അന്ന് തിങ്കള്‍, സുബഹ് ജമാഅത്തും കഴിഞ്ഞ് പുതിയ ബ്ലോക്കിലെ തന്റെ റൂമിലേക്ക് തിരിച്ചെത്തി പിന്നെ പതിവ് വിര്‍ദുകള്‍. ശേഷം ഒഴിവ് സമയം മുഴുവന്‍ കിതാബിന്റെ ഉള്ളറകളിലേക്കിറങ്ങി അതുല്യ മുത്തുകള്‍ ശേഖരിക്കുന്ന പതിവുശൈലി തുടര്‍ന്നു. സമയം 7 മണി കഴിഞ്ഞു. കിതാബ് അടച്ച്‌വെച്ചു. ഇനി ക്ലാസിലേക്ക് വരാനുള്ള തയ്യാറെടുപ്പുകള്‍. 10 മിനുട്ട് മുമ്പ് തന്നെ എല്ലാ ദിവസത്തെപ്പോലെ അന്നും ഇസ്‌താദ് തന്റെ കട്ടിലില്‍ തല കുനിച്ചിരുന്നു. സമയം 7.28 ആയതെയുള്ളൂ, റൂമില്‍ നിന്നിറങ്ങി നേരേ മുത്വവ്വല്‍ സാനിയുടെ സബ്‌ഖ് ഹാളിലേക്ക് നടക്കാനൊരുങ്ങുമ്പോള്‍ ബെല്ല് മുഴങ്ങി. മെല്ലെ ഉസ്‌താദ് സബ്‌ഖ് ഹാളിനടുത്തെത്തി എല്ലാവരും ആദരവോടെ എഴുന്നേറ്റ് നിന്നു. പതിഞ്ഞ സ്വരത്തില്‍ വിദ്യാര്‍ഥികളോട് സലാം ചൊല്ലി പീഠത്തിലേക്ക് കയറി കസേരയിലിരുന്ന് പതിവുപോലെ ഹാജര്‍ പട്ടികയെടുത്ത് വിളി തുടങ്ങി. ഓരോ നമ്പറും സസൂക്ഷ്‌മം പറഞ്ഞ് ഓരോരുത്തരുടെയും മുഖം കണ്ട് ഉണ്ടെന്നുറപ്പ് വരുത്തുക ഇതാണ് കാളമ്പാടി ഉസ്‌താദിന്റെ ശൈലി. നൂറ്റി അഞ്ച് എന്ന നമ്പര്‍ വിളിച്ചു. ഞാന്‍ എഴുനേറ്റ് നിന്ന് പതിഞ്ഞ സ്വരത്തില്‍ ഹാളിര്‍ എന്ന് പറഞ്ഞപ്പോഴേക്കും ആ നോട്ടമെത്തി. ആരും അറിയാതെ തലകുനിച്ച് പോവുന്ന നോട്ടം. വിനീതനും തലകുനിച്ചു. പക്ഷെ ഞാനൊരിക്കലും നിനച്ചില്ല ഇത് അവസാനത്തെ വിളിയാണ്. ഇനി 105 എന്ന് വിളിക്കാന്‍ എന്റെ ഉസ്‌താദ് വരില്ലെന്ന്. അവസാന വിദ്യാര്‍ഥിയുടെ ഹാജര്‍ വിളി കഴിഞ്ഞപ്പോള്‍ പട്ടിക പൂട്ടി പേന ജുബ്ബയുടെ പോക്കറ്റിലിട്ടു. തുഹ്‌ഫതുല്‍ മുഹ്‌താജ് എന്ന ശാഫിഈ മദ്‌ഹബിലെ ആധികാരിക കര്‍മ്മ ശാസ്‌ത്രഗ്രന്ഥം മുന്നിലേക്ക് ചേര്‍ത്ത് തുറന്ന് വെച്ചു. ഓരോ ലഫ്‌ളുകളും ഒരു വിദ്യാര്‍ഥി വായിച്ച് കൊടുക്കും, അതിനു ഏറനാടന്‍ ശൈലിയില്‍ ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന അര്‍ഥവും വിശദീകരണവും നല്‍കും. ഇതാണ് ഉസ്‌താദിന്റെ ശൈലി. അന്നും വായിച്ച് കൊടുക്കുന്ന വിദ്യാര്‍ഥി തുടങ്ങാനുള്ള അനുമതിയായ `ആ .... ങ്ങട്ട്' എന്ന വാക്കിനായി കാതോര്‍ത്തു. അത്യാവശ്യത്തിന് മാത്രം സംസാരിക്കുന്ന ആ മഹാമനീഷയുടെ ആധരങ്ങളിലൂടെ ആ വാക്കുകള്‍ പുറത്ത് വന്നു. ഉടന്‍ കുട്ടി വായിക്കാന്‍ തുടങ്ങി. അത്താസിഉ വല്‍ ആശിറു വല്‍ ഹാദി അശറ അത്തശഹുദു വഖുഊദു വസ്വലാതു അലന്നബിയ്യി(സ). അവസാനദിനം എടുത്ത്‌തുടങ്ങിയ വരികള്‍. അതെ, ഒരു സാക്ഷ്യം വഹിക്കലും അതിനുവേണ്ടി തയ്യാറാവലും കാരുണ്യ പ്രവാചകന്റെ യഥാര്‍ഥ അനന്തരാവകാശിയായി റസൂലിന്റെ സാമീപ്യം കരഗതമാക്കാനുള്ള തയ്യാറെടുപ്പ് ഇതാ ഞാന്‍ നടത്തിക്കഴിഞ്ഞു എന്നുമുള്ള ഇന്നര്‍ മീനിങ്ങ് അതിലൊളിഞ്ഞ് കിടന്നിരുന്നോ എന്ന് മനസ്സ് മന്ത്രിക്കുന്നു. അന്ന് പതിവിലും ആര്‍ജ്ജവത്തോടെയായിരുന്നല്ലോ ഉസ്‌താദ് ക്ലാസെടുത്തത്. ആ ഗൗരവത്തിലെന്തെക്കെയോ സൂചനകള്‍ ഒളിഞ്ഞിരുന്നോ എന്ന് ഇപ്പോള്‍ ഒരുള്‍ക്കിടിലത്തോടെ ഞങ്ങളോര്‍ക്കുന്നു. അധിക ക്ലാസുകളിലും ഇടക്കിടെ ശ്വാസത്തിന്റെ വലിവനുഭവപ്പെടാറുണ്ടെങ്കില്‍ അവസാന ക്ലാസില്‍ അത് പോലും ഞങ്ങള്‍ കണ്ടില്ലല്ലോ. അധിക ക്ലാസുകളിലും സംശയങ്ങള്‍ ചോദിക്കാറുണ്ടെങ്കില്‍ എല്ലാ സംശയത്തിന്റെ വാതിലുകളും കൊട്ടിയടച്ചുള്ള വിശദീകരണമായിരുന്നില്ലേ ആ ക്ലാസില്‍ അങ്ങ് നടത്തിയിരുന്നത്. തശഹുദില്‍ ചൂണ്ടുവിരല്‍ ഉയര്‍ത്തുന്നതിന്റെ വിവിധ ഇനങ്ങള്‍ അങ്ങ് സ്വയം കാണിച്ച് തന്നതിപ്പോഴും ഞങ്ങളുടെ മനസില്‍ തങ്ങി നില്‍ക്കുന്നു. ക്ഷീണമായതിനു ശേഷം ക്ലാസുകളെല്ലാം ബെല്ലടിക്കുന്നതിന്റെ പത്ത് മിനുട്ട് മുമ്പ് നിറുത്താറായിരുന്നല്ലോ അവിടുത്തെ പതിവ്. അന്ന് സമയം 8.20 ആയിത്തുടങ്ങി. സബ്‌ഖ് നിറുത്തുന്ന സമയം. ഒരു ഫര്‍അ് കാണുന്നു. അത്തരം വഖ്‌ഫുകളില്‍ നിര്‍ത്താറാണല്ലോ അങ്ങ്. അത് മനസ്സിലാക്കി ഞങ്ങളില്‍ പലരും കിതാബ് പൂട്ടിവെക്കാനൊരുങ്ങി. വായിക്കുന്ന വിദ്യാര്‍ഥി അല്‍പം സമയം നിന്നു. അപ്പോള്‍ `ഉം' എന്ന മൂളല്‍ അഥവാ തുടരാനുള്ള സൂചന വന്നു. വീണ്ടും വിദ്യാര്‍ഥി വായിച്ചു തുടങ്ങി. അന്ന് അവിടുന്ന് ബെല്ലടിച്ചിട്ടും ക്ലാസ് നിര്‍ത്തിയില്ലല്ലോ. ഏകദേശം അഞ്ച് മിനുട്ടോളം നീണ്ടുപോയി. നിസ്‌കാരം ഖളാആക്കാതെ ആരെയും ബുദ്ധിമുട്ടിക്കാതെ ഇല്‍മില്‍ വ്യാപൃതനായി മരണപ്പെടണമെന്ന ആഗ്രഹത്തിന്റെ പൂര്‍ത്തീകണമായിരുന്നല്ലോ ഞങ്ങളവിടെക്കണ്ടത്. ഇനിയൊരു ക്ലാസ് എടുക്കാന്‍ ഞാന്‍ ഉണ്ടാവില്ല. അത്‌കൊണ്ട് പരമാവധി ജ്ഞാനമുത്തുകള്‍ ഞാനന്റെ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കട്ടെ, അനുവദിച്ച സമയം മുഴുവനും ഞാന്‍ ഉപയോഗപ്പെടുത്തട്ടേ എന്നുള്ള അഭിലാഷമാണതിനു പിന്നിലെന്ന് ഞങ്ങളൊരിക്കലും കരുതിയില്ല. ഇല്ല, ഞങ്ങള്‍ക്കൊരിക്കലും മറക്കാനാവില്ല. അങ്ങ് അവസാനം വിശദീകരിച്ച് ലഫ്‌ളുകള്‍. അതെ 'അത്തഹിയ്യാതു ലില്ലാഹി സലാമുന്‍ അലൈക്ക അയ്യുഹന്നബിയ്യു റഹ്‌മതുള്ളാഹി വബറകാതുഹു സലാമുന്‍ അലൈനാ വഅലാ ഇബാദില്ലാഹി സ്വാലിഹീന്‍. അശ്‌ഹദു അന്‍ലാഇലാഹ ഇല്ലള്ളാഹു വഅശ്‌ഹദു അന്ന മുഹമ്മദ് റസൂലുള്ള'. � പതിവു നിര്‍ത്താറുള്ള വഖ്‌ഫിലെത്തിയിട്ടും 'അശ്‌ഹദു അന്‍ലാഇലാഹ ഇല്ലള്ളാഹു വ അശ്‌ഹദു അന്ന മുഹമ്മദ് റസൂലുള്ള' എന്ന മത്‌ന് തന്നെ വിശദീകരിച്ച് ക്ലാസ് അവസാനിപ്പിക്കാന്‍ അങ്ങ് മന:പൂര്‍വം തെരെഞ്ഞെടുക്കുകയായിരുന്നെന്ന് ഞങ്ങളൊരിക്കലും കരുതിയില്ല. �ആ..... അവിടെ നില്‍ക്കട്ടെ...� എന്ന് പറഞ്ഞ് കിതാബ് പൂട്ടിവെച്ച് എഴുന്നേറ്റ് കുട്ടികളെ ആകെയൊന്ന് നോക്കി സലാം ചൊല്ലി ഇറങ്ങിപ്പോവുമ്പോള്‍ അങ്ങ് ഒരു നിശ്ചയദാര്‍ഢ്യത്തിലാണെന്ന് ഞങ്ങളൊരിക്കലും നിനച്ചിരുന്നില്ല. അത്രയൊക്കെ അങ്ങ് കരുതിയുറപ്പിച്ചിരുന്നെന്ന് ഇന്ന് ഞങ്ങളുടെ ഖല്‍ബ് മന്ത്രിക്കുന്നു. അങ്ങനെയെങ്കില്‍ ഞങ്ങള്‍ക്കൊരു സൂചന തരാമായിരുന്നില്ലേ. ഇല്ല അങ്ങത് നല്‍കിയില്ലല്ലോ. കാരണം അങ്ങയുടെ ജീവിതം പ്രശസ്‌തിയോ പ്രശംസയോ കൊതിച്ചതായിരുന്നില്ല. ഒരു ഉഖ്‌റവിയായ പണ്ഡിതന്റെ ജീവിതമെങ്ങനെയായിരിക്കുമെന്ന് ജീവിച്ച് കാണിച്ച് ലോകത്തെ പഠിപ്പിക്കുകയല്ലെ അങ്ങ് ചെയ്‌തത്. ഫൈനല്‍ വിദ്യാര്‍ഥികളുടെ അവസാന ക്ലാസും കഴിഞ്ഞ് റൂമിലേക്ക്. പ്രാതലിനു ശേഷം സെമി ക്ലാസിലേക്കുള്ള തയ്യാറെടുപ്പുകള്‍. ബെല്ലടിച്ചതോടെ മുതവ്വല്‍ അവ്വലിന്റെ സബ്‌ഖ് ഹാളിലേക്ക്. പുതിയ ബ്ലോക്കിന്റെ ഒന്നാം നിലയിലുള്ള ക്ലാസിലേക്ക് അങ്ങ് കോണിപ്പടികള്‍ കയറുന്ന രംഗം കാണുന്ന ഏതൊരാളുടെയും മനസ്സൊന്ന് പിടയും. ഇരു കൈകളും കോണിയുടെ ഭിത്തിയിലൂന്നി പ്രയാസപ്പെട്ട് കയറുമ്പോള്‍ കൈത്താങ്ങിനായി വരുന്നവര്‍ക്കാര്‍ക്കും അങ്ങ് അവസരം നല്‍കാറില്ലല്ലോ. സെമിയില്‍ പരിശുദ്ധ ഖുര്‍ആന്റെ ശേഷം അസ്വഹായ കിതാബെന്ന് മുസ്‌ലിം ലോകം വിധിയെഴുതിയ ഇമാം ബുഖാരിയുടെ സ്വഹീഹുല്‍ ബുഖാരി ക്ലാസെടുത്തു. പ്രസ്‌തുത ക്ലാസാണ് ജാമിഅയുടെ അവസാന ക്ലാസ്. സ്വഹീഹുല്‍ ബുഖാരിയിലെ 2631 മുതല്‍ 2645 വരെയുള്ള 14 ഹദീസുകളായിരുന്ന് അത്. അവസാന ക്ലാസിലെ അവസാന ഹദീസാവട്ടെ ഖുതൈഫ ബിന്‍ സഈദ് റിപ്പോര്‍ട്ട് ചെയ്‌ത രണ്ട് ഗ്രാമീണര്‍ തമ്മിലുള്ള തര്‍ക്കം സംബന്ധിച്ച നബി(സ) നല്‍കിയ മറുപടി യായിരുന്നു. അല്ലാഹുവിന്റെ കിതാബ് കൊണ്ട് ഞാന്‍ വിധി പറയുമെന്നായിരുന്നു പ്രവാചകന്‍(സ) പറഞ്ഞത്. അതെ, അവിടുത്തെ ജീവിതം മുഴുവനും ഖുര്‍ആനും ഹദീസിമായിരുന്നല്ലോ. ആരുടേയും മിന്നത്തിന് ഇടം നല്‍കാതെ അധികാരത്തിന്റെ ഔന്നിത്യത്തിലും ലാളിത്യത്തിന്റെ നിറകുടമായി വിജ്ഞാനത്തിന്റെ വടവൃക്ഷമായി അങ്ങ് നിലകൊണ്ടു. അങ്ങ് പ്രകാശ സര്‍വ്വകലാശാല എന്നര്‍ഥം വരുന്ന ജാമിഅ: നൂരിയയിലെ ലൈറ്റ് ഹൗസായി പ്രകാശം പരത്തി, വഴികാട്ടിയായി. സഹായത്തിനായി ജാമിഅയെയും ശിഷ്യകണങ്ങളെയും അളവറ്റ് സ്‌നേഹിച്ച അങ്ങ് എന്നും ഞങ്ങളുടെ കൂടെയുണ്ടാവുമെന്ന സ്വകാര്യ അഹങ്കാരത്തോടെ ഞങ്ങള്‍ക്ക് പറയാന്‍ തോന്നുന്നു. ഇല്ല അങ്ങ് കത്തിച്ച് വെച്ച പ്രകാശത്തിന്റെ ശോഭയണയില്ല. ആ ദീപശിഖയില്‍ നിന്ന് ആവാഹിച്ച വെളിച്ചം കൊണ്ട് ഇരുളടഞ്ഞ വീഥികളില്‍ വെളിച്ചം തീര്‍ക്കാന്‍ ഞങ്ങള്‍ക്കാഗ്രഹമുണ്ട്. പക്ഷെ, ഇല്ല ഞങ്ങളെക്കൊണ്ടാവില്ല. അങ്ങില്ലാത്ത ജാമിഅ:യെ കുറിച്ചോര്‍ക്കാന്‍. ഇല്ല ഒരറ്റത്ത് അങ്ങില്ലാതെ മസ്‌ജിദുറഹ്‌മാന്റെ ആദ്യ സ്വഫ് പൂര്‍ണമാകില്ല. റൂമില്‍ സദാ സമയവും കിതാബിലേക്ക് തലതാഴ്‌ത്തിയിരിക്കുന്ന അങ്ങയെ ഇനിയൊരിക്കലുമവിടെ ദര്‍ശിക്കാനാവില്ലെന്ന് ഞങ്ങളെങ്ങനെ വിശ്വസിക്കും. ഇല്ല ഞങ്ങള്‍ക്കൊരിക്കലും വിശ്വസിക്കാനാവില്ല വിജ്ഞാനത്തിന്റെ മധുപകരാന്‍ ജാമിഅയില്‍ ഇനി അങ്ങുണ്ടാവില്ലെന്ന്. 7.30 ന്റെ ബെല്ല് മുഴങ്ങിയാല്‍ ഞങ്ങള്‍ കാതോര്‍ക്കും അങ്ങയുടെ ക്ലാസിനായി, കാരണം ഞങ്ങള്‍ക്കിപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല അങ്ങ് ഞങ്ങളെ വിട്ട് പിരിഞ്ഞെന്ന്. എം.എ ഖാദര്‍ കിഴിശ്ശേരി (അല്‍മുനീര്‍ എഡിറ്ററും ജാമിഅ വിദ്യാര്‍ത്ഥിയുമാണ് ലേഖകന്‍)
0 comments:
Post a Comment