Showing posts with label ചന്ദ്രിക പത്രം. Show all posts
Showing posts with label ചന്ദ്രിക പത്രം. Show all posts

Thursday, June 27, 2013

വിനയത്തിന്റെ മുദ്ര; തുളുമ്പാത്ത നിറകുടം


       മുസ്‌ലിം കേരളത്തിന്റെ ഉന്നതമായ പണ്ഡിതശ്രേണിയിലുള്ള ഒരാള്‍ കൂടി വിട്ടുപിരിഞ്ഞു. 43 വര്‍ഷക്കാലം സമസ്ത:യുടെ മുശാവറ അംഗവും എട്ടു വര്‍ഷത്തോളം അതിന്റെ അധ്യക്ഷനുമായിരുന്ന ഗുരുവര്യന്‍. കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ നിര്യാണത്തോടെ കേരളത്തിലെ പണ്ഡിത സമൂഹത്തിലെ മുന്‍നിരയിലാണ് വിടവുവന്നിരിക്കുന്നത്.
ഒരാള്‍ പോകുമ്പോള്‍ തുല്യപകരക്കാരില്ലാത്ത വ്യഥ, അനുഭവിച്ചുകൊണ്ടിരിക്കുകയാണ് സമുദായം. നാനാഭാഗങ്ങളില്‍ നിന്ന് അനേകതരം അധാര്‍മികതകള്‍ സമൂഹത്തെ വരിഞ്ഞുമുറുക്കുമ്പോഴാണ് പരിഹാരം കാണേണ്ടവര്‍ പിരിഞ്ഞുപോയിക്കൊണ്ടിരിക്കുന്നത്.

പാണ്ഡിത്യവും പക്വതയും ജീവിതലാളിത്യവുംകൊണ്ട് ആധുനിക പണ്ഡിത സമൂഹത്തിന് റോള്‍ മോഡലായി നില്‍ക്കാന്‍ സാധിച്ചു എന്നതാണ് കാളമ്പാടി ഉസ്താദില്‍ നിന്ന് പകര്‍ത്തിയെടുക്കാവുന്ന മാതൃക. ആധുനികതയുടെ പരിവേഷങ്ങളെ മുഴുവന്‍ പടിക്കുപുറത്തുനിര്‍ത്തുകയും ആഢംബരങ്ങളെ ഇഛാശക്തികൊണ്ട് ബഹിഷ്‌ക്കരിക്കുകയും ജീവിതസൗകര്യങ്ങളെ ബോധപൂര്‍വം ത്യജിക്കുകയും ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.തന്റെ ആദ്യഗുരു, പിതാവ് തന്നെയായിരുന്നു. പിതാവിന്റെ സാത്വികതയും സൂക്ഷ്മതയും ജീവിത ദര്‍ശനമായെടുത്തുതുകൊണ്ട് തുടര്‍ന്നുവന്ന ഗുരുനാഥന്‍മാരൊക്കെയും സ്‌നേഹത്തിനും അപ്പുറത്തുള്ള ആദരവ് തന്നെ ഈ ശിഷ്യനു നല്‍കി.
ചെറുശ്ശോല കുഞ്ഞുമുഹമ്മദു മുസ്‌ലിയാര്‍, കോട്ടുമല ഉസ്താദ് തുടങ്ങിയവര്‍ അദ്ദേഹത്തിന് നല്‍കിയ സ്ഥാനം കേവലമൊരു ശിഷ്യന്‍ എന്നതിനും അപ്പുറത്തായിരുന്നു.
ശൈഖ് ആദം ഹസ്രത്ത്, ശൈഖ് ഹസന്‍ ഹസ്രത്ത്, അബൂബക്കര്‍ ഹസ്രത്ത് തുടങ്ങിയ സൂഫിവര്യരുടെ ശിഷ്യത്വം കാളമ്പാടി ഉസ്താദിനെ ആത്മീയതയോട് കൂടുതല്‍ അടുപ്പിക്കുകയും ഇഹജീവിതത്തിന്റെ വിരക്തിയില്‍ വിലയിപ്പിക്കുകയും ചെയ്തു.

കേരളീയ പണ്ഡിതസമൂഹത്തിന്റെ നിറവിളക്കായി കത്തിനിന്ന കണ്ണിയത്ത് ഉസ്താദാണ് അദ്ദേഹത്തെ സമസ്ത:യുടെ മുശാവറ അംഗമായി നിയോഗിച്ചത്. തനിക്കു ശേഷം ആരൊക്കെയെന്ന കണ്ണിയത്തിന്റെ നിഷ്‌കളങ്കമായ ആശങ്കയുടെ ഉത്തരമായിരുന്നു കാളമ്പാടിയെന്ന് ന്യായമായും വിശ്വസിക്കാനാവും.കണ്ണിയത്ത് ഇരുന്ന സമസ്ത:യുടെ പരമാധികാര പദവിയിലാണ് വിയോഗവേളയില്‍ കാളമ്പാടി ഉസ്താദ് ഉണ്ടായിരുന്നത്. പൂര്‍വികരെപ്പോലെത്തന്നെ ആ പദവി കുറ്റമറ്റതാക്കി കൊണ്ടുനടക്കുന്നതില്‍ അതീവ സൂക്ഷ്മത അദ്ദേഹം കാണിച്ചു. അറിവിന്റെ ആഴങ്ങളില്‍ തുളുമ്പാതെയും അംഗീകാരത്തിന്റെ പുളപ്പില്‍ അഹങ്കരിക്കാതെയും അല്ലാഹു ഭരമേല്‍പിച്ചതില്‍ ഭയന്നുമാണ് സമസ്ത:യുടെ പദവി അദ്ദേഹം അലങ്കരിച്ചത്.
ഖലീഫാ ഉമര്‍ ഒരിക്കല്‍ പ്രസംഗമധ്യെ പറഞ്ഞു: ജനങ്ങളെ, നിങ്ങള്‍ പരസ്പരം വിനയമുള്ളവരാവുക. എന്തുകൊണ്ടെന്നാല്‍ പ്രവാചകന്‍ ഒരിക്കല്‍ പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്; അല്ലാഹുവിന്റെ പേരില്‍ ആരെങ്കിലും വിനയാന്വിതനായാല്‍ അല്ലാഹു അവനെ ഉന്നതനാക്കും. അപ്പോളവന്‍ സ്വന്തം ദൃഷ്ടിയില്‍ ചെറിയവനും ജന ദൃഷ്ടിയില്‍ മഹാനുമായിരിക്കും. വല്ലവനും അഹങ്കരിക്കുന്നവനായാല്‍ അല്ലാഹു അവനെ താഴ്ത്തിക്കളയും. അപ്പോളവന്‍ ജനദൃഷ്ടിയില്‍ നീചനും സ്വന്തം ദൃഷ്ടിയില്‍ മഹാനുമായിരിക്കുമെങ്കിലും മനുഷ്യര്‍ക്കിടയില്‍ നായ്ക്കളെയും പന്നികളെയും കാള്‍ നികൃഷ്ടനായിരിക്കും”.പ്രവാചകനെ ഉദ്ധരിച്ച് ഖലീഫ ഉമര്‍ നടത്തിയ ഈ പ്രഭാഷണത്തിലൂടെ സമകാലീനരായ പലരിലേക്കും നമ്മുടെ മനസ്സുകളെയൊന്ന് ഊരിവിട്ടുനോക്കാം. ലോകമാന്യതക്കും ജനങ്ങള്‍ക്കിടയിലെ സ്വീകാര്യതക്കും വേണ്ടി പലരും നടത്തുന്ന സഹിഷ്ണുതകെട്ട പ്രവര്‍ത്തനങ്ങള്‍ അപ്പോള്‍ തെളിഞ്ഞുവരും.

അത്തരം രീതികളോട് നിശ്ശബ്ദമായി വിയോജിക്കുകയും സ്വന്തം ജീവിതംകൊണ്ട് അത് തിരുത്തിക്കാണിക്കുകയും ചെയ്തിരുന്നു കാളമ്പാടി. അതുകൊണ്ടുതന്നെയാണ്, രമ്യഹര്‍മ്മങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു നാട്ടില്‍ വാഹനങ്ങള്‍ക്കുപോലും കടന്നുചെല്ലാനാവാത്ത വഴിയും വീടും കൊണ്ട് സംതൃപ്തജീവിതം നയിക്കാന്‍ ഈ സൂഫിവര്യന് കഴിഞ്ഞത്.
കാളമ്പാടി ഉസ്താദിനെപ്പോലെയുള്ള ഒരു പണ്ഡിതന്റെ വിയോഗം, എല്ലാറ്റിനുമുപരി സമസ്ത:ക്ക് ഉണ്ടാക്കിയിരിക്കുന്ന നഷ്ടം ഒട്ടും ചെറുതല്ല. സമസ്ത: പിറവിയുടെ എണ്‍പതാം വാര്‍ഷികാഘോഷങ്ങള്‍ തീര്‍ത്ത്, അനന്തര പരിപാടികളിലേക്ക് നീങ്ങുന്ന ഈ സന്ദര്‍ഭത്തില്‍ വിശേഷിച്ചും. സാത്വികനായ ഈ ഗുരുവര്യന്റെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ ശിഷ്യരുടെയും പ്രസ്ഥാന പ്രവര്‍ത്തകരുടെയും കുടുംബത്തിന്റെയും വ്യസനത്തില്‍, ‘ചന്ദ്രിക’യും പങ്കുചേരുന്നു: പ്രാര്‍ത്ഥനകളോടെ.

Chandrika
Oct. 03

ചന്തങ്ങള്‍ തിരസ്‌ക്കരിച്ച്‌ ജീവിച്ച സാത്വികന്‍

       വിശുദ്ധിയുടെ വെണ്മ നിറഞ്ഞ ഒരു ജീവിതം കൂടി കണ്‍വെട്ടത്തില്‍ നിന്ന്‌ പടിയിറങ്ങിപ്പോയി. സര്‍വ്വതിന്റെയും പ്രയോജനം ആഘോഷമാക്കുകയും ധൈഷണിക ദാരിദ്ര്യം സാമൂഹിക മുന്നേറ്റങ്ങളെ നിര്‍ജീവമാക്കുകയും ചെയ്യുന്ന കാലത്താണ്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരുടെ വിയോഗം. കേരളത്തിലെ ഏറ്റവും വലിയ മുസ്‌ലിം സംഘടനയായ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷപദത്തിലിരിക്കുകയും എളിമയുടെ പ്രകാശഗോപുരമായി ജ്വലിക്കുകയും ചെയ്‌തതായിരുന്നു ആ ജീവിതം. പ്രശസ്‌തിയുടെ പ്രലോഭനങ്ങള്‍ തേടിവന്നു വിളിച്ചപ്പോഴൊക്കെയും ആ ക്ഷണങ്ങള്‍ക്ക്‌ നേരെ നടത്തിയ സ്‌നേഹപൂര്‍ണമായ തിരസ്‌കാരങ്ങളാണ്‌ ആ ജീവിതത്തെ വേറിട്ടു നിര്‍ത്തിയത്‌. മതരംഗം പോലും അസ്വസ്ഥതയുടെ ഉച്ചഭാഷിണിയായി മാറിയ കാലത്ത്‌ അദ്ദേഹം കൂടെക്കരുതിയ മൂല്യങ്ങള്‍ക്ക്‌ പ്രസക്തിയേറെയുണ്ട്‌.
അറിവിന്റെ ആകാശം തേടിയുള്ള അന്വേഷണമായിരുന്നു കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരുടെ ജീവിതം. മലപ്പുറം എയ്‌ഡഡ്‌ മാപ്പിള സ്‌കൂള്‍ മുതല്‍ വെല്ലൂര്‍ ബാഖിയാത്ത്‌ വരെ നീണ്ടു കിടന്ന മതപഠനം ആ തൃഷ്‌ണയെ ഒരിക്കലും ശമിപ്പിച്ചില്ല. ജ്ഞാനത്തിന്റെ ഉള്‍ക്കടലില്‍ നിന്ന്‌ കിളിക്കൊക്കില്‍ കൊരുത്തതേ നമുക്ക്‌ കിട്ടിയുള്ളൂ എന്ന്‌ അദ്ദേഹം വിശ്വസിച്ചു. തലയെടുപ്പുള്ള പണ്ഡിത നിരയില്‍ ആദ്യസ്ഥാനങ്ങളിലിരിക്കുമ്പോഴും അമരസ്ഥാനത്തിരുന്നപ്പോഴൊക്കെയും തല കുനിച്ച്‌ ഇരുന്ന ആ തലപ്പാവുധാരി നമ്മെ വിനയത്തിന്റെ ആഴം ബോധ്യപ്പെടുത്തി. ആഴമേറെച്ചെന്നാല്‍ ഓളമേറെ കാണില്ലെന്ന പഴഞ്ചൊല്ലിന്റെ യഥാര്‍ത്ഥ നിദര്‍ശനമായിരുന്നു ആ മഹാന്‍.

1934 ല്‍ മലപ്പുറം കാളമ്പാടി ഗ്രാമത്തില്‍ അരിക്കത്ത്‌ അബ്ദുറഹ്‌മാന്‍ ഹാജിയുടെയും തറയില്‍ ആഇശയുടെയും മൂത്തമകനായാണ്‌ മുഹമ്മദ്‌ മുസ്‌ലിയാരുടെ ജനനം. മലപ്പുറം എയിഡഡ്‌ മാപ്പിള സ്‌കൂളില്‍ പുലാമന്തോള്‍ മമ്മൂട്ടി മുസ്‌ലിയാരുടെ കീഴിലുള്ള പ്രാഥമിക മതപഠനത്തിന്‌ ശേഷം മലപ്പുറം കുന്നുമ്മല്‍ പള്ളിയിലെ സൈതാലിക്കുട്ടി മുസ്‌ലിയാരുടെ ദര്‍സിലെത്തി.
കൂട്ടിലങ്ങാടി, പഴമള്ളൂര്‍, വറ്റല്ലൂര്‍, പാലച്ചിറമാട്‌, പരപ്പനങ്ങാടി പനയത്തുപള്ളി എന്നീ ദര്‍സുകളില്‍ വിവിധ അധ്യാപകര്‍ക്കു കീഴില്‍ മതപഠനമഭ്യസിച്ചു. പനയത്തില്‍ പള്ളിയില്‍ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ കീഴിലായിരുന്നു പഠനം. പരപ്പനങ്ങാടിയില്‍ ചെലവഴിച്ച രണ്ടുവര്‍ഷത്തിന്‌ ശേഷം ബിരുദ പഠനത്തിനായി 1959 ല്‍ വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്ത്‌ അറബിക്‌ കോളജിലെത്തി.

കേരളത്തില്‍ നിന്ന്‌ ആദ്യമായി ബാഖിയാത്തില്‍ ഉപരിപഠനത്തിനെത്തിയത്‌ കേരള മുസ്‌ലിം നവോത്ഥാനത്തില്‍ നിര്‍ണായക പങ്കുവഹിച്ച ചാലിലകത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയായിരുന്നു. ആ പാത പിന്തുടര്‍ന്നാണ്‌ മുഹമ്മദ്‌ മുസ്‌ലിയാരും വെല്ലൂരിലെത്തിയത്‌. ശൈഖ്‌ ആദം ഹസ്‌റത്ത്‌, അബൂബക്കര്‍ ഹസ്‌റത്ത്‌, ശൈഖ്‌ ഹസന്‍ ഹസ്‌റത്ത്‌ തുടങ്ങിയ പ്രഗത്ഭ പണ്ഡിതരുടെ നിര തന്നെ അന്ന്‌ ബാഖിയാത്തിലുണ്ടായിരുന്നു.
1961 ല്‍ ബാഖവി ബിരുദമെടുത്ത്‌ നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം അരീക്കോട്‌ ജുമാമസ്‌ജിദില്‍ 12 വര്‍ഷം സേവനം ചെയ്‌തു. ഇവിടെ ജോലി ചെയ്യുന്നതിനിടെ 1971 മെയ്‌ രണ്ടിനാണ്‌ സമസ്‌തയുടെ മുശാവറ (കൂടിയാലോചനാ സമിതി)യില്‍ അംഗമാകുന്നത്‌. 1993 ല്‍ പട്ടിക്കാട്‌ ജാമിഅ: നൂരിയ്യ: അറബിക്‌ കോളജ്‌ അധ്യാപകനായി സേവനമാരംഭിച്ചു.
2004 സെപ്‌തംബര്‍ എട്ടു മുതല്‍ മരണം വരെ സമസ്‌തയുടെ അധ്യക്ഷപദത്തിലിരുന്നു. സംഘടനയില്‍ ഏറ്റവും കൂടുതല്‍ അനുഭവ സമ്പത്തുള്ള നേതാവിനെയാണ്‌ മുഹമ്മദ്‌ മുസ്‌്‌ലിയാരുടെ വിയോഗത്തോടെ സമസ്‌ത:ക്ക്‌ നഷ്ടമാകുന്നത്‌.
വറുതിയെരിഞ്ഞ ഓത്തുപള്ളിക്കാലത്തു നിന്ന്‌ ചിമ്മിനിവിളക്കിന്റെ ഇത്തിരിവെട്ടത്തിലൂടെ അറിവിന്റെ അനന്തവെളിച്ചം ഉള്ളുനിറച്ച പണ്ഡിതനായിരുന്നു കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍.
അറിവിന്റെ അന്വേഷണം അവസാനിക്കാത്ത വിശപ്പും ദാഹവുമായി അവസാനം വരെ കൊണ്ടു നടന്നു ആ തേജസ്വി. ക്ലാസ്‌ ഇടവേളകള്‍ പോലും കിതാബ്‌ മുത്വാലഅ (പാരായണം)ക്കായി നീക്കിവെച്ച അദ്ദേഹം മരണത്തിന്റെ തൊട്ടു തലേന്നുവരെ ക്ലാസെടുക്കുകയും ചെയ്‌തു. അധ്യാപനം സംസ്‌കാരവുമായി എത്രമേല്‍ ഉള്‍ച്ചേര്‍ന്നു കിടക്കുന്നു എന്നതിന്റെ അടയാളം കൂടിയായിരുന്നു കാളമ്പാടി.

ആത്മജ്ഞാനികള്‍ക്കേ ജീവിതത്തിന്റെ അവസാന നിമിഷം വരെ വിജ്ഞാനവുമായി സംവദിക്കാനാവൂ എന്ന്‌ അദ്ദേഹത്തിന്റെ ജീവിതം ബോധ്യപ്പെടുത്തുന്നു. അധ്യാപനക്കാലയളവില്‍ അനേകം തലമുറകളുമായി നിരന്തരം പഠന-സംവാദത്തിലേര്‍പ്പെടാന്‍ ഭാഗ്യം സിദ്ധിച്ച അദ്ദേഹം കേരളീയ മുസ്‌ലിംകളുടെ സാമൂഹിക-മത ജീവിതത്തിന്റെ മണ്ണൊരുക്കുന്നതിലും നിസ്‌തുല പങ്കുവഹിച്ചിട്ടുണ്ട്‌. വലിയ ശിഷ്യസമ്പത്തു കൊണ്ട്‌ അനുഗ്രഹിക്കപ്പെട്ട മുഹമ്മദ്‌ മുസ്‌്‌ലിയാര്‍ അവരുടെ ഓര്‍മകളില്‍ ജ്വലിച്ചുകൊണ്ടിരിക്കുമെന്നതും തീര്‍ച്ച.
ചമച്ചുവീര്‍പ്പിച്ച ചന്തങ്ങള്‍ കൂടെക്കൊണ്ടു നടക്കാന്‍ ഒരിക്കലും ഇഷ്ടപ്പെടാത്ത അദ്ദേഹം സമസ്‌ത: പ്രസിഡണ്ടായ ശേഷം ശിഷ്യരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്‌ തോളില്‍ ഒരു പച്ചഷാളണിയാന്‍ നിന്നു കൊടുത്തത്‌.

അദ്ദേഹത്തെ തേടി വീട്ടിലെത്തുന്നതും അറിവു തേടിയുള്ള തീര്‍ത്ഥയാത്ര തന്നെ. ഇടവഴിയില്‍ നിന്നു തന്നെ കാണാം, കവുങ്ങിന്‍തോപ്പിനിടയിലെ വീടിന്റെ മേല്‍ക്കൂരയിലെ സിമന്റു തേക്കാത്ത കല്‍ച്ചുമരുകള്‍. വാഹനചക്രങ്ങളുരയാത്ത നടവഴിയിലൂടെ കാല്‍നടയായാണ്‌ കേരളത്തിലെ ഏറ്റവും വലിയ മതസംഘടനയുടെ അധ്യക്ഷന്‍ വീട്ടിലെത്തിയിരുന്നത്‌. ആ വീട്ടില്‍ തൂമ്പയെടുത്ത്‌ കൃഷി ചെയ്യുക കൂടി ചെയ്‌തിരുന്നു ആ മഹാന്‍.

ഭൗതിക ഭ്രമങ്ങള്‍ പ്രലോഭിപ്പിച്ച്‌ കീഴ്‌പ്പെടുത്തുന്ന കാലത്ത്‌, മാതൃകക്കായി നിസ്സങ്കോചം ചൂണ്ടിക്കാണിച്ചു കൊടുക്കാനുള്ള ജീവിതമാണ്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരുടേത്‌. ആ വിശുദ്ധിയില്‍ കാലുറപ്പിച്ച്‌ നിര്‍ത്തിയാണ്‌ ഇനി മുന്നോട്ടുള്ള വഴി തേടാനുള്ളത്‌. സമുദായത്തിന്റെ പടിവാതില്‍ നല്ലൊരു കാവല്‍ക്കാരന്റെ കൈയിലെത്തട്ടെ എന്ന്‌ നമുക്ക്‌ പ്രാര്‍ത്ഥിക്കാം. പരേതന്റെ കുടുംബത്തിന്റെയും പ്രാസ്ഥാനിക ബന്ധുക്കളുടെയും ദു:ഖത്തില്‍ ചന്ദ്രിക കുടുംബവും പങ്കുചേരുന്നതോടൊപ്പം നിത്യാശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.