Sunday, May 19, 2013

അവസാന അഭിമുഖം ചന്ദ്രികക്ക്‌


     പഴയകാലത്തിന്റെ റമസാന്‍കാഴ്‌ചകള്‍ തേടിയാണ്‌ കാളമ്പാടി അരീക്കത്ത്‌ വീട്ടിലേക്ക്‌ ചെന്നത്‌. വലിയ പണ്ഡിതന്റെ ലളിതജീവിതം അടയാളപ്പെടുത്തിയ വഴികള്‍. മാറ്റമില്ലാത്ത ഉമ്മറപ്പടികള്‍. ചാരുകസേരയില്‍ `സമസ്‌ത 85-ാം വാര്‍ഷികോപഹാരം 2012 രണ്ടാംപതിപ്പ്‌’ എന്ന വലിയ പു സ്‌തകത്തിലേക്ക്‌ കണ്ണുംനട്ട്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍. തോളില്‍ പാതി തൂങ്ങി പച്ചനിറമുള്ള ഒല്ലി. തലയില്‍ ശുഭ്രവസ്‌ത്രത്തിന്റെ കെട്ട്‌. പുസ്‌തകത്തില്‍നിന്ന്‌ തല ഉയര്‍ത്തിയപ്പോള്‍ കാര്യമറിയിച്ചു. പഴയകാലത്തെ നോമ്പുവിശേഷങ്ങള്‍ വേണം.

 സമൂഹത്തിന്‌ മുന്നില്‍ തലയെടുപ്പോടെ സംസാരിക്കുന്ന പണ്ഡിതശ്രേഷ്‌ഠന്‍ ഓര്‍മ്മകളിലേക്ക്‌ തലചരിച്ചു. റമസാനിന്റെ തലേന്നാളായിരുന്നെങ്കിലും തിരക്കുകൂട്ടാതെ ഓര്‍ത്തെടുത്തു. ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടും താല്‍പര്യത്തോടെ പറഞ്ഞുതുടങ്ങി.

1930-40 കാലഘട്ടത്തിലെ മലപ്പുറത്തിലൂടെ അദ്ദേഹം സഞ്ചരിച്ചു. സ്‌കൂളുകള്‍, മദ്രസകള്‍, പാഠങ്ങള്‍, ഉസ്‌താദുമാര്‍. വിശപ്പറിഞ്ഞ കുട്ടിക്കാലം. ചുറ്റുവട്ടങ്ങളിലെല്ലാം വറുതിയുടെ തലമുറക്കാഴ്‌ചകള്‍. നോമ്പിനുപക്ഷെ കാലങ്ങളുടെ മാറ്റമില്ല. എന്നാല്‍ പ്രയോഗത്തില്‍ വരുത്തുന്നിടത്ത്‌ ചില പോരായ്‌മകളുണ്ട്‌. അക്കാലത്ത്‌ കുട്ടികളും മുതിര്‍ന്നവരും പകല്‍ സമയങ്ങളില്‍ പള്ളികളില്‍തന്നെയാണ്‌ കഴിഞ്ഞിരുന്നത്‌. പ്രാര്‍ത്ഥനയും ഖുര്‍ആന്‍ പാരായണവും പ്രധാനം. ആത്മീയമായി അല്ലാഹുവിനോട്‌ അടുക്കുന്ന കാലമാണ്‌ നോമ്പ്‌. ഇതൊരു ഇബാദത്താണ്‌.

കച്ചവടവും മറ്റ്‌ ബിസിനസ്സുകളും റമസാനില്‍ നിര്‍ത്തിവെക്കും. മക്കാനിപോലും ഉണ്ടാവില്ല. അല്ലെങ്കില്‍ പ്രാര്‍ത്ഥനക്ക്‌ സമയം കണ്ടത്തി ക്രമീകരിക്കും. പള്ളികളില്‍ പോവുന്നതായിരുന്നു പ്രധാനം. അന്ന്‌ മെച്ചപ്പെട്ട സൗകര്യങ്ങളുള്ളവര്‍ കുറവായിരുന്നു. എല്ലാവരും സാധാരണക്കാരും കൂലിപ്പണിക്കാരും. അതുകൊണ്ടുതന്നെ നോമ്പുതുറയുടെ വിഭവങ്ങള്‍ എല്ലായിടത്തും ഒരുപോലെ. ചക്കയും കപ്പയും അതുപോലെയുള്ള നാടന്‍ ഭക്ഷണവുമായിരുന്നു നോമ്പുതുറയുടെ വിഭവങ്ങള്‍.

തലമുറകളുടെ വ്യത്യാസം എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന്‌ ഇന്ന്‌ പരിഷ്‌കരിച്ച ചിന്തകള്‍ കൂടിയെന്നായിരുന്നു മറുപടി. പൊതുചിന്തയില്‍ മാറ്റമുണ്ടായി. ജോലിയെന്ന ചിന്തക്ക്‌ ഇടംവന്നു. ശ്രദ്ധ കൂടുതല്‍ ഭാവിയെക്കുറിച്ചായി. ഭാഷകള്‍ പഠിക്കാനും പ്രയോഗിക്കാനും കൂടുതല്‍ സൗകര്യങ്ങളുണ്ടായി. കാലവ്യത്യാസം പഠന രീതിയെയും മാറ്റി. സ്‌കൂളില്‍ പോകുന്നത്‌ അക്കാലങ്ങളില്‍ കമ്മിയായിരുന്നു. ഇക്കാര്യത്തില്‍ വലിയ പരിവര്‍ത്തനം വന്നു. ഇന്നിപ്പോള്‍ എല്ലാവരും സ്‌കൂളിലെത്തുന്നു. കൂടുതല്‍ സമയം മതപഠനത്തിന്‌ ലഭിച്ചിരുന്നു. പിന്നെപ്പിന്നെ ആ സമയം കുറഞ്ഞുവന്നു. അതുകൊണ്ടാണ്‌ പ്രത്യേക പാഠപുസ്‌തകങ്ങള്‍ തയ്യാറാക്കി മദ്രസകള്‍ എന്ന പേരില്‍ പഠിപ്പിക്കാന്‍ തുടങ്ങിയത്‌. പിന്നീട്‌ മദ്രസാ പ്രസ്ഥാനം സജീവമായി. ആദ്യകാലങ്ങളില്‍ മദ്രസകളുടെ എണ്ണംകുറവായിരുന്നെങ്കിലും ഇപ്പോള്‍ എല്ലായിടത്തും സജീവമായി.

മൊല്ലാക്കയായിരുന്ന അബ്‌ദുറഹിമാന്‍ ഹാജിയുടെയും ആയിഷ ഹജ്ജുമ്മയുടെയും മകനായി 1934ലാണ്‌ ഉസ്‌താദ്‌ ജനിച്ചത്‌. 11 മക്കളില്‍ മൂത്തയാള്‍. കാളമ്പാടിയിലെ വീട്ടില്‍നിന്ന്‌ കുന്നുകയറി മലപ്പുറത്ത്‌ പള്ളിപ്പറമ്പിലെ സ്‌കൂളില്‍ പ്രൈമറി പഠനം. രാവിലെ ആറുമണിയോടെ വീട്ടില്‍നിന്നിറങ്ങും. ഒമ്പതരവരെ സ്‌കൂളിലാണ്‌ മതപഠനം. പിന്നീടാണ്‌ സ്‌കൂള്‍ പഠനം. അങ്ങനെയായിരുന്നു ആ കാലം. നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല, ഓത്തുമാത്രം. അഞ്ചുവരെ അവിടെ പഠിച്ചു.

പിന്നെ പള്ളി ദര്‍സുകളില്‍. കൂട്ടിലങ്ങാടി, പഴമള്ളൂര്‍, വറ്റല്ലൂര്‍, എടരിക്കോട്‌, പരപ്പനങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലെ ദര്‍സുകളിലായിരുന്നു പഠനം. പിന്നീട്‌ മൂന്നുവര്‍ഷം വെല്ലൂര്‍ ബാഖിയ്‌ത്തുസ്വാലിഹാത്ത്‌ കോളജില്‍. കേരളം, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെയും മലേഷ്യ അടക്കമുള്ള രാജ്യങ്ങളിലെയും കുട്ടികളും അവിടെ പഠിക്കാനുണ്ടായിരുന്നു. മലപ്പുറം, കണ്ണൂര്‍, കാസര്‍ക്കോട്‌ ജില്ലകളില്‍നിന്നാണ്‌ കൂടുതല്‍ പേരുണ്ടായിരുന്നത്‌. അവിടെ പഠനം പൂര്‍ത്തിയാക്കിയശേഷം പള്ളിദര്‍സുകളില്‍ പഠിപ്പിച്ചു. അരീക്കോടുനിന്നാണ്‌ ഉസ്‌താദിന്റെ അധ്യയനം തുടങ്ങുന്നത്‌. മൈത്ര, മുണ്ടക്കുളം, കാച്ചിനക്കാട്‌, മുണ്ടംപറമ്പ്‌, നെല്ലിക്കുത്ത്‌, ആമക്കാട്‌… ഇവിടങ്ങളിലെ കുട്ടികള്‍ക്കെല്ലാം കാളമ്പാടി അറിവുപകര്‍ന്നു. 21 വര്‍ഷത്തിലധികമായി പട്ടിക്കാട്‌ ജാമിഅ: നൂരിയ്യ അറബിക്‌ കോളജില്‍ അധ്യാപകന്‍.

ദര്‍സ്‌ മുതല്‍ കോളജുവരെയായി അരനൂറ്റാണ്ടുകാലം. സമസ്‌തയുടെ തലപ്പത്തുനില്‍ക്കുമ്പോഴും ജാമിഅയില്‍ ഫൈസിമാരെ പഠിപ്പിച്ചു. അധ്യാപനമായിരുന്നു ഈ ജിവിതം. മദ്രസകളിലും കോളജിലും ക്ലാസ്‌മുറികളില്‍ കര്‍മ്മശാസ്‌ത്രങ്ങള്‍ പഠിപ്പിച്ചപ്പോള്‍ കളങ്കമില്ലാത്ത ജീവിതം കൊണ്ട്‌ സമൂഹത്തിനും വഴികാട്ടിയായി. അറിവും സത്യവും ലാളിത്യവും വായനയും ചിന്തയും നേര്‍വഴിയുമൊക്കെ അധ്യായങ്ങളായ ഒരു പുസ്‌തകം തന്നെയാണ്‌ മലപ്പുറത്തുനിന്ന്‌ ആത്മീയ ലോകത്തേക്ക്‌ സഞ്ചരിച്ച്‌ കാളമ്പാടി കുറിച്ചിട്ടത്‌.

സംസാരം നിര്‍ത്തുമ്പോള്‍ മഗ്‌രിബ്‌ ബാങ്ക്‌ ഉയര്‍ന്നു. നമസ്‌കാരത്തിന്റെ സമയം. പാണക്കാട്‌ പൂക്കോയതങ്ങള്‍ക്കും ശിഹാബ്‌ തങ്ങള്‍ക്കുമൊപ്പം നോമ്പുതുറയില്‍ പങ്കെടുത്തത്‌ നല്ല ഓര്‍മ്മയാണെന്ന്‌ പറയാന്‍ മറന്നില്ല. ചൊവ്വാഴ്‌ച പാണക്കാട്ട്‌ തിരക്കുള്ള ദിവസമാണ്‌. സമുദായത്തെ നയിച്ച മഹാപണ്ഡിതന്‍ വിടപറഞ്ഞതും ചൊവ്വാഴ്‌ചതന്നെ. സ്‌നേഹാദരങ്ങളുടെ നെറുകയില്‍നിന്ന്‌ തിരക്കുകള്‍ മാറ്റിവെച്ച്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ കാളമ്പാടിയിലെത്തിയതും ഊഷ്‌മളബന്ധത്തിന്റെ വിങ്ങല്‍കൊണ്ടുതന്നെയാണ്‌.

അനുഭവങ്ങളും കാലങ്ങളും ഈ മനസ്സില്‍ മായാതെ കിടക്കുന്നുണ്ട്‌. ഏതു ചോദ്യത്തിനും കലര്‍പ്പില്ലാത്ത മറുപടിയും. ശാന്തതയും ലാളിത്യവും മുദ്രയാക്കി സമസ്‌തക്ക്‌ ശ്രേഷ്‌ഠ മുഖം നല്‍കിയ പണ്ഡിതനോട്‌ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഓര്‍ത്തില്ല, ഈ വാക്കുകള്‍ അദ്ദേഹത്തിന്റെ അവസാനത്തെ അഭിമുഖമാവുമെന്ന്‌. ചന്ദ്രികയെ സ്‌നേഹിച്ച പണ്‌ഡിതന്റെ അവസാന അഭിമുഖത്തിലെ ചിന്തകളിലും സമൂഹ നന്‍മയും സാഹോദര്യവും നിറഞ്ഞുനിന്നു. തലമുറകളില്‍ ആത്മീയശോഭ പരത്തിയ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ ഇനി ശ്രേഷ്‌ഠമായ ഓര്‍മമാത്രം.വി. സുരേഷ്‌ ബാബു
ചന്ദ്രിക - 2012 Oct. 04

0 comments:

Post a Comment