`നിങ്ങള്‍ക്ക് സ്വന്തമായി ഒരു പത്രം വേണം എടോ' - 1990ല്‍ ശംസുല്‍ ഉലമ ഇ കെ ഉസ്‌താദ് ഈ വിനീതനോട് സംസാരത്തിനിടയില്‍ പറഞ്ഞ ഒരു വാക്ക്. അക്കാലത്ത് ഈ വിനീതന്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. രണ്ടു പതിറ്റാണ്ടുകള്‍ പിന്നിട്ടു. സുപ്രഭാതം ദിനപത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നു. ശംസുല്‍ ഉലമയുടെ ആ വാക്ക് യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രാഥമിക പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത് ആദരണീയനായി കാളമ്പാടി ഉസ്‌താദ് അവര്‍കളായിരുന്നു. സുപ്രഭാതത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കോഴിക്കോട് സജ്ജമാക്കിയ മീഡിയ സെന്റര്‍ സമസ്‌തകേരള ജംഇയ്യത്തുല്‍ ഉലമയുടെ അജയ്യനായ അധ്യക്ഷന്‍ ഉസ്‌താദ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ ഔദ്യോഗികമായി ഉല്‍ഘാടനം ചെയ്‌തു. കണ്ണിയത്ത് ഉസ്‌താദും ശംസുല്‍ ഉലമയും നേതൃത്വം നല്‍കിയ സമസ്‌തയുടെ അതേ രേഖയിലൂടെ കാളമ്പാടി ഉസ്‌താദും സഞ്ചരിച്ചു. മരണ വാര്‍ത്ത അറിഞ്ഞത് മുതല്‍ `ജനാസ' എടുക്കുന്നത് വരെ ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍ ഉസ്‌താദിന് ജനഹൃദയങ്ങളിലുള്ള സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു.
കാണുന്ന ത്വരീഖത്തുകളുടെയും കേള്‍ക്കുന്ന ശൈഖന്‍മാരുടേയും പിന്നില്‍ പോയി അപകടത്തിലകപ്പെടുന്നവരെ എന്നും അദ്ദേഹം ഉല്‍ബോധിപ്പിച്ചു. `ആരാണ് ഔലിയാക്കള്‍? ഭക്തിയും സൂക്ഷ്‌മതയുമുള്ള പണ്ഡിതന്‍മാരാണ് ഔലിയാക്കള്‍. നിങ്ങള്‍ അറിവുള്ളവരല്ലേ? ഭക്തിയും സൂക്ഷ്‌മതയും നിങ്ങള്‍ക്ക് സ്വീകരിച്ച് കൂടേ? പിന്നെന്തിനാണ് വേറെ ഔലിയാക്കളെ തേടി അലയുന്നത്? ഔലിയാക്കളോടും മശാഇഖുമാരോടും ഏറെ ആദരവ് കാണിച്ചിരുന്ന ഉസ്‌താദ് എന്തിനാണ് ശിഷ്യന്‍മാരെ ഇപ്രകാരം ഉല്‍ബോധിപ്പിച്ചത്? വ്യാജ സിദ്ധന്‍മാരുടെ വലയില്‍ അകപ്പെടാതിരിക്കാന്‍ തന്നെ. ആലുവ ശൈഖിന്റെ വഴിതെറ്റിയ ത്വരീഖത്തിനെതിരെ തീരുമാനമെടുത്തത് അചഞ്ചലനായ കാളമ്പാടി ഉസ്‌താദിന്റെ അധ്യക്ഷതയില്‍ 29-3-2006ന് ചേര്‍ന്ന മുശാവറയായിരുന്നു. കാന്തപുരത്തിന്റെ വ്യാജമുടിക്കെതിരെ ആധികാരികമായ പ്രസ്‌താവന പുറപ്പെടുവിക്കാന്‍ ആര്‍ജ്ജവം കാണിച്ചതും ശൈഖുനാ കാളമ്പാടി ഉസ്‌താദിന്റെ നേതൃത്വത്തിലുള്ള മുശാവറയായിരുന്നു. 20-04-2011-ന് ചേര്‍ന്ന മുശാവറ ഇപ്രകാരം തീരുമാനമെടുത്തു. അടിസ്ഥാനം (സനദ്) തെളിയിക്കപ്പെടുന്നതുവരെ വിവാദമുടിയില്‍ പൊതുജനം വഞ്ചിതരാകരുത്. പിന്നീട് ഇതിനെതിരെ ഒരു തീരുമാനമെടുക്കാന്‍ കാന്തപുരത്തിന്റെ സമാന്തര മുശാവറയോ, സംസ്ഥാന മുശാവറയോ തയ്യാറായിട്ടില്ല. സമസ്‌ത മുശാവറയുടെ തീരുമാനത്തോട് പ്രതികരിക്കാനാകാതെ പിന്നീട് കാന്തപുരം വിഭാഗം മുടി ന്യായീകരിക്കുന്നതില്‍ നിന്ന് പിന്‍വാങ്ങുന്നതാണ് നാം കണ്ടത്.
അബ്‌ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്
(സത്യധാര ചീഫ് എഡിറ്ററാണ് ലേഖകന്‍)
Sunday, May 19, 2013
ആത്മീയതയുടെ കാവലാള്‍
2:43 PM
Unknown
No comments
0 comments:
Post a Comment