വിശുദ്ധിയുടെ വെണ്മ നിറഞ്ഞ ഒരു ജീവിതം കൂടി കണ്‍വെട്ടത്തില്‍ നിന്ന് പടിയിറങ്ങിപ്പോയി. സര്‍വ്വതിന്റെയും പ്രയോജനം ആഘോഷമാക്കുകയും ധൈഷണിക ദാരിദ്ര്യം സാമൂഹിക മുന്നേറ്റങ്ങളെ നിര്‍ജീവമാക്കുകയും ചെയ്യുന്ന കാലത്താണ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ വിയോഗം. കേരളത്തിലെ ഏറ്റവും വലിയ മുസ്‌ലിം സംഘടനയായ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷപദത്തിലിരിക്കുകയും എളിമയുടെ പ്രകാശഗോപുരമായി ജ്വലിക്കുകയും ചെയ്‌തതായിരുന്നു ആ ജീവിതം. പ്രശസ്‌തിയുടെ പ്രലോഭനങ്ങള്‍ തേടിവന്നു വിളിച്ചപ്പോഴൊക്കെയും ആ ക്ഷണങ്ങള്‍ക്ക് നേരെ നടത്തിയ സ്‌നേഹപൂര്‍ണമായ തിരസ്‌കാരങ്ങളാണ് ആ ജീവിതത്തെ വേറിട്ടു നിര്‍ത്തിയത്. മതരംഗം പോലും അസ്വസ്ഥതയുടെ ഉച്ചഭാഷിണിയായി മാറിയ കാലത്ത് അദ്ദേഹം കൂടെക്കരുതിയ മൂല്യങ്ങള്‍ക്ക് പ്രസക്തിയേറെയുണ്ട്.
അറിവിന്റെ ആകാശം തേടിയുള്ള അന്വേഷണമായിരുന്നു കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ ജീവിതം. മലപ്പുറം എയ്‌ഡഡ് മാപ്പിള സ്‌കൂള്‍ മുതല്‍ വെല്ലൂര്‍ ബാഖിയാത്ത് വരെ നീണ്ടു കിടന്ന മതപഠനം ആ തൃഷ്‌ണയെ ഒരിക്കലും ശമിപ്പിച്ചില്ല. ജ്ഞാനത്തിന്റെ ഉള്‍ക്കടലില്‍ നിന്ന് കിളിക്കൊക്കില്‍ കൊരുത്തതേ നമുക്ക് കിട്ടിയുള്ളൂ എന്ന് അദ്ദേഹം വിശ്വസിച്ചു. തലയെടുപ്പുള്ള പണ്ഡിത നിരയില്‍ ആദ്യസ്ഥാനങ്ങളിലിരിക്കുമ്പോഴും അമരസ്ഥാനത്തിരുന്നപ്പോഴൊക്കെയും തല കുനിച്ച് ഇരുന്ന ആ തലപ്പാവുധാരി നമ്മെ വിനയത്തിന്റെ ആഴം ബോധ്യപ്പെടുത്തി. ആഴമേറെച്ചെന്നാല്‍ ഓളമേറെ കാണില്ലെന്ന പഴഞ്ചൊല്ലിന്റെ യഥാര്‍ത്ഥ നിദര്‍ശനമായിരുന്നു ആ മഹാന്‍.
1934 ല്‍ മലപ്പുറം കാളമ്പാടി ഗ്രാമത്തില്‍ അരിക്കത്ത് അബ്ദുറഹ്‌മാന്‍ ഹാജിയുടെയും തറയില്‍ ആഇശയുടെയും മൂത്തമകനായാണ് മുഹമ്മദ് മുസ്‌ലിയാരുടെ ജനനം. മലപ്പുറം എയിഡഡ് മാപ്പിള സ്‌കൂളില്‍ പുലാമന്തോള്‍ മമ്മൂട്ടി മുസ്‌ലിയാരുടെ കീഴിലുള്ള പ്രാഥമിക മതപഠനത്തിന് ശേഷം മലപ്പുറം കുന്നുമ്മല്‍ പള്ളിയിലെ സൈതാലിക്കുട്ടി മുസ്‌ലിയാരുടെ ദര്‍സിലെത്തി.
കൂട്ടിലങ്ങാടി, പഴമള്ളൂര്‍, വറ്റല്ലൂര്‍, പാലച്ചിറമാട്, പരപ്പനങ്ങാടി പനയത്തുപള്ളി എന്നീ ദര്‍സുകളില്‍ വിവിധ അധ്യാപകര്‍ക്കു കീഴില്‍ മതപഠനമഭ്യസിച്ചു. പനയത്തില്‍ പള്ളിയില്‍ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ കീഴിലായിരുന്നു പഠനം. പരപ്പനങ്ങാടിയില്‍ ചെലവഴിച്ച രണ്ടുവര്‍ഷത്തിന് ശേഷം ബിരുദ പഠനത്തിനായി 1959 ല്‍ വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്ത് അറബിക് കോളജിലെത്തി.
കേരളത്തില്‍ നിന്ന് ആദ്യമായി ബാഖിയാത്തില്‍ ഉപരിപഠനത്തിനെത്തിയത് കേരള മുസ്‌ലിം നവോത്ഥാനത്തില്‍ നിര്‍ണായക പങ്കുവഹിച്ച ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയായിരുന്നു. ആ പാത പിന്തുടര്‍ന്നാണ് മുഹമ്മദ് മുസ്‌ലിയാരും വെല്ലൂരിലെത്തിയത്. ശൈഖ് ആദം ഹസ്‌റത്ത്, അബൂബക്കര്‍ ഹസ്‌റത്ത്, ശൈഖ് ഹസന്‍ ഹസ്‌റത്ത് തുടങ്ങിയ പ്രഗത്ഭ പണ്ഡിതരുടെ നിര തന്നെ അന്ന് ബാഖിയാത്തിലുണ്ടായിരുന്നു.
1961 ല്‍ ബാഖവി ബിരുദമെടുത്ത് നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം അരീക്കോട് ജുമാമസ്‌ജിദില്‍ 12 വര്‍ഷം സേവനം ചെയ്‌തു. ഇവിടെ ജോലി ചെയ്യുന്നതിനിടെ 1971 മെയ് രണ്ടിനാണ് സമസ്‌തയുടെ മുശാവറ (കൂടിയാലോചനാ സമിതി)യില്‍ അംഗമാകുന്നത്. 1993 ല്‍ പട്ടിക്കാട് ജാമിഅ: നൂരിയ്യ: അറബിക് കോളജ് അധ്യാപകനായി സേവനമാരംഭിച്ചു.
2004 സെപ്‌തംബര്‍ എട്ടു മുതല്‍ മരണം വരെ സമസ്‌തയുടെ അധ്യക്ഷപദത്തിലിരുന്നു. സംഘടനയില്‍ ഏറ്റവും കൂടുതല്‍ അനുഭവ സമ്പത്തുള്ള നേതാവിനെയാണ് മുഹമ്മദ് മുസ്‌്‌ലിയാരുടെ വിയോഗത്തോടെ സമസ്‌ത:ക്ക് നഷ്ടമാകുന്നത്.
വറുതിയെരിഞ്ഞ ഓത്തുപള്ളിക്കാലത്തു നിന്ന് ചിമ്മിനിവിളക്കിന്റെ ഇത്തിരിവെട്ടത്തിലൂടെ അറിവിന്റെ അനന്തവെളിച്ചം ഉള്ളുനിറച്ച പണ്ഡിതനായിരുന്നു കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍.
അറിവിന്റെ അന്വേഷണം അവസാനിക്കാത്ത വിശപ്പും ദാഹവുമായി അവസാനം വരെ കൊണ്ടു നടന്നു ആ തേജസ്വി. ക്ലാസ് ഇടവേളകള്‍ പോലും കിതാബ് മുത്വാലഅ (പാരായണം)ക്കായി നീക്കിവെച്ച അദ്ദേഹം മരണത്തിന്റെ തൊട്ടു തലേന്നുവരെ ക്ലാസെടുക്കുകയും ചെയ്‌തു. അധ്യാപനം സംസ്‌കാരവുമായി എത്രമേല്‍ ഉള്‍ച്ചേര്‍ന്നു കിടക്കുന്നു എന്നതിന്റെ അടയാളം കൂടിയായിരുന്നു കാളമ്പാടി.
ആത്മജ്ഞാനികള്‍ക്കേ ജീവിതത്തിന്റെ അവസാന നിമിഷം വരെ വിജ്ഞാനവുമായി സംവദിക്കാനാവൂ എന്ന് അദ്ദേഹത്തിന്റെ ജീവിതം ബോധ്യപ്പെടുത്തുന്നു. അധ്യാപനക്കാലയളവില്‍ അനേകം തലമുറകളുമായി നിരന്തരം പഠന-സംവാദത്തിലേര്‍പ്പെടാന്‍ ഭാഗ്യം സിദ്ധിച്ച അദ്ദേഹം കേരളീയ മുസ്‌ലിംകളുടെ സാമൂഹിക-മത ജീവിതത്തിന്റെ മണ്ണൊരുക്കുന്നതിലും നിസ്‌തുല പങ്കുവഹിച്ചിട്ടുണ്ട്. വലിയ ശിഷ്യസമ്പത്തു കൊണ്ട് അനുഗ്രഹിക്കപ്പെട്ട മുഹമ്മദ് മുസ്‌്‌ലിയാര്‍ അവരുടെ ഓര്‍മകളില്‍ ജ്വലിച്ചുകൊണ്ടിരിക്കുമെന്നതും തീര്‍ച്ച.
ചമച്ചുവീര്‍പ്പിച്ച ചന്തങ്ങള്‍ കൂടെക്കൊണ്ടു നടക്കാന്‍ ഒരിക്കലും ഇഷ്ടപ്പെടാത്ത അദ്ദേഹം സമസ്‌ത: പ്രസിഡണ്ടായ ശേഷം ശിഷ്യരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് തോളില്‍ ഒരു പച്ചഷാളണിയാന്‍ നിന്നു കൊടുത്തത്.
അദ്ദേഹത്തെ തേടി വീട്ടിലെത്തുന്നതും അറിവു തേടിയുള്ള തീര്‍ത്ഥയാത്ര തന്നെ. ഇടവഴിയില്‍ നിന്നു തന്നെ കാണാം, കവുങ്ങിന്‍തോപ്പിനിടയിലെ വീടിന്റെ മേല്‍ക്കൂരയിലെ സിമന്റു തേക്കാത്ത കല്‍ച്ചുമരുകള്‍. വാഹനചക്രങ്ങളുരയാത്ത നടവഴിയിലൂടെ കാല്‍നടയായാണ് കേരളത്തിലെ ഏറ്റവും വലിയ മതസംഘടനയുടെ അധ്യക്ഷന്‍ വീട്ടിലെത്തിയിരുന്നത്. ആ വീട്ടില്‍ തൂമ്പയെടുത്ത് കൃഷി ചെയ്യുക കൂടി ചെയ്‌തിരുന്നു ആ മഹാന്‍.
ഭൗതിക ഭ്രമങ്ങള്‍ പ്രലോഭിപ്പിച്ച് കീഴ്‌പ്പെടുത്തുന്ന കാലത്ത്, മാതൃകക്കായി നിസ്സങ്കോചം ചൂണ്ടിക്കാണിച്ചു കൊടുക്കാനുള്ള ജീവിതമാണ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടേത്. ആ വിശുദ്ധിയില്‍ കാലുറപ്പിച്ച് നിര്‍ത്തിയാണ് ഇനി മുന്നോട്ടുള്ള വഴി തേടാനുള്ളത്. സമുദായത്തിന്റെ പടിവാതില്‍ നല്ലൊരു കാവല്‍ക്കാരന്റെ കൈയിലെത്തട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. പരേതന്റെ കുടുംബത്തിന്റെയും പ്രാസ്ഥാനിക ബന്ധുക്കളുടെയും ദു:ഖത്തില്‍ ചന്ദ്രിക കുടുംബവും പങ്കുചേരുന്നതോടൊപ്പം നിത്യാശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
Thursday, June 27, 2013
ചന്തങ്ങള്‍ തിരസ്‌ക്കരിച്ച് ജീവിച്ച സാത്വികന്‍
9:42 PM
Unknown
No comments
0 comments:
Post a Comment