ഹസനുല്‍ ബസരിയുടെ ജ്ഞാനസദസ്സ്. പതിനായിരം ദിര്‍ഹമും വിലപിടിപ്പുള്ള വസ്‌ത്രങ്ങളുമായി ഒരു ശിഷ്യന്‍ ഗുരുവിന്റെ മുമ്പിലെത്തി. ഗുരുവര്യന് വിലപിടിപ്പുള്ള ഉപഹാരങ്ങള്‍ നല്‍കി അനുഗ്രഹം വാങ്ങാനെത്തിയതാണ് ശിഷ്യന്‍. ഹസന്‍ ബസരി (റ) അത് തിരസ്‌കരിച്ചുകൊണ്ട് പറഞ്ഞത്, ഇത് നിനക്ക് കൊണ്ട് പോവാം. ഇത്തരം ജ്ഞാന സദസ്സുകളിരിക്കുന്നവര്‍ക്ക് ഈ അമൂല്യ ഉപഹാരങ്ങള്‍ സ്വീകരിച്ചാല്‍ നാളെ അല്ലാഹുവിന്റെ മുമ്പില്‍ ഒന്നും ലഭ്യമാവാതെപോവുമെന്ന് ഞാന്‍ ഭയപ്പെടുന്നു എന്നായിരുന്നു. സമസ്‌തയുടെ അഭിവന്ദ്യ അദ്ധ്യക്ഷനും പതിനായിരക്കണക്കിന് പണ്ഡിതരുടെ ഗുരുവര്യനുമായിരുന്ന കാളമ്പാടി ഉസ്‌താദിന്റെ ജീവിതം ഓര്‍ക്കുമ്പോള്‍ ഹസനുല്‍ബസരിയുടെ(റ) ഈ ജ്ഞാനസദസ്സിന്റെ മുമ്പില്‍ നടന്ന സംഭവം, പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ കാളമ്പാടി ഉസ്‌താദിന്റെ റൂമില്‍ പലപ്പോഴും നടന്നതാണ്. ഭൗതിക പ്രമത്തത തെല്ലുമില്ലാതെ, തനിക്ക് സമര്‍പ്പിതമായ ഉപഹാരങ്ങള്‍ മുഴുവന്‍ തട്ടിമാറ്റി നടന്ന സമീപകാല ജീവിതത്തിലെ ഉദാഹരണമാണ് മഹാനവര്‍കള്‍. തനിക്ക് ചെയ്യാനാവുന്ന കാര്യങ്ങളില്‍, സഹായത്തിനായി വരുന്ന വിദ്യാര്‍ത്ഥികളോടുപോലും ഉസ്‌താദിന്റെ സമീപനം ഇങ്ങനെയായിരുന്നു. ഉസ്‌താദിന് ഖിദ്‌മത്ത് ചെയ്യാന്‍ ആഗ്രഹിച്ചു ചെല്ലുന്ന വിദ്യാര്‍ത്ഥികളോട് സ്‌നേഹപൂര്‍വ്വം അത് നിരസിക്കുന്നത് ഉസ്‌താദിന്റെ പതിവായിരുന്നു.
വ്യത്യസ്‌തമായ ഈ ജീവിതശീലം കാളമ്പാടി ഉസ്‌താദിന്റെ സവിശേഷതയായിരുന്നു. സമസ്‌തയെന്ന ഏറ്റവും വലിയ പണ്ഡിത സഭയുടെ അധ്യക്ഷനായിരിക്കുമ്പോഴും പദവിയുടെ വലിപ്പം തെല്ലുമേശാതെ മഹാനവര്‍കള്‍ നമുക്ക് മുന്നിലൂടെ ഒരു ഏകാന്തപഥികനായി ജീവിച്ചു. കാറ് വാങ്ങാനുള്ള തീരുമാനം മാറ്റിപ്പണിയാന്‍ സയ്യിദ് ഉമറലിശിഹാബ് തങ്ങളുടെ മുമ്പിലെത്തി. തങ്ങളേ... കാറ് വാങ്ങിയാല്‍ എന്റെ വീട്ടില്‍ ഇടാന്‍ സൗകര്യമില്ല. അത്‌കൊണ്ട് ആ തീരുമാനം മാറ്റണം എന്നാവശ്യപ്പെട്ട ഉസ്‌താദിന്റെ വ്യക്തിത്വം ഒരു കാറിനുള്ളില്‍ ഒതുങ്ങാത്ത ആശയപ്രപഞ്ചമാണ്. ചിലയാളുകള്‍ ഉസ്‌താദുമാരുടെ വലിപ്പം കാറിന്റെ വലിപ്പത്തിന് സമാനമായി ചേര്‍ത്ത് പറയാറുണ്ട്. എന്നാല്‍ രോഗാതുരകാലത്ത് സഞ്ചാര സുഖത്തിന് വേണ്ടി ഒരു കാറ് ആയാലെന്താണെന്ന് ശിഷ്യരുടെ അഭ്യര്‍ത്ഥനയും തിരസ്‌കരിച്ചു ഒരു അല്‍ഭുതമായി ജീവിച്ചയാളാണ് കാളമ്പാടി ഉസ്‌താദ്.
ജാബിര്‍(റ)വിനെ തൊട്ട് ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം; അഞ്ച് കാര്യങ്ങളില്‍ നിന്ന് അഞ്ച്‌കാര്യങ്ങളിലേക്ക് ക്ഷണിക്കാന്‍ യോഗ്യരായ പണ്ഡിതന്മാരുടെ മുമ്പിലല്ലാതെ മറ്റൊരു പണ്ഡിതരുടെ മുമ്പിലും നിങ്ങളിരിക്കരുത്. സംശയത്തില്‍ നിന്ന് ആത്മജ്ഞാനത്തിന്റെ ഉറപ്പിലേക്കും ലോകമാന്യത്തില്‍ നിന്ന് ആത്മാര്‍ത്ഥതയിലേക്കും പ്രപഞ്ച പ്രമത്തതയില്‍ നിന്ന് ഭൗതിക വിരക്തിയിലേക്കും അഹന്തയില്‍നിന്ന് വിനയത്തിലേക്കും ശത്രുതയില്‍ നിന്ന് അഭ്യൂദയകാംക്ഷിത്വത്തിലേക്കും നയിക്കുന്ന പണ്ഡിതരാണവര്‍. ഈ തിരുവചനം പഠിക്കുന്ന വിശിഷ്‌ട ഗുണങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ സമ്മേളിച്ച ഒരു വ്യക്തിത്വമാണ് കാളമ്പാടി ഉസ്‌താദിന്റെ വിരഹം മുഖേന നമുക്ക് നഷ്‌ടമാവുന്നത്. മൗനവും മനനവും തീര്‍ത്തവല്‍മീകത്തിനുള്ളിലിരുന്ന് മുഴുവന്‍ ജീവിത സൗന്ദര്യങ്ങളെയും തട്ടിമാറ്റി, ഒരു ജനതയുടെ ആത്മീയ ഗുരുനാഥന്‍, അതിശയിപ്പിക്കുന്ന ആത്മദാര്‍ഢ്യത്തോടെ നടന്ന് പോവുന്നത് നാം കണ്ടു.
നേതാവും പണ്ഡിതനും, പാവപ്പെട്ടവനും, പണക്കാരനും എല്ലാം ആ മനുഷ്യന്റെ മുമ്പില്‍ അത്യാദരപൂര്‍വ്വം നില്‍ക്കുമ്പോഴും സര്‍വ്വരോടും സമഭാവനയോടെ പെരുമാറുകയായിരുന്നു ഉസ്‌താദ്. ജാഢകള്‍കൊണ്ട് മാത്രം വലിപ്പം തീര്‍ക്കുന്നവരുടെ ലോകത്ത് വേഷങ്ങളില്‍ പോലും ഭംഗിവരുത്താതെ ഒരു അവധൂതനായി മഹാനവര്‍കള്‍ ജീവിച്ചു. തുണിക്കടയില്‍ നിന്നും കിട്ടുന്ന ഒരുവല്ലിയും നീണ്ട ഒരു ജപച്ചരടും കയ്യിലേന്തി ആത്മീയതയെ കച്ചവടത്തിന് വെച്ചലോകത്ത്, തനിക്ക് അര്‍ഹമായ വലിപ്പം മാത്രംകാണിച്ചു, ഉള്ളു മുഴുവനും ഇലാഹീ ചിന്തയായി ജീവിക്കുകയായിരുന്നു അദ്ദേഹം.
തുഹ്‌ഫ വായിച്ചുകൊടുത്തുകൊണ്ടിരിക്കെ, ഉസ്‌താദിന്റെ വിസ്‌തരിച്ച വിശദീകരണത്തില്‍ അതിശയിച്ച് മഹാനവര്‍കളുടെ മുഖത്ത് നോക്കിയിരുന്ന ഒരു സന്ദര്‍ഭം ഞാനോര്‍ക്കുന്നു. അല്‌പനേരം അങ്ങനെയിരുന്നുപോയി. ആ ജ്ഞാനസാഗരത്തിന് മുമ്പില്‍ അതിശയത്തോടെ നോക്കിയിരിക്കുമ്പോഴാണ് ഉസ്‌താദിന്റെ വിളി. മുസ്‌ല്യാരെ, എന്റെ മോത്ത് നോക്കിയിരിക്കാനെങ്കില്‍ അസ്‌ര്‍ നിസ്‌കാരം കഴിഞ്ഞു എന്റെ റൂമില്‍ വന്നാല്‍ മതി, ഇവിടെ ഒരു സെക്കന്റ് നഷ്‌ടപ്പെട്ടാല്‍ 140 കുട്ടികളുടെ ഓരോ സെക്കന്റ് നഷ്‌ടപ്പെടും. വായിച്ചോളീ മുസ്‌ല്യാരെ..., ഓര്‍മകളില്‍ നിന്ന് ഞാന്‍ പിടഞ്ഞെണീറ്റ് വായന തുടങ്ങി. എത്ര കൃത്യമായ സമയബോധമാണ് അവിടെയൊക്കെ മഹാനവര്‍കള്‍ പ്രകടിപ്പിച്ചത്. ക്ലാസുകളിലെ ഓരോ വിശദീകരണവും അല്‍ഭുതകരമായി തോന്നിയിട്ടുണ്ട്. ഒരിക്കല്‍ തറാവീഹ് നിസ്‌ക്കാരത്തെക്കുറിച്ച് വിശദീകരിച്ചപ്പോഴാണ് സംസ്‌കാരങ്ങളുടെ പ്രാഥമികാവസ്ഥകളില്‍ മുന്‍ഗണനാ ക്രമങ്ങള്‍ നിശ്ചയിക്കപ്പെടുമെന്ന് ഉസ്‌താദ് സമര്‍ത്ഥിച്ചത്. തറാവീഹും അത് ജമാഅത്തായി നിര്‍വഹിക്കലുമൊക്കെ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ സൗകുമാര്യതയും സൗന്ദര്യവുമാണ്. അത് നടപ്പിലാക്കാന്‍ സമയം പാകപ്പെടുന്നത് ഉമര്‍(റ)വിന്റെ കാലത്താണ്. അഭ്യന്തര പ്രശ്‌നങ്ങളാല്‍ കലുഷിതമായിരുന്ന അബൂബക്കര്‍(റ)വിന്റെ കാലത്തും അത്തരം കാര്യങ്ങള്‍ ചിന്തിക്കാന്‍ സാധ്യമായിരുന്നില്ല. സംസ്‌കാരങ്ങളുടെ പ്രാഥമികാവസ്ഥയില്‍ മുന്‍ഗണനാ ക്രമങ്ങള്‍ നിശ്ചയിക്കപ്പെടുന്നതിന് ഒരു ഏറനാടന്‍ ശൈലിയില്‍ ഉസ്‌താദ് വിശദീകരിച്ചപ്പോള്‍, ഇസ്‌ലാം രാജമാര്‍ഗം എന്ന വ്യഖ്യാത ഗ്രന്ഥത്തില്‍ ഇസ്സത്ത് ബെഗോവിച്ച് പറഞ്ഞകാര്യങ്ങള്‍ ഞാന്‍ ഓര്‍ത്തെടുക്കുകയായിരുന്നു. സംസ്‌കാരങ്ങളും വികാസവും നാഗരികമായ വളര്‍ച്ചയും ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലായിരിക്കുമെന്ന് ബെഗോവിച്ച് ദാര്‍ശനിക ഗരിമയോടെ വിശദീകരിക്കുമ്പോള്‍ തതുല്യമായ ആശയങ്ങളുടെ ഒരു മഹാപ്രപഞ്ചം തന്റെ സ്വതസിദ്ധശൈലിയില്‍ തീര്‍ത്തെടുക്കുകയാണ് കാളമ്പാടി ഉസ്‌താദ്.
ദര്‍സ് ഒരു സമര്‍പ്പിത ജീവിതമാക്കിയ പണ്ഡിതവര്യനായ മഹാനവര്‍കള്‍, തന്റെ ജീവിതയാത്രയുടെ അവസാനംവരെ ജ്ഞാനവഴിയില്‍ തന്നെ ജീവിച്ചു. രോഗാതുരശരീരം അവശതകള്‍ പ്രകടിപ്പിച്ചപ്പോഴും ക്ലാസ്സുകള്‍ മുടങ്ങാതിരിക്കാന്‍ അങ്ങേയറ്റം ശ്രദ്ധിക്കുകയായിരുന്നു ഉസ്‌താദ്. തന്റെ രണ്ട് പെണ്‍മക്കള്‍ അപകടത്തില്‍ മരിച്ചതറിഞ്ഞ് ഓടിയെത്തിയവര്‍ക്ക് എല്ലാം അല്ലാഹുവിലര്‍പ്പിച്ച അചഞ്ചലമാനസനായി ഇരിക്കുന്ന ഉസ്‌താദിനെയാണ് കാണാനായത്.
എസ് കെ എസ് എസ് എഫ് ഭാരവാഹിയെന്ന നിലയില്‍ പലപ്പോഴും ഉസ്‌താദിനെ കാണുമ്പോള്‍, ഉത്തരവാദിതത്തെക്കുറിച്ച് ശക്തമായ മുന്നറിയിപ്പും ഉപദേശവും പതിവായിരുന്നു. സമസ്‌തയുടെ വലിപ്പവും മുന്‍ഗാമികളുടെ ജീവിതവും ഓര്‍മപ്പെടുത്താതെ, ഒരിക്കലും ആ കൂടിക്കാഴ്‌ചകള്‍ അവസാനിക്കാറില്ല. കണിശമായ തീരുമാനങ്ങള്‍ പറഞ്ഞുതരുന്ന മുഖത്ത് നസ്വീഹത്തിന്റെ നിഷ്‌കളങ്കത എപ്പോഴും കാണാനാവും. കൂട്ടുത്തരവാദിത്വത്തിന്റെ അനിവാര്യതയും അബദ്ധങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലും എപ്പോഴുമുണ്ടാവണമെന്ന് ഉസ്‌താദ് ഉപദേശിക്കാറുണ്ടായിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ വളരെ കണിശമായിത്തന്നെ അത്തരംകാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയത് ഞാനോര്‍ക്കുന്നു.
ആള്‍കൂട്ടങ്ങള്‍ ആരവങ്ങള്‍ തീര്‍ത്തപ്പോഴും ഇലാഹീചിന്തയില്‍ മുഖരിതനായി ഒരു ഏകാന്ത പഥികനായി, ജീവിതസൗകര്യങ്ങള്‍ വേണ്ടുവോളം ആസ്വദിക്കാന്‍ കഴിയുന്ന വിധം, മുസ്‌ലിംകൈരളിയുടെ നായകനായിയിരിക്കുമ്പോഴും പരിപ്രാജകനായി നമുക്ക് മുന്നിലൂടെ ഒരു അത്ഭുതം പോലെ കാളമ്പാടി ഉസ്‌താദ് നടന്ന് പോവുന്നു. തണല്‍ മരങ്ങള്‍ നഷ്‌ടപ്പെടുമ്പോള്‍ ഊഷരമായ ഈ മരുക്കാടില്‍ തണല്‍ വിരിക്കാന്‍ അല്ലാഹു പകരം നായകന്മാരെ നല്‍കട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
ഓണംപിള്ളി മുഹമ്മദ് ഫൈസി
(എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
0 comments:
Post a Comment