹത്തെ അംഗമായി തിരഞ്ഞെടുത്തത്‌. അന്നു മഹാനായ കണ്ണിയത്തായിരുന്നു സമസ്തയുടെ പ്രസിഡന്റ്‌. സമസ്തയുടെ സന്ദേശം ജനങ്ങള്‍ക്കിടയില്‍ എത്തിക്കാനും മദ്‌റസകള്‍ സ്ഥാപിക്കാനും കാല്‍നടയായി സഞ്ചരിക്കുകയും ത്യാഗം സഹിക്കുകയും ചെയ്ത അദ്ദേഹം, ഒരുകാലത്തും പദവികളോ സ്ഥാനങ്ങളോ ആഗ്രഹിക്കുകയോ അതിനുവേണ്ടി എന്തെങ്കിലും ചെയ്യുകയോ ചെയ്തിരുന്നില്ല.
സ്വന്തം പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും കുറിച്ച്‌ വലിയവായില്‍ സംസാരിക്കാനും ആ മാതൃകായോഗ്യന്‍ സന്നദ്ധനായിരുന്നില്ല. മൈത്ര, മുണ്ടക്കുളം, മുണ്ടംപറമ്പ്‌, നെല്ലിക്കുത്ത്‌, കിടങ്ങയം, അരീക്കോട്‌ എന്നിവിടങ്ങളില്‍ മുദരിസായ കാലങ്ങളില്‍ ചെയ്ത നല്ല കാര്യങ്ങള്‍ ഇന്നും നാട്ടുകാര്‍ അയവിറക്കുന്നുണ്ട്‌. അരീക്കോടിന്റെ ഉള്‍നാടുകളില്‍ സുന്നിമദ്‌റസകള്‍ സ്ഥാപിക്കുന്നതിനായി കാളമ്പാടി കഷ്ടപ്പെട്ട കഥകള്‍ സമസ്ത ചരിത്രത്തിലെ നാഴികക്കല്ലുകളാണ്‌.
അല്ലാഹുവിന്റെ തൃപ്തിയും പ്രതിഫലവും കാംക്ഷിച്ചുകൊണ്ടു മാത്രമാണ്‌ ദീനീപ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ചെയ്തിരുന്നത്‌. സ്വന്തം ജീവിതം മാതൃകയാവണമെന്ന്‌ അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. കൂടുതല്‍ പറഞ്ഞ്‌ മഹാനാവാനോ നാട്ടുകാരെ കൈയിലെടുക്കാനോ ഒന്നും ആ പണ്ഡിതന്‍ ഒരുക്കമായിരുന്നില്ല.
സമസ്തയുടെ ഒഴിവുവന്ന പ്രസിഡന്റ്സ്ഥാനത്തേക്കു പാണക്കാട്‌ ഉമറലി ശിഹാബ്‌ തങ്ങളാണ്‌ കാളമ്പാടിയുടെ പേരുപറഞ്ഞത്‌. സര്‍വരാലും ആ നിര്‍ദേശം അംഗീകരിക്കപ്പെട്ടു. സമുദായത്തിന്റെ പഴയകാലപണ്ഡിതന്‍മാരുടെ എല്ലാ വിശേഷണങ്ങളും ഒത്തുചേര്‍ന്ന മഹാനായിരുന്നു അദ്ദേഹം. ഭൌതികഭ്രമത്തിന്റെ കൈയേറ്റങ്ങള്‍ക്കിടയിലും പക്വതയും ആര്‍ജവവും നഷ്ടപ്പെടാത്ത കാളമ്പാടി, വര്‍ത്തമാനസമുദായത്തിന്റെ അനുഗ്രഹമായിരുന്നു.
സമസ്തയുടെ ഔദ്യോഗികസ്ഥാപനമായ പട്ടിക്കാട്‌ ജാമിഅ നൂരിയ്യയിലെ അധ്യാപകജോലി അവസാനസമയം വരെ തുടര്‍ന്നിരുന്നു. 1961ല്‍ വെല്ലൂരിലെ ബാഖിയാത്തു സ്വാലിഹാത്തില്‍ നിന്ന്‌ എം.എഫ്‌.ബി ബിരുദം നേടിയാണ്‌ അദ്ദേഹം അധ്യാപനരംഗത്ത്‌ എത്തിയത്‌. അതിനു മുമ്പ്‌ വിവിധ പള്ളിദര്‍സുകളില്‍ പഠിച്ചിരുന്നു. അരീക്കോട്‌ ജുമാമസ്ജിദില്‍ മുദരിസായിക്കൊണ്ടായിരുന്നു ഔദ്യോഗികജീവിതം ആരംഭിച്ചിരുന്നത്‌. 12 വര്‍ഷം അവിടെ തുടര്‍ന്നു. പിന്നീട്‌ മൈത്രയിലേക്കു
മാറി. നീണ്ട 10 വര്‍ഷം നെല്ലിക്കുത്ത്‌ മുദരിസായിരുന്നു. അഞ്ചുവര്‍ഷം കിടങ്ങയത്തും മുദരിസായി. ഖാസിയായും ഖത്തീബായും വിവിധ പ്രദേശങ്ങളില്‍ സേവനം ചെയ്തു. 1993 മുതല്‍ ജാമിഅ നൂരിയ്യയിലെ അധ്യാപക ജോലി ഏറ്റെടുത്തു. മാതൃകായോഗ്യനായ അധ്യാപകനെന്നാണു ശിഷ്യന്‍മാര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്‌.
ഹദീസ്‌ ഗ്രന്ഥങ്ങളാണു പ്രധാനമായും കാളമ്പാടി പഠിപ്പിച്ചിരുന്നത്‌. ആരോഗ്യം മോശമായപ്പോള്‍ കോളജിനു പകരം പള്ളിയില്‍വച്ചു ക്ലാസെടുത്തു. തനതുശൈലിയില്‍ ഉദാഹരണങ്ങള്‍ നിരത്തി പഠിതാവിന്റെ ഹൃദയത്തിന്റെ വാതിലുകള്‍ തുറന്ന്‌ വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചത്തിലേക്കു നയിക്കുന്നതായിരുന്നു ആ ക്ലാസുകള്‍.
ഒരിക്കലും ക്ലാസുകള്‍ മുടക്കാറുണ്ടായിരുന്നില്ല. ആര്‍ഭാടമെന്നത്‌ എന്താണെന്നുപോലും അദ്ദേഹത്തിനറിയില്ലായിരുന്നു. വലിയ പദവികള്‍ വഹിക്കുമ്പോഴും സിമന്റിടാത്ത, ഓടിന്റെ മേല്‍ക്കൂരയുള്ള ചെറിയ വീട്ടിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്‌. സഞ്ചരിക്കാന്‍ വാഹനം നല്‍കിയിട്ടും അതു സ്വീകരിക്കാന്‍ ആ മനസ്സ്‌ സന്നദ്ധമായിരുന്നില്ല.
സാത്വികനായ പണ്ഡിതന്‍ എന്ന വിശേഷണമാണു കാളമ്പാടിക്ക്‌ കൂടുതല്‍ ചേരുക. ഇഹലോകവുമായി എന്നും അകന്നുകഴിഞ്ഞ്‌ പരലോകത്തേക്കുള്ള വലിയ പാഥേയം ഒരുക്കുന്നതിലായിരുന്നു വലിയ താല്‍പ്പര്യം. വിജ്ഞാനസമുദ്രത്തിന്റെ ആഴങ്ങളിലേക്കിറങ്ങി ആവോളം സമ്പാദിച്ച അധ്വാനിയായ പണ്ഡിതനെയാണ്‌ ഞങ്ങള്‍ക്കെല്ലാം ഓര്‍ക്കാനുള്ളത്‌.
ശിഷ്യഗണങ്ങളോടും സഹപ്രവര്‍ത്തകരോടും നാട്ടുകാരോടും അങ്ങേയറ്റം സ്നേഹത്തോടെ പെരുമാറിയ, എളിമയും തെളിമയും മേളിച്ച അപൂര്‍വ വ്യക്തിത്വം തന്നെയായിരുന്നു മുഹമ്മദ്‌ മുസ്ല്യാര്‍. അല്‍പ്പം മുന്നോട്ടാഞ്ഞ്‌ ശാന്തമായി മുന്നോട്ടു നടന്നുനീങ്ങുന്ന ആ വലിയ മനുഷ്യന്റെ പരലോകജീവിതം അല്ലാഹു വെളിച്ചമാക്കിക്കൊടുക്കട്ടെ, മര്‍ഹമത്തും മഅ്ഫിറത്തും നല്‍കി അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീന്‍.

ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍
(സമസ്ത ജനറല്‍ സെക്രട്ടറിയാണു ലേഖകന്‍.)
Oct 3 2012

ഗുരുനാഥന്‍മാരുടെ ഗുരുവര്യന്‍


     സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റും ഉന്നത മതപണ്ഡിതനുമായിരുന്ന കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരുടെ വിയോഗം കേരളീയ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്‌ടമാണ്‌.
പ്രക്ഷുബ്‌ദമായ സമകാലിക സമൂഹത്തില്‍ നേരും നെറിയും വ്യക്തമാക്കി കൊടുക്കാന്‍ കഴിവും സാമൂഹികാംഗീകാരവുമുണ്ടായിരുന്ന ഒരു അത്യപൂര്‍വ്വ വ്യക്തിത്വമായിരുന്നു മഹാനവര്‍കള്‍. മുഴുവന്‍ ഇസ്‌ലാമിക വിജ്ഞാന ശാഖകളുടെയും ആഴിയിലേക്ക്‌ ഊളിയിട്ടിറങ്ങി അഗാധജ്ഞാനം നേടിയ മുഹമ്മദ്‌ മുസ്‌ലിയാര്‍ ഗുരുനാഥന്‍മാരുടെ ഗുരുവര്യനായിരുന്നു.
1934ല്‍ മലപ്പുറം കാളമ്പാടിയിലെ അരിക്കത്ത്‌ അബ്‌ദുറഹിമാന്‍ ഹാജിയുടെയും ഫാത്തിമ ഹജ്ജുമ്മയുടെയും മകനായി ജനിച്ച മഹാന്‍ കുട്ടിക്കാലത്ത്‌ തന്നെ മതപഠന രംഗത്തേക്ക്‌ പ്രവേശിച്ചു. അക്കാലത്തെ അത്യുന്നത പണ്ഡിതന്‍മാരുടെ ശിഷ്യത്വം സ്വീകരിച്ച മുഹമ്മദ്‌ മുസ്‌ലിയാര്‍ തന്റെ ബുദ്ധിവൈഭവം കൊണ്ടും അധ്വാന ശീലം കൊണ്ടും ശ്രദ്ധേയനായി. അമ്പതുകളില്‍ വെല്ലൂര്‍ ബാഖിയത്തു സ്വാലിഹാത്തില്‍ പഠിച്ച്‌ ഉന്നത പഠനം പൂര്‍ത്തിയാക്കിയ മുഹമ്മദ്‌ മുസ്‌ലിയാര്‍ വിവിധ പ്രദേശങ്ങളില്‍ സ്‌തുത്യര്‍ഹമായ നിലയില്‍ ദര്‍സ്‌ നടത്തുകയുണ്ടായി.
സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അത്യുന്നത നേതാവും തന്റെ ഗുരുവര്യനുമായിരുന്ന കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ നിര്‍ദേശപ്രകാരം സമസ്‌തയുടെ സംഘടനാ രംഗത്ത്‌ സജീവമായ മുഹമ്മദ്‌ മുസ്‌ലിയാര്‍ നിലവില്‍ സമസ്‌തയുടെ ഏറ്റവും സീനിയറായ മെമ്പറായിരുന്നു.
സി.എച്ച്‌. ഹൈദ്രോസ്‌ മുസ്‌ലിയാര്‍, എം.എം. ബശീര്‍ മുസ്‌ലിയാര്‍ എന്നിവരോടൊപ്പം സമസ്‌തയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായി. ജാമിഅ: നൂരിയ്യയില്‍ മുദരിസ്‌ ആവുന്നതിന്‌ മുമ്പ്‌ തന്നെ ജാമിഅ: മാനേജിംഗ്‌ കമ്മിറ്റി അംഗം, പരീക്ഷാ ബോര്‍ഡ്‌ മെമ്പര്‍ എന്നീ നിലകളില്‍ അദ്ദേഹം ജാമിഅ:യുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
സമസ്‌ത കേന്ദ്ര മുശാവറയില്‍ കാല്‍ നൂറ്റാണ്ടോളം കാലം സഹപ്രവര്‍ത്തകനായും 1991ല്‍ ജാമിഅ:യില്‍ മുദരിസായ ഉസ്‌താദവര്‍കളോടൊപ്പം 21 വര്‍ഷം സഹാധ്യാപകനായും ഒന്നിച്ച്‌ പ്രവര്‍ത്തിക്കാന്‍ എനിക്കവസരമുണ്ടായി. അറുപതുകളുടെ അവസാനം മീനാര്‍കുഴിയില്‍ ഞാന്‍ മുദരിസായിരുന്നപ്പോള്‍ പലപ്പോഴും അദ്ദേഹം അവിടെ വരാറുണ്ടായിരുന്നു.
ജാമിഅ: നൂരിയ്യയുടെ പ്രിന്‍സിപ്പല്‍ ചുമതല ഞാന്‍ ഏറ്റെടുത്തതിന്‌ ശേഷം എന്റെ വിദേശയാത്രാ സമയങ്ങളിലും മറ്റും സ്ഥാപനത്തിന്റെ അക്കാദമിക്‌ ചുമതല മുഖ്യമായി ഏറ്റെടുത്തിരുന്നത്‌ മഹാനവര്‍കളായിരുന്നു. ഏറനാടന്‍ ശൈലിയിലുള്ള അദ്ദേഹത്തിന്റെ ക്ലാസ്‌ ഏറെ ആകര്‍ഷണീയമായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഏറെ താല്‍പര്യത്തോടു കൂടിയാണ്‌ ഉസ്‌താദിന്റെ ക്ലാസിനെത്തിയിരുന്നത്‌.
സമസ്‌തയുടെ പ്രസിഡന്റ്‌ എന്ന നിലയില്‍ അദ്ദേഹം വളരെ ഊര്‍ജസ്വലനായിരുന്നു. മുഴുവന്‍ മീറ്റിംഗുകളിലും പരിപാടികളിലും അദ്ദേഹം തന്റെ സാന്നിധ്യം ഉറപ്പ്‌ വരുത്താന്‍ ശ്രമിക്കുമായിരുന്നു. സാധാരണ രീതിയില്‍ ശനിയാഴ്‌ച വൈകുന്നേരം ജാമിഅ:യില്‍ എത്തിയാല്‍ വ്യാഴാഴ്‌ച ഉച്ചയോടെയാണ്‌ ഉസ്‌താദ്‌ ജാമിഅ: വിട്ടിരുന്നത്‌. എന്നാല്‍ വാര്‍ധക്യ സഹചമായ അസുഖങ്ങളാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഞായറാഴ്‌ച രാവിലെ എത്തി ബുധനാഴ്‌ച ഉച്ചക്ക്‌ മുമ്പായി മഹാനവര്‍കള്‍ വീട്ടിലേക്ക്‌ തിരിക്കുമായിരുന്നു.
ഞായറാഴ്‌ച ജാമിഅ:യിലെത്തിയ ഉസ്‌താദ്‌ തിങ്കളാഴ്‌ച മുഴുവന്‍ ക്ലാസുകളും കൂടുതല്‍ ഊര്‍ജസ്വലമായാണ്‌ കൈകാര്യം ചെയ്‌തത്‌. ഇന്നലെ പെരിന്തല്‍മണ്ണയിലുണ്ടായിരുന്ന കേന്ദ്രമന്ത്രി ഇ. അഹമ്മദ്‌ സാഹിബുമായി ജാമിഅ: ഗോള്‍ഡന്‍ ജൂബിലിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കാന്‍ ഉച്ചക്ക്‌ ശേഷം ഞാന്‍ ജാമിഅ:യില്‍ നിന്ന്‌ ഇറങ്ങുന്നതിന്‌ മുമ്പായി തദ്‌ – വിഷയത്തില്‍ മഹാനവര്‍കളോട്‌ കൂടിയാലോചന നടത്തുകയുണ്ടായി. വളരെ ആരോഗ്യകരമായാണ്‌ ഉസ്‌താദ്‌ സംസാരിച്ചത്‌. മഹാനവര്‍കളോട്‌ സലാം പറഞ്ഞ്‌ കൈപിടിച്ച്‌ ഇറങ്ങുമ്പോള്‍ ഇത്‌ ഒരിക്കലും അവസാനത്തെ കൂടിക്കാഴ്‌ചായിരിക്കുമെന്ന്‌ നിനച്ചില്ല. അല്ലാഹു നമ്മെ എല്ലാവരെയും മഹാനവര്‍കളോടൊപ്പം അവന്റെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കട്ടെ- ആമീന്‍


Oct. 04
പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

(ജാമിഅ: നൂരിയ്യ പ്രിന്‍സിപ്പലാണ്‌ ലേഖകന്‍)

കാളമ്പാടി ഉസ്‌താദിന്റെ യാത്ര

സമസ്‌തയുടെ പ്രസിഡന്റല്ലേ, ഇനി പഴയതു പോലെ പറ്റില്ല. കാളമ്പാടി ഉസ്‌താദിനു യാത്രകളൊരുപാടുണ്ടാകും. തിരക്കു വര്‍ധിക്കും. പല സദസ്സിലും ഒഴികഴിവില്ലാതെ എത്തേണ്ടിവരും. പാണക്കാട്‌ സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങള്‍ പോംവഴി നിര്‍ദേശിച്ചു. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റിനു സഞ്ചരിക്കാന്‍ ഒരു കാര്‍ വാങ്ങുക. യോഗം പിരിഞ്ഞ ശേഷം ഉമറലി ശിഹാബ്‌ തങ്ങളുടെ തിരക്കൊഴിയാന്‍ കാത്തുനിന്നു കാളമ്പാടി ഉസ്‌താദ്‌. അതീവ വിനയത്തില്‍ തങ്ങളോടു പറഞ്ഞു: കാറൊക്കെ കൊണ്ടുനടക്കല്‍ വലിയ ഭാരമല്ലേ. തങ്ങള്‍ ഒന്നും വിചാരിക്കരുത്‌. നമ്മക്കത്‌ വേണ്ടാന്നു വെച്ചാലോ? ആ അഭ്യര്‍ത്ഥനയുടെ ആത്മാര്‍ത്ഥയില്‍ കാര്‍ പദ്ധതി റദ്ദാക്കപ്പെട്ടു. കാളമ്പാടി മുഹമ്മദ്‌ മുസ്‌ല്യാര്‍ എന്ന വയോധികനായ പണ്ഡിതന്‍ മലപ്പുറം കാവുങ്ങല്‍ ജങ്‌ഷനില്‍ ബസ്‌ കാത്തുനില്‍ക്കുന്ന പതിവു തുടര്‍ന്നു. പില്‍ക്കാലത്ത്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതല്‍ അലട്ടി തുടങ്ങിയപ്പോള്‍ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഒന്നു കൂടി ശ്രമിച്ചുനോക്കി. ‘അതൊന്നും ശരിയാവൂല’ എന്ന വിനയം പുരണ്ട മറുപടി തന്നെയായിരുന്നു ഇവിടെയും. കേരളത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സാരഥി. പതിനായിരത്തോളം മദ്രസകള്‍, അറബിക്‌ കോളജും അനാഥശാലകളും എഞ്ചിനീയറിങ്‌, ആര്‍ട്‌സ്‌ കോളജുകളുമുള്‍പ്പെടെ ഇരുന്നൂറില്‍പരം സ്ഥാപനങ്ങള്‍. ഇവയിലെല്ലാമായി പത്തു ലക്ഷത്തോളം വിദ്യാര്‍ത്ഥികളും എണ്‍പതിനായിരത്തോളം അധ്യാപകരുമുള്ള വിദ്യാഭ്യാസ സാമ്രാജ്യത്തിന്റെ അധിപന്‍. ഖാസി, ഖത്തീബ്‌, മുദരിസുമാരും ദര്‍സ്‌ വിദ്യാര്‍ത്ഥികളും മഹല്ല്‌ നേതൃത്വവും ഉലമാ ഉമറാ കൂട്ടായ്‌മകളും സംഘടനാ പ്രവര്‍ത്തകരുമടങ്ങുന്ന ജനലക്ഷങ്ങളുടെ നായകന്‍. ഇതെല്ലാമായിരിക്കുമ്പോഴും കാളമ്പാടി മുഹമ്മദ്‌ മുസ്‌ല്യാര്‍ കാറില്‍ വന്നിറങ്ങുന്നത്‌ സങ്കല്‍പിക്കാനാവുന്നില്ല അടുത്തറിയുന്നവര്‍ക്കാര്‍ക്കും. കാലില്‍ നീരു വന്ന്‌ കയറ്റിറക്കങ്ങള്‍ക്ക്‌ പ്രയാസം നേരിട്ടു തുടങ്ങിയപ്പോള്‍ മാത്രം തന്റെ യാത്രാവാഹനത്തില്‍ ഒരു മാറ്റം വരുത്തി അദ്ദേഹം. മലപ്പുറത്തെ വീട്ടില്‍ നിന്നു ഇരുപത്തഞ്ച്‌ കിലോമീറ്റര്‍ ദൂരെയുള്ള ജാമിഅ: നൂരിയ്യ അറബിക്‌ കോളജിലേക്ക്‌ അധ്യാപനത്തിനു പോവാന്‍ കാളമ്പാടി ഉസ്‌താദ്‌ ഒരു ഓട്ടോറിക്ഷക്കാരനെ ഏര്‍പ്പാടു ചെയ്‌തു. കാറില്‍ കയറില്ല എന്ന വാശിയല്ല. അതൊന്നും താന്‍ പഠിച്ചു പിന്തുടരുന്ന മൂല്യങ്ങളുമായി ഒത്തുപോവില്ല എന്ന തോന്നല്‍. ഒരു ഉഖ്‌റവി പണ്ഡിതന്റെ ഖൗഫ്‌. കുഞ്ഞുന്നാള്‍ തൊട്ടേ പാരത്രിക ചിന്തയാല്‍ ജീവിതം ചിട്ടപ്പെടുത്തിയ ജ്ഞാനിയുടെ ഉള്‍ഭയം. ഈയൊരു ചെറുസൗകര്യത്താല്‍ നഷ്‌ടപ്പെട്ടു പോകുമോ പരലോകത്തിന്റെ വാഗ്‌ദാനങ്ങളെല്ലാം എന്ന സൂക്ഷ്‌മത. അല്ലാഹുവുമായി അടുത്തുനില്‍ക്കാന്‍ കൊതിക്കുന്ന അടിമയുടെ വേവലാതി. സമുദായത്തിന്റെ ഇരിപ്പുവശപ്രകാരം സമസ്‌തയുടെ പ്രസിഡന്റ്‌ കരുതിയാല്‍ സമ്മാനപ്പൊതികള്‍ക്കു പഞ്ഞമുണ്ടാവില്ല. അംബര ചുംബികള്‍ പണിത്‌ സകുടുംബം വസിക്കാം. സുരക്ഷാഭടന്‍മാരുമായി ചലിക്കുന്ന കൊട്ടാരങ്ങളില്‍ സഞ്ചരിക്കാം. സര്‍വോപരി തങ്കത്തിളക്കമുള്ള വേഷഭൂഷാദികളില്‍ ജീവിതം ആര്‍ഭാടമാക്കാം. ഏതു വിഷയത്തിലും കയറികൊത്താം. ചെല്ലുന്നേടത്തെല്ലാം വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തി പ്രശസ്‌തിയുടെ പരകോടിയില്‍ നിറഞ്ഞാടാം. ശേഷം പദവിയുടെ മഹത്വം വെച്ച്‌ ഒരു പ്രാര്‍ത്ഥന. ആജന്മം പരിശുദ്ധാത്മാവായി വാഴാന്‍ അതുമതി. പക്ഷേ വീണുപോയില്ല കാളമ്പാടി ഉസ്‌താദ്‌ ഭൂമിയിലെ ആ കണ്ണഞ്ചിപ്പിക്കുന്ന സ്വര്‍ഗത്തില്‍. നീലം മുക്കി മുക്കി നിറം മങ്ങിയ വെള്ള വസ്‌ത്രവും തോളില്‍ മടക്കിയിട്ട പച്ചഷാളും കയ്യില്‍ വളയന്‍ കാലുള്ള ശീലക്കുടയുമായി ദേശീയപാതയുടെ ഓരം പറ്റി നടന്നുനീങ്ങുന്ന കാളമ്പാടി ഉസ്‌താദ്‌. ജാമിഅ:യില്‍ നിന്നു വരുമ്പോള്‍ കൂട്ടിലങ്ങാടിയില്‍ ബസ്സിറങ്ങി സാധനങ്ങള്‍ വാങ്ങി തൂക്കിപ്പിടിച്ച്‌ വെയിലത്ത്‌ വിയര്‍ത്തു നടന്നുപോകുന്നു ദിക്കെങ്ങും കീര്‍ത്തിയുള്ള മഹാപണ്ഡിതന്‍. വീട്ടിലേക്കെത്താന്‍ പിന്നെയും വേണം ഒന്നര കിലോമീറ്ററെങ്കിലും. അത്യാവശ്യമില്ലെങ്കില്‍ ഓട്ടോവിളിക്കുന്നതു പോലും ദുര്‍വ്യയത്തിന്റെ പട്ടികയിലാണ്‌ അദ്ദേഹമെഴുതുക. പ്രസിദ്ധമായ അരിക്കത്ത്‌ കുടുംബത്തില്‍ അബ്‌ദുറഹിമാന്‍ ഹാജിയുടെ പുത്രനായി 1934ല്‍ മലപ്പുറത്തെ കാളമ്പാടിയില്‍ പിറന്ന മുഹമ്മദ്‌ മുസ്‌ല്യാര്‍ ബാപ്പ വരച്ചുകൊടുത്ത വഴി മാറി ഒരിക്കലും യാത്ര ചെയ്‌തില്ല. കുടുംബം പോറ്റാന്‍ ബാപ്പാക്കൊരു പിന്‍ബലമായി നാടന്‍ പണിക്കു കൂട്ടു പോയി. മഗ്‌രിബായാല്‍ ചൂട്ടും മിന്നിച്ച്‌ ദര്‍സിലേക്കും. പാഠ്യപദ്ധതിയും പരിഷ്‌കാരങ്ങളുമില്ലാത്ത കാലത്തെ ഓത്തുപള്ളിയില്‍ തുടങ്ങിയ വിദ്യാഭ്യാസം. അറബി മഷിയാല്‍ മരപ്പലകയിലെഴുതി, ചേടി മണ്ണുകൊണ്ടു മായ്‌ച്ചെഴുതി ഉരുവിട്ടുരുവിട്ട്‌ അഭ്യസിച്ച അറിവുകള്‍. മലപ്പുറം കുന്നുമ്മല്‍ എ.എം.എല്‍.പി സ്‌കൂളില്‍ അഞ്ചാം തരം വരെ പഠനം. ഖുര്‍ആനും ദീനിയ്യാത്തും അമലിയാത്തും മാലയും മൗലീദുമായി ഓത്തുപള്ളിയിലെ ബാല്യം. വെള്ളിയാഴ്‌ച രാവുകളിലെ കൈമടക്കും പ്രധാന സൂറത്തുകളിലേക്കു കടക്കുമ്പോഴുള്ള ചീര്‌ണിയും മാത്രം പ്രതിഫലമായി നിത്യവൃത്തിക്കു കഷ്‌ടപ്പെട്ടിരുന്ന മൊല്ലമാരുടെ നനവൂറുന്ന ചിത്രങ്ങള്‍. ആ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്കു നടുവില്‍ നിന്നാണ്‌ അരിക്കത്ത്‌ മുഹമ്മദ്‌ എന്ന ബാലന്‍ മതപഠനത്തിന്റെ ഭാവിയിലേക്കു ചുവടുവെച്ചത്‌. ഇഹലോകത്തിന്റെ ആമോദം നിറഞ്ഞ നാളെയിലേക്കല്ല , കനല്‍ക്കാടു താണ്ടിക്കടന്ന്‌ ജീവിതം വിട്ടുപോകുമ്പോള്‍ കാത്തിരിക്കുന്ന സ്വര്‍ഗപ്പൂമരങ്ങളുടെ തണലിലേക്ക്‌. ആഗ്രഹിച്ചതെന്തും പ്രപഞ്ചനാഥന്‍ കൈവെള്ളയില്‍ വെച്ചുതരുന്ന അവസാനിക്കാത്ത കാലത്തിലേക്ക്‌ ഒരു ഇറങ്ങിനടത്തം. കാളമ്പാടിയിലെ ഇടുങ്ങിയ ഊടുവഴി അവസാനിക്കുന്നിടത്തെ ഓടിട്ട ചെറിയ വീടിന്റെ പ്രശാന്തതയില്‍ ചാരുകസേരയില്‍ കിടന്ന്‌ മനോരാജ്യത്തിലാഴുന്ന മുസ്‌ല്യാരെ കാണാം. ഒരു പ്രസ്ഥാനനായകന്‌ എത്ര ലളിതമാകാമെന്ന്‌ ആ ദൃശ്യം ഓര്‍മിപ്പിക്കും. ഒരു ഗ്രാമീണന്റെ സര്‍വപരിമിതികളും ബോധ്യപ്പെടുത്തുന്നുണ്ട്‌ ആ വീട്‌. അതിനപ്പുറം ഒരു പ്രതാപം മുഹമ്മദ്‌ മുസ്‌ല്യാരുടെ സ്വപ്‌നലോകത്തു പോലുമില്ല. പണ്ഡിതന്‍മാര്‍ പ്രവാചകരുടെ അനന്തരാവകാശികളാണ്‌. ആ തുടര്‍ച്ചയിലൂടെ കാളമ്പാടി മുഹമ്മദ്‌ മുസ്‌ല്യാരെ നോക്കിയിരിക്കുമ്പോള്‍ ഓര്‍മയിലേക്കു കയറിവരും കേശാദിപാദം മഞ്ഞുതുള്ളിപോലെ നിര്‍മലമായിരുന്ന കണ്ണിയത്ത്‌ ഉസ്‌താദ്‌. അറിവിന്റെ അപരിമേയമായ ആകാശങ്ങളിലലഞ്ഞ്‌ ഭൗതികജീവിതത്തെ മറന്നുവെച്ച ആ അവധൂതനെ. വേദികളില്‍ ഇരിപ്പിടം തേടാതെ, മുന്‍നിരയില്‍ തിക്കിത്തിരക്കാതെ ഒതുങ്ങിയൊഴിഞ്ഞു നിന്ന ആ ശീലത്തിലുണ്ട്‌ പാണ്ഡിത്യത്തിന്റെ ശോഭ. സുജൂദിന്റെ സ്ഥാനത്തേക്കു നോക്കി തലതാഴ്‌ത്തിപ്പിടിച്ചു നടന്ന ആ വിനയത്തിലുണ്ട്‌ അറിവിന്റെ ഭാരമാത്രയും. ഏറനാടന്‍ ഭാഷയുടെ ഗ്രാമ്യവിശുദ്ധിയുമായി കാളമ്പാടി ഉസ്‌താദ്‌ പ്രസംഗിക്കുമ്പോള്‍ ഒരു വാക്കും അധികമാവില്ല. ആര്‍ക്കും സ്‌തുതിപാടുകയുമില്ല. മുഖസ്‌തുതി പറയുന്നവന്റെ കണ്ണില്‍ പൂഴി വാരിയിടണമെന്നു പഠിപ്പിക്കുന്ന പണ്ഡിതന്‍, പ്രശംസിച്ചു നേടുന്ന പദവികള്‍ക്കായി വിയര്‍ത്തില്ല. മഹല്ലുകളിലെ തര്‍ക്കപരിഹാരത്തിനും കര്‍മശാസ്‌ത്ര സംബന്ധിയായ തീര്‍പ്പുകള്‍ക്കും കേരളത്തിന്റെ ജനകീയ കോടതിയായ പാണക്കാട്‌ നിന്ന്‌ കത്തുകള്‍ പോകുമായിരുന്നു കാളമ്പാടി മുഹമ്മദ്‌ മുസ്‌ല്യാര്‍ക്ക്‌. സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളും സഹോദരന്‍മാരും അടിയന്തര ഘട്ടങ്ങളില്‍ മുസ്‌ല്യാരെ ആളയച്ചുവരുത്തും. മാസപ്പിറവിയുടെ വിചാരണകളില്‍ സാക്ഷിയുടെ കണ്ണില്‍ നോക്കിയുള്ള കാളമ്പാടിയുടെ ക്രോസ്‌ വിസ്‌താരം പ്രസിദ്ധമായിരുന്നു. നിഷ്‌പക്ഷവും നീതി പൂര്‍വവും വിശ്വാസപ്രമാണങ്ങള്‍ക്കു സമ്പൂര്‍ണ്ണ വിധേയയവുമായി അദ്ദേഹം നല്‍കുന്ന വിധിക്കുള്ളിലെ ഉത്തരവാദിത്തബോധവും ശ്രദ്ധേയമായിരുന്നു. ഈ സൂക്ഷ്‌മത തന്നെയാണു ജാമിഅ: നൂരിയ്യയിലെ തന്റെ ശിഷ്യരോട്‌ ക്ലാസ്‌ മുറികളില്‍ ഉണര്‍ത്തിയിരുന്നതും. ”യാത്രക്കിടയിലോ മറ്റോ കണ്ടുമുട്ടുന്നവര്‍ നിങ്ങളോട്‌ മതവിധി ചോദിച്ചേക്കാം. ഉടന്‍ തന്നെ പാണ്ഡിത്യം തെളിയിക്കാന്‍ വിവരം വിളമ്പരുത്‌. അവരോട്‌ പറയണം. നിങ്ങളുടെ മഹല്ലില്‍ ശമ്പളം കൊടുത്ത്‌ നിര്‍ത്തിയ ഒരു ഖാസിയില്ലേ. അദ്ദേഹത്തെ കാണുക എന്ന്‌. ഒരു പക്ഷേ സംശയം ചോദിക്കുന്ന ആള്‍ മഹല്ല്‌ ഖാസിയുമായി ഉടക്കിലായിരിക്കും. ദുര്‍ബലമായ വല്ല വിധിയും തനിക്കനുകൂലമാക്കാമോ എന്നാകും ചിന്ത. ധാരണപ്പിശകു കൊണ്ട്‌ നിങ്ങള്‍ തെറ്റിപ്പറഞ്ഞാലും അയാളതു സ്വീകരിക്കും. അത്‌ പാടില്ല. ഒരു മഹല്ലിന്റെ അധികാരത്തില്‍ ഇടപെടുന്നതും സൂക്ഷിക്കണം”. മഹല്ലിന്റെ ഉത്തരവാദിത്തമുള്ളവരെ കൂട്ടാതെ ഫത്‌വക്കു വരുന്നവരെ കാളമ്പാടി ഉസ്‌താദ്‌ പരിഗണിച്ചില്ല. കിതാബുകളേക്കാള്‍ ഭദ്രമായിരുന്നു ഉസ്‌താദുമാരുടെ ഓര്‍മ്മകളെന്ന പഴയകാലത്തിന്റെ സാക്ഷ്യമാണ്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ല്യാര്‍. മലപ്പുറം ജില്ലയിലെ ഒരു ത്വലാഖ്‌ ഫത്‌വ വിവാദമായ ഘട്ടം. സംഘടനകള്‍ തമ്മില്‍ വേദി കെട്ടിയ തര്‍ക്കത്തിലേക്കു വിഷയമെത്തി. മറുപടി പ്രസ്‌താവനയിറക്കാന്‍ കാളമ്പാടി ഉസ്‌താദിനെയും കൂട്ടി പ്രഫ. ആലിക്കുട്ടി മുസ്‌ല്യാരും നാട്ടിക വി. മൂസ മൗലവിയും ചന്ദ്രികയുടെ മലപ്പുറം ജില്ലാ ബ്യൂറോയിലെത്തി. വാര്‍ത്തകളയക്കുന്ന സമയം ‘മരണവര’യില്‍ നില്‍ക്കുന്നു. കിതാബുമായി വന്ന്‌ വിധി കണ്ടുപിടിച്ച്‌ പ്രസ്‌താവന തയ്യാറാക്കി കൊടുക്കാനൊക്കെ ഇനിയെവിടെ നേരം എന്നു ശങ്ക. അതിനിടെ, കസേരയിലിരുന്നതും കാളമ്പാടി ഉസ്‌താദ്‌ നാട്ടികയുടെ കയ്യിലുള്ള കിതാബിലെ പേജ്‌ നമ്പര്‍ പറഞ്ഞ്‌ മറിക്കാനാവശ്യപ്പെട്ടു. എന്നിട്ട്‌ കണ്ണിറുകെ ചിമ്മി ഒറ്റശ്വാസത്തില്‍ ദീര്‍ഘമായ ഖണ്ഡികകള്‍ മന:പാഠമുരുവിട്ട ശേഷം പറഞ്ഞു: “ഈ ചൊല്ലിയതല്ലേ അതെന്ന്‌ നോക്കീ”. കൃത്യം അതു തന്നെയായിരുന്നു. പരിഭാഷപ്പെടുത്തിയെഴുതി പ്രസ്‌താവനയായി പത്രങ്ങള്‍ക്കെത്തിച്ചു. വിവാദത്തിന്റെ തിരിയിളകിപ്പോയതു മാത്രമല്ല അത്ഭുതം. മഹാസമുദ്രം പോലെ കിടക്കുന്ന കിതാബുകളുടെ ആഴങ്ങളില്‍ നിന്ന്‌ അനിവാര്യമായത്‌ ഒരു നിമിഷത്തില്‍ മുങ്ങിത്തപ്പിയെടുത്ത്‌ കൊടുക്കാനാവുന്ന ആ ഓര്‍മശക്തിക്കു മുന്നില്‍ അമ്പരപ്പോടെ നിന്നുപോയി നാട്ടിക. ചിരിപ്പിച്ചും ഗൗരവപ്പെട്ടും ഏതുതലമുറയെയും ആദരിച്ചും ആര്‍ക്കുംഅലോസരമാകാതെയും ചിന്തയുടെ കനവുമായി ജീവിച്ചു കാളമ്പാടി. അന്ത്യം വരെയും ദര്‍സ്‌ നടത്തണമെന്ന, ദീന്‍ പഠിപ്പിക്കുന്ന ഇബാദത്തില്‍ മുഴുകി വിട ചൊല്ലണമെന്ന ആശയേ ഉണ്ടായിരുന്നുള്ളൂ. അരനൂറ്റാണ്ടിലേറെ നീണ്ട മതാധ്യാപനത്തിന്റെ പൂമുഖപ്പടിയിലാണ്‌ അദ്ദേഹം കണ്ണടച്ചതും. അതിനിടെ തനിക്കായി മാത്രം ഒന്നും ആഗ്രഹിച്ചില്ല. ആവശ്യപ്പെട്ടതുമില്ല. ഇക്കഴിഞ്ഞ റമസാനില്‍ ചന്ദ്രിക ഒരുക്കിയ ‘റമസാന്‍ കാഴ്‌ച’ എന്ന പംക്തിയില്‍ ഒന്നാമത്തെ അതിഥി അദ്ദേഹമായിരുന്നു. പഴങ്കഥകളില്‍ മുങ്ങി പുതുകാലത്തിന്‌ ഊര്‍ജം പകര്‍ന്ന അഭിമുഖം. മുസ്‌ലിംലീഗിനെയും `ചന്ദ്രിക’യെയും അളവറ്റു സ്‌നേഹിച്ചു ഈ പണ്ഡിതന്‍. മുസ്‌ലിംലീഗ്‌ നേതാക്കളെ മനസ്സില്‍കൊണ്ടു നടന്നു. ഏതു പ്രതിസന്ധിയിലും പാര്‍ട്ടിക്ക്‌ കരുത്തും പ്രചോദനവും മാര്‍ഗനിര്‍ദേശവും നല്‍കി. പ്രതിസന്ധികളില്‍ പതറാത്ത പണ്ഡിതന്റെ മനക്കരുത്ത്‌ കണ്‍മുന്നില്‍ കണ്ട ആ നിമിഷം ഓര്‍മയില്‍ വരുന്നു. 1998. മലപ്പുറം കാട്ടുങ്ങലില്‍ ഒരു വാഹനാപകടം. കല്യാണ പാര്‍ട്ടി സഞ്ചരിച്ച ജീപ്പ്‌. 18 പേര്‍ മരിച്ചു. തല്‍ക്ഷണം 16 പേര്‍. അതില്‍ കാളമ്പാടി ഉസ്‌താദിന്റെ രണ്ടു പെണ്‍മക്കള്‍. സൗദയും സൈനബയും. പ്രീഡിഗ്രിക്കും ഏഴാം ക്ലാസിലും പഠിക്കുന്നവര്‍. രാവിലെ മക്കളെ കല്യാണത്തിനയച്ച്‌ ഉസ്‌താദ്‌ ജാമിഅ:യിലേക്ക്‌ പോയതാണ്‌. കാളമ്പാടി ഗ്രാമത്തിലെ ബന്ധുക്കളും അയല്‍വീട്ടുകാരുമാണ്‌ മരണപ്പെട്ടത്‌. ഓരോ വീടുകളിലും കയറിവന്ന മരണത്തിന്റെ മഞ്ചല്‍. പുലരുവോളം ഖബറടക്ക ചടങ്ങുകള്‍. ഒരു മയ്യിത്ത്‌ നമസ്‌കാരം നടക്കുമ്പോള്‍ ദൂരെ നിന്ന്‌ കേള്‍ക്കാം മറ്റൊന്ന്‌ ദിക്‌ര്‍ ചൊല്ലി പള്ളിയിലേക്ക്‌ കൊണ്ടുവരുന്നത്‌. പേടിക്കാഴ്‌ചകള്‍ നിരന്നുനില്‍ക്കുന്ന ആ രാത്രിക്കു ധൈര്യം പകര്‍ന്ന്‌ സങ്കടപ്പെടുന്നവരെ നെഞ്ചില്‍ ചേര്‍ത്ത്‌ പിടിച്ച്‌ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ ഓരോ വീട്ടിലും ചെന്നു. കാളമ്പാടി ഉസ്‌താദിന്റെ വീട്ടിലെത്തുമ്പോള്‍ ഒരു കുട്ടിയുടെ മയ്യിത്ത്‌ വന്നിട്ടേയുള്ളൂ. മറ്റൊന്ന്‌ പോസ്റ്റുമോര്‍ട്ടം നടക്കുകയാണ്‌. തങ്ങളെ കണ്ടപാടെ ഉസ്‌താദ്‌ ആലിംഗനം ചെയ്‌തുകൊണ്ട്‌ പറഞ്ഞു: ‘തങ്ങള്‍ ഇരിക്കി, ഒരാളെ വന്നിട്ടുള്ളൂ. മറ്റവളും കൂടി ഇപ്പോ വരും. എന്നിട്ട്‌ രണ്ടാളെയും ഒപ്പമങ്ങോട്ട്‌ കൊണ്ടുപോവാം. ഏതായാലും വീട്ടില്‍ നിന്നിറങ്ങുകയല്ലേ. ഒറ്റക്കൊറ്റക്ക്‌ പറഞ്ഞയക്കണ്ടല്ലോ.’ കേട്ടു നിന്നവര്‍ കണ്ണുതുടച്ചു. തങ്ങളും വല്ലാതായി. പക്ഷേ ഉസ്‌താദ്‌ മാത്രം പതറിയില്ല. കണ്ണുനിറഞ്ഞപ്പോഴും ഉള്ളുലയാതെ പിടിച്ചുനിന്നു. എല്ലാം അല്ലാഹുവിലര്‍പ്പിച്ച പണ്ഡിതന്റെ ആത്മബലം. Oct. 04 സി.പി. സൈതലവി Chandrika